ADVERTISEMENT

മുംബൈ-അഹമ്മദാബാദ് തേജസ്‌ എക്സ്പ്രസിന്‍റെ ജനപ്രീതി കൂട്ടുന്നതിനായി പുതിയ നാലു ടൂറിസ്റ്റ് പാക്കേജുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. മുംബൈ-വഡോദര, മുംബൈ-അഹമ്മദാബാദ് റൂട്ടുകളില്‍ ഓടുന്ന തേജസ്‌ എക്സ്പ്രസിലാണ് പുതിയ പാക്കേജുകള്‍ ലഭ്യമാക്കുന്നത്. 

ഡിസംബര്‍ ആദ്യവാരം വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ താമസമടക്കം മൂന്നു ദിവസത്തെ യാത്രയാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. സഞ്ചാരികള്‍ക്ക് ഈ സ്ഥലങ്ങള്‍ ചുറ്റിനടന്നു കാണാം.ഒരാള്‍ക്ക് പ്രതിദിനം ഏകദേശം 2,000 രൂപ ആയിരിക്കും നിരക്ക്.

thejas--train

മുംബൈയിൽ നിന്നുള്ള യാത്രയിൽ ലക്ഷ്മി വിലാസ് പാലസ്, അക്ഷര്‍ധാം ക്ഷേത്രം, സബർമതി റിവർ ഫ്രണ്ട്, ഗുജറാത്തിലെ സബർമതി ആശ്രമം എന്നിവയും ഉൾപ്പെടും. ഗുജറാത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി മുംബൈയിലെ യാത്രാപ്ലാനിനു സമാനമായ പാക്കേജുകളും ഐആർസിടിസി തയാറാക്കുന്നുണ്ട്.

"മുംബൈയിൽ നിന്നുള്ള യാത്രക്കാർക്ക് തേജസ് എക്സ്പ്രസിൽ യാത്ര ചെയ്യാനും വഡോദര, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ ചുറ്റിക്കാണാനും കഴിയും. ഇതില്‍ ഫോർ സ്റ്റാർ ഹോട്ടലിലുള്ള താമസവും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൾക്കൊള്ളുന്നു. യാത്രക്കാർക്ക് വാഹനങ്ങളും ലഭ്യമാക്കും”, ഐആർസിടിസിയുടെ വെസ്റ്റ് സോൺ ഗ്രൂപ്പ് ജനറൽ മാനേജർ രാഹുൽ ഹിമാലിയൻ പറഞ്ഞു.

കൊറോണ മൂലം ഏഴു മാസത്തേക്ക് റദ്ദാക്കിയ മുംബൈ-അഹമ്മദാബാദ് തേജസ് എക്സ്പ്രസ് ഇക്കഴിഞ്ഞ ഒക്ടോബർ 17-നാണ് പ്രവർത്തനം പുനരാരംഭിച്ചത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ട്രെയില്‍ സര്‍വീസായ തേജസ്‌ എക്സ്പ്രസ് ഓടിത്തുടങ്ങിയത്. ഇത്തരത്തിലുള്ള ആദ്യത്തെ ട്രെയിനായ ലക്നൗ-ഡല്‍ഹി തേജസ്‌ എക്സ്പ്രസ്‌ കഴിഞ്ഞ വര്‍ഷമാണ്‌ വന്നത്.ആഴ്ചയില്‍ ആറു ദിവസമാണ് തേജസ്‌ എക്സ്പ്രസ് ഓടുന്നത്. വ്യാഴാഴ്ച അറ്റകുറ്റപ്പണികള്‍ക്കായി അവധിദിനമാണ്. അഹമ്മദാബാദില്‍ നിന്നും മുംബൈയില്‍ എത്തും മുന്‍പേ നാദിയാദ്, വഡോദര, ഭരുച്ച്, സൂററ്റ്, വാപ്പി, ബോറിവാലി തുടങ്ങിയ ഇടങ്ങളില്‍ ഇതിനു സ്റ്റോപ്പുണ്ട്. 

പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ഈ ട്രെയിനിൽ 56 സീറ്റ് വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് ക്ലാസ് ചെയർ കാറുകളും 78 സീറ്റ് വീതമുള്ള എട്ട് ചെയർ കാറുകളുമാണ് ഉള്ളത്. ഒരു തവണ 736 യാത്രക്കാരാണ് ട്രെയിനിന്‍റെ ശേഷി. ടിക്കറ്റുകള്‍ ഐആര്‍സിടിസി വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.

English Summary: Indian Railways offers tourist packages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com