ADVERTISEMENT

ചൈനയിലെ വൻമതിലിനുശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ മതിൽ കോട്ട എന്ന നിലയിൽ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കോട്ടയേതെന്നും അതെവിടെയെന്നും അറിയാമോ? ഉത്തരം കുംഭൽഗഡ് കോട്ടയെന്നാണ്. ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ മഹത്തായ കോട്ട സ്ഥിതിചെയ്യുന്നത് രാജസ്ഥാനിലാണ്. ഇന്ത്യയുടെ വൻമതിൽ എന്ന വിളിപ്പേര് കൂടിയുണ്ട് കുംഭൽഗഡ് കോട്ടയ്ക്ക്.

ഉദയ്പുരിൽനിന്ന് 84 കിലോമീറ്റർ വടക്ക് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന കുംഭൽഗഡ് ചിറ്റോർഗഡിനുശേഷം ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കോട്ടയാണ്. ആരവല്ലി പർവതനിരകളിൽ പരന്നുകിടക്കുന്ന ഈ കോട്ട എഡി പതിനഞ്ചാം നൂറ്റാണ്ടിൽ റാണ കുംഭ നിർമിച്ചതാണ്. ഭൂപ്രകൃതിയുടെ അഭേദ്യമായ സൗന്ദര്യവും ഉറച്ച നിലനിൽപ്പും കോട്ടയ്ക്ക് അജയ്യതയുടെ മാനം നൽകുന്നു.

3600 അടി ഉയരവും 38 കിലോമീറ്റർ നീളവുമുള്ള ഈ കോട്ട ഉദയ്പുർ പ്രദേശത്തെ ചുറ്റിപ്പറ്റിയാണ് പണിതിരിക്കുന്നത്. ഇപ്പോൾ രാജസ്ഥാനിലെ ഹിൽ ഫോർട്ട്സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഈ കോട്ടയെ യുനെസ്കോ ലോക പൈതൃക സ്ഥലമായി അംഗീകരിച്ചിട്ടുണ്ട്. ധാരാളം യുദ്ധങ്ങൾക്കു സാക്ഷ്യം വഹിച്ച ഈ കോട്ട അതിർവരമ്പില്ലാത്ത അതിർത്തിയായി വർത്തിക്കുന്നു. യുദ്ധസമയങ്ങളിൽ മേവാറിലെ ഭരണാധികാരികൾക്ക് അഭയസ്ഥാനമായി വർത്തിച്ച കോട്ട കുട്ടിക്കാലത്ത് മേവാർ രാജാവ് ഉദായിക്കും അഭയകേന്ദ്രമായിരുന്നു. മേവാറിന്റെ ഇതിഹാസ രാജാവായ മഹാറാണാ പ്രതാപിന്റെ ജന്മസ്ഥലമായതിനാൽ ഇവിടുത്തെ ജനങ്ങൾക്ക് കോട്ടയോട് വികാരനിർഭരമായ അടുപ്പമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ മഹാറാണ ഫത്തേ സിംഗ് കോട്ട പുതുക്കിപ്പണിതിരുന്നു.

എന്തൊക്കെ കാണാം:

കുംഭ കൊട്ടാരം

കോട്ടയ്ക്കകത്തു സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം രജപുത്ര വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. മനോഹരമായ നീല ദർബാർ ഹാളുള്ള രണ്ട് നില കെട്ടിടമാണിത്. ഒരു ഇടനാഴി മർദാന (പുരുഷ) കൊട്ടാരത്തെ സനാന (വനിതാ) കൊട്ടാരത്തിൽനിന്ന് വേർതിരിക്കുന്നു. സനാനയിലെ ചില മുറികളിൽ ആനകളും മുതലകളും ഒട്ടകങ്ങളും അടങ്ങിയ ആകർഷകമായ പെയിന്റിങ്ങുകളുണ്ട്. വൃത്താകൃതിയിലുള്ള ഗണേശ ക്ഷേത്രം സനാന മുറ്റത്തിന്റെ മൂലയിലാണ്. ടോയ്‌ലറ്റ് ഉപയോഗത്തിലായിരിക്കുമ്പോൾ മുറിയിലേക്ക് ശുദ്ധവായു അനുവദിക്കുന്ന വെന്റിലേഷൻ സംവിധാനമുള്ള ടോയ്‌ലറ്റുകളാണ് ഈ കൊട്ടാരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. 

നിരവധി ഹിന്ദു-ജൈനക്ഷേത്രങ്ങൾ കോട്ടയ്ക്കുള്ളിൽ പണികഴിപ്പിച്ചിട്ടുണ്ട്. കോട്ടയ്ക്കുള്ളിൽ നിർമ്മിച്ച ആദ്യകാല ക്ഷേത്രങ്ങളിലൊന്നാണ് ഗണേശ ക്ഷേത്രം. 1458-ൽ നിർമിച്ച നീൽകാന്ത് മഹാദേവ ക്ഷേത്രവും ഇവിടെയുണ്ട്. അതിലെ വിഗ്രഹം കരിങ്കല്ലുകൊണ്ടാണ്.

പാർശ്വനാഥ ക്ഷേത്രം, ഗൊലേര ജൈന ക്ഷേത്രം തുടങ്ങി നിരവധി ജൈന ക്ഷേത്രങ്ങളും ഈ കോട്ടയിലുണ്ട്. മംദിയോ ക്ഷേത്രം, സൂര്യ മന്ദിർ, പിറ്റൽ ഷാ ജെയിൻ ക്ഷേത്രം എന്നിവയാണ് മറ്റു ചില ക്ഷേത്രങ്ങൾ.

ബാദൽ മഹൽ

വന്യജീവി സങ്കേതമാക്കി മാറ്റിയ കുംഭൽഗഡ് വനത്തിന്റെ മധ്യത്തിലാണ് മനോഹരമായ കോട്ട സ്ഥിതി ചെയ്യുന്നത്. കുംഭൽഗഡ് കോട്ടയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ബാദൽ മഹൽ, ആരവല്ലി കുന്നുകളിൽ വ്യാപിച്ചുകിടക്കുന്ന കുംഭൽഗഡ് വന്യജീവി സങ്കേതത്തിന്റെ മുഴുവൻ കാഴ്ചയും നൽകുന്നു.

English Summary: Kumbhalgarh Fort the great wall of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com