10 വർഷം കഴിഞ്ഞാല്‍ ഈ പാറ വെള്ളത്തില്‍ അലിയും, വൈറലായി ഭീമന്‍ 'വെഡ്ഡിങ് കേക്ക്'

Wedding-Cake-Rock-Australia1
SHARE

നല്ല സ്റ്റൈലനൊരു വെഡ്ഡിങ് ക്രീം കേക്കിന്‍റെ രൂപവും ഘടനയുമാണ്‌ ഓസ്ട്രേലിയയിലെ റോയല്‍ നാഷണല്‍ പാര്‍ക്കിലുള്ള വെഡ്ഡിങ് കേക്ക് റോക്ക് അഥവാ വൈറ്റ് റോക്ക് എന്ന ഭീമന്‍ മണല്‍പ്പാറയ്ക്കുള്ളത്. ഇവിടെ നിന്ന് ചിത്രം പകർത്താനും ഈ പ്രകൃതിദത്ത അദ്ഭുതത്തിന്‍റെ ഭംഗി ആസ്വദിക്കാനുമായി വര്‍ഷംതോറും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. 

Wedding-Cake-Rock-Australia3

സമുദ്രനിരപ്പിൽ നിന്ന് 82 അടി ഉയരത്തിലാണ് ഈ പാറ ഉള്ളത്. സ്ഥിരതയും ഉറപ്പും ഇല്ലാത്ത ലൈംസ്റ്റോണ്‍ ആണ് ഇത്. പാറയുടെ പല പാളികള്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വെച്ചത് പോലെയുള്ള രൂപം, ഇതിനൊരു വെളുത്ത കേക്കിന്‍റെ രൂപം നല്‍കുന്നു. അതിസുന്ദരമായ ഈ കാഴ്ച കഴിഞ്ഞ ദശകത്തിന്‍റെ തുടക്കത്തില്‍ സമൂഹമാധ്യമങ്ങളിൽ വന്‍ ഹിറ്റായി. അതേത്തുടര്‍ന്ന് നിരവധി സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തി. 2015 ആയതോടെ സന്ദര്‍ശകരുടെ എണ്ണം രണ്ടായിരത്തില്‍ നിന്നും പതിനായിരത്തിലേക്ക് കുതിച്ചുയര്‍ന്നു.

എന്നാല്‍ അത്രയും സന്ദര്‍ശകരെ താങ്ങാന്‍ ഉള്ള ശേഷി ഈ പാറയ്ക്കില്ല. 2014- ൽ അടുത്തുള്ള ഒരു പാറ തകർന്നതിനെ തുടര്‍ന്ന് ഒരു ഫ്രഞ്ച് വിദ്യാർത്ഥി ഇവിടെ കൊല്ലപ്പെട്ടിരുന്നു. വെഡ്ഡിങ് കേക്ക് റോക്കിൽ നിന്ന് ആളുകള്‍ താഴെ വീഴുന്നതും പതിവായിരുന്നു.  പാറയ്ക്ക് തീരെ ഉറപ്പു പോരെന്നും അത് എപ്പോള്‍ വേണമെങ്കിലും ടാസ്മാന്‍ കടലില്‍ പതിക്കാമെന്നും 2015 ലെ ജിയോ ടെക്നിക്കൽ സർവേയിൽ കണ്ടെത്തി. ഈ പ്രദേശത്തെ അപകടം ചൂണ്ടിക്കാട്ടി 2015 മെയ് മാസത്തിൽ ഇവിടേക്ക് പൊതു പ്രവേശനം വിലക്കി. അധികൃതര്‍ ഇതിനു ചുറ്റും സുരക്ഷാ വേലി സ്ഥാപിച്ചു. 

Wedding-Cake-Rock-Australia

എന്നാല്‍, സുരക്ഷാവേലിയൊന്നും ഇവിടം സന്ദര്‍ശിക്കുന്നതില്‍ നിന്നും സഞ്ചാരികളെ പിന്തിരിപ്പിച്ചില്ല എന്നതാണ് സത്യം. ആളുകള്‍ വേലി ചാടിക്കടന്ന്, ചിത്രങ്ങളെടുക്കുന്നത് തുടര്‍ന്നു. പിന്നീട്, നിയമം ലംഘിക്കുന്നവരില്‍ നിന്നും 300 ഡോളർ പിഴ ഈടാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ന്യൂ സൗത്ത് വെയിൽസ് പോലീസ് സേനയുമായി സഹകരിച്ച് 2016-ല്‍ ഈ പ്രദേശത്ത് പട്രോളിങ് ആരംഭിച്ചു. 

ന്യൂ സൗത്ത് വെയിൽസ് ഗവൺമെന്റിന്‍റെ  2016-17 സംസ്ഥാന ബജറ്റിന്‍റെ ഭാഗമായി സഞ്ചാരികള്‍ക്ക് പാറ വീക്ഷിക്കുന്നതിനായി ഒരു പ്ലാറ്റ്ഫോം നിര്‍മിച്ചു. ഇപ്പോള്‍, പാറ ഇവിടെ നിന്നും സഞ്ചാരികള്‍ക്ക് കാണുന്നതിനുള്ള സൗകര്യമുണ്ട്‌.

ഇനിയും പരമാവധി പത്തു വര്‍ഷം കൂടി മാത്രം ആയുസ്സേ ഈ പാറയ്ക്ക് ഉണ്ടാവുകയുള്ളൂ എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മനോഹര കാഴ്ച ആസ്വദിക്കണം എന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പോകുന്നതാണ് നല്ലത്. റോയൽ നാഷണൽ പാർക്ക് കോസ്റ്റ് ട്രാക്കിലൂടെ പാറയിൽ എത്തിച്ചേരാം. ബുണ്ടീന മുതൽ ഓറ്റ്ഫോർഡ് വരെയുള്ള, പാർക്കിന്‍റെ തീരപ്രദേശത്തിന്‍റെ മുഴുവൻ നീളവും നടപ്പാതയുണ്ട്.  ബുണ്ടീനയില്‍ നടപ്പാത തുടങ്ങുന്നിടത്ത് നിന്നും യുടെ ആരംഭത്തിൽ നിന്ന് 5.1 കിലോമീറ്റർ അകലെയാണ് വെഡ്ഡിങ് കേക്ക് റോക്ക്.

English Summary: Wedding Cake Rock Australia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA