ADVERTISEMENT

ധീര യോദ്ധാക്കളായ രജപുത്രരുടെ നാടായ രാജസ്ഥാൻ ഗംഭീരമായ കോട്ടകൾക്കും മനോഹരമായ കൊട്ടാരങ്ങൾക്കും പ്രശസ്തമാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ജയ്പുർ നഗരത്തെ വീക്ഷിച്ചു നിൽക്കുന്ന നഹർഗഡ് കോട്ടയ്്ക്ക് കുംഭാൽഗഡ് കോട്ട, ഭാൻഗഡ് കോട്ട, ആംബർ കോട്ട, ചിത്തോർ കോട്ട തുടങ്ങി അതിപ്രശസ്തങ്ങളായ മറ്റു പല കോട്ടയ്ക്കും അവകാശപ്പെടാൻ സാധിക്കാത്ത ഒരു വിശേഷണമുണ്ട്, ആർക്കും കീഴടങ്ങാത്ത കോട്ട.

ആരും ആക്രമിക്കാൻ വരാത്ത കോട്ട എന്നു പറഞ്ഞാലും തെറ്റില്ല. ആംബർ ഫോർട്ടിനും ജയ്ഗഡ് ഫോർട്ടിനും ഒപ്പം ജയ്പുർ നഗരം ഉൾപ്പെട്ട ആംബർ അഥവാ ആമേർ രാജ്യത്തിനു സംരക്ഷണ വലയം തീർത്ത ശക്തി ദുർഗമായിരുന്നു നഹർഗഡ്. മലകളാൽ ചുറ്റപ്പെട്ട പ്രദേശമായിരുന്നു ആമേർ. താഴ്‌വരയിലുള്ള ആംബർ കോട്ടയിലേക്കു ശത്രുക്കൾ എത്തുന്നില്ല എന്നുറപ്പാക്കാൻ അതിന്റെ ഇരുവശത്തുമായി മലമുകളിൽ നിർമിച്ച കാവൽ കോട്ടകളായിരുന്നു നഹർഗഡ് കോട്ടയും ജയ്ഗഡ് കോട്ടയും.

Nahargarh-Fort-2

പ്രേതം തടയിട്ട നിർമാണം

കടുവയുടെ ഇരിപ്പിടം എന്നാണ് നഹർഗഡ് എന്ന പദത്തിന്റെ അർഥമെങ്കിലും ഈ കോട്ടയുടെ പേര് വന്നത് നഹർസിങ് ഭോമിയ എന്ന രാജകുമാരനിൽ നിന്നാണത്രേ. 1734 ൽ മഹാരാജ സവായ് ജയ്സിങ് ആണ് ആരവല്ലി മലനിരകളിലെ തന്ത്രപ്രധാനമായ സ്ഥലത്ത് ഈ കോട്ട കെട്ടിയത്. സുദർശൻഗഡ് എന്നായിരുന്നു കോട്ടയ്ക്കു പേര് നിശ്ചയിച്ചത്. നിർമാണം ആരംഭിച്ചെങ്കിലും തുടർച്ചയായി തടസ്സങ്ങൾ ബാധിച്ചുകൊണ്ടിരുന്നു. പലപ്പോഴും പാതി വഴി എത്തിയ കെട്ടുകൾ തകർന്നു വീണു.

ആകെ ദുർലക്ഷണങ്ങൾ കണ്ടപ്പോൾ മഹാരാജാവ് കൊട്ടാര ജ്യോതിഷരുമായി ആലോചിച്ചു. ആ സ്ഥലത്തിന് മുൻപ് അവകാശിയായിരുന്ന നഹർസിങ് ഭോമിയയ്ക്ക് ഈ കോട്ട കെട്ടുന്നതിലുള്ള അതൃപ്തിയാണ് കാരണം എന്നു കണ്ടെത്തി. പരിഹാരമായി കോട്ടയ്ക്കുള്ളിൽ ഒരു ചെറു കോട്ടപോലെ പ്രത്യേകം കെട്ടി തിരിച്ച ഭാഗത്ത് നഹർസിങ് ഭോമിയയ്ക്കു ക്ഷേത്രം പണിതു. അതിനു ശേഷമാണ് കോട്ട നിർമാണം പൂർത്തിയാക്കാനായത്. മാത്രമല്ല കോട്ട പിന്നീട് ആ ആത്മാവിന്റെ പേരിൽ അറിയപ്പെടുകയും ചെയ്തു.

ആംബർ കോട്ടയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു കാവൽക്കോട്ട എന്ന നിലയിൽ മാത്രമല്ല നഹർഗഡ് കോട്ട നിർമിച്ചത്. രാജാക്കൻമാരുടെ സുഖവാസസ്ഥാനമായും ഇതിനെ കണ്ടിരുന്നു. 1868 ലും 1880 ലും കോട്ടയിലെ താമസ സൗകര്യം മെച്ചപ്പെടുത്താനായി ഏതാനും കൊട്ടാരങ്ങൾ നിർമിക്കുകയുണ്ടായി. 1857ൽ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ഒട്ടേറെ ബ്രിട്ടിഷ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അഭയം നൽകിയതാണ് നഹർഗഡ് കോട്ട.

12 റാണിമാർ, ഒരുപോലുള്ള 12 മുറികൾ

രാജസ്ഥാന കോട്ടകളുടെ സവിശേഷതയായ ദൈർഘ്യമേറിയ കരിങ്കൽ മതിൽ നഹർഗഡ് കോട്ടയിലും കാണാം. ഇരുവശത്തേക്കും നീളുന്ന വൻമതിൽ ജയ്ഗഡ് കോട്ടയിൽ നിന്ന് ആരംഭിക്കുന്ന മതിലുകളുമായി യോജിക്കുന്നു. അതോടെ ആമേർ നഗരം ഉൾക്കൊള്ളുന്ന ആംബർ ഫോർട്ടിനെ സംരക്ഷിക്കുന്ന കവചം പൂർത്തിയാകും. പരമ്പരാഗത രജപുത്ര ശൈലിയിലാണ് നിർമിതികളിൽ അധികവും, മുഗൾ ശൈലിയും ബ്രിട്ടിഷ് ശൈലിയും കലർന്ന വാസ്തുവിദ്യയും ചില കെട്ടിടങ്ങൾക്ക് കാണാം. കോട്ടയുടെ പ്രധാന കവാടം കടന്നെത്തുന്നത് മുറികളാൽ ചുറ്റപ്പെട്ട ഒരു നടുത്തളത്തിലേക്കാണ്. അവിടെ നിന്ന് കോട്ടയുടെ ഓരോ ഭാഗത്തേക്കും പ്രത്യേകം വാതിലുകൾ. വാതിലുകൾക്കൊക്കെ ദേവീദേവൻമാരുടെ പേരും നൽകിയിട്ടുണ്ട്.

കോട്ടയിലെ കെട്ടിടങ്ങളുടെ ജനാലകളിലും വാതിലുകളും പലവിധ നിറങ്ങളിൽ തിളങ്ങുന്ന ഗ്ലാസുകൾ കൊണ്ട് അലംകൃതമാണ്. കൊട്ടാര മുറികളുടെ ചുമരുകൾ മനോഹരമായ ചിത്രങ്ങളാൽ മോടിയാക്കിയിട്ടുണ്ട്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com