കാർ വീടാക്കാൻ ചെലവ് കുറവ്; ഇന്ത്യയെ അറിയാൻ കേരളത്തിലെ ആദ്യ ‘കാർലൈഫ്’ ദമ്പതികൾ

carlife-couple3
SHARE

കാറിനെ വീടാക്കി ഇന്ത്യയെ അറിയാനുള്ള യാത്രയിലാണു ഹരിയും ലക്ഷ്മിയും. കേരളത്തിലെ തന്നെ ആദ്യ ‘കാർലൈഫ് കപ്പിൾ’. യാത്രയും ഭക്ഷണവും ഉറക്കവുമെല്ലാം കാറിൽ തന്നെ. യാത്ര തുടങ്ങിയിട്ട് ഇപ്പോൾ രണ്ടര മാസത്തോളമായിരിക്കുന്നു. ഇന്ത്യയിലെ ഗ്രാമീണ കാഴ്ചകൾ അടുത്തറിഞ്ഞുള്ള ഈ യാത്രകൾ തൃശൂർ സ്വദേശികളായ ഹരികൃഷ്ണനും ലക്ഷ്മിയും ‘ടിൻപിൻ സ്റ്റോറീസ്’ എന്ന യൂട്യൂബ് ചാനലിലൂടെ യാത്രകളെ സ്നേഹിക്കുന്നവർക്കായി എത്തിക്കുന്നുമുണ്ട്.

2019ൽ വിവാഹ ശേഷം സമാനമായ ഇഷ്ടങ്ങൾ പരസ്പരം മനസിലായപ്പോൾ യാത്രകൾ പതിവായി. ഒരു വർഷംമുൻപു തന്നെ ‘ടിൻപിൻ’ എന്ന ചാനലിനും തുടക്കമായി. ബൈക്കിൽ തായ്‌ലൻഡ് പോകാനൊരുങ്ങുമ്പോഴാണു  കോവിഡ് നിയന്ത്രണങ്ങൾ വരുന്നത്. ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി എങ്ങനെ യാത്രകൾ പോകാമെന്ന ആലോചനയിൽ നിന്നാണ് കാർലൈഫിന്റെ തുടക്കം. 2020 ഒക്ടോബറിൽ‍ തൃശൂരിൽ നിന്നു ബെംഗളൂരുവിലേക്ക് അവിടെ നിന്ന് കർണാടകയിലെ സ്ഥലങ്ങൾ കണ്ടു യാത്രയ്ക്ക് തുടക്കമായി. 

carlife-couple2

∙ഇന്ത്യയെ അറിയാൻ 

ബെംഗളൂരുവിൽ സെയിൽസ് ഓഫിസറായിരുന്ന ജെ.ഹരികൃഷ്ണനും ഗ്രാഫിക് ഡിസൈനറായ ലക്ഷ്മി കൃഷ്ണയും വിവാഹശേഷം ജോലി  ഉപേക്ഷിച്ച ശേഷമാണു തങ്ങളുടെ സ്വപ്നയാത്രയ്ക്കിറങ്ങിയത്. കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ പിന്നിട്ട് രാജസ്ഥാനിലാണിപ്പോൾ യാത്രയെത്തി നിൽക്കുന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാത്രം സന്ദർശിക്കാതെ ഗ്രാമങ്ങളിലെ അറിയപ്പെടാത്ത സ്ഥലങ്ങളെയും കാഴ്ചക്കാർക്കു മുന്നിലെത്തിക്കാൻ ഇവർ ശ്രമിക്കുന്നു. 

താമസിക്കാൻ വൻകിട സൗകര്യങ്ങളില്ലാതെയും വഴിയരികിലെ പാചകത്തിലൂടെയും ഇതൊക്കെ സാധിക്കുമെന്ന് യാത്ര തെളിയിക്കുന്നു. ക്രിസ്മസും പുതുവർഷവുമൊക്കെ യാത്രയിലെ മധുരമുള്ള ഓർമകളായി. ഇടയ്ക്ക് ആദ്യം റൂമെടുക്കേണ്ടി വന്നത് വഡോദരയിലെത്തിയപ്പോഴാണ്. 

∙ വണ്ടിവീട്

യാത്രാ പ്രേമികൾക്കിടയിൽ കാർലൈഫ് ഇപ്പോൾ വലിയ ട്രെൻഡാണ്. പിൻസീറ്റ് ഭാഗത്ത് മാറ്റങ്ങൾ വരുത്തി സ്ഥലമൊരുക്കി കേരളത്തിലെ ആദ്യ കാർലൈഫ് ദമ്പതികളായാണ് ‘ടിൻപിൻ’ യാത്ര തുടങ്ങുന്നത്. മോഡിഫിക്കേഷൻ ജോലികൾക്കു ചെലവായതു വെറും 4,000 രൂപ മാത്രമാണെന്നും ഇവർ പറയുന്നു. പിൻസീറ്റ് നിവർത്തിയാൽ ബെഡ് റെഡി. ലാപ്ടോപ്, ക്യാമറ ചാർജിങ്ങിനുള്ള അത്യാവശ്യം സൗകര്യങ്ങളും വാഹനത്തിൽ തന്നെയൊരുക്കി. ലാപ്ടോപ് കൂളിങ് പാഡ് എക്സ്ഹോസ്റ്റ് ഫാനാക്കി.

യുഎസ്ബി കൂളിങ് പാഡ് പവർ ബാങ്കുമായി കണക്ട് ചെയ്താൽ  ഒറ്റ ചാർജിൽ 8 മണിക്കൂറിലേറെ പ്രവർത്തിക്കുമെന്നും യാത്രാ ദമ്പതികൾ പറയുന്നു. സീറ്റുകൾക്കിടയിൽ ഒരു കർട്ടനും പിന്നിലെ ജനലിലൂടെ വെളിച്ചം കടക്കുന്നത് ഒഴിവാക്കാൻ ഫ്ലെക്സ് കട്ടൗട്ട് ഭാഗവും ഉപയോഗിക്കുന്നു. 

carlife-couple

റോഡരികിൽ തണലുള്ള സ്ഥലങ്ങൾ കിട്ടുമ്പോളാണ് പാചകം. റീഫിൽ ചെയ്യാവുന്ന 5 കിലോഗ്രാം കുക്കിങ് സിലിണ്ടറാണ് ഉപയോഗിക്കുന്നത്. 10 ലീറ്റർ വാട്ടർ കാനുകളും കയ്യിലുണ്ട്. ആർഒ ഫിൽട്ടർ സ്റ്റേഷനുകളിൽ നിന്ന് വെള്ളം ശേഖരിക്കും. പ്ലാസ്റ്റിക് ഉപയോഗം ഇല്ലെന്നു തന്നെ പറയാം. പാചകമുണ്ടെങ്കിലും പ്രധാന സ്ഥലങ്ങളിലെത്തുമ്പോൾ അവിടുത്തെ തനതു ഭക്ഷണ രീതികളും ആസ്വദിക്കും. 

∙ വണ്ടി നിർത്തുക   പെട്രോൾ പമ്പിൽ

രാത്രി യാത്ര എല്ലായിടത്തും അത്ര സുരക്ഷിതമല്ലാത്തതിനാൽ പെട്രോൾ പമ്പുകൾക്ക് സമീപത്താണ് പലപ്പോഴും നിർത്തുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പുകളിൽ എപ്പോളും ആളുണ്ടാകും. ശുചിമുറികൾ ഉപയോഗിക്കുകയും ചെയ്യാം. ‘എല്ലായിടത്തും ശുചിമുറികൾ അത്ര വൃത്തിയുള്ളവയാകില്ല.  തുടക്കത്തിൽ അതിരാവിലെ ഫ്രെഷ് ആയിരുന്ന ഞങ്ങൾ പിന്നീട് ഇവയുടെ ക്ലീനിങ് സമയം കണ്ടുപിടിച്ചു. മിക്കയിടത്തും രാവിലെ 9 ആകുമ്പോൾ ഇവ വൃത്തിയാക്കും.  ആ സമയത്ത് ഉപയോഗിച്ചാൽ സൗകര്യമാകും. മോശം അനുഭവങ്ങളൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല, പിന്നെ ഇതൊക്കെ നമ്മുടെ താൽപര്യങ്ങളും വിട്ടുവീഴ്ചകളുമാണ്’, ഹരി പറയുന്നു. ഇതുവരെ പ്ലാനിൽ മാറ്റം വരുത്തി മുറിയെടുക്കേണ്ടി വന്നത് 2 തവണ മാത്രം. ചില സ്ഥലങ്ങളിൽ ഗ്രാമീണർ അവരുടെ വീടുകൾക്കു സമീപം പാർക്കിങ് അനുവദിക്കാറുണ്ട്. 

∙ ഗ്രാമങ്ങളെ തൊട്ടറിഞ്ഞ്

പരസ്പര സഹകരണവും കൂട്ടായ ഭക്ഷണ രീതികളും പങ്കുവയ്ക്കലുകളും ഉൾ‍പ്പെടെ ഇതര സംസ്ഥാനങ്ങളിലെ ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മമായ കാര്യങ്ങൾ പോലും അറിഞ്ഞു തന്നെയാണ് ഇവരുടെ യാത്ര.  ഇതുവരെയുള്ള യാത്രകളിലെ ഏറ്റവും നല്ല അനുഭവംധോലാ കി ഓട് എന്ന ഗ്രാമത്തിൽ കച്ചിൽ ഗ്രാമീണരുമായി ഇടപെട്ട അനുഭവമാണെന്ന് ഇവർ പറയുന്നു. കുംബൽഗഡ്– അജ്മീർ പാതയിൽ വെറുത വണ്ടി നിർത്തി സ്ഥലം കാണാനിറങ്ങി. തടയണ വൃത്തിയാക്കുന്ന ഗ്രാമീണരുമായി സംസാരിച്ചതും ഒന്നിച്ച് ഭക്ഷണം കഴിച്ചതുംഅതോടൊപ്പം ഗോകർണയിൽ രാത്രി കടലിൽ കവരു(ബയോ ലൂമിനസെൻസ്) കണ്ടതും മറക്കാനാവാത്ത അനുഭവമായി ഇവരുടെ ഓർമയിലുണ്ട്. 

∙ നാടിന്റെ രുചികളറിഞ്ഞ്

ഔറംഗബാദിലെ നാൻ ഖലിയ എന്ന  ഭക്ഷണമാണു യാത്രയിൽ ഇഷ്ടപ്പെട്ടവയിലൊന്ന്.  അവിടുത്തെ തനതു ഭക്ഷണം. മുൻപ് മുഗൾ സൈന്യത്തിനായി തയാറാക്കിത്തുടങ്ങിയ ഭക്ഷണം.  ഖലിയ എന്നത് ചിക്കൻ–മട്ടൻ കറിയാണ്. നാൻ പ്രത്യേക രൂപത്തിൽ തൊപ്പിയുടെ ആകൃതി പോലെ. കൂടാതെ മഹാരാഷ്ട്രയിലെ മിസൽ പാവ് കഴിച്ചിരുന്നു. അതും രുചികരമായി. ഗുജറാത്തിലെ പ്രത്യേകിച്ച് കച്ച് മേഖലയിലെ ഭക്ഷണം വടപാവ് പോലെ ദാബേലി എന്ന ഭക്ഷണവും ഇഷ്ടപ്പെട്ടു. 

∙രാജസ്ഥാനിൽ കർഫ്യൂ,യാത്ര തുടരും

രാജസ്ഥാനിൽ 13  ജില്ലകളിൽ കർഫ്യൂ നിലവിലുണ്ട്. ഉദയ്പൂരിൽ വച്ച് പ്രയാസമുണ്ടായി. ഒന്നിടവിട്ട ദിവസങ്ങൾ കർഫ്യൂ നിലവിലുണ്ട്. ദേശീയ പാതയിലെ പമ്പുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. അതിനാൽ നഗരങ്ങൾ പിന്നിട്ടുള്ള സ്ഥലങ്ങളിലാണ് വണ്ടിയൊതുക്കുക. നിയന്ത്രണങ്ങൾ ചെറിയ പ്രയാസങ്ങളുണ്ടാക്കിയെന്ന് ഇവർ പറയുന്നു. 

അജ്മീറിലാണ് ഇപ്പോൾ. ഇനി പഞ്ചാബ്, കശ്മീർ, ഹിമാചൽ, ഉത്തർഖണ്ഡ്, ഉത്തർപ്രദേശ്. 

രണ്ടു മാസം കൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിട്ട യാത്ര ഇപ്പോൾ പകുതി പോലും എത്തിയിട്ടില്ല. പിന്നീട് വരുമാനം അനുസരിച്ച് വടക്കു–കിഴക്കൻ സംസ്ഥാനങ്ങൾ പോകാനും പ്ലാനുണ്ട്. അതല്ലെങ്കിൽ മധ്യപ്രദേശ്, ആന്ധ്ര, തെലങ്കാന, തമിഴ്നാട് വഴി കേരളത്തിലേക്ക്. ഒരു വർഷത്തിലേറെ മുൻപാരംഭിച്ച ട്രാവൽവ്ലോഗിന് ഈ യാത്രയ്ക്കു മുൻപു 9,000 സബ്സ്ക്രൈബേഴ്സായിരുന്നത് ഇപ്പോൾ 75,000 എത്തിയിരിക്കുന്നു.

English Summary: Kerala couple's all India Road Trip by car

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA