ADVERTISEMENT

നാഗര്‍കോവില്‍ - കന്യാകുമാരി യാത്രയുടെ ഓര്‍മകള്‍ തന്‍റെ യുട്യൂബ് ചാനലിലൂടെ പങ്കു വയ്ക്കുകയാണ് അവതാരകയും പാചക വിദഗ്ദ്ധയുമായ ലക്ഷ്മി നായര്‍. തമിഴ്നാട്ടിലെ ഒരിക്കലും മറക്കാനാവാത്ത സുന്ദരമായ വഴികളും നാവില്‍ എക്കാലത്തും കൊതിയുണര്‍ത്തി തങ്ങി നില്‍ക്കുന്ന രുചികളുമെല്ലാം അവര്‍ ഓര്‍ത്തെടുക്കുന്നു. തനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് തമിഴ്നാടെന്ന് ലക്ഷ്മി നായര്‍ പറയുന്നു.

പ്രഭൂസ് ഹോട്ടലിലെ കുടല്‍ക്കറിയും മട്ടണ്‍ ബിരിയാണിയും

ആദ്യമായി ലക്ഷ്മി നായര്‍ ഓര്‍ത്തെടുക്കുന്നത് നാഗര്‍കോവില്‍ യാത്രയാണ്. നിരവധി ബേക്കറികള്‍ ഉള്ള സ്ഥലമാണ് നാഗര്‍കോവില്‍. മണിമേടിനടുത്തുള്ള പ്രഭൂസ് ഹോട്ടലിലെ ഭക്ഷണമാണ് ഏറ്റവും കൂടുതല്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്. ഉച്ചക്ക് പതിനൊന്നു മണിക്ക് പൂജയോടെയാണ് കട തുറക്കുന്നത്. കുടല്‍ക്കറി, മട്ടന്‍ ബിരിയാണി എന്നിങ്ങനെയുള്ള സ്പെഷ്യല്‍ വിഭവങ്ങള്‍ ഇവിടെ ലഭിക്കും. പരിപാടി കഴിഞ്ഞ് ഏറെക്കാലത്തിനു ശേഷം ഈയിടെ പോയപ്പോഴും അവര്‍ക്ക് ഓര്‍മ ഉണ്ടായിരുന്നത് തനിക്കേറെ സന്തോഷം ഉണ്ടാക്കിയെന്ന് ലക്ഷ്മി നായര്‍.

ചെട്ടിത്തെരുവിലെ അടിപൊളി അരിമുറുക്ക്

നല്ല നാടന്‍ അരിമുറുക്ക് ഉണ്ടാക്കുന്ന ചെട്ടിത്തെരുവ്. തമിഴ്‌നാട്ടിലെ നാഗപട്ടണം തെരുവിലാണ് ചെട്ടിത്തെരുവ്. കൈ കൊണ്ട് ചുറ്റിയാണ് ഇവിടത്തെ സ്പെഷ്യല്‍ മുറുക്ക് ഉണ്ടാക്കുന്നത്. കാരം, അയമോദകം ഒന്നും ചേര്‍ക്കാതെ അരിപ്പൊടിയും ഉഴുന്ന് പൊടിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന രസികന്‍ മുറുക്കാണ് ഇത്. സ്ത്രീകളാണ് കൂടുതലും പാചകക്കാര്‍. തുച്ഛമായ വരുമാനമാണ് ഇതിലൂടെ ഇവര്‍ക്ക് ലഭിക്കുന്നത്. കടക്കാര്‍ക്ക് അന്ന് അവര്‍ മുറുക്ക് വില്‍ക്കുന്നത് വെറും 75 പൈസക്കായിരുന്നു.

മലകളും പൂപ്പാടങ്ങളും താണ്ടി കന്യാകുമാരിയിലേക്ക്

നാഗര്‍കോവില്‍ മുതല്‍ കന്യാകുമാരി വരെയുള്ള റൂട്ട് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല. അത്രയ്ക്ക് മനോഹരമാണ് ആ റൂട്ട്. വയലുകളും തോടുകളും പച്ചപ്പും മലകളും ആമ്പല്‍ക്കുളങ്ങളുമെല്ലാം കണ്ടുകണ്ടാണ് യാത്ര. കന്യാകുമാരിയിലെത്തിയാല്‍ തുച്ഛമായ വിലയ്ക്ക് ആഭരണങ്ങളും കൗതുകവസ്തുക്കളുമെല്ലാം കിട്ടുന്ന നിരവധി കടകള്‍ കാണാം.

നാഗര്‍കോവിലിനപ്പുറം പൂക്കള്‍ക്ക് പ്രശസ്തമായ തോവാളയിലും പോയിരുന്നു. ഫ്ലവര്‍ മാര്‍ക്കറ്റില്‍ ഇഷ്ടം പോലെ പൂക്കള്‍ കൂട്ടിയിട്ടിരിക്കുന്നതു കണ്ടു. അരളിയും ജമന്തിയും കുടമുല്ലയും ഒക്കെ വിളയുന്ന തോട്ടങ്ങളും കാണാന്‍ പോയിരുന്നു. വഴിയില്‍ ഉടനീളം കണ്ട കാറ്റാടിപ്പാടങ്ങളും സുന്ദരമായ കാഴ്ചയായിരുന്നു.

കാട്ടിലൂടെ ഓടുന്ന ട്രെയിനും തക്കാളിച്ചോറും അടിപൊളി ഹല്‍വയും

തെന്മല, ചെങ്കോട്ട, തെങ്കാശി, സുന്ദരപാണ്ഡ്യപുരം റൂട്ട് ആയിരുന്നു അടുത്ത യാത്ര. തെന്മല വഴി ചെങ്കോട്ടയിലേക്ക് മീറ്റര്‍ ഗേജ് ട്രെയിനായിരുന്നു അന്ന് ഉണ്ടായിരുന്നത്. കാനനപാതയിലൂടെയാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്. കാറില്‍ യാത്രക്കിടെ പാലത്തിന്‍റെ മുകളിലൂടെ ട്രെയിന്‍ പോകുന്നത് കണ്ടു.

ചെങ്കോട്ടയില്‍ പോസ്റ്റോഫീസിനടുത്ത് ഏറെ പ്രശസ്തമായ ഒരു കുഞ്ഞു കടയുണ്ട്. ഹരിഹര അയ്യരും ഭാര്യ കാമാക്ഷിയമ്മയും കൂടി നടത്തുന്ന ഈ കടയില്‍ വിവിധയിനം സാദങ്ങളും പൊന്നി അരിയില്‍ ഉണ്ടാക്കിയ പുളിയോദരവുമെല്ലാം കിട്ടും. ടൊമാറ്റോ റൈസ് ആണ് ഏറ്റവും പ്രശസ്തം. പൊന്നി അരിയില്‍ ആണ് ഇവ ഉണ്ടാക്കുന്നത്.

അതിനു ശേഷം തെങ്കാശി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പോയി മനോഹരമായ കൊത്തു പണികളും സംഗീതം പൊഴിക്കുന്ന തൂണുകളും എല്ലാം കണ്ടു.

ഉലകമ്മന്‍ ക്ഷേത്രത്തിന്‍റെ നേരെ എതിര്‍ഭാഗത്ത് വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന ഹല്‍വ കിട്ടുന്ന കടയുണ്ട്. അത് ഉണ്ടാക്കുന്നതും കണ്ടു. രുചിയില്‍ തിരുനെല്‍വേലി ഹല്‍വയേക്കാള്‍ കേമനാണ് ഈ ഹല്‍വ.

ശ്രീവല്ലിപുത്തൂർ പാല്‍കോവ തേടി

കടയനെല്ലൂര്‍, പുളിയങ്കുടി, രാജപാളയം റൂട്ടിലൂടെ ശ്രീവല്ലിപുത്തൂർ എന്ന ക്ഷേത്രനഗരത്തിലേക്കായിരുന്നു അടുത്ത യാത്ര.

പരമ്പരാഗത മുസ്ലിം നെയ്ത്ത് ഗ്രാമമായിരുന്നു കടയനെല്ലൂര്‍. ബ്രിട്ടീഷുകാരുടെ വരവോടെ ഇവരില്‍ പലരും പല രാജ്യങ്ങളിലേക്ക് കുടിയേറിപ്പോയി. ഇവിടത്തെ മട്ടനും മടക്കു പൊറോട്ടയും പ്രശസ്തമാണ്. വഴി നീളെ പച്ചമുളകും വെണ്ടയ്ക്കയും പയറും നാരങ്ങയുമെല്ലാം വിളഞ്ഞു നില്‍ക്കുന്ന സമൃദ്ധമായ പാടശേഖരങ്ങളാണ്.

തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ അതിപ്രശസ്തമായ ക്ഷേത്രമാണ് ശ്രീവല്ലിപുത്തൂർ ക്ഷേത്രം. എന്നാല്‍ ശ്രീവല്ലിപുത്തൂരിനെ ലോകപ്രശസ്തമാക്കിയ മറ്റൊന്നുണ്ട്- അതീവരുചികരമായ പാല്‍കോവ. അവിടെ വളരുന്ന പശുക്കളുടെ പാലും ആണ്ടാള്‍ ദേവിയുടെ അനുഗ്രഹവും കൊണ്ടാണ് ഇവിടത്തെ പാല്‍കോവയ്ക്ക് മറ്റെവിടെയുമില്ലാത്ത രുചി ലഭിക്കുന്നത് എന്നാണു പറയുന്നത്. പന്ത്രണ്ടു നിലകളുള്ള ആണ്ടാള്‍ ദേവി ക്ഷേത്രം തമിഴ്നാട് സര്‍ക്കാരിന്‍റെ എംബ്ലമാണ്. 

പുളിമരത്തുകടൈ എന്ന ചെറിയ കടയാണ് പാല്‍കോവയ്ക്ക് ഏറ്റവും പ്രശസ്തം. വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന അത്ര മൃദുവായ പാല്‍കോവയാണ് ഇവിടെ കിട്ടുന്നത്. ഇവിടെ എപ്പോഴും രുചി തേടിയെത്തുന്ന ആളുകളുടെ തിരക്കാണ്. 

വിമല്‍ ഭട്ട്, മീരാഭായി എന്നീ ദമ്പതികള്‍ ചേര്‍ന്ന് നടത്തുന്ന വെങ്കടേശ്വര സ്വീറ്റ്സ് ആണ് മറ്റൊരു പ്രസിദ്ധമായ പാല്‍കോവ കട. 100 വർഷം പഴക്കമുള്ള കടയിൽ ഒരു ദിവസം ആറു തവണയായി പാൽഗോവ ഉണ്ടാകും. 250ഗ്രാം പാക്ക് ആയി വരുന്ന പാൽഗോവക്ക് ഏകദേശം 65 രൂപയാണ് വില. ഓണ്‍ലൈന്‍ വഴിയും വിൽക്കുന്ന പ്രശസ്തമായ വിഭവമാണ് ശ്രീവല്ലിപുത്തൂർ പാൽകോവ.

വിമല്‍ ഭട്ടിന്‍റെ വീട്ടില്‍ പോയി പാല്‍കോവ നിര്‍മ്മിക്കുന്നത് കണ്ടതും ലക്ഷ്മി നായര്‍ ഓര്‍ക്കുന്നു. ചൂട് എപ്പോഴും ഒരുപോലെ ലഭിക്കും എന്നതിനാല്‍ കശുവണ്ടിയുടെ തോട് ആണ് ഇവര്‍ അടുപ്പില്‍ കത്തിക്കാന്‍ ഉപയോഗിക്കുന്നത്. ചാണകം മെഴുകി വൃത്തിയായി സൂക്ഷിക്കുന്ന അടുപ്പിലാണ് പാചകം. പത്തു ലിറ്റര്‍ പാലിന് ഒന്നര കിലോ പഞ്ചസാര വച്ചാണ് അവര്‍ പാല്‍കോവ ഉണ്ടാക്കിയത്. വെറും മുക്കാല്‍ മണിക്കൂറിനുള്ളില്‍ അവര്‍ പാല്‍കോവ റെഡിയാക്കി തന്നതായി ലക്ഷ്മി നായര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com