ആനത്താരയിലൂടൊരു സ്പൈസ് റൂട്ട്; മുസരിസ് മുതൽ മൂന്നാർ വഴി മധുര വരെ ഫോട്ടോഗ്രാഫറുടെ യാത്ര

photographer
SHARE

ഇടിഞ്ഞു വീണ കരിന്തിരി മലയുടെ പാറക്കെട്ടുകൾക്കടിയില്‍ നിന്ന് ഇപ്പോഴും കുറത്തിക്കുടി ആദിവാസി ഊരിലെ മൂപ്പന്റെയും കൂട്ടരുടെയും നിലവിളികൾ ഉയരാറുണ്ട്. വീണുടഞ്ഞുകിടക്കുന്ന പാറക്കല്ലുകളിൽ ചെവി ചേർത്തു പിടിച്ചാൽ ആ നിലവിളികൾ ആർക്കും കേൾക്കാമെന്ന് ഷെമീർ പറയും. കാടകത്തെ ഗജജീവിതം അടുത്തറിയാൻ ആനത്താരകളിലൂടെയുള്ള ഷമീറിന്റെ വനയാത്രകൾ ആദ്യമൊക്കെ അവസാനിച്ചിരുന്നത് പതിനാലാം നൂറ്റാണ്ടിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കുറത്തിക്കുടിയിലെ നൂറുകണക്കിനു ആദിവാസി ഊരിലെ  ജീവിതങ്ങൾക്കു മേൽ ഇടിഞ്ഞു വീണ കരിന്തിരിമലയുടെ ചുവട്ടിലായിരുന്നു. മുസരിസ് മുതൽ മൂന്നാർ വഴി മധുര വരെ നീണ്ടു കിടന്നിരുന്ന പഴയ സ്പൈസസ് റൂട്ടിനെ രണ്ടായി മുറിച്ചില്ലാതാക്കിയതു കരിന്തിരിമലയുടെ കൂറ്റൻ പാറക്കല്ലുകളാണ്. 

കാട് ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അത്ഭുതങ്ങളും. അതൊക്കെ തിരിച്ചറിയാനും അനുഭവിച്ചറിയാനും ഒരു മനുഷ്യജീവിതം പോരാതെ വരും. നാട്ടിൽ ജീവിച്ചതിനേക്കാൾ കൂടുതൽ വനാന്തരങ്ങളിൽ ഒറ്റയ്ക്കു യാത്ര ചെയ്തിട്ടുള്ള  ഷമീറിന് വനയാത്രകൾ കാടകത്തെ കരിവീരന്മാരുടെ ജിവിതം തൊട്ടടുത്ത് കാണാൻ വേണ്ടിയുള്ളതായിരുന്നു. മൂന്നു പതിറ്റാണ്ടു നീണ്ട കാട്ടിലെ യാത്രകളിൽ ഷെമീറിനെ സഹ്യന്റെ മക്കൾ കൊണ്ടു ചെന്നെത്തിച്ചത് ആനത്താരകളുടെ രഹസ്യങ്ങളിലേക്കും നൂറ്റാണ്ടുകൾക്കു മുൻപേ ആനത്താരകളാൽ തെളിക്കപ്പെട്ട സ്പൈസസ് റൂട്ടിന്റെ മധ്യത്തിലുമായിരുന്നു.  സഹ്യപുത്രന്റെ ജീവിതം തേടി കുട്ടമ്പുഴയിലും  മുത്തങ്ങയിലും മുതുമലയിലും ബന്ദിപ്പൂരും നാഗര്‍ഹോളയിലുമൊക്കെ നടത്തിയ വനയാത്രകളിൽ തെളിഞ്ഞ ആനത്താരകളുടെ അത്ഭുതകരമായ എൻജിനീയറിങ് വൈഭവവും  ഇതിലൂടെ ചുവടുവച്ച് നൂറ്റാണ്ടുകൾക്കു മുൻപ് പൂർവികർ വികസിപ്പിച്ചെടുത്ത മുസിരിസ് മുതൽ മധുര വരെയുള്ള സ്പൈസസ് റൂട്ടുമാണ്   ഷെമീർ എന്ന നിർമാണ തൊഴിലാളിയുടെ  ക്യാമറ പകർത്തിയ ചിത്രങ്ങളും വിവരണങ്ങളും നമുക്കു മുന്നിൽ തുറന്നു വയ്ക്കുന്നത്. ‌

photographer-trip

മൂർച്ചയേറിയ തോട്ടിയുടെ നൊമ്പരക്കീറുകളാൽ ഭയപ്പെടുത്തി നെറ്റിപ്പട്ടവും വെഞ്ചാമരവും ചാർത്തി എഴുന്നള്ളിക്കുന്ന നാട്ടാനയല്ല കാട്ടാന. നെഞ്ചുപിളരുന്ന വേദനയിലും പാപ്പാന്റെ മുരളലുകളിൽ ഭയന്നു വിറക്കുന്ന അടിമയായ നാട്ടാനകളെ കണ്ട് ഉൾപുളകിതരാകുന്ന ആനപ്രേമികൾക്ക് കാട്ടിലെ അവന്റെ ജീവിതം അറിയില്ല. പ്രകൃതിയില്‍ ലയിച്ച് കാടകജീവിതം ആസ്വദിച്ച് സർവസ്വതന്ത്രരായി ആനന്ദിക്കുന്ന ഗജസൗന്ദര്യം കാണണമെങ്കില്‍  അതിരില്ലാതെ വ്യാപിച്ചുകിടക്കുന്ന സഹ്യഗിരിശൃംഖങ്ങൾക്കു താഴെ അവന്റെ തട്ടകത്തിൽ തന്നെ ചെല്ലണം. ആ ജീവിതം നേരിൽ കാണാൻ ആഴ്ചകളും മാസങ്ങളും വനത്തിൽ ഷെമീർ ഒറ്റയ്ക്കു യാത്ര ചെയ്തിട്ടുണ്ട്. നോക്കെത്താദൂരത്തോളം നിറയുന്ന നിബിഡമായ വനത്തിലും പുൽമേടിലുമായലിഞ്ഞു കിടക്കുന്ന സുദീര്‍ഘമായ ആനത്താരകളിലൂടെ വിരിയുന്ന ഗജജീവിതം ദിവസങ്ങളോളം അടുത്തു നിന്ന് കണ്ടിട്ടുണ്ട് ഷെമീർ. മൂവാറ്റുപുഴ പെരുമറ്റം ഇടപ്പിള്ളിയിൽ വീട്ടിൽ ഷമീർ അമ്പതാം വയസ്സിലും കാടുകയറുന്നത് ആനകളെ കുറിച്ചു ആനത്താരകളുടെ ഭൗമശാസ്ത്ര പ്രത്യേകതകളുടെ ഗവേണഷത്തിനുമായാണ്. നിർമാണ തൊഴിലാളിയായ ഷമീർ കുടുംബത്തോടൊപ്പം കഴിയുന്നതിനേക്കാൾ കൂടുതൽ വനത്തിലും ആനകൾക്കൊപ്പവുമായിരുന്നു.

ആനകളുടെ ബാല്യവും കൗമാരവും പ്രണയവും കൂട്ടുജീവിതത്തിന്റെ ഇഴയടുപ്പങ്ങളിൽ വിരിയുന്ന കുടുംബജീവിതവും പരസ്പര വിശ്വാസവും വാത്സല്യവും  മാതൃത്വത്തിന്റെ തീഷ്ണതയും മനുഷ്യരിൽപോലുമുണ്ടാകില്ലെന്ന് ഷെമീർ പറയുമ്പോൾ ഇതു തെളിയിക്കാൻ കാട്ടിൽ ആനക്കൂട്ടങ്ങളുടെ ശ്രദ്ധയിൽപെടാതെ ഒളിച്ചിരുന്നു ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളും ഒപ്പം വയ്ക്കുന്നു.

photographer-trip3

ഷെമീറിന്റെ കാടുകയറ്റം 

വളരെ ചെറുപ്രായത്തിൽ തന്നെ ആരംഭിച്ചതാണ് ഷെമീറിന്റെ കാടുകയറ്റം. സ്കൂൾ അവധി ദിനങ്ങളിൽ ഉമ്മ വീട്ടിലേക്കുള്ള യാത്രകളെന്ന വ്യാജേന കാട്ടിലേക്കായിരുന്നു ഷെമീർ പോയിരുന്നത്. കാട്ടാനകളെ കാണുകയായിരുന്നു ലക്ഷ്യം. ‌വനയാത്രകളിൽ പരിചയപ്പെട്ട  വാച്ചർമാരും  ഉദ്യോഗസ്ഥരും പറഞ്ഞ കാട്ടിലെ കഥകൾ പിന്നീടെപ്പോഴും കാടുകയറാനുള്ള ഉത്തേജകങ്ങളായിരുന്നു. ഒഴിവു കിട്ടുമ്പോഴെല്ലാം  ഇടമലയാർ, പൂയംക്കുട്ടി വനങ്ങളുടെ ഉള്ളിലേക്കായിരുന്നു യാത്രകൾ.  മൂവാറ്റുപുഴയിലെ ഷെമീറിന്റെ വീട്ടിൽ നിന്ന് അധികം ദൂരം ഇവിടങ്ങളിലേക്കുണ്ടായിരുന്നില്ല. ഭൂതത്താൻകെട്ടിൽ നിന്ന് വനയാത്രകൾ ആരംഭിക്കും. ചെറിയ തുകയ്ക്കു വാങ്ങിയ ഒരു പഴയ ക്യാമറയുമായി വന്യമൃഗങ്ങളുടെ ചിത്ര പകർത്താനായി നടത്തിയ കണ്ടൻപാറ യാത്രയാണ് ഷെമീറിനെ ആനകളുടെ പിറകെ കൂടാൻ പ്രേരിപ്പിച്ചത്. പൂയംകുട്ടിയിൽ നിന്നും പുഴ തീരത്തുകൂടി രണ്ട് കിലോമീറ്റർ അകലെയുള്ള കണ്ടൻ പറയ്ക്കു സമീപമെത്താൻ. ഇവിടെ ഒരു വെള്ളച്ചാട്ടം ഉണ്ട്. ഇവിടെ ആനക്കൂട്ടങ്ങൾ എത്തുന്നത് പതിവാണ്. 

photographer-trip4

ഈ ആനക്കൂട്ടത്തിന്റെ പടം എടുക്കാൻ പുഴയിലേക്കിറങ്ങി. എന്നാൽ മറ്റൊരാനക്കൂട്ടം ഷെമീറിന്റെ പിന്നിലുണ്ടായിരുന്നു. രണ്ട് ആനക്കൂട്ടങ്ങൾക്കിടയിൽ നിന്നെങ്ങിനെ രക്ഷപ്പെടുമെന്ന ചിന്തയിൽ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചെങ്കിലും ധൈര്യം സംഭരിച്ച് പുഴയിലൂടെ ഷെമീർ നീന്തി. ഇതിനിടയിലെപ്പോഴോ രണ്ട് ആനക്കൂട്ടങ്ങളും പിന്തിരിഞ്ഞു. പുഴയുടെ കരയിലേക്കൊരു വിധം നീന്തി കയറിയപ്പോൾ കുറച്ചകലെ വലിയ കൂർത്ത കൊമ്പുകളുമായി നിൽക്കുന്നു ഒരൊറ്റയാൻ.  അപ്പോഴേക്കും ബോധം നഷ്ടമായി. അൽപ നേരം കഴിഞ്ഞു കണ്ണു തുറന്നപ്പോൾ നേരം ഇരുട്ടിയിരുന്നു. ഒറ്റയാനും അപ്രത്യക്ഷമായി. രാത്രി പുഴ തീരത്തു തന്നെ കഴിച്ചു കൂട്ടി നേരം പുലർന്നപ്പോഴാണ് വീട്ടിലേക്ക് തിരിച്ചത്. ഫോട്ടോയ്ക്ക് വേണ്ടി വനത്തിൽ അതിസാഹസികത പാടില്ലെന്ന് അന്നു പഠിച്ചു. എത്ര നല്ല ഫോട്ടോ എടുക്കാൻ അവസരം കിട്ടിയാലും  രക്ഷപ്പെടാനുള്ള ഒരു പഴുതു നോക്കി വച്ചിരിക്കണമെന്ന് ഷെമീർ അനുഭവത്തിൽ നിന്നു പറയുന്നു. 

ആനത്താരകളിലൂടെ.

ആനക്കൂട്ടങ്ങളെ കാണാനുള്ള യാത്രകളാണ് ആനത്താരകളെ കുറിച്ചുള്ള അറിവുകളിലേക്ക് ഷെമീറിനെ നയിച്ചത്. ആനത്താരകളിലൂടെ നടന്നാൽ ആനകളെ കാണാം അവയുടെ കാടക ജീവിതം ക്യാമറിയിൽ പകർത്താം. ആനകൾ കുളിക്കുന്നതും അവയുടെ കുസൃതികളും  കണ്ടിരുന്ന് ദിവസങ്ങൾ പോയതറിയാതെ വനത്തിൽ കഴിഞ്ഞിട്ടുണ്ട് ഷമീർ. കരയിലെ ഏറ്റവും വലിയ ജീവി ആയ ആനയ്ക്ക് സഞ്ചരിക്കുവാൻ പ്രത്യേകമായി ഒരു വഴി ഉണ്ടാകുമോ? അതെങ്ങിനെ രൂപപ്പെട്ടു? എന്താണ് ആ വഴിയുടെ പ്രത്യേകത? എന്നിവയായിരുന്നു ആനത്താരകളെ കുറിച്ചുള്ള ഷെമീറിന്റെ സംശയങ്ങൾ. ഇതിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകയിലെയും വനങ്ങളിൽ ഷെമീർ ചുറ്റിത്തിരിഞ്ഞിട്ടുണ്ട്.

photographer-trip1

"പശ്ചിമഘട്ട മലനിരകളെ കടക്കുവാൻ എളുപ്പത്തിൽ സാധിക്കില്ല, കാരണം കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളാണ് സഹ്യന്റേത്. എന്നാൽ ഈ പാറക്കെട്ടുകൾക്കിടയിൽ എവിടെയെങ്കിലും അതിനെ മറികടക്കുവാൻ ഒരു സ്ഥലം ഉണ്ടാകും. അതുവഴിയാണ് ആനക്കൂട്ടങ്ങൾ മലനിരകൾ കടന്ന് സമതലങ്ങളിലേക്ക് എത്തുന്നത്. താഴെ എത്തിക്കഴിഞ്ഞാൽ അവർ ചെറിയ കൂട്ടങ്ങളായി പിരിഞ്ഞു ഭക്ഷണം തേടും. ചിലപ്പോൾ മൂന്നുനാലു ദിവസം വരെ ആ പ്രദേശത്ത് തമ്പടിക്കും. പിന്നീട് എല്ലാവരും പ്രധാന വഴിയിലേക്ക് ഒരുമിച്ചു ചേരും. വനമേഖലയെ മുറിച്ചുകൊണ്ട് പുതിയതായി വരുന്ന റോഡുകളും മുള്ളുവേലികളും, ഷോക്കടിപ്പിക്കുന്ന കമ്പിവേലികളുമൊക്കെയിട്ട് കാടു കയ്യേറി ജനങ്ങൾ കാടിന്റെ അതിരുകൾ തിരിച്ചതാണ് ആനകൾക്ക് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്. ആനത്താരകളിലെ കയ്യേറ്റവും മതിലുകളുമാണ് ആനയെ ജനവാസമേഖലയിലെത്തിക്കുന്നത്. അടുത്തുള്ള വനമേഖലയിൽ ആനത്താരകൾ മനസ്സിലാക്കി അവയിലൂടെ നിർലോഭം ആനയ്ക്ക് കടന്നു പോകുന്നതിനുള്ള സംവിധാനം ചെയ്യുകയാണ് ചെയ്യേണ്ടത്" ആനയെ കുറിച്ചും ആനത്താരകളെ കുറിച്ചു ചോദിച്ചാൽ ഷെമീർ ഇങ്ങിനെ നിർത്താതെ പറഞ്ഞുകൊണ്ടിരിക്കും.  

സ്പൈസ് റൂട്ട് 

കാടിറങ്ങിയെത്തി ആനക്കൂട്ടം  കുറുമ്പുകാട്ടുന്ന പ്രധാന കേന്ദ്രങ്ങളാണ് ഇടമലയാർ, പൂയംകുട്ടി, വാടാട്ടുപാറ, കുട്ടമ്പുഴ എന്നീ പ്രദേശങ്ങൾ. ഇവിടങ്ങളിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങിവരുന്നതിനു പ്രധാന  കാരണം ആനത്താരകളിലുണ്ടായ തടസങ്ങളാണ്. ആനത്താരകളിലെ കയ്യേറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ‌ ശേഖരിച്ച് മാധ്യമങ്ങളിലൂടെ അധികാരികളെ അറിയിക്കാനുള്ള യാത്രകളിലാണ് മുസരിസിൽ നിന്ന് മധുരയിലേയ്ക്കുള്ള പ്രാചീന സ്പൈസസ് റൂട്ടിനെ കുറിച്ചുള്ള വിവരങ്ങളും അങ്ങിനെയൊരു റോഡുണ്ടായിരുന്നുവെന്നതിന്റെ ചരിത്രവശിഷ്ടങ്ങളും ഷമീറിനെ തേടിയെത്തിയത്. രണ്ടായിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള വാണിജ്യ വിനിമയങ്ങളുടെ  ചരിത്രാവിശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ള മുസരിസ് മുതൽ മധുര വരെ നീളുന്ന സ്പൈസ് റൂട്ട് തേടിയുള്ള യാത്രകളും ഗവേഷണങ്ങളുമായിരുന്നു പിന്നീട്. ഇതിനിടയിൽ കുടുംബത്തെ പോലും ഷമീർ‌ മറന്നു. മിക്കവാറും ദിവസങ്ങളിൽ കാട്ടിൽ തന്നെയായിരുന്നു താമസം.  

മുസിരിസിലേക്കു വനവിഭവങ്ങളും ചന്ദനവും എത്തിച്ചേരുന്ന പാത ചരിത്രത്തിൽ നിന്നു വരെ മാഞ്ഞുപോയിരിക്കുന്നു. പതിനാലാം നൂറ്റാണ്ടിലുണ്ടായ പ്രകൃതിക്ഷോഭത്തിലാണ് മുസരിസ് തുറമുഖവും മൂന്നാറിൽ  നിന്ന് മുസരിസിലേക്കുള്ള സ്പൈസസ് റൂട്ടും നാമാവശേഷമായത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും മൂലം പെരിയാർ തന്നെ വഴിമാറിയൊഴുകി. മലകൾ ഇടിഞ്ഞു വീണു. ആദിവാസി ഊരുകൾ ഇല്ലാതായി. എങ്കിലും സ്പൈസസ് റൂട്ടിന്റെ ഭാഗമായുള്ള എന്തെങ്കിലുമൊക്കെ ഇവിടെ അവശേഷിക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഗവേഷണം. പാശ്ചാത്യലോകത്ത് പ്രിയങ്കരമായിരുന്ന പല സുഗന്ധ വ്യഞ്ജനങ്ങളും  പ്രധാനമായും  സഹ്യസാനുക്കളിലാണുണ്ടായിരുന്നതെന്ന അറിവാണ് പ്രചോദനമായത്. ചന്ദനം, കുരുമുളക്, ഏലയ്ക്ക, കരയാമ്പൂ തുടങ്ങിയവയുടെ  ഏറ്റവും മികച്ച ഇനങ്ങൾ ലഭിക്കുന്ന സഹ്യസാനുക്കളിലേക്കുള്ള വഴി സ്വാഭാവിക ചന്ദനം ലഭിക്കുന്ന മറയൂർ കൂടി  ഉൾപ്പെടുന്നതായിരിക്കും എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു.  

യൂറോപ്പുൾപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഏറ്റവും അധികം ചന്ദനതൈലമെത്തിയിരുന്നത് മറയൂരിൽ നിന്നായിരുന്നുവെന്ന വിവരങ്ങളും കൊടുങ്ങല്ലൂരിലെ മുസരിസിൽ നിന്ന് മൂന്നാറിലേക്കും മധുരയിലേക്കും നീളുന്ന വനാന്തരങ്ങളിലൂടെയുള്ള പാത ആനത്താരകളെ പിൻപറ്റി പുഴതീരത്തു കൂടിയായിരിക്കുമെന്നുള്ള ഭൂമിശാസ്ത്രപരമായ നിരീക്ഷണങ്ങളും അന്വേഷണങ്ങൾക്ക് ഊർജം പകർ‌ന്നു. നിബിധ വനത്തിനും കൂറ്റൻ മലനിരകൾക്കും ഇടയിലൂടെ ആനത്താരകൾക്കു സമീപത്തുകൂടിയല്ലാതെ മറ്റൊരു പാത അസാധ്യമായിരുന്നു. പെരിയാറിനു സമാന്തരമായി വലിയ കയറ്റിറക്കങ്ങളില്ലാതെയായിരുന്നു ആദിമ നിവാസികൾ തെളിച്ചെടുത്ത ഈ രാജപാത.

കുറത്തിക്കുടിയിൽ ഇടിഞ്ഞു വീണു കിടക്കുന്ന കരിന്തരമലയുടെ ചുവടു വരെയാണ് മലയാറ്റൂരിലെ വനമേഖലയിൽ നിന്നാരംഭിച്ച ആദ്യയാത്രകൾ അവസാനിച്ചത്. കൊടുങ്ങല്ലൂരിലെ മുസരിസിൽ നിന്ന് പറവൂർ – നെടുമ്പാശ്ശേരിയിലെ അത്താണി വഴി കാലടി വരെ ഇപ്പോള്‍ വനമില്ല. മലയാറ്റൂർ ഇല്ലിത്തോട് നിന്നു തുണ്ടം വരെ റിസർവ് വനമാണ്. വനയാത്ര ഇപ്പോൾ വനം വകുപ്പ് തടഞ്ഞിരിക്കുകയാണ്. തുണ്ടത്തു നിന്ന് വടാട്ടുപാറ–കുട്ടമ്പുഴ– ചേലമല– പൂയംകുട്ടി ഇവിടെ നിന്ന് ആദിവാസി ഊരുകളായ വെള്ളാരംകുത്ത് – ഉറിയൻപെട്ടി– എന്നിവയ്ക്കു സമീപത്തുകൂടി പാത തുടരുന്നു. കുതിരകുത്തി പാറക്കെട്ടുകളിലൂടെ തോൾനട – കുഞ്ചിയാർ – കുറത്തിക്കുടി വരെ പാതയെത്തുമ്പോൾ ഇടിഞ്ഞു വീണു കിടക്കുന്ന കരിന്തിരിമല തടസ്സമാകും. തോൾനടയിൽ നിന്നു കുറത്തുക്കുടിവരെയുള്ള വനപാത ആനയുടെയും പുലിയും ഉൾപ്പെടുന്ന വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം കൂടിയാണ്. 

പുനർനിർമിതി സാധ്യമല്ലാത്ത വിധത്തിൽ പഴയ രാജപാത ഇവിടെ മുറിയുന്നു. ഇവിടെ നിന്നു മാങ്കുളത്തേക്ക് പുതിയ പാത നിർമിച്ചിട്ടുണ്ടെങ്കിലും പഴയ പാതയിലേക്കെത്താൻ പാറക്കെട്ടുകളിലൂടെ ഊർന്നിറങ്ങിയും നൂഴ്ന്നിറങ്ങിയും ജീവൻപണയപ്പെടുത്തിയുള്ള സാഹസികത ഏറ്റെടുക്കണം. പഴയ പാതയും മാങ്കുളത്താണ് എത്തിച്ചേരുക. മാങ്കുളത്തു നിന്ന് അൻപതാം മൈൽ, ഉറവക്കണ്ണി, നല്ലതണ്ണി, വഴി മൂന്നാറിലേക്കാണ് രാജപാത എത