ADVERTISEMENT

കേരളത്തില്‍ റെയില്‍പ്പാതകള്‍ ഇല്ലാത്ത ജില്ലകളാണ് വയനാടും ഇടുക്കിയും എന്ന് നമുക്കറിയാം. എന്നാല്‍ ഈ ജില്ലകളിലെ ഉയര്‍ന്ന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും നമ്മള്‍ ആഗ്രഹിച്ചു പോകും, മലനിരകളുടെയും പച്ച താഴ്‍‍‍‍വാരങ്ങളുടെയും മനോഹരമായ കാഴ്ചകള്‍ കണ്ടുകൊണ്ട്‌ ഒരു ട്രെയിന്‍ യാത്ര ചെയ്യാന്‍ പറ്റിയെങ്കില്‍ എന്ന്! കേരളത്തില്‍ ഇല്ലെങ്കിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും അത്തരം ഇടങ്ങള്‍ ഉണ്ട്. അങ്ങനെയൊരു മനോഹരയാത്രയാണ് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന മതേരന്‍ മലനിരകള്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. 

 

Matheran-Hill

പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ മതേരന്‍ സമുദ്രനിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഇടമായതിനാല്‍ മലിനമാവാത്ത വായുവും സ്വാഭാവികമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന പരിസ്ഥിതിയും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതകളാണ്. കാട്ടുവഴികളിലൂടെയും ടാർ ചെയ്യാത്ത ചെമ്മൺ റോഡുകളിലൂടെയും കുതിരപ്പുറത്തും റിക്ഷകളിലുമുള്ള യാത്ര നഗരത്തിരക്കുകളില്‍ നിന്നും ഓടിയെത്തുന്നവര്‍ക്ക് പുതുജീവന്‍ പകര്‍ന്നുനല്‍കുന്ന അനുഭവമായിരിക്കും. 

 

Matheran-Hill-Railway3
CRS PHOTO/shutterstock

മറ്റെല്ലാ ഹില്‍സ്റ്റേഷനുകളില്‍ നിന്നും മതേരനെ വ്യത്യസ്തമാക്കുന്നത് കാട്ടിലൂടെ ചൂളംവിളിച്ച് കുതിച്ചോടുന്ന ടോയ് ട്രെയിനില്‍ ഉള്ള യാത്രയാണ്. നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന അഞ്ച് ചരിത്ര പർവത റെയിൽവേകളിൽ ഒന്നാണ് ഈ ടോയ് ട്രെയിൻ. മുംബൈയിലെ ഒരു സംരംഭകനായ അബ്ദുൽ ഹുസൈൻ പീർബോയ് സ്ഥാപിച്ച ഈ റെയിൽ‌വേ 1907 ലാണ് ആദ്യമായി ഓടുന്നത്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയിലേക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുമുണ്ട് ഈ ടോയ് ട്രെയിന്‍. 

 

പല തവണ പാളം തെറ്റിയിട്ടുള്ളതിനാല്‍ പലപ്പോഴും ട്രെയിന്‍ സേവനം ലഭ്യമാകാറില്ല. അതിനാല്‍ പോകും മുന്നേ കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞുവയ്ക്കുന്നതാണ് നല്ലത്.

 

ട്രെയിന്‍ പോകുന്ന വഴി

 

നെരാല്‍ മുതല്‍ മതേരന്‍ വരെ ഏകദേശം 20 കിലോമീറ്ററോളം ദൂരത്തില്‍ വളഞ്ഞുപുളഞ്ഞാണ് ഈ ട്രെയിന്‍ നീങ്ങുന്നത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2,600 അടി ഉയരത്തിലൂടെയുള്ള ഈ യാത്ര പൂര്‍ണ്ണമാകാന്‍ ഏകദേശം രണ്ടുമണിക്കൂര്‍ സമയമെടുക്കും. പുല്‍മേടുകളും മരങ്ങള്‍ നിറഞ്ഞ മലനിരകളും കണ്ടുകൊണ്ട് അതിസുന്ദരമായ യാത്രയാണിത്.

