ADVERTISEMENT
hima-travel

ഹിമ ശങ്കറിന്‍റെ വഴികള്‍ എന്നും വ്യത്യസ്തമായിരുന്നു. നടിയും സെലിബ്രിറ്റിയുമൊക്കെ ആയപ്പോഴും യാത്രകള്‍ എന്നും ആ പെണ്‍കുട്ടിയെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആത്മാന്വേഷണവും കാഴ്ചക്കപ്പുറത്തുള്ള അറിവുകള്‍ തേടലുമെല്ലാമാണ് ഹിമയുടെ യാത്രകള്‍. കൊറോണക്കാലത്തിനു മുന്‍പ് അത്തരമൊരു ചിന്ത മനസിലേക്ക് വന്നപ്പോഴാണ് ഋഷികേശിലേക്കുള്ള യാത്ര തുടങ്ങിയത്. ഗംഗയുടെ പുണ്യമൊഴുകുന്ന, ഹിമാലയത്തിന്‍റെ പ്രവേശനനഗരമായ ഋഷികേശ് പട്ടണത്തില്‍ ഒരു മാസം ചെലവഴിച്ചത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒട്ടേറെ ഓര്‍മകളാണ് ഹിമയ്ക്ക് സമ്മാനിച്ചത്; ഒപ്പം, വിലമതിക്കാനാവാത്ത ഒട്ടേറെ സുഹൃദ്ബന്ധങ്ങളും 

ഗംഗയുടെ സംഗീതം കേട്ട് വസിഷ്ഠ ഗുഹയ്ക്കരികില്‍ ഏഴു ദിനങ്ങള്‍

hima-travel1

ജീവിതത്തില്‍ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിരിക്കുന്ന സമയത്തായിരുന്നു ഋഷികേശ് യാത്രയെക്കുറിച്ച് ഹിമ ചിന്തിച്ചത്. ഒറ്റയ്ക്ക് യാത്ര ചെയ്ത് പരിചയക്കുറവൊന്നും ഇല്ല. എന്നും എപ്പോഴും എല്ലാ ആത്മാന്വേഷക സഞ്ചാരികള്‍ക്കും അത്തരം അനുഭവങ്ങള്‍ ജീവിതത്തില്‍ ഏറെ വിലപ്പെട്ടതാണല്ലോ. 

പണ്ടൊരിക്കല്‍ ഒരു യാത്രയുടെ ഇടയ്ക്ക് ഋഷികേശിലുള്ള വസിഷ്ഠ ഗുഹയില്‍ പോയിരുന്നു. ആ ഇടം തന്നെ ഭയങ്കരമായി ആകര്‍ഷിച്ചിരുന്നെന്നു ഹിമ. അവിടെ വീണ്ടും പോകണമെന്ന് അന്നേ നിശ്ചയിച്ചിരുന്നു. 2018ല്‍ അവിടെ പോയപ്പോള്‍ ഒരു മലയാളി സന്യാസിയെ പരിചയപ്പെട്ടിരുന്നു. വസിഷ്ഠ ഗുഹയ്ക്കരികില്‍ ഒരു ആശ്രമം കെട്ടി താമസിക്കുകയാണ് അദ്ദേഹം. ഇടയ്ക്ക് ഫോണില്‍ സംസാരിക്കവേ, സഞ്ചാരികള്‍ക്കായി അവിടെ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇടയ്ക്ക് വരണം എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. 

hima-travel2

ഋഷികേശില്‍ ഇറങ്ങി നേരെ പോയത് അങ്ങോട്ടായിരുന്നു. അധികം ആര്‍ഭാടം ഒന്നുമില്ലാത്ത ഗുഹ പോലെയുള്ള ഒരു ഒറ്റ മുറിയായിരുന്നു അവിടുത്തെ താമസസ്ഥലം. സഞ്ചാരികള്‍ക്കായി അത്തരം നാല് മുറികള്‍ ഒരുക്കിയിട്ടുണ്ട്. തറയില്‍ വിരിച്ചു കിടക്കാന്‍ ബെഡ്, തലയിണ എന്നിവ അദ്ദേഹം നല്‍കി. അത്ര അടച്ചുറപ്പില്ലാത്ത ആ മുറി ആദ്യം കണ്ടപ്പോള്‍ ഇവിടെ എങ്ങനെ താമസിക്കും എന്നാണു താന്‍ ഓര്‍ത്തതെന്ന് ഹിമ. എന്നാല്‍ അത് മികച്ച ഒരു തീരുമാനം ആയിരുന്നുവെന്ന് പിന്നീടുള്ള ദിനങ്ങള്‍ തെളിയിച്ചു. 

ഗുഹയ്ക്ക് വെറും അഞ്ചു മീറ്റര്‍ താഴെ ഗംഗയാണ്. കിടക്കുന്ന സ്ഥലത്ത് നിന്നും നോക്കിയാല്‍ ഗംഗ ഒഴുകുന്നത് കാണാം. ഭക്ഷണം ഒരു നേരം സ്വാമി തരും. ചായയും ചോറുമെല്ലാം അദ്ദേഹം തന്നെ ഉണ്ടാക്കും. ഓരോ സ്ഥലത്തും ചെല്ലുമ്പോള്‍ ഫുഡ് ഹാബിറ്റ്‌ മാറും. ഋഷികേശില്‍ ഒരു നേരം ഭക്ഷണം കഴിച്ചാല്‍ മതിയായിരുന്നു. 

hima-travel4

അവിടെയുണ്ടായിരുന്ന എല്ലാ ദിവസങ്ങളിലും ഗംഗയുടെ കരയില്‍ പോയിരിക്കുമായിരുന്നെന്ന് ഹിമ. ഗംഗയില്‍ ഇടയ്ക്ക് ജലനിരപ്പ് കൂടും. ഗംഗയുടെ ജലത്തിന്‍റെ മായിക സംഗീതമാണ് എപ്പോഴും ചെവിയില്‍. ഓരോ ദിവസവും ഓരോ ഫീലാണ് ഗംഗയ്ക്ക്. ജീവിതത്തില്‍ അനുഭവിച്ചതില്‍ വച്ച് ബെസ്റ്റ് ഫീലുകളില്‍ ഒന്നായിരുന്നു അതെന്നു ഹിമ പറയുന്നു. മിക്കവാറും രാത്രി സമയങ്ങളില്‍ അവിടെ പോയിരിക്കുകയും കുളിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ഭയങ്കര ഭംഗിയായിരുന്നു ആ ദിവസങ്ങള്‍ക്ക്. ജീവിതത്തില്‍ ഇങ്ങനെയൊരു സമയത്തിനു വേണ്ടിയായിരുന്നു ഇത്രനാളും കാത്തിരുന്നത് എന്നുതോന്നി.

ഏഴു ദിവസങ്ങള്‍ വളരെ ശാന്തിയോടെയും സമാധാനത്തോടെയും അവിടെ ചെലവഴിച്ചു. തിരിച്ചു പോരുമ്പോള്‍ വസിഷ്ഠ ഗുഹയില്‍ ഒന്ന് കയറി. ബാഗും മറ്റും പുറത്തു വച്ച് ഗുഹയ്ക്കുള്ളില്‍ ധ്യാനിച്ചിരിക്കുകയായിരുന്നു ഹിമ. കുളിച്ച് രുദ്രാക്ഷവും പൊട്ടുമെല്ലാം അണിഞ്ഞു നില്‍ക്കുന്ന തന്നെക്കണ്ട് അവിടെ വന്ന ഒരു ചെറിയ പയ്യന്‍സ് ഏതോ സ്വാമിനിയാണെന്ന് കരുതി പ്രണമിച്ച രസകരമായ അനുഭവവും ഹിമ ഓര്‍ക്കുന്നു. മാതാജി എന്ന് വിളിച്ച് കാലില്‍ വീഴുകയായിരുന്നു!

ഹോസ്റ്റലിലെ കൂട്ടുകാര്‍

വസിഷ്ഠഗുഹയുടെ മുകളില്‍ ഒരു ചായക്കടയുണ്ട്. അവിടെ ചായ കുടിച്ചിരിക്കുമ്പോള്‍ കുറച്ചു സഞ്ചാരികളെ പരിചയപ്പെട്ടു. ബാബ എന്ന് വിളിക്കുന്ന ഭോപ്പാല്‍കാരനായ അതുലും കൂട്ടുകാരുമായിരുന്നു അത്. നാല് വര്‍ഷമായി യാത്ര ചെയ്യുന്ന ഋഷിതുല്യനായ ഒരു സഞ്ചാരിയാണ് ബാബ. ഭോപ്പാലില്‍ ആണ് പുള്ളിയുടെ കുടുംബം ഒക്കെ ഉള്ളത്. അവിടെ കുടുംബസ്വത്തായി ഒരു വാടകമുറി ഉണ്ട്. അതില്‍ നിന്നും കിട്ടുന്ന പണം ഉപയോഗിച്ചാണ് യാത്ര. എല്ലാവരും അദ്ദേഹത്തെ ബാബ എന്നാണു വിളിക്കുന്നത്. 

hima-travel6

ഋഷികേശ് ടൗണിലേക്കാണ് അടുത്ത യാത്ര എന്ന് പറഞ്ഞപ്പോള്‍ അവര്‍ തങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലിനെ കുറിച്ച് പറഞ്ഞു. എന്നാല്‍ അങ്ങോട്ട്‌ പോകാം എന്ന് ഹിമ തീരുമാനിച്ചതും 'ചലോ ഹോസ്റ്റല്‍' എന്നും പറഞ്ഞു അവര്‍ നേരെ ബാഗെടുത്തു പിടിച്ച് നടന്നു. 

അങ്ങനെ ഹോസ്റ്റലില്‍ എത്തി. നിറയെ ബാക്ക്പാക്കര്‍മാര്‍ ഉള്ള ഹോസ്റ്റല്‍. വെവ്വേറെ മുറികള്‍ ഇല്ല, ഡോര്‍മിറ്ററിയാണ്. ഫോറിനേഴ്സ് അടക്കം നിറയെ ആളുകള്‍ ഉണ്ട്. ഒരു ദിവസം വെറും 250 രൂപ വാടക. കിടക്കാന്‍ ഒരു ബെഡ് തരും. ഭക്ഷണം വേണമെങ്കില്‍ ആദ്യമേ പറഞ്ഞാല്‍ അതുണ്ടാക്കി തരും. നല്ല അന്തരീക്ഷമായിരുന്നു. മാസങ്ങളായി തുടര്‍ച്ചയായി താമസിക്കുന്ന ആളുകള്‍ ഉണ്ടായിരുന്നു അവിടെ.കൂട്ടുകാരോടൊപ്പം നഗരത്തിലെ ഒരുപാട് സ്ഥലങ്ങള്‍ കണ്ടു. സ്കൂട്ടര്‍ വാടകയ്ക്കെടുത്ത് അതിലായിരുന്നു മിക്കവാറും യാത്ര. ആര്‍ക്കും ആരെക്കുറിച്ചും ഒരു ടെന്‍ഷനും ഇല്ലായിരുന്നു എന്ന് ഹിമ. അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒഴുകി നടക്കുന്ന യാത്രക്കാരായിരുന്നു. 

ഒരു ദിവസം രാവിലെ എണീറ്റപ്പോള്‍ നല്ല മലയാളം കേട്ട രസകരമായ അനുഭവവും ഹിമ ഓര്‍ക്കുന്നു. നോക്കുമ്പോള്‍ നാട്ടിലെ വീടിന്‍റെ തൊട്ടടുത്ത് താമസിക്കുന്ന ഒരു പയ്യന്‍സ്. അവനും കൂട്ടുകാരും കൂടി ഹിമാലയത്തിലേക്ക് ബൈക്ക് ട്രിപ്പ്‌ വന്നതാണ്. 

മലമുകളിലെ ദേവിയെക്കാണാന്‍

ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് കുഞ്ചാപുരി ക്ഷേത്രം. ഒരു കുന്നിൽ മുകളില്‍, സമുദ്രനിരപ്പില്‍ നിന്നും1676 മീറ്റർ ഉയരത്തിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സ്വർഗ രോഹിണി, ഗംഗോത്രി, ബന്ദർപഞ്ച്, ചൌഖമ്പ തുടങ്ങിയ കൊടുമുടികളുടെയും മനോഹരമായ കാഴ്ചകള്‍ ഒരുക്കുന്ന ഈ ക്ഷേത്രം ഋഷികേശ് നഗരത്തില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ്. ബാബയ്ക്കൊപ്പം, അവിടേക്കായിരുന്നു അടുത്ത യാത്ര. 

ഷെയര്‍ ഓട്ടോയില്‍ മാറി മാറി കയറിയായിരുന്നു ആ യാത്ര. കയ്യില്‍ വെറും 500 രൂപ മാത്രമേ എടുത്തിരുന്നുള്ളൂ. വണ്ടിയിറങ്ങിക്കഴിഞ്ഞ് ക്ഷേത്രത്തിലെത്താന്‍ കുന്നിന്‍റെ മുകളിലേക്ക് കയറിപ്പോകണം. തന്‍റെ ജീവിതത്തിലെ മറക്കാത്ത മറ്റൊരു ദിവസമായിരുന്നു അതെന്ന് ഹിമ ഓര്‍ക്കുന്നു. 

രാത്രി നല്ല കിടുകിടാ തണുപ്പത്ത് തണുപ്പിനെ പ്രതിരോധിക്കാന്‍ യാതൊരു വിധ പ്രത്യേക തയ്യാറെടുപ്പുകളും കൂടാതെയായിരുന്നു മടക്കയാത്ര. പാട്ടൊക്കെ പാടി കൂവി വിളിച്ച് താഴെക്കെത്തി. ഇടയ്ക്ക് തണുപ്പ് കാരണം കാലൊക്കെ മരവിക്കും, അപ്പോള്‍ നിന്ന് ചാടും. താഴെയെത്തിയപ്പോള്‍ ഹോസ്റ്റലിലേക്ക് പോകാനായി പോലീസുകാര്‍ വണ്ടി പിടിച്ചു തന്നു. മുറിയില്‍ എത്തിയപ്പോള്‍ രാത്രി ഏകദേശം പതിനൊന്നു മണി കഴിഞ്ഞിരുന്നു.

സ്വപ്നസാഫല്യമായി കാമാഖ്യ യാത്ര

കാമാഖ്യയിലേക്കായിരുന്നു അടുത്ത യാത്ര. 25 ദിവസങ്ങള്‍ ഋഷികേശ് നഗരത്തില്‍ ചെലവിട്ട ശേഷമാണ് കാമാഖ്യയിലേക്ക് പോകാന്‍ തീരുമാനിച്ചത്.ആ യാത്രയിലും ഒപ്പം ബാബയും ഉണ്ടായിരുന്നു. ആസാമിലെ പ്രധാന നഗരമായ ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ആസാം ജനതയുടെ രക്ഷാദൈവമായി കരുതപ്പെടുന്ന കാമാഖ്യ സ്ഥിതി ചെയ്യുന്നത്, പഠനകാലം മുതല്‍ക്കേ പോകണമെന്ന് ഇടമായിരുന്നു സ്ഥലമായിരുന്നു അത്. 

ഗുവാഹട്ടി വരെ ട്രെയിനിലായിരുന്നു പോയത്. അവിടെ ഉത്സവസമയമായതിനാല്‍ കൊടിതോരണങ്ങള്‍ തൂക്കിയിരുന്നു. പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് കാമാഖ്യ കണക്കാക്കപ്പെടുന്നത്.

ഭയങ്കര ഹോംലി ഫീല്‍ ആയിരുന്നു അവിടെ എന്ന് ഹിമ. സുരക്ഷിതമായ യാത്ര ആയിരുന്നു. സന്യാസിനിയാണെന്ന് കരുതി അവിടെയും കുറേപ്പേര്‍ കാലില്‍ വന്നു തൊഴുകയൊക്കെ ചെയ്തു. രുദ്രാക്ഷം സമ്മാനമായി തന്നതും ഹിമ ഓര്‍ക്കുന്നു.

English Summary: Actress Hima Shankar's Rishikesh trip experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com