ADVERTISEMENT

തൊടുന്നതെല്ലാം കുറ്റമായി കണ്ട് പരസ്പരം തല്ലുപിടിക്കും അമ്മായിയമ്മയും മരുമകളും എന്നാണല്ലോ വയ്പ്പ്. അമ്മയുടെ സ്നേഹത്തിനൊപ്പം തൂക്കിനോക്കുമ്പോൾ പലപ്പോഴും തോറ്റുപോകുന്നവരാണ് അമ്മായിയമ്മമാർ. അങ്ങനെയല്ലാത്ത അമ്മായിയമ്മമാരുമുണ്ട്. നല്ല മരുമകളാകണമെങ്കിൽ അമ്മായിയമ്മപ്പോര് എന്ന വാക്ക് നിങ്ങളുടെ നിഘണ്ടുവിൽ നിന്നു മാറ്റണം. അമ്മായിയമ്മയും സ്വന്തം അമ്മ തന്നെയാണ്. ഇന്ന് ലോക അമ്മയിയമ്മ ദിനം.

veena-trip5

അമ്മയെപ്പോലെ, ഒരുപക്ഷേ അമ്മയെക്കാൾ കൂടുതൽ മരുമക്കളെ സ്നേഹിക്കുന്ന അമ്മായിയമ്മമാരുമുണ്ട്. മരുമക്കളായല്ല, മക്കളായി അവരെ കാണുന്നവർ, പിന്തുണയ്ക്കുന്നവർ. ഇൗ അമ്മായിയമ്മ ദിനത്തിൽ അമ്മയോടൊപ്പമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടി വീണാ നായർ.സീരിയലിന്റെയും സിനിമയുടെയും തിരക്കിനിടയിലും തന്റെ സ്വകാര്യ ഇഷ്ടം യാത്രകളാണെന്നു വീണ നായർ പറയുന്നു. അതുകൊണ്ടുതന്നെ തിരക്കിന്റെ ഇടവേളകളിൽ ധാരാളം യാത്രകൾ നടത്താറുമുണ്ട്. കുടുംബവുമായി അടിച്ചുപൊളിച്ച് യാത്രപോകാനാണ് ഇഷ്ടം.അമ്മയോടൊപ്പമുള്ള ഇഷ്ട യാത്രകളുടെ വിശേഷങ്ങളുമായി വീണ.

veena--nair-trip3

അമ്മായിയമ്മ അല്ല അമ്മയാണ് എന്റെ സുമയമ്മ. ഇൗ പ്രത്യേക ദിവസത്തിൽ മാത്രമല്ല എല്ലായ്പ്പോഴും എന്നോടൊപ്പം അമ്മയെ ചേർത്തു നിർത്തുവാനാണ് എനിക്കിഷ്ടം. ഏതു കാര്യത്തിനും എന്നോടൊപ്പം കട്ടയ്ക്കു നിൽ‌ക്കുന്ന പൊളി അമ്മായിയമ്മയാണ് എന്റെ അമ്മ. എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടം യാത്രകളാണ്. എനിക്ക് ജീവനുള്ളടത്തോളം കാലം എന്നാൽ കഴിയുന്നതെന്തും അമ്മയ്ക്ക് വേണ്ടി ഞാൻ ചെയ്യും. അതിനായി അമ്മ ദിനമോ, അമ്മായിയമ്മ ദിനമോ വേണ്ട. എന്നേ പോലെ തന്നെ കാഴ്ചകൾ ആസ്വദിക്കുവാനും യാത്ര നടത്താനും അമ്മയ്ക്കും പ്രിയമാണ്.

എന്റെയും അമ്മയുടെയും ആദ്യയാത്ര

എന്റെയും കണ്ണേട്ടന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഞാനും സുമയമ്മയും ഒരുമിച്ചുള്ള ആദ്യയാത്ര ഗുരുവായൂർ – മൂകാംബിക ട്രിപ്പായിരുന്നു. രസകരമായിരുന്നു ഞങ്ങളുടെ ആ യാത്ര. വയസ്സ് 50 കഴിഞ്ഞെങ്കിലും അമ്മ എപ്പോഴും ജോളിയാണ്. ഏതു കാര്യത്തിനും കട്ടയ്ക്ക് സപ്പോർട്ടായി കൂടെ നിൽക്കും. എന്റെ ഏറ്റവും നല്ലൊരു സുഹൃത്ത് കൂടിയാണ് അമ്മ. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അമ്മയോടൊപ്പമുള്ള യാത്ര അടിപൊളിയാണ്. യാത്രയിലെ ഒാരോ നിമിഷവും ശരിക്കും ഞങ്ങൾ ആസ്വദിച്ചു.

അമ്മയും ഞാനും പേടിച്ചുവിറച്ച യാത്ര

കഴിഞ്ഞിടയ്ക്ക് ഞാനും അമ്മയും എന്റെ മകനും കൂടി ഒരു യാത്ര പോയി പഴനി മൂകാംബിക യാത്ര. പെട്ടെന്ന് പ്ലാൻ ചെയ്ത ട്രിപ്പായിരുന്നു. അമ്മയും സമ്മതം മൂളി. യാത്ര തിരിച്ചു. പഴനിയിൽ തൊഴുതു കഴിഞ്ഞ് ഞങ്ങൾ പോയത് മൂകാംബികയിലേക്കായിരുന്നു. സത്യമംഗലം കാടുകയറിയായിരുന്നു യാത്ര. അതും രാത്രിയാത്ര. ഞങ്ങൾക്കറിയില്ലായിരുന്നു സത്യമംഗലം കാടുകയറി രാത്രിയാത്ര റിസ്ക് ആണെന്ന്.

veena--nair-trip1

ശരിക്കും ഭയന്നുപോയി. രാത്രിയിൽ പോകുന്ന വഴിയിൽ നിറയെ ആനകൾ. രണ്ടര മണിക്കൂറോളം ആനയെ കടന്ന് മുന്നോട്ട് യാത്ര പോകുവാനായി ഞങ്ങൾ വാഹനത്തിൽ തന്നെയിരുന്നു. ഞാനും അമ്മയും കുഞ്ഞും ഡ്രൈവറും മാത്രം. ശരിക്കും പേടിച്ചുവിറച്ച നിമിഷങ്ങളായിരുന്നു. എങ്കിലും ധൈര്യം കളയാതെ പിടിച്ചിരുന്നു. മണിക്കൂറുകൾ കഴി‍ഞ്ഞപ്പോൾ ആനകൾ പോയി ശേഷം ഞങ്ങൾ യാത്ര തുടർന്നു.ആ യാത്രയും പേടിച്ചുവിറച്ച നിമിഷങ്ങളും എനിക്കും അമ്മയ്ക്കും ഇപ്പോഴും മറക്കാനാവില്ല.

അമ്മയ്ക്ക് നൽകിയ സർപ്രൈസ്

ഒരിക്കൽ ചെന്നൈയിലേക്ക് ഒരു പ്രോഗ്രാമിന്റെ ഭാഗമായി യാത്ര ചെയ്യേണ്ടി വന്നും. എന്റെ അസിസ്റ്റന്റിനെ കൂടെ കൂട്ടാമായിരുന്നു. പക്ഷേ ഞാൻ അമ്മയെ ഒപ്പം കൂട്ടാമെന്നു കരുതി, കാരണം അമ്മ ഫ്ളൈറ്റിൽ യാത്ര നടത്തിയിട്ടില്ലായിരുന്നു. അങ്ങനെ ചെന്നൈ യാത്രയ്ക്ക് അമ്മയെയും കൂടെ കൂട്ടി.

ഫ്ളൈറ്റിൽ ആദ്യം യാത്ര ചെയ്യുന്നതിന്റെ ആവേശവും സന്തോഷവും എല്ലാം അമ്മയുടെ മുഖത്ത് കാണാമായിരുന്നു. അമ്മയുടെ മുഖത്തെ ആ സന്തോഷം എന്നെ ഏറെ സന്തോഷിപ്പിച്ചു. ചെന്നൈയിൽ കുറച്ചിടങ്ങളൊക്കെ അമ്മയൊടോപ്പം സന്ദർശിച്ചു. ആ യാത്രയും അനുഭവവുമൊന്നും ഒരിക്കലും മറക്കാനാവില്ല. 

ഭക്തിനിറഞ്ഞ യാത്രകളുമുണ്ട്

അമ്മയും ഞാനും ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നത് ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളാണ്. എത്ര തിരക്കാണെങ്കിലും ഒരുമിച്ചുള്ള കുറച്ചു ദിവസം ക്ഷേത്രങ്ങളിലേക്ക് പോകാറുണ്ട്. വിവാഹം ശേഷവും ഞങ്ങൾ എവിടേക്ക് യാത്രപോയാലും അമ്മയെയും അച്ഛനെയും ഒപ്പം കൂട്ടും. അവർ ഒപ്പമില്ലാത്ത യാത്രകൾക്ക് ഒരു രസവുമുണ്ടാകാറില്ല. ഫുൾ ഫാമിലി ട്രിപ്പായാണ് എല്ലാ യാത്രകളും ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. 

veena--nair-trip4

ഞാൻ നാട്ടിലുള്ളപ്പോൾ അമ്മയോടൊപ്പം കേരളത്തിനകത്തുള്ള ഹിൽസ്റ്റേഷനിലേയ്ക്ക് യാത്ര പോകാറുണ്ട്. വാഗമൺ മിക്കപ്പോഴും പോകുന്ന സ്ഥലമാണ്. അവിടുത്തെ കാഴ്ചകളും കോട വാരിവിതറിയ തണുപ്പുമെല്ലാം അമ്മയ്ക്കും ഒരുപാട്  ഇഷ്ടമാണ്. രണ്ടു ദിവസത്തോളം ‍ഞങ്ങൾ അവിടെ തങ്ങാറുണ്ട്.

ജോലി സംബന്ധമായി മക്കളായ നമ്മൾ എപ്പോഴും തിരക്കിലായിരിക്കും. വീടിനുള്ളിൽ ഒതുങ്ങി കഴിയുന്നവരായിരിക്കും നമ്മുടെ അച്ഛനമ്മമാർ. ആ സാഹചര്യത്തിൽ എത്ര തിരക്കുണ്ടെങ്കിലും അമ്മയ്ക്കും അച്ഛനുമായി സമയം നമ്മൾ കണ്ടെത്തണം. ഞാനും കണ്ണേട്ടനും എപ്പോഴും അങ്ങനെയാണ് യാത്ര പ്ലാൻ ചെയ്യുന്നത് എപ്പോഴും ഫുൾഫാമിലി ട്രിപ്പാണ്. എല്ലാവരും ഒരുമിച്ചുള്ള യാത്ര. ആ യാത്ര നൽകുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്.

English Summary: Veena Nair Travel Experience With Mother-in-law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com