നീല നിറത്തില്‍ രത്നം പോലെ തിളങ്ങുന്ന കടലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഹാരാഷ്ട്രയിലെ ബീച്ചുകളില്‍ എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിച്ച കാഴ്ച. മുംബൈയിലെ ജുഹു ബീച്ചില്‍ തുടങ്ങി ഗോവയുടെ ബെറ്റാൽബാറ്റിം വരെയുള്ള പടിഞ്ഞാറന്‍ തീരത്താണ് ഫ്ലൂറസെന്‍റ് നീലയില്‍ കടലിന്‍റെ തിളക്കം കാണാനായത്.
സൂക്ഷ്മജീവികള്‍ മൂലം ഉണ്ടാകുന്ന ബയോലുമിനെസെൻസ് എന്ന പ്രതിഭാസമാണ് ഇത്തരം തിളക്കത്തിനു കാരണം. ആഴക്കടലിൽ വസിക്കുന്ന ഫൈറ്റോപ്ലാങ്ക്ടണുകള്‍ എന്ന് പേരുള്ള ജല സസ്യങ്ങളാണ് ഈ നീലനിറം പ്രസരിപ്പിച്ചത്. സ്വയം പ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമായാണ് ഇവ നീല നിറം പുറത്തു വിടുന്നത്. തിരമാലകള്‍ മൂലം സ്വാഭാവിക ജീവിതത്തിന് ശല്യം ഉണ്ടാകുമ്പോഴെല്ലാം ഇവ നീല വെളിച്ചം പുറപ്പെടുവിക്കുന്നു.
ജപ്പാനിലെയും അമേരിക്കയിലെയും പല ബീച്ചുകളും ഇത്തരം നീല വേലിയേറ്റങ്ങൾക്ക് പേരുകേട്ടതാണ്. ഫില്ഫ ദ്വീപിനടുത്തായി മാല്‍ട്ടയിലെ ബ്ലൂ ഗ്രോട്ടോ ഗുഹയും പ്യുവര്‍ട്ടോ റിക്കോയിലെ ബയോല്യൂമിനസെന്‍റ് ബേയും കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയും ഫ്ലോറിഡയിലെ നവാരെ ബീച്ചും ജപ്പാനിലെ ടോയാമ ബേയുമെല്ലാം ഈ പ്രതിഭാസത്തിനു പേര് കേട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.
2016 മുതൽ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം ഇത്തരം സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. ജൂഹുവിനു പുറമെ, രത്‌നഗിരിയിലെയും ദേവ്ഗഡിലെയും ബീച്ചുകളിലും കഴിഞ്ഞ ആഴ്ച നീലത്തിളക്കം കണ്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദക്ഷിണ കന്നഡ-ഉഡുപ്പി തീരത്തും ഈ പ്രതിഭാസം കണ്ടിരുന്നു.
ഇത്തരം നീല വേലിയേറ്റങ്ങളുടെ യഥാർത്ഥ കാരണം സമുദ്രത്തിലെ ജലത്തിന്‍റെ ഗുണനിലവാരം കുറഞ്ഞതാണെന്ന് സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗുരുദാസ് നുൽക്കർ പറഞ്ഞു. ഓക്സിജന്‍റെ അളവ് കുറയുകയും നൈട്രജന്‍റെ സാന്നിധ്യം വർദ്ധിക്കുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കനത്ത മഴയും കടലിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നതുമെല്ലാം ഇതിനു കാരണമാകാം.
ഈ നീല നിറം എൽ നിനോ പ്രഭാവത്തിന്‍റെ സൂചകമാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞിട്ടുണ്ട്. സമുദ്രതാപനില കൂടുന്നതും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വര്‍ദ്ധിച്ച വേഗതയുമാണ് ഇത് കാണിക്കുന്നത്. കുറഞ്ഞ അളവില്‍ ഉണ്ടാകുന്ന നീല വേലിയേറ്റം പ്രാദേശിക ആവാസവ്യവസ്ഥയില്‍ വലിയ ദോഷം വരുത്തില്ലെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. എന്നാല്‍ ഈ സമുദ്ര സസ്യങ്ങൾ അനിയന്ത്രിതമായി പെരുകിയാൽ അത് പ്രാദേശിക പരിസ്ഥിതിയെ ബാധിക്കാം. ഇത് മത്സ്യങ്ങളുടെ നാശത്തിനും വഴിയൊരുക്കും.
English Summary: Mumbai to Goa, India’s West Coast Sparkles with stunning ‘blue tide’