ADVERTISEMENT

മഞ്ഞുമൂടിയ പര്‍വ്വതങ്ങള്‍ മാത്രമല്ല, വര്‍ഷംതോറും സഞ്ചാരികളെത്തുന്ന നിരവധി പുരാതന ക്ഷേത്രങ്ങളുമുള്ള നാട് കൂടിയാണ് ഹിമാചൽ പ്രദേശ്. എത്ര തവണ യാത്ര ചെയ്താലും കണ്ടും അനുഭവിച്ചും തീരാത്തത്ര കാഴ്ചകള്‍ ഇവിടെയുണ്ട്. പ്രകൃതിയുടെ മടിത്തട്ടില്‍ ഒളിപ്പിച്ചുവെച്ച അത്തരമൊരു മനോഹരമായ  വിനോദ സഞ്ചാരകേന്ദ്രമാണ് യുല കുന്ദ തടാകം. 

 

കിനൌറിലെ റോര താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന യുല കുന്ദയിലാണ് ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൃഷ്ണക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു. വനവാസ കാലത്ത് പാണ്ഡവരാണത്രേ ഈ ക്ഷേത്രം പണിഞ്ഞത്. ടൂറിസ്റ്റുകള്‍ക്ക് ഈ സ്ഥലത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ലെങ്കിലും ജന്മാഷ്ടമി സമയത്ത് ആയിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്. 

എവിടെയാണ് യുല കുന്ദ?

ഹിമാചല്‍ പ്രദേശ്‌ സംസ്ഥാനത്ത് സമുദ്രനിരപ്പിൽ നിന്ന് 3895 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ ഒരു പ്രദേശമാണ് യുല കുന്ദ. സംസ്ഥാനം സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒരിടം കൂടിയാണിത്. പുരാതനവും സുന്ദരവുമായ ഹിമാലയസാനുക്കളില്‍ സമയം ചെലവിടാനുള്ള അവസരത്തോടൊപ്പം തന്നെ ഹിമാചലിലെ ഓഫ്ബീറ്റ് ട്രെക്കുകളില്‍ തുടക്കക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടം കൂടിയാണ് ഇവിടം.

 

പ്രകൃതിയെ അറിഞ്ഞ് ഒരു ട്രെക്കിംഗ്

 

ഏകദേശം 11 കിലോമീറ്റർ നീളുന്ന യുല കുന്ദ ട്രെക്കിംഗ് ആരംഭിക്കുന്നത് ഖാസ് ഗ്രാമത്തിൽ നിന്നാണ്. ഓക്കും ദേവദാരുക്കളും പൈന്‍ മരങ്ങളും നിറഞ്ഞ കാടിനുള്ളിലൂടെ യാത്ര ചെയ്താണ് തടാകത്തിനടുത്ത് എത്തുന്നത്. കൂടാതെ, കൽപ്പ, പാംഗി ഗ്രാമങ്ങളിൽ നിന്നുള്ളവർ കഷാങ് പാസ് വഴി തടാകത്തിലെത്തുന്നു. തടാകത്തിന്‍റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ലിസ്റ്റിഗരംഗ് പാസ് വഴി തടാകത്തിനു വടക്കുപടിഞ്ഞാറുള്ള കാഫ്നു ഗ്രാമത്തിലെത്താം. അവിടെ നിന്നും കിനൌര്‍- സ്പിറ്റിയിലേക്കുള്ള കവാടമായ ഭാഭാ പാസിലേക്കും യാത്ര തുടരാം.

 

വർഷം മുഴുവനും പ്രാദേശിക സഞ്ചാരികള്‍ ഇവിടെയെത്തുന്നു. തടാകത്തിന്‍റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന റോര കുന്ദയില്‍ ട്രെക്കിംഗും ക്യാമ്പിംഗും നടത്താം. സമുദ്രനിരപ്പിൽ നിന്ന് 3900 മീറ്റർ ഉയരത്തിലാണ് റോര കുന്ദ സ്ഥിതി ചെയ്യുന്നത്. നല്ല തെളിഞ്ഞ ദിവസമാണെങ്കില്‍ ചന്ദര്‍നഹാന്‍ തടാകത്തിലേക്കുള്ള കവാടമായ ബുരാന്‍ പാസ് ഇവിടെ നിന്ന് നോക്കിയാല്‍ കാണാം. ഈ തടാകത്തില്‍ നിന്നും ഉത്ഭവിക്കുന്ന പബ്ബാർ നദി പിന്നീട് യമുനയുമായി ലയിക്കുന്നു.

 

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

 

വെളുത്ത പഞ്ഞിക്കെട്ടുപോലെ മഞ്ഞു നിറഞ്ഞ് സുന്ദരമായ മെയ് മാസം മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com