 

ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ ഇടക്ക് ട്രെയിനില്‍ കയറും. മതേരന്‍ എത്തും മുന്നേ ജുമ്മപട്ടി, വാട്ടര്‍പൈപ്പ്, അമന്‍ ലോഡ്ജ് മുതലായ സ്ഥലങ്ങളിലും സ്റ്റോപ്പുണ്ട്. എല്ലാ സ്റ്റേഷനുകളിലും സൗരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള വൈദ്യുതിയുമാണ്‌ ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത.

 

ഒരു ട്രെയിനില്‍ എത്രപേര്‍ക്ക് യാത്ര ചെയ്യാം?

 

അധികം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്ത ഒന്നാണ് ഈ ടോയ് ട്രെയിന്‍. ഒരു സമയത്ത് നൂറു പേര്‍ക്ക് വരെ ഒരുമിച്ച് യാത്ര ചെയ്യാം. ഒരു ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്മെന്റും മൂന്നു സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്മെന്റുകളുമാണ് ഇതിനുള്ളത്. വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്ന ദാസ്തുരി നകയില്‍ നിന്നും മതേരന്‍ വരെ ഷട്ടില്‍ ട്രെയിന്‍ സര്‍വീസുകളും ഉണ്ട്.

 

ട്രെയിന്‍ സമയങ്ങള്‍ ഇങ്ങനെ

 

52101 / നെരാൽ-മതേരൻ പാസഞ്ചർ (ദിവസേന) - രാവിലെ 7.50 ന് നെരാലിൽ നിന്ന് പുറപ്പെട്ട് രാവിലെ 9.50 ന് മതേരനിൽ എത്തുന്നു. 

 

52103 / നെരാൽ-മതേരൻ പാസഞ്ചർ (ദിവസേന) - രാവിലെ 9.10 ന് നെരാലിൽ നിന്ന് പുറപ്പെട്ട് രാവിലെ 11.20 ന് മതേരനിൽ എത്തുന്നു. 

 

52102 / മതേരൻ-നെരാൽ പാസഞ്ചർ  (ദിവസേന) - രാവിലെ 7.20 ന് മതേരനിൽ നിന്ന് പുറപ്പെട്ട് രാവിലെ 8.55 ന് നെരാലിൽ എത്തുന്നു. 

 

52104 / മതേരൻ-നെരാൽ പാസഞ്ചർ (ദിവസേന) - രാവിലെ 9.55 ന് മതേരനിൽ നിന്ന് പുറപ്പെട്ട് രാവിലെ 11.40 ന് നെരാലിൽ എത്തുന്നു. 

 

ഇതു കൂടാതെ അമന്‍ ലോഡ്ജ് മുതല്‍ മതേരന്‍ വരെ ഷട്ടില്‍ സര്‍വീസുകളും ലഭ്യമാണ്.

 

എത്രയാണ് നിരക്ക്?

 

നെരാലിനും മതേരനുമിടയില്‍ വൺവേ യാത്രയ്ക്ക് ഫസ്റ്റ് ക്ലാസില്‍ മുതിർന്നവർക്ക് 300 രൂപയും കുട്ടികൾക്ക് 180 രൂപയുമാണ് നിരക്ക്. സെക്കന്‍ഡ് ക്ലാസിലാവട്ടെ, മുതിർന്നവർക്ക് 75 രൂപയും കുട്ടികൾക്ക് 45 രൂപയുമാണ്.

 

ഷട്ടിൽ സർവീസിന് മുതിർന്നവർക്ക് 45 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് വരുന്നത്. 

 

ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാനാവില്ല. നെരാല്‍, അമന്‍ ലോഡ്ജ് മുതലായ സ്ഥലങ്ങളിലെ ടിക്കറ്റ് കൌണ്ടറുകളില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് 45 മിനിറ്റ് മുന്‍പേ നേരിട്ട് മാത്രമേ ടിക്കറ്റ് വാങ്ങാനാവൂ. 

 

(ട്രെയിന്‍ സമയവും നിരക്കുകളും മാറാന്‍ സാധ്യതയുള്ളതിനാല്‍ പോകും മുന്നേ വിവരങ്ങള്‍ അന്വേഷിച്ച് ഉറപ്പുവരുത്തണം)

English Summary: Matheran Hill Railway Toy Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com