''ചന്ദ്രനെ ഇത്ര അടുത്തും വ്യക്തമായും മുന്‍പൊരിക്കലും കണ്ടിട്ടില്ല'' നടി കവിത

kavitha-nair
SHARE

സിക്കിമിന്‍റെ സുന്ദരമായ കാഴ്ചകളും അനുഭവങ്ങളും ഒപ്പിയെടുത്ത് വ്യത്യസ്തമായ ഒരു യാത്രയിലാണ് നടിയും അവതാരകയുമായ കവിത നായര്‍. ഓരോ കാഴ്ചയും മനസ്സിലേക്കും ആത്മാവിലേക്കും ആവാഹിക്കുകയാണ് താനെന്ന് കവിത ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു. യാത്രാവേളയില്‍ എടുത്ത മനോഹര ദൃശ്യങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

"മുന്‍പൊരിക്കലും ചന്ദ്രനെ ഇത്ര അടുത്തായി, ഇത്ര വ്യക്തമായി കണ്ടിട്ടേയില്ല.. നദിയുടെ കളനാദം കേട്ട് ഉറങ്ങി.. പ്രകൃതിയുടെ ഊഷ്മളമായ മടിത്തട്ടിലേക്ക് ഉണര്‍ന്നു." സിക്കിമിലെ ലാച്ചുംഗ് ഗ്രാമത്തില്‍ നദീതീരത്തിലൂടെയുള്ള നടത്തത്തിനിടെ എടുത്ത ഒരു ചിത്രത്തോടൊപ്പം കവിത കുറിക്കുന്നതിങ്ങനെ.

വടക്കുകിഴക്കൻ സിക്കിമില്‍ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഒരു ഹിൽ സ്റ്റേഷനാണ് ലാച്ചുംഗ്. ടിബറ്റിനടുത്തായി ഏകദേശം 9,600 അടി ഉയരത്തിലാണ് ലാച്ചുംഗ് സ്ഥിതിചെയ്യുന്നത്. ടൂറിസം വികസനത്തിനായുള്ള സർക്കാർ പദ്ധതികളുടെ ഭാഗമായി ഇവിടം ജനപ്രീതിയാര്‍ജ്ജിച്ച ഒരു വിനോദസഞ്ചാരകേന്ദ്രമായി മാറി. ഒക്ടോബർ മുതൽ മെയ് വരെയുള്ള കാലയളവിൽ ഇവിടം സന്ദർശിക്കാൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ എത്തുന്നു.

സിക്കിമിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ യുംതാങ്ങ് താഴ്‍‍വര, ലാച്ചുംഗ് മൊണാസ്ട്രി, റോഡോഡെന്‍ഡ്രോണ്‍ താഴ്‌വര എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ ബേസ് ക്യാമ്പ് കൂടിയാണ് ഇവിടം. തണുപ്പുകാലത്ത് മഞ്ഞു മൂടുന്നതിനാല്‍ സ്കീയിംഗ്, സ്കേറ്റിംഗ് മുതലായ ശൈത്യകാല വിനോദങ്ങള്‍ക്കും ഇവിടം വേദിയാകാറുണ്ട്. 

സിക്കിമിലെ തണുത്തുറഞ്ഞ ഗോരാല തടാകത്തിനരികില്‍ നിന്നെടുത്ത മറ്റൊരു ചിത്രവും കവിത പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് കൂടിയുള്ള ട്രെക്കിംഗിനിടെ എടുത്ത ചിത്രമാണ് ഇത്. യാത്രക്കിടെ നിരവധി അപരിചിതര്‍ സഹായിച്ചതും കവിത ഓര്‍ക്കുന്നു. സാധാരണയായി ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമില്ലാത്ത ഇടമാണ് ഗോരാല. എന്നാല്‍ നാട്ടുകാര്‍ക്കൊപ്പം ഇവിടം സന്ദര്‍ശിക്കാന്‍ പറ്റും എന്നതിനാല്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

മനോഹരമായ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉള്ള ഒരു ഹിമാലയന്‍ സംസ്ഥാനമാണ് സിക്കിം. ഇക്കുറി കോവിഡ് മൂലം വിനോദസഞ്ചാരമേഖലയ്ക്ക് കനത്ത പ്രഹരമാണ് നേരിടേണ്ടി വന്നത്. ടൂറിസം മേഖലയില്‍ ഇക്കുറി 600 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് സിക്കിം ടൂറിസം വികസന കോര്‍പ്പറേഷന്‍ പറയുന്നു. നിലവില്‍ ആഴ്ചതോറും 200 പുതിയ കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

English Summary: Celebrity Travel Experience Kavitha Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA