ADVERTISEMENT

ഹിമാലയത്തിലേക്ക് ഒരു യാത്ര എന്നത് ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. വര്‍ഷത്തിലൊരിക്കലെങ്കിലും ഹിമാലയന്‍ ട്രെക്കിങ് നടത്തുന്ന നിരവധി ആളുകള്‍ ഉണ്ട്. ഈയിടെ സഞ്ചാരികള്‍ക്കൊപ്പം പര്‍വ്വതയാത്രയില്‍ കൂടെക്കൂടിയ 'ഒരാള്‍' ലോകമെങ്ങും വാര്‍ത്തകളില്‍ ഇടം പിടിക്കുകയുണ്ടായി, മേര എന്ന പെണ്‍നായ! ഹിമാലയത്തില്‍ ആദ്യമായി 23,000 അടി താണ്ടി മുകളില്‍ എത്തിയ നായ എന്ന റെക്കോഡും മേര ഇതിലൂടെ സ്വന്തമാക്കി.നേപ്പാളിലായിരുന്നു സംഭവം നടന്നത്. ട്രെക്കര്‍മാരായ ഒരു കൂട്ടം സഞ്ചാരികള്‍ക്കൊപ്പം വഴിയില്‍ കൂട്ടായി കൂടെ കൂടിയതായിരുന്നു ടിബറ്റന്‍ മാസ്റ്റിഫിന്‍റെയും ഹിമാലയന്‍ ഷീപ്ഡോഗിന്‍റെയും സങ്കരമായ മേര. 

നായ ലോകപ്രശസ്തമാക്കിയ കൊടുമുടി

എവറസ്റ്റിന് തൊട്ട് തെക്കായി കിഴക്കൻ നേപ്പാളിലെ ഖുംബു മേഖലയിലെ ബറൻറ്സെ പര്‍വ്വതമാണ് ആരുടേയും സഹായം കൂടാതെ തന്നെ മേര കീഴടക്കിയത്. നാലു കൊടുമുടികളാല്‍ ചുറ്റപ്പെട്ട ഈ പര്‍വ്വതം കൃത്യമായി പറഞ്ഞാല്‍ സമുദ്രനിരപ്പില്‍ നിന്നും 23,497 അടി ഉയരെയാണ്. സാധാരണയായി തെക്കു ഭാഗത്തു കൂടിയാണ് ഈ പര്‍വ്വതഭാഗത്തേക്ക് സഞ്ചാരികള്‍ എത്താറുള്ളത്. മേര കൊടുമുടി താണ്ടി വേണം ബറൻറ്സെ ബേസ് ക്യാമ്പിലേക്ക് എത്താന്‍. ട്രെക്കിങ് നടത്തിയ നായയുടെ കഥയറിഞ്ഞതോടെ ഈ പ്രദേശവും ലോകമെങ്ങുമുള്ള സഞ്ചാരികളുടെ സെര്‍ച്ച് ലിസ്റ്റില്‍ ഇടം പിടിച്ചു.

മേരയ്ക്ക് മുന്നേ നേപ്പാളില്‍ ഇത്രയും ഉയരത്തില്‍ ട്രെക്കിങ് നടത്തിയ ഒരു നായ ഉണ്ടായിട്ടില്ലെന്ന് ഹിമാലയന്‍ ഡാറ്റബേസ് പറയുന്നു. 17,600 അടി ഉയരമുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ നായ്ക്കള്‍ ഉണ്ടായിട്ടുണ്ട്. 21,300 അടി താണ്ടി ഖുംബു വരെ എത്തിയ നായ്ക്കളും ഉണ്ട്. 

ഭാഗ്യം കൊണ്ടുവരും മേര

യാത്രയുടെ തുടക്കം മുതല്‍ തന്നെ മേര അസാധാരണമായ ആത്മവിശ്വാസം പുലര്‍ത്തിയിരുന്നു എന്ന് കൂടെയുണ്ടായിരുന്ന സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. അധികം ഭക്ഷണം പോലുമില്ലാതെയായിരുന്നു സിയാറ്റിൽ ആസ്ഥാനമായുള്ള പർവത ഗൈഡായ ഡോൺ വാർഗോവ്സ്കിയുടെ സംഘത്തിനൊപ്പം മേരയുടെ യാത്ര. 21,247 അടി ഉയരത്തിലുള്ള മേര കൊടുമുടി താണ്ടിയ ശേഷം കണ്ടുമുട്ടിയ നായക്ക് മേര എന്ന് പേരിട്ടതും ഡോൺ തന്നെയാണ്. 

മുന്‍പേ ഇതുവഴി കടന്നുപോയ നിരവധി യാത്രക്കാര്‍ മേരയെ അനുനയിപ്പിച്ച് കൂടെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഡോണിനൊപ്പമാണ് മേര കൂടിയത്. തുടക്കം മുതല്‍ തന്നെ വേര്‍പിരിയാനാവാത്ത വിധം ഇരുവരും അടുത്തു! ഭക്ഷണവും ടെന്റുമെല്ലാം പങ്കിട്ടു. മേരയെ തന്‍റെ ഭാഗ്യചിഹ്നമായാണ് ഡോൺ കണ്ടത്. 

അണയാത്ത ആത്മവിശ്വാസം

രക്തം ഉറഞ്ഞു പോകുന്നത്ര തണുപ്പുള്ള കാറ്റിനെയും മൈനസ് 20 ഡിഗ്രി താപനിലയെയും അതിജീവിച്ചാണ് മേര ഈ റെക്കോഡ് കരസ്ഥമാക്കിയത്. ശൈത്യകാല സ്യൂട്ടുകള്‍ അണിഞ്ഞ് യാത്ര ചെയ്ത ട്രെക്കര്‍മാര്‍ക്കൊപ്പം പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെയായിരുന്നു മേരയുടെ യാത്ര. ഇടയ്ക്ക് കാല്‍വിരലുകള്‍ ഒടിഞ്ഞിട്ടും രക്തം വന്നിട്ടും ഒന്നും മേര പിന്‍വാങ്ങിയില്ല.

English Summary :Meet Mera, the first dog to trek 23,000 ft in the Himalayas!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com