ADVERTISEMENT

കോവിഡിനെ പേടിച്ച് എത്ര നാൾ വീട്ടിൽത്തന്നെ കഴിയും? സാമൂഹികഅകലവും കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് മിക്കവരും യാത്രകൾ തുടങ്ങി. നീണ്ട അവധിക്കു ശേഷം മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികള്‍ക്കായി വാതിൽ തുറന്നിട്ടുണ്ട്. ടൂറിസവും തിരിച്ചുവരവിന്റെ പാതയിലാണ്. സെലിബ്രിറ്റികളടക്കമുള്ള ആളുകളും സുന്ദരകാഴ്ചകൾ ആസ്വദിച്ചുള്ള യാത്രകളിലാണിപ്പോൾ. യാത്രകൾക്ക് പുതുജീവൻ നൽകുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ സഞ്ചാരികൾ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ കൊറോണയ്ക്ക് ബൈ ബൈ പറഞ്ഞ് മിനിസ്ക്രീന്‍ താരം ബഷീർ ബഷിയും കുടുംബവും ഗോവൻ ട്രിപ്പ് നടത്തിയിരിക്കുന്നു. 

basheer-trip4

യാത്രകളെ സ്നേഹിക്കുന്ന കുടുംബമാണ് ബഷീറിന്റേത്. കേരളത്തിനകത്തും പുറത്തുമായി നിരവധിയിടത്തേക്ക് യാത്രപോയിട്ടുണ്ട് ഇവർ. എവിടേക്കുള്ള യാത്രയായാലും രണ്ടാളും റെഡിയാണ്, അക്കാര്യത്തിൽ തങ്ങൾ ഒറ്റക്കെട്ടാണെന്നാണ് രണ്ടു ഭാര്യമാരെയും ചേർത്തു പിടിച്ച് ബഷീർ ബഷി പറയുന്നത്. ഏതു തീരുമാനവും ബഷീറും രണ്ടു ഭാര്യമാരും കൂടിയാലോചിച്ചാണ് എടുക്കുന്നത്. മൂവരും ചേർന്നാണ് ട്രിപ്പ് പ്ലാൻ ചെയ്യുന്നതും. ബഷീർ ഒരു സ്ഥലം പറഞ്ഞാൽ ഭാര്യമാരായ സുഹാനയും മഷൂറയും ഒാകെ ആണ്. ‘അവർക്ക് സ്ഥലം ഒരു വിഷയമല്ല, യാത്രയാണ് മുഖ്യം’–. ബഷീർ പറയുന്നു.

‘വേനലവധിക്ക് ഗോവയിലേക്കാകാം യാത്രയെന്നത് മകൾക്ക് നൽകിയ വാക്കായിരുന്നു. കൊറോണ കാരണം  വാക്ക് പാലിക്കാനായില്ല. ആ സ്വപ്നയാത്രയായിരുന്നു ഇപ്പോൾ സാക്ഷാത്കരിച്ചത്. മോൾക്ക് ബീച്ച് ഒരുപാട് ഇഷ്ടമായതുകൊണ്ടാണ് ഗോവ തിരഞ്ഞെടുത്തത്. ഞാനും ഭാര്യമാരും കുട്ടികളും എന്റെ സുഹൃത്തും ഫാമിലിയുമായി സ്വന്തം വാഹനത്തിലായിരുന്നു യാത്ര. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ലോങ് ട്രിപ്പായിരുന്നു ഇൗ യാത്ര, അതിന്റെയൊരു ത്രില്ല് പറഞ്ഞറിയിക്കാനാവില്ല. മക്കളുടെയും എന്റെ ഭാര്യമാരുടെയും മുഖത്തെ സന്തോഷം തന്നെയാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്.’ 

basheer-trip1

ഗോവ പഴയ ഗോവയല്ല

മുമ്പും ഗോവയിൽ പോയിട്ടുണ്ടെങ്കിലും ഇത്തവണത്തെ യാത്ര ഞങ്ങളെ ശരിക്കും അതിശയിപ്പിച്ചു. സാധാരണ ഗോവ എന്നു പറയുമ്പാൾ ബീച്ചിലെങ്ങും ഏറെയും വിദേശസഞ്ചാരികളാണ്. കൊറോണ കാരണമാകും ഇത്തവണ വിദേശി യാത്രക്കാർ തീരെയില്ല, പിന്നെയും നോർത്ത് ഇന്ത്യൻ യാത്രക്കാരുണ്ടായിരുന്നു.  ഗോവൻ തീരമൊക്കെ വിജനമായപോലെയായിരുന്നു. എന്തുകൊണ്ടാണ് ഒരു ഗോവൻ യാത്ര എന്നുള്ളതിന് നിരവധി കാരണങ്ങളുണ്ട്. അതിൽ ആദ്യത്തേത് മകൾക്ക് ബീച്ച് ഒരുപാട് ഇഷ്ടമാണ്. ഗോവൻ ബീച്ചുകളുടെ സൗന്ദര്യം തന്നെയാണ് അവിടേക്ക് ആകർഷിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ചുകൾ കാണണമെങ്കിൽ ഗോവ തന്നെയാണ് ആശ്രയം. 

basheer-trip2

ബീച്ചിലെ കാഴ്ചകൾക്ക് ശേഷം ഞങ്ങൾ സാഹസികവിനോദങ്ങളിലേക്കാണ് തിരിച്ചത്. സ്പീഡ് ബോട്ട്, ജെറ്റ് സ്കീ അങ്ങനെ നിരവധി വാട്ടർ സ്പോട്സും നടത്തി. എട്ടു ദിവസത്തോളം ഗോവയിൽ അടിച്ചുപൊളിച്ചു. ഡ്രൈവ് അടക്കം 8 ദിവസത്തെ ട്രിപ്പായിരുന്നു.

ഗോവ അതിന്റെ മനോഹാരിത കൊണ്ടുമാത്രമല്ല അവിടെയെത്തുന്ന സഞ്ചാരികളെ കൊണ്ടുകൂടി ഏറെ വ്യത്യസ്തമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളും വിവിധ രാജ്യക്കാരും നിറഞ്ഞ ഗോവയിൽ ഓഫ്  സീസൺ എന്നൊന്നില്ല എപ്പോഴും തിരക്കിലാണ് ഗോവൻ പട്ടണങ്ങൾ. എന്നാൽ ഇത്തവണ കൊറോണ വില്ലനായതിനാൽ എവിടെയും തിരക്കില്ലായിരുന്നു. മിക്ക ഹോട്ടലുകളും അടച്ചുപൂട്ടിയ അവസ്ഥയിലായിരുന്നു. ചില ഹോട്ടലുകളൊക്കെ സന്ദർശകരെയും കാത്തിരിക്കുന്നുണ്ട്.

basheer-trip3

ഗോവൻ ട്രിപ്പിന് മുമ്പ് ഞങ്ങൾ ഫാമിലിയായി കേരളത്തിൽ പലയിടത്തും പോയിരുന്നു. എന്നാലും നീണ്ടയാത്ര ഇതാദ്യമായിരുന്നു. ശരിക്കും ആസ്വദിച്ച യാത്ര.  ഇതല്ലാതെ വേറെയും യാത്രാപ്ലാനുകൾ ഉണ്ടായിരുന്നു. കൊറോണ വില്ലനായതായിരുന്നു പ്രശ്നം. പഴയനിലയിലേക്ക് ലോകം മാറും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. ഇനിയും ഒരുപാട് സ്ഥലങ്ങളിലേക്കു യാത്ര പോകണം എന്നതാണ് ഞങ്ങളുടെ സ്വപ്നം.

English Summary: Basheer Bashi With Family Goan Trip after lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com