വെറും 4000 രൂപയ്ക്ക് ഹിമാലയത്തിലെ പൂക്കളുടെ സ്വർഗഭൂമിയിലേക്ക് പോകാം

Uttarakhand-Valley-of-Flowers-National-Park
SHARE

കിലോമീറ്ററുകളോളം പ്രകൃതി തന്നെ നട്ടുവളർത്തി പരിപാലിക്കുന്ന സ്വപ്നസുന്ദരമായ ഒരു പുഷ്പോദ്യാനം ഏഷ്യയിൽ നിലനിൽക്കുന്നുവെന്നത് പലർക്കും പുതിയ വിവരമായിരിക്കും. അങ്ങനെയൊരു സ്വപ്നഭൂമി നമ്മുടെ ഭാരതത്തിലുണ്ട്. അതും പർവതങ്ങളുടെ രാജാവായ ഹിമവാന്റെ മടിത്തട്ടിൽ. കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന വർണ്ണങ്ങളുടെ ഈ പുഷ്പപോത്സവത്തിന്റെ മനോഹാരിത നുകരാൻ ഇന്ത്യയിലേക്ക് വിരുന്നെത്തുന്ന വിദേശികൾക്ക് കൈയും കണക്കുമില്ലത്രേ! യുനസ്കോയുടെ ലോകബയോസ്ഫിയർ റിസർവ് നെറ്റ്‌വർക്കിന്റെ ഭാഗം കൂടിയാണ് ഈ സ്വർഗഭൂമി.

valley-of--flower5

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗാംഗ്രിയ എന്ന പ്രദേശത്താണ് ഇത്. പൂക്കളുടെ ആ കൊടുമുടിയിലേക്ക് ഞങ്ങൾ നടത്തിയ യാത്രയെപ്പറ്റിയാണ് ഈ കുറിപ്പ്. ഹിമാലയയാത്ര സ്വപ്നം കാണുകയും പണച്ചെലവ് കൊണ്ടു മാത്രം പിൻവലിയുകയും ചെയ്യുന്ന സഞ്ചാരികൾക്ക് ഇതു പ്രചോദനമായേക്കാം. കേവലം നാലായിരം രൂപയ്ക്ക് ഹിമാലയത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും പ്രകൃതിയുടെ മഹാദ്ഭുതമായി വിലയിരുത്തപ്പെടുന്ന വാലി ഓഫ് ഫ്ളവേഴ്‌സ് സന്ദർശിക്കാനുമുള്ള എളുപ്പവഴി കൂടിയാണിത്.

valley-of--flower7

ഗാംഗ്രിയയിൽ നിന്നാണ് വാലി ഓഫ് ഫ്ളവേഴ്സിലേക്കുള്ള ട്രെക്കിങ് യഥാർഥത്തിൽ ആരംഭിക്കുന്നത്. അവിടെ എത്തിച്ചേരാൻ ഞങ്ങൾ അവലംബിച്ച മാർഗം ആദ്യം വിശദമാക്കാം. കോഴിക്കോട് നിന്ന് ഡൽഹി വരെ ട്രെയിനിലായിരുന്നു. ഭക്ഷണം വീട്ടിൽനിന്ന് കൊണ്ട് പോയതിനാൽ അതിന് വേറെ ചെലവു വന്നില്ല. രണ്ട് ലീറ്ററിന്റെ ഒരു ബോട്ടിൽ ഉണ്ടെങ്കിൽ കേവലം പത്ത് രൂപയ്ക്ക് സ്റ്റേഷനിൽ നിന്നു മിനറൽ വാട്ടർ നിറയെക്കാം. അപ്പോൾ ചിലവ് ഏകദേശം 950 രൂപയിൽ ഒതുക്കാൻ സാധിക്കും. അടുത്തപടി ഡൽഹിയിലെ കശ്മീരി ഗെയ്റ്റിൽ നിന്നു ഋഷികേശിലേക്കുള്ള ബസ് പിടിക്കലാണ്. തീർഥാടകരുടെ തിരക്ക് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ റിസർവ് ചെയ്യുന്നതാണ് നല്ലതാണ്.

