'ഉപ്പ് നിറഞ്ഞതായാലും മധുരിക്കുന്ന നാട്'; റാന്‍ ഓഫ് കച്ചില്‍ സ്റ്റൈലിഷായി ബോളിവുഡ് നടി

taapsee
SHARE

ഗുജറാത്തിലെ പ്രശസ്തമായ റാന്‍ ഓഫ് കച്ചിലെ ഉപ്പുനിലങ്ങള്‍ക്കരികില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് ബോളിവുഡ് നടി തപ്സി പന്നു. പുതിയ ചിത്രമായ 'രശ്മി റോക്കറ്റി'ന്‍റെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രമാണ് ഇത്. നിലവില്‍ 'ലൂപ് ലപട്ട', 'രശ്മി റോക്കറ്റ്' എന്നീ രണ്ടു ചിത്രങ്ങളുടെയും ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്.  'രശ്മി റോക്കറ്റി'ന്‍റെ അതിപ്രധാനമായ ചില സീനുകള്‍ ചിത്രീകരിക്കാനാണ് നടി റാന്‍ ഓഫ് കച്ചിലെത്തിയത്. ജാക്കറ്റും കാര്‍ഗോ പാന്‍റ്സും ബൂട്സും ധരിച്ച് ഉപ്പുപാടത്ത് ഇരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് തപ്സി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 'ഉപ്പ് നിറഞ്ഞതായിട്ടു പോലും മധുരിക്കുന്ന നാട്' എന്നാണു ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനില്‍ തപ്സി റാന്‍ ഓഫ് കച്ചിനെ വിവരിക്കുന്നത്. 

ഗുജറാത്തിന്‍റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജില്ലയായ കച്ചിലാണ് റാന്‍ ഓഫ് കച്ച് ഉള്ളത്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനും എയര്‍പോര്‍ട്ടും സ്ഥിതി ചെയ്യുന്ന ഭുജില്‍ നിന്നും 102 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ കച്ചിലെത്താം. ഇവിടെ നിന്നും ബസ്, ടാക്സി മുതലായ സൗകര്യങ്ങള്‍ യഥേഷ്ടം ലഭ്യമാണ്. 

കണ്ണെത്താത്ത ദൂരത്തില്‍ വെളുത്ത നിറത്തില്‍ മഞ്ഞിന്‍ തരികള്‍ പോലെ പരന്നു കിടക്കുന്ന ഉപ്പ് നിലങ്ങളുടെ കാഴ്ച കാണാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. നിലാവുള്ള രാത്രികളില്‍ ഉപ്പു പരലുകളില്‍ പ്രകാശം തട്ടി രത്നത്തരികളെപ്പോലെ അവ തിളങ്ങുന്ന കാഴ്ച അതിമനോഹരമാണ്. തെക്കുഭാഗത്ത് കച്ച് ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന കച്ചിനെ ഗ്രേറ്റ് റാൻ, ലിറ്റിൽ റാൻ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.

താര്‍ മരുഭൂമിയുടെ ഭാഗമായ പ്രദേശമായതിനാല്‍ അത്ര സുന്ദരമായ കാലാവസ്ഥയല്ല ഈ പ്രദേശത്തുള്ളത്. മാത്രമല്ല, രാജ്യത്തെ ഏറ്റവും അസഹനീയമായ കാലാവസ്ഥയുള്ള ഇടങ്ങളില്‍ ഒന്നുകൂടിയായ ഇവിടെ വേനല്‍ക്കാലത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. മഞ്ഞുകാലത്താവട്ടെ, പൂജ്യം ഡിഗ്രിയില്‍ താഴെ താപനില താഴുകയും ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്നും വെറും 49 അടി മാത്രമേ ഉയരമുള്ളൂ എന്നതിനാല്‍ മഴക്കാലത്ത് ഇവിടം വെള്ളത്തില്‍ മുങ്ങിപ്പോകും. ചൂടുകാലമാകുമ്പോള്‍ വീണ്ടും വരണ്ടുണങ്ങും. വെള്ളം വറ്റിയാലും ഉപ്പ് അവിടെത്തന്നെ കാണും. 

മരുഭൂമിയാണെങ്കിലും അങ്ങേയറ്റം ജൈവവൈവിധ്യമുള്ള ഒരു പ്രദേശം കൂടിയാണ് റാൻ ഓഫ് കച്ച്. ഇന്ത്യന്‍ കാട്ടുകഴുത, ഫ്ലമിംഗോ മുതലായവയെ ഇവിടെ കാണാം. ഇന്ത്യന്‍ വൈല്‍ഡ് ആസ് സാങ്ങ്ച്വറിയുടെയും കച്ച് ഡിസര്‍ട്ട് വൈല്‍ഡ്ലൈഫ് സാങ്ങ്ച്വറിയുടെയും ഭാഗം കൂടിയാണ് റാന്‍ ഓഫ് കച്ച്. ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയായതിനാല്‍ സേനയുടെ നിരീക്ഷണത്തിലാണ് ഈ പ്രദേശം. അതിനാല്‍ സഞ്ചാരികള്‍ കൃത്യമായ ഐഡി പ്രൂഫുകള്‍ കയ്യില്‍ കരുതേണ്ടതുണ്ട്.

എല്ലാ വര്‍ഷവും 'റാന്‍ ഉത്സവ്' എന്ന പേരില്‍ ഗുജറാത്ത് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഇവിടെ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിപാടി നടക്കാറുണ്ട്. ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെയാണ് ഇത് നടക്കുന്നത്. ലോകത്തെമ്പാടുമുള്ള സഞ്ചാരികള്‍ ഈ സമയത്ത് ഇവിടെയെത്തുന്നു. 

തദ്ദേശീയരുടെ പ്രധാന വരുമാന മാര്‍ഗം കൂടിയാണ് ഈ ഉത്സവം. ഈ സമയത്ത് സഞ്ചാരികള്‍ക്ക് മരുഭൂമിയില്‍ ടെന്‍റ്  കെട്ടിയും   ഗ്രാമങ്ങളിലെ മണ്‍വീടുകളിലും പാര്‍ക്കാം. ഗുജറാത്തി ചാട്ട് വിഭവങ്ങള്‍, താലികള്‍, ചെറുകടികള്‍ തുടങ്ങി രുചികരമായ തനത് കച്ച് വിഭവങ്ങള്‍ ആസ്വദിക്കാം. വസ്ത്രങ്ങള്‍, ബാഗുകള്‍, ചെരിപ്പുകള്‍, പാവകള്‍ ഗുജറാത്തി കരകൌശലവസ്തുക്കള്‍ തുടങ്ങിയവ വാങ്ങിക്കുകയും ചെയ്യാം.

പുരാതന തുറമുഖ നഗരമായ ലാഖ്പാട്ട്, കച്ച് മ്യൂസിയം, ബുജിയോ ഹില്‍, ഗ്രേറ്റ് റാന്‍ ഓഫ് കച്ച്, സിയോട്ട് ഗുഹകള്‍, നാരായണ്‍ സരോവര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, കച്ച് ബസ്റ്റാര്‍ഡ് സാങ്ച്വറി തുടങ്ങിയ സ്ഥലങ്ങളും കച്ച് യാത്രക്കിടെ സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്.

English Summary:Taapsee Pannu shares breathtaking views of the Rann of Kutch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA