12 ലക്ഷം കോടി രൂപയുടെ സ്വർണ നിധിക്ക് പിന്നിലെ കഥ

gold-bars1
SHARE

സ്വർണം എന്നു കേട്ടാൽ കൈ പൊള്ളുന്ന അവസ്ഥയാണിപ്പോൾ. സ്വർണ വില ദിനംപ്രതി  മുകളിലേക്കു കയറിപ്പോകുന്നത് കണ്ടു കണ്ണും തള്ളിയിരിക്കുന്ന സ്വർണ പ്രേമികളെ വീണ്ടും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇനി പറയാൻ പോകുന്നത്. ഇന്ത്യയിൽ ഒരിടത്ത് ടൺ കണക്കിന് സ്വർണം ഒരു ക്വാറിയിൽ നിന്നു കുഴിച്ചെടുത്തു എന്ന വാർത്ത ചിലരെങ്കിലും കേട്ടുകാണും. ഈ സ്വർണത്തിന്റെ മൊത്തം കണക്കുകേട്ടാൽ ചിലപ്പോൾ ബോധംകെട്ടു വീണേക്കാം. ആദ്യമേ പറയട്ടെ, ഇത് കേട്ട് വിശ്വസിച്ച് വാഹനവുമെടുത്തു മുന്നും പിന്നും നോക്കാതെ ഇറങ്ങരുത്, കഥ മുഴുവനും കേൾക്കണം. ഇനി കാര്യത്തിലേക്ക് വരാം. 

ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ 3500 ടൺ സ്വർണം കണ്ടെത്തി. പേരിൽത്തന്നെ സ്വർണമുള്ള സോൻഭദ്ര എന്ന സ്ഥലത്താണ് രാജ്യത്തെ മുഴുവൻ ഞെട്ടിച്ച സ്വർണനിധി കണ്ടെത്തിയത്. 3,500 ടൺ സ്വർണം അഥവാ 12 ലക്ഷം കോടി രൂപയുടെ സ്വർണം സോൻഭദ്രയിൽ നിന്ന് കണ്ടെത്തിയെന്ന വാർത്ത പ്രാദേശിക പത്രങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തതെങ്കിലും താമസിയാതെ കാട്ടുതീ പോലെ രാജ്യം മുഴുവൻ വ്യാപിച്ചു.

Sonbhadra

ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളാൽ ചുറ്റപ്പെട്ട ഇന്ത്യയിലെ ഏക ജില്ലയാണ്  സോൻഭദ്ര. 12 ലക്ഷം കോടി രൂപയുടെ സ്വർണ നിക്ഷേപം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) കണ്ടെത്തിയെന്ന വാർത്തയാണ് കാട്ടുതീ പോലെ പടർന്നത്.  ഈ പറയുന്ന സ്വർണനിക്ഷേപം ശരിക്കും കണക്കുകൂട്ടിയാൽ ഇന്ത്യയുടെ മൊത്തം സ്വർണ ശേഖരത്തിന്റെ അഞ്ചിരട്ടി വരുമത്രേ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള പല പ്രമുഖരും ഈ വാർത്ത കയ്യോടെ തങ്ങളുടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. 

എന്നാൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടുത്തിടെ ഒരു കണ്ടെത്തലും നടത്തിയിട്ടില്ലെന്ന് ഒരു പ്രസ്താവന ഇറക്കിയതോടെ ഊതിവീർപ്പിച്ച സ്വർണ കുമിളകൾ ഓരോന്നായി പൊട്ടാൻ തുടങ്ങി. സോൻഭദ്രയിൽ അവസാന സർവേ നടന്നത് 1999 ലാണ്. അന്ന് ആകെ കിട്ടിയത് 160 കിലോഗ്രാം സ്വർണമാണ് അല്ലാതെ 3,350 ടൺ അല്ല എന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കിയതോടെ സംഭവം മുഴുവനായും പൊളിഞ്ഞു. 

സ്വർണനിധിയുടെ പിന്നിലെ കഥ

സോൻ‌ഭദ്രയെക്കുറിച്ച് മേൽപ്പറഞ്ഞ സ്വർണ നിധിക്കഥ സോൻ പഹാരി, അഗോരി കോട്ട എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടിടങ്ങളും ഉത്തർപ്രദേശിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. എഡി 711 ൽ ഗോത്ര രാജാവായ ബാൽ ഷായായിരുന്നു ഇവിടുത്തെ ഭരണാധികാരി. എന്നാൽ രാജ്യം ആക്രമിക്കപ്പെട്ടപ്പോൾ ബാൽ ഷാ രഹസ്യ പാതയിലൂടെ രക്ഷപ്പെട്ടു. പലായനത്തിനിടെ തന്റെ രാജ്യത്തിന്റെ സമ്പത്തായ 4000 കിലോഗ്രാം സ്വർണം സോൻഭദ്രയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള പനാരി വനത്തിൽ അദ്ദേഹം ഒളിപ്പിച്ചുവെന്ന് ഇവിടെയുള്ളവർ വിശ്വസിക്കുന്നു.ഈ കഥയുടെ ചുവടുപിടിച്ചാണ് പിന്നീടുള്ള കാലങ്ങളിൽ ഇവിടെ സ്വർണം അന്വേഷിക്കൽ ആരംഭിച്ചത്. എന്നാൽ കഥയിൽ പറയുന്ന അത്ര വലിയ നിധിശേഖരം ഒന്നും ഇവിടെയില്ലെന്ന് പിന്നീട് തെളിഞ്ഞു.

Sonbhadra-Vijaygarh-Fort

എന്നാൽ സ്വർണ്ണത്തേക്കാൾ വിലമതിക്കാനാവാത്ത മനോഹരയിടങ്ങളാൽ സമ്പന്നമാണ് സോൻഭദ്ര. ഉത്തർപ്രദേശിലെ രണ്ടാമത്തെ വലിയ ജില്ലയാണ് സോൻഭദ്ര. റോബർട്ട്സ്ഗഞ്ചാണ് പ്രധാന നഗരം. വിന്ധ്യ നിരയ്ക്കും കൈമൂർ കുന്നുകൾക്കുമിടയിലാണ് സോൻഭദ്ര സ്ഥിതി ചെയ്യുന്നത്. സോൺ നദിയുടെയും റിഹാന്ദ് നദിയുടെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഇതിന് ചരിത്രാതീതകാലത്തെ നിരവധി സ്ഥലങ്ങളുണ്ട്. ഏറ്റവും അദ്ഭുതകരമായ റോക്ക് ആർട്ട് ഉള്ള ഗുഹകളും റോക്ക് ഷെൽട്ടറുകളും ഈ നാടിന്റെ പ്രത്യേകതയാണ്. 

സാൽഖാൻ ഫോസിൽ പാർക്ക്

സോൻഭദ്ര ഫോസിൽ പാർക്ക് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന സാൽഖാൻ ഫോസിൽ പാർക്ക് റോബർട്ട്സ്ഗഞ്ചിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ്. ക്രിപ്റ്റോസോയിക് യുഗത്തിൽ നിന്നുള്ള ഏറ്റവും വലിയ ഫോസിലുകളുടെ ശേഖരം ഈ പാർക്കിലുണ്ട്.ഇത് ഭൂമിയുടെ ഭൂമിശാസ്ത്ര ചരിത്രത്തിലെ ഏറ്റവും പഴയ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. ഫോസിൽ പാർക്കിന് 1.4 ബില്യൺ വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. .

Sonbhadra3

റോക്ക് ആർട്ട് സൈറ്റുകൾ

ഉത്തരേന്ത്യയിൽ ഗുഹാചിത്രങ്ങളുള്ള ഏറ്റവും കൂടുതൽ റോക്ക് ഷെൽട്ടറുകൾ സോൻ ഭദ്രയിലാണ്.ഇവിടുത്തെ മിക്ക കലകളും മെസോലിത്തിക്ക് മുതൽ ഹെലിയോലിത്തിക് യുഗം വരെയാണ്. വിന്ധ്യ, കൈമൂർ ശ്രേണികളിൽ അലഹബാദ്, മിർസാപൂർ, ചന്ദൗലി, രേവ, സോൻഭദ്ര ജില്ലകളിൽ 250 ഓളം റോക്ക് ഷെൽട്ടറുകൾ ചിതറിക്കിടക്കുന്നു.

വിജയഗഡ് കോട്ട

കൈമൂർ കുന്നുകളിൽ സ്ഥിതിചെയ്യുന്ന ചരിത്ര സ്മാരകമായ വിജയഗഡ് അഥവാ ബിഡ്ജഗെർ കോട്ട സോൺഭദ്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. 1,500 വർഷത്തിലേറെ പഴക്കമുള്ള ചരിത്രമുണ്ട് ഈ കോട്ടയ്ക്ക്.

English Summary: The story of hidden gold in Sonbhadra of Uttar Pradesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA