ADVERTISEMENT

ആമസോൺ പ്രൈമിൽ ‘റിക്ക് സ്റ്റെയിൻസ് ഇന്ത്യ’യുടെ കൊൽക്കത്ത അധ്യായം കണ്ടിരുന്നപ്പോൾ രണ്ടു വർഷം മുമ്പ് ഞാൻ കൊൽക്കത്തയിൽ ചെലവഴിച്ച നല്ല ദിവസങ്ങൾ ഓർമയിൽ വന്നു. അലിപ്പൂരിലുള്ള നാഷനൽ ലൈബ്രറിയിൽ രാവിലെ പോയാൽ ഉച്ച കഴിഞ്ഞേ മടങ്ങാറുള്ളൂ. വഴികൾ അത്ര തിട്ടമില്ലാത്തതിനാൽ ഊബർ ടാക്സിയിൽ ‘ഷേക്സ്പിയർ സരണി പൊലീസ് ഥാന’ ഡെസ്റ്റിനേഷൻ സെറ്റ് ചെയ്തുവച്ചിട്ടുണ്ട്. അതിൽ അമർത്തി ഗേറ്റ് നമ്പർ 4 ന് മുന്നിൽ ഞാൻ കാത്തുനിൽക്കും. ലൈബ്രറിക്ക് ധാരാളം ഗേറ്റുകളും അവയെ തിരിച്ചറിയാൻ നമ്പറുകളുണ്ട്. ഗേറ്റ് നമ്പർ 4 ആണ് എന്റെ സ്ഥിരം കാത്തുനിൽപ്പുകേന്ദ്രം.

അങ്ങനെ ഒരു ദിവസം ഉച്ച തിരിഞ്ഞപ്പോൾ ഊബർ ടാക്സി ബുക്ക് ചെയ്തു ഞാൻ കാത്തുനിൽക്കുകയാണ്. കുറച്ചകലെ നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷ സ്റ്റാൻഡിനെ അനുസ്മരിപ്പിക്കുന്ന ഒരു റിക്ഷ സ്റ്റാൻഡ് കണ്ടു. ടാക്സി വരാൻ സമയമുണ്ട്. ഞാൻ റിക്ഷ സ്റ്റാൻഡിലേക്കു നടന്നു. തൽക്കാലം റിക്ഷയിൽ യാത്ര സാധിക്കില്ല, എനിക്ക് പോകേണ്ട സ്ഥലം അല്പം ദൂരെയാണ്. എന്നാലും കൊൽക്കത്തയിൽവന്നിട്ട് റിക്ഷയിൽ കയറിയില്ലെങ്കിൽ അതൊരു വലിയ കുറവാണ്. വേറേ ഒന്നും വേണ്ട, റിക്ഷയിൽ കയറിയിരുന്ന് ഒരു നല്ല ഫോട്ടോ എടുക്കണം. ഞാൻ അവരെ സൂക്ഷിച്ചുനോക്കി. നിർത്തിയിട്ട രണ്ടു റിക്ഷകളുടെ സാരഥികൾ അടുത്തെങ്ങും ഒരു സവാരിയും പ്രതീക്ഷിക്കാത്തതു പോലെ അടുത്തുള്ള കടത്തിണ്ണയിൽ എന്തോ നോക്കിയിരിക്കുന്നുണ്ട്. ഒരാൾ ചെറുപ്പക്കാരനും മറ്റേയാൾ തീരെ വയസ്സനുമാണ്. അദ്ദേഹത്തെക്കണ്ടപ്പോൾ എനിക്ക് ‘ഓടയിൽനിന്ന്’ സിനിമയിലെ സത്യൻ മാഷെയാണ് ഓർമവന്നത്. അവരുടെ ആ ഇരിപ്പ് കണ്ടിട്ട് ഇതുവരെ സവാരിയൊന്നും കിട്ടിയ ലക്ഷണമില്ല.

ചെറുപ്പക്കാരൻ ആകാംക്ഷയോടെ ഒരു പഴഞ്ചൻ ഫോണിൽ എന്തോ കുത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഒരു ചെറിയ പുഞ്ചിരിയോടെ എന്റെ ഫോണിൽ ക്യാമറ ഓൺ ചെയ്തു ചെറുപ്പക്കാരന്റെ നേരേ നീട്ടി, എന്നിട്ട് ചോദിച്ചു, ‘എനിക്ക് സവാരി പോകണ്ട. പക്ഷേ താങ്കളുടെ ഈ റിക്ഷയിൽ ഇരുന്ന് ഒരു ഫോട്ടോ എടുക്കണം. എടുത്തു തരുമോ?’ അയാൾ ആവേശത്തോടെ ചാടി എഴുന്നേറ്റതും എന്റെ കയ്യിൽനിന്നു ഫോൺ പിടിച്ചുവാങ്ങിയതും നിമിഷാർധത്തിൽകഴിഞ്ഞു. അപ്പോഴേക്കും ഞാനും റിക്ഷയിൽ കയറി ഇരുന്നു. അയാൾ ഫോണിൽ അവിടെയും ഇവിടെയും പല തവണ നോക്കി. എന്നിട്ട് ചോദിച്ചു, ‘ദീദീ, ഇതിൽ ഫോട്ടോ എടുക്കുന്നത് എങ്ങിനെയാണ്?’ അയാൾക്ക് ഒരു കുഞ്ഞു ട്യൂട്ടോറിയൽ ക്ലാസ് എടുത്തശേഷം ഞാൻ വീണ്ടും പോസ് ചെയ്തിരുന്നു. എന്തായാലും ക്ലാസ് എടുത്തത് വെറുതേയായില്ല. ഒന്നാംതരം ഫോട്ടോകൾ അയാൾ നിമിഷങ്ങൾക്കകം എടുത്തു. എനിക്ക് സന്തോഷമായി. കാര്യം സാധിച്ചല്ലോ!. പക്ഷേ കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ചതുപോലെയല്ല പോകുന്നത് എന്ന് എനിക്ക് ഉടനേ മനസിലായി. അന്തരീക്ഷമാകെ മാറി മറയുന്നു. അയാൾ ഫോൺ തിരികെ തരാൻ കൂട്ടാക്കുന്നില്ല. ദൈവമേ! ചതിച്ചോ? അയാൾ അപ്പുറത്തേയും ഇപ്പുറത്തേയും കാഴ്ചകൾ  തുരുതുരെ ഫോട്ടോ എടുത്തുകൊണ്ടിരിക്കുകയാണ്.

ഇത് എങ്ങനെ തിരിച്ചു വാങ്ങുമെന്ന അങ്കലാപ്പിലായി ഞാൻ. എന്റെ ടാക്സി ഇപ്പോൾ വരും. ഇയാൾ ഫോൺ തന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യും. കാര്യങ്ങൾ ഇത്രയും ആയപ്പോൾ വയസ്സനും ആവേശമായി. പിന്നെ അദ്ദേഹത്തെ മോഡലാക്കി ഫോട്ടോഷൂട്ട് തുടരുകയായി. ഒടുവിൽ ഞാൻ ഒരു സൂത്രം പ്രയോഗിക്കാൻ ഉറപ്പിച്ചു. പണ്ട് ബാലരമയിൽ വായിച്ച കുട്ടിക്കഥകൾക്ക് ഇങ്ങനെയും പ്രയോജനമുണ്ടെന്ന് അന്നാണ് മനസ്സിലായത്. ആ കഥകൾ ഓർത്തു വച്ച എന്റെ ഓർമശക്തിയിൽ എനിക്ക് വലിയ അഭിമാനം തോന്നി.  സ്വന്തം തൊപ്പി ഊരി കുരങ്ങൻമാർക്ക് ഇട്ടുകൊടുത്ത് നഷ്ടപ്പെട്ട തൊപ്പികൾ തിരികെ വാങ്ങിയ കച്ചവടക്കാരന്റെ അതേ ബുദ്ധി തന്നെ ഇവിടെ പരീക്ഷിച്ചു നോക്കാം. 

ഞാൻ റിക്ഷാവാലയോടു പരമാവധി സൗമ്യതയോടെ പറഞ്ഞു, ‘എന്റെ കുറേ ഫോട്ടോ എടുത്തില്ലേ. ഇനി താങ്കൾ നിൽക്കൂ. ഞാൻ എടുക്കാം.’ അത് കേട്ടതും അയാൾക്ക് സന്തോഷം സഹിക്കാൻ വയ്യ. ഉടനെ ഫോൺ എനിക്കു തിരികെത്തന്നു. എന്നിട്ട് പല തരത്തിൽ പോസ് ചെയ്യാൻ തുടങ്ങി. പാവം, ഞാൻ ഉള്ളിൽ ചിരിച്ചുകൊണ്ടു ചില ഫോട്ടോകൾ എടുത്തു. അപ്പോഴേക്കും ഒരു രക്ഷകന്റെ വിളി പോലെ ബംഗാളി കലർന്ന ഹിന്ദിയിൽ ഊബർ ടാക്സിക്കാരന്റെ  ഫോൺകോൾ. അയാൾ ഗേറ്റിനു മുന്നിൽ എന്നെ കാത്തുനിൽക്കുന്നു. ‘ടാക്സി വന്നു, പിന്നെ കാണുമ്പോൾ ബാക്കി  ഫോട്ടോയെടുക്കാം, കേട്ടോ’ എന്നുപറഞ്ഞ് ഞാൻ ഊബർ ടാക്സിക്കാരനെ കൈവീശിക്കാണിച്ച് അവിടെനിന്നു വേഗം തടിതപ്പി. ഒരു ദീർഘനിശ്വാസത്തോടെ ഞാൻ ടാക്സിയിൽ കയറിയിരുന്ന ശേഷം വെറുതെ തിരിഞ്ഞുനോക്കി. ക്യാമറയില്ലാത്ത ആ പഴയ 'നോക്കിയ ' ഫോൺ അയാൾ തിരിച്ചുംമറിച്ചും നോക്കുന്നതുകണ്ടു. ഒരു നിമിഷം എനിക്കും വിഷമം വന്നു. അപ്പോഴേക്കും ടാക്സിയുടെ വേഗം കൂടി, ആ കാഴ്ച കണ്ണിൽനിന്നു പതിയേ മറഞ്ഞുപോയി.

English Summary: Lakshmibai Thampuratti About Old Kolkata Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com