ഉത്തരാഖണ്ഡ് ഗവണ്മെന്റിന്റെ ഓർഡിനറി ബസ് ചാർജ് മുന്നൂറ് രൂപ മാത്രമാണ്. രാത്രി പത്ത് മണിക്കുള്ള ബസാണ് അനുയോജ്യം. പുലർച്ചെ നാല് മണിയോടെ ഋഷികേശിൽ എത്തിച്ചേരും. പ്രഭാത കർമങ്ങൾക്കു ശേഷം നൂറ് മീറ്റർ അകലെയുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോയാൽ ബദരീനാഥിലേക്കുള്ള ബസ് ലഭിക്കും. അതിൽ ഗോവിന്ദ് ഘട്ടിലേക്കുള്ള ടിക്കറ്റ് എടുക്കുക. നാനൂറ് രൂപയാണ് ഒരാൾക്ക് ചാർജ്. വേണമെങ്കിൽ അഞ്ചു മണിക്കുള്ള ബസിൽ സീറ്റ് ബുക്ക് ചെയ്യാവുന്നതുമാണ്. ഇനി ഇതൊന്നും ലഭിച്ചില്ലെങ്കിൽ ചമോലിയിലേക്ക് പോവുന്ന ബസിൽ കയറുക. മുന്നൂറ് രൂപയാണ് ചാർജ്. അവിടെ ജോഷിമഠിലേക്ക് ഷെയർ ടാക്സി ലഭിക്കും, നൂറ് രൂപ ചാർജ്. ജോഷിമഠിൽ നിന്നും ഗോവിന്ദ്ഘട്ടിലേക്ക് അമ്പത് രൂപയ്ക്ക് ഷെയർ ടാക്സി ലഭിക്കും. ഇതിൽ ആദ്യത്തെ മാർഗമാണ് ഞങ്ങൾ അവലംബിച്ചത്. തിരികെ വരുമ്പോൾ രണ്ടാമത്തെ മാർഗവും പരീക്ഷിച്ചു. 

Valley-of-Flowers--Uttarakhand

ഗോവിന്ദ്ഘട്ടിലേക്ക് പോവുന്ന വഴിയിൽ ബ്രേക്ഫാസ്റ്റിന് പകരമായി വല്ല ചിപ്സോ മറ്റോ കരുതിയാൽ നന്നാവും. അല്ലെങ്കിൽ ആലുപറാട്ട വഴിയിൽ നിന്ന് കഴിച്ചാലും മതി. ഉച്ചഭക്ഷണത്തിന് ബസ് നിർത്തുന്നതിന്റെ സമീപം ഒരു സിഖ് ഗുരുദ്വാരയുള്ളതിനാൽ ലഞ്ച് അവിടെയാക്കാവുന്നതാണ്. പ്രവേശിക്കുമ്പോൾ തല മറയ്ക്കാൻ ശ്രദ്ധിക്കുക, ചപ്പാത്തി വാങ്ങുമ്പോൾ ഇരുകരങ്ങളും നീട്ടി സ്വീകരിക്കാനും. ഗോവിന്ദ്ഘട്ട് കഴിഞ്ഞാൽ സാധനങ്ങൾക്കൊക്കെ ഇരട്ടി വിലയായതിനാൽ ഹിമാലയം കയറുമ്പോൾ കഴിക്കാനുള്ള ചോക്ലേറ്റും ചിപ്സ് ഐറ്റംസുമൊക്കെ വാങ്ങി ശേഖരിക്കാൻ മറക്കരുത്. ഗോവിന്ദ്ഘട്ടിൽ എത്തിയാൽ താമസത്തിനും ഭക്ഷണത്തിനും അവിടെയുള്ള മനോഹരമായ ഗുരുദ്വാരയെ ആശ്രയിക്കാം.

സിഖ് മതക്കാരുടെ ഏറെ പ്രാധാന്യം നിറഞ്ഞതും ലോകത്തെ ഏറ്റവും ഉയർന്ന സ്ഥലത്തുള്ളതുമായ ഹേംകുണ്ഡ് സാഹിബ് ഗുരുദ്വാര വാലി ഓഫ് ഫ്ളവേഴ്സിന്റെ ചാരത്ത് നിലകൊള്ളുന്നതിനാൽ ഇവിടേക്ക് വരുന്ന അനവധി തീർഥാടകരെ നിങ്ങൾക്ക് വഴിയിൽ കാണാം. അവരെ അനുഗമിച്ചാൽ ഗുരുദ്വാരയിൽ എത്തിച്ചേരാം. തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ ഡോർമിറ്ററി റെഡി. സ്ത്രീകൾക്കും താമസസൗകര്യം ലഭ്യമാണ്. ഗുരുദ്വാരയിലെ സേവനം തികച്ചും സൗജന്യമാണ്. ഉറങ്ങാൻ ബെഡിനൊപ്പം തണുപ്പിനെ പ്രതിരോധിക്കാൻ രണ്ട് ബ്ളാങ്കറ്റും അവർ നൽകുന്നതാണ്. ഉറങ്ങുന്ന നേരം ഒഴികെ ഏകദേശം എല്ലാ സമയത്തും ഇവിടെ സൗജന്യഭക്ഷണം ലഭ്യമാണ്. 

valley-of--flower

വെളുപ്പിന് മൂന്ന് മണിക്ക് ശേഷം ആരംഭിക്കുന്ന ഗുരുദ്വാരയിലെ ഭക്ഷണവിതരണം അർദ്ധരാത്രി വരെ നീണ്ടുനിൽക്കും. സുഭിക്ഷമായി ഒരാൾക്ക് ഇഷ്ടമുള്ള സമയം ഇഷ്ടമുള്ളത്ര കഴിക്കാം. വീണ്ടും വിശപ്പ് അനുഭവപ്പെട്ടാൽ വീണ്ടും കഴിക്കാം, ഒരു തടസ്സവുമില്ല. ചോറും ചപ്പാത്തിയും രണ്ട് കറികളുമാണ് പ്രധാന വിഭവം, ഒപ്പം എല്ലാ ദിവസവും സ്പെഷലായി രാവിലെ ഓട്സും ഉച്ച മുതൽ മധുരിതമായ ഖീറും (ഒരു തരം പായസം) ലഭ്യമാവും. അടുത്ത ദിവസം അതിരാവിലെ വാലി ഓഫ് ഫ്ളവേഴ്‌സ് ട്രെക്കിങ്ങിന്റെ ബെയ്സ് ക്യാംപായ ഗാംഗ്രിയയിലേക്ക് തിരിക്കാം. പതിനാല് കിലോമീറ്ററാണ് അവിടേക്കുള്ള ദൂരം. ഇതിൽ നാല് കിലോമീറ്റർ പുൽന എന്ന ഗ്രാമം വരെ നമുക്ക് ഷെയർ ടാക്സിയിൽ സഞ്ചരിക്കാം, നാൽപ്പത് രൂപയാണ് ചാർജ്. ശേഷം വരുന്ന പത്ത് കിലോമീറ്റർ ട്രെക്ക് ചെയ്യണം.

വെയിലിന്റെ ചൂടിൽ ട്രെക്ക് ചെയ്യുന്നത് ഒഴിവാക്കാനാണ് അതിരാവിലെ ഇറങ്ങാൻ പറഞ്ഞത്. മഴക്ക് സാദ്ധ്യതയുള്ളതിനാൽ റെയിൻകോട്ടോ പോഞ്ചോയോ കരുതുന്നത് നല്ലതാണ്; ലോക്കൽ പോഞ്ചോ മുപ്പത് രൂപക്ക് ഋഷികേശിൽ കിട്ടും. പ്രകൃതിരമണീയമായ ഹിമാലയൻ വഴികളിലൂടെ പച്ചപ്പ് ആസ്വദിച്ചു കൊണ്ടും മനോഹരമായ കാട്ടുചോലകളിലെ മധുരിതമായ ശുദ്ധജലം നുകർന്ന് കൊണ്ടുമുള്ള ഈ ട്രെക്കിങ് നിങ്ങളുടെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരനുഭവമാവും എന്നതിൽ സംശയമില്ല. കയറ്റമായതിനാൽ വിശ്രമിച്ച് പോവുന്നതാണ് ഉത്തമം. വെള്ളം ധാരാളമായി കുടിക്കാനും ചോക്ലേറ്റും മറ്റും കഴിക്കാനും മറക്കരുത്. പത്ത് കിലോമീറ്റർ പിന്നിടാൻ ആറു മണിക്കൂറോ അതിലധികമോ എടുക്കും. ഒടുക്കം ഗാംഗ്രിയയിൽ എത്തിച്ചേർന്നാൽ നേരേ ഗുരുദ്വാരയിൽ പോയി നേരത്തെ ചെയ്തത് പോലെ ഡോർമിറ്ററി ബുക് ചെയ്യുക. ആ ദിവസം വിശ്രമിക്കുക. ഇനി ഇത്രദൂരം നടക്കാൻ സാധിക്കാത്തവർക്ക് ഹെലികോപ്റ്റർ സർവീസ് ലഭ്യമാണ്, 2800 രൂപയാണ് ചാർജ്, പത്ത് മിനിറ്റ് കൊണ്ട് ഗാംഗ്രിയയിൽ എത്താം. അതും വേണ്ടാത്തവർക്ക് കുതിരസവാരിയും ലഭ്യമാണ്.

valley-of--flower1

അടുത്ത ദിവസം അതിരാവിലെ വാലി ഓഫ് ഫ്ളവേഴ്സിലേക്ക് പോവാം. ഹേംകുണ്ഡ് സാഹിബിലേക്ക് പോവുന്ന വഴി തന്നെയാണ് വാലി ഓഫ് ഫ്ലവേഴ്സിലേക്കും. ഗാംഗ്രിയയിൽ നിന്നും ഏകദേശം അരക്കിലോമീറ്റർ നടന്നാൽ ഒരു പാലം കാണാം. ആ പാലം കഴിഞ്ഞാൽ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റേത് എന്ന് തോന്നിക്കുന്ന ഒരു ചെറിയ ബിൽഡിങ് കാണാം. അവിടെനിന്ന് നേരെ പോയാൽ ഹേംകുണ്ഡ് സാഹിബും ഇടത്തുവശത്തേക്ക് തിരിഞ്ഞാൽ വാലി ഓഫ് ഫ്ളവേഴ്‌സുമാണ്, ഹിന്ദിയിലുള്ള ബോർഡുണ്ട്. സംശയം തോന്നിയാൽ ആരോടെങ്കിലും വഴി ചോദിക്കുക. ഒരു ഇരുനൂറ് മീറ്റർ സഞ്ചരിച്ചാൽ ഗേറ്റിലെത്താം. ഏഴ് മണി മുതലാണ് പ്രവേശനമെങ്കിലും ആറു മണി മുതൽ അനുവാദം നൽകും.

നൂറ്റിയൻപത് രൂപയാണ് ഒരാൾക്ക് ഫീ. മൂന്ന് ദിവസം വരെ ടിക്കറ്റ് വാലിഡാണ്. ഉച്ചക്ക് പന്ത്രണ്ട് മണി കഴിഞ്ഞാൽ പ്രവേശനമില്ല. അഞ്ച് മണിക്ക് മുമ്പ് തിരിച്ചിറങ്ങുകയും വേണം. ഉള്ളിലേക്ക് കടന്നാൽ പൂക്കൾ നിറഞ്ഞ് നിൽക്കുന്ന ഇടത്തേക്ക് ചെന്നെത്താൻ ഏകദേശം അഞ്ച് കിലോമീറ്റർ നടക്കേണ്ടതുണ്ട്. ഇതിൽ ഭൂരിഭാഗവും ചെങ്കുത്തായ പാതകളായതിനാൽ കയറ്റം ആയാസമാവാനും ക്ഷീണം അനുഭവപ്പെടാനും സാദ്ധ്യതയുണ്ട്. അതിനാൽ അതിരാവിലെത്തന്നെ പ്രവേശിക്കലാണ് അത്യുത്തമം. ഇപ്പറഞ്ഞ അഞ്ച് കിലോമീറ്ററെങ്കിലും നടന്ന് കാണാതെ തിരിച്ചിറങ്ങൽ വലിയ നഷ്ടമാകും. നടക്കാൻ പ്രയാസമുള്ളവരെ ചുമന്ന് കൊണ്ട് പോവാനുള്ള സംവിധാനവും അവിടെയുണ്ട്, മൂന്നായിരം രൂപയാണ് ചാർജ്. 

valley-of--flower3

വാലി ഓഫ് ഫ്ളവേഴ്സിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ സ്വപ്നതുല്യമായ കാഴ്ചകളാണ് നമ്മെ വരവേൽക്കുക. ഞങ്ങൾ തിരഞ്ഞെടുത്ത സമയം അതിരാവിലെയായതിനാൽ ഹിമാലയത്തിന്റെ സമാനതകളില്ലാത്ത കാഴ്ചകളാണ് ഞങ്ങൾക്ക് അനുഭവവേദ്യമായത്. വാലിയിലൂടെ ഉച്ചത്തിൽ ശബ്ദമുയർത്തി കടന്നു പോവുന്ന പാലു പോലെ വെളുത്ത മനോഹരമായ ഒരു പുഴയും മറ്റനവധി നീർച്ചോലകളും. വെള്ളപ്പുതപ്പാൽ ഹിമാലയത്തിലെ പച്ചപ്പിനെ ആവരണം ചെയ്യുന്ന കോടയുടെ കാഴ്ച അതിമനോഹരമായിരുന്നു.

മുകളിലോട്ട് പോവുന്തോറും മറ്റൊരു ലോകത്തേക്ക് പാദമൂന്നുന്ന പ്രതീതി. രണ്ട് കിലോമീറ്റർ സഞ്ചരിച്ചപ്പോൾ ഗ്ലേഷ്യർ പോയിന്റിലെത്തി. മഞ്ഞുറച്ച് കട്ടയായ ഐസിൽ അൽപസമയം ചിലവഴിച്ചു വീണ്ടും ട്രെക്കിങ് തുടർന്നു. അങ്ങിങ്ങായി പരന്ന് കിടക്കുന്ന അനേകായിരം പൂക്കളാണ് അൽപസമയം കഴിഞ്ഞ് ഞങ്ങളെ വരവേറ്റത്. വാലി ഓഫ് ഫ്ളവേഴ്‌സിലെ ഏറ്റവും മനോഹരമായ ഇടത്തിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്യുന്നതിന്റെ സൂചനയായിരുന്നു അത്. ശേഷം ഒരു പുഴ കടന്ന് മുന്നോട്ട് പോയപ്പോൾ കണ്ട കാഴ്ച വിവരണാതീതമായിരുന്നു. പൂക്കളുടെ ഒരു സമുദ്രം തന്നെയാണ് അവിടെ ഞങ്ങളെ വരവേറ്റത്. നീലയും ചെമപ്പും മഞ്ഞയും അങ്ങനെ അനേകം വർണ്ണങ്ങളിലുള്ള, കിലോമീറ്ററുകളോളം വിശാലമായി കിടക്കുന്ന പൂക്കളുടെ സ്വപ്നലോകം.

valley-of--flower4

മനസിന്റെ ഫ്രയിമിൽ അതൊന്ന് പകർത്തുമ്പോഴേക്ക് വല്ലാത്തൊരാനുഭൂതി ഹൃദയം നിറച്ചു. ജീവിതത്തിൽ ഏറെ പ്രതീക്ഷകളുണർത്തുന്ന ഇത്തരം കാഴ്ചകളാണ് നമ്മുടെ യാത്രകൾക്ക് ആത്മാവിനെ സമ്മാനിക്കുന്നത് എന്നൊരു ചിന്ത മനസ്സിലേക്ക് കയറി വന്നു. ഇത്രയും അനുഭൂതിസാന്ദ്രമായ ഒരിടം സന്ദർശിക്കാൻ വൈകിയതിൽ സ്വയം പഴിച്ചു. പൂക്കളുടെ, വർണ്ണങ്ങളുടെ, സ്വപ്നങ്ങളുടെ ആ ലോകത്ത് ഒരു പാട് നേരം ചിന്താനിമഗ്നനായിരുന്നു. വെയിലിന്റെ കാഠിന്യം അതിശക്തമായതോടെ ഒടുക്കം മനസില്ലാമനസോടെ ആ സ്വപ്നഭൂമികയോട് വിടചൊല്ലി താഴേക്കിറങ്ങി. 

ഉച്ചയോടെ ഞങ്ങൾ താഴെയെത്തി. അന്ന് ഗുരുദ്വാരയിൽ താമസിക്കുക. അടുത്ത ദിവസം മഞ്ഞിലെ മഹാദ്ഭുതമായ ഹേംകുണ്ഡ് സാഹിബ് ഗുരുദ്വാര സന്ദർശിക്കുക. ഏകദേശം ആറു കിലോമീറ്റർ ദൂരമാണ് ഇവിടേക്കെങ്കിലും മഞ്ഞുമലകൾക്ക് മുകളിലായതിനാൽ കേറിയെത്താൻ സമയമെടുക്കും. അതിനാൽ വാലി ഓഫ് ഫ്ളവേഴ്‌സ് ട്രെക്കിങ് പോലെതന്നെ അതിരാവിലെ തുടങ്ങണം. മുകളിലെത്തിയാൽ അതിമനോഹരമായ ഒരു തടാകം ഗുരുദ്വാരയുടെ സമീപത്തുണ്ട്. അതിലെ കുളി വല്ലാത്തൊരനുഭവം തന്നെയാണ്.

രണ്ട് മണിയോടെ അവിടെ നിന്ന് തിരിച്ചിറങ്ങൽ നിർബന്ധമാണ്. കുറച്ച് നേരത്തെ തിരിച്ചിറങ്ങുകയാണെങ്കിൽ നേരേ ഗോവിന്ദ്ഘട്ടിലേക്ക് തിരിക്കാം. പുൽനയിൽ നിന്നു ഗോവിന്ദ്ഘട്ടിലേക്ക് രാത്രി വരെ ജീപ്പ് ലഭിക്കും. രാത്രി ഗുരുദ്വാരയിൽ തങ്ങി അടുത്ത ദിവസം പുലർച്ചെ ഋഷികേഷിലേക്കും പിന്നെ ഡൽഹിക്കും തിരിക്കാം, അല്ലെങ്കിൽ ഹരിദ്വാറിൽ പോയി ട്രെയിനിലും പോവാം. പിന്നെ നേരെ കേരളത്തിലേക്ക്. ചുരുക്കത്തിൽ വെറും നാലായിരം രൂപയ്ക്ക് ലോകത്തിലെത്തന്നെ അതിമനോഹരമായ ഒരിടം സന്ദർശിക്കാനുള്ള അസുലഭമായ അവസരം നമുക്കുണ്ട്. ജൂണിൽ തുടങ്ങി സെപ്റ്റംബറോടെ വാലി ഓഫ് ഫ്ളവേഴ്‌സിലെ സീസണവസാനിക്കും. പിന്നീട് പോയിട്ട് പ്രയോജനമില്ല.

English Summary : Valley of Flowers National Park Uttarakhand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA