തടാകത്തിനു നടുവിലെ വാസ്തുവിദ്യാ അദ്ഭുതം: 24 മുറികള്‍, ഓപ്പൺ തിയേറ്ററുമായി നീര്‍മഹല്‍ കൊട്ടാരം

Neermahal-Palace
By Oscar Espinosa/shutterstock
SHARE

ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്നും 53 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന പ്രൗഢഗംഭീരമായ  വാസ്തുവിദ്യാ അദ്ഭുതമാണ് നീര്‍മഹല്‍. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ രുദ്രാസാഗര്‍ തടാകത്തിനു നടുവിലായാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ത്രിപുരയിലെ മഹാരാജാവായിരുന്ന ബിര്‍ ബിക്രം കിഷോര്‍ ദേബെന്ദ്ര മാണിക്യന്‍ തന്‍റെ വേനല്‍ക്കാല വസതിയായി നിര്‍മിച്ച ഈ കൊട്ടാരം ഇന്ന് ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ്. ഹിന്ദു, മുസ്ലിം ശൈലികള്‍ സംയോജിപ്പിച്ചു കൊണ്ട് അങ്ങേയറ്റം ആകര്‍ഷണീയമായ ഇതിന്‍റെ വാസ്തുവിദ്യ രാജ്യമെങ്ങു നിന്നുമുള്ള നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഇന്ത്യയില്‍ ഇതേപോലെ, വെള്ളത്തിന്‌ നടുവില്‍ നിര്‍മിച്ച കെട്ടിടങ്ങളില്‍ വച്ച് ഏറ്റവും വലുതാണ്‌ നീര്‍മഹല്‍. മറ്റൊന്ന് രാജസ്ഥാനിലുള്ള ജല്‍മഹലാണ്. ഒന്‍പതു വര്‍ഷമെടുത്താണ് നീര്‍മഹലിന്‍റെ നിര്‍മാണം പൂര്‍ത്തിയായത്. മണൽ കല്ലും മാർബിളും ഉപയോഗിച്ച് നിര്‍മിച്ച കൊട്ടാരത്തിനുള്ളിലെ പവലിയനുകൾ, ബാൽക്കണി, ടവറുകൾ, പാലങ്ങൾ എന്നിവയെല്ലാം വിസ്മയകരമാണ്. താഴികക്കുടത്തിന്‍റെ ആകൃതിയിലുള്ള മിനാറുകൾ കൊട്ടാരത്തിന് കോട്ട പോലുള്ള രൂപം നൽകുന്നു.

കൊട്ടാരത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പടിഞ്ഞാറ് ഭാഗം ആൻഡർ മഹൽ എന്നാണ് അറിയപ്പെടുന്നത്. രാജകുടുംബത്തിന് വേണ്ടി നിർമിച്ചതാണ് ഈ ഭാഗം. മഹാരാജാക്കന്മാര്‍ക്കും കുടുംബങ്ങളുടെയും വിനോദവേളകള്‍ക്കായി നാടകം, നൃത്തം, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്ന ഒരു ഓപ്പൺ എയർ തിയേറ്ററാണ് കിഴക്ക്. ആകെ 24 മുറികളാണ് കൊട്ടാരത്തിലുള്ളത്.

Neermahal-Palace-2
By 700 Pixel /shutterstock

ഗോവണിപ്പടികളിലൂടെ രുദ്രസാഗർ തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങാം. രാജാക്കന്മാരുടെ കാലത്ത് ബോട്ട് ഓടിച്ചു കൊണ്ട് കൊട്ടാരത്തിലേക്ക് നേരിട്ട് കടക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ടെറസ് ഗാർഡനുകളിലൊന്ന് ഇവിടെയാണ്‌ ഉള്ളത്. 

അഗർത്തലയിൽ നിന്ന് 53 കിലോമീറ്റർ അകലെയുള്ള മേലഘർ പട്ടണത്തിലാണ് കൊട്ടാരം. അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ, കുമാർഘട്ട് (160 കിലോമീറ്റർ), ധർമ്മ നഗർ (200 കിലോമീറ്റർ) എന്നിവയാണ്. അഗർത്തല വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്.

ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

English Summary: Neermahal Palace Agartala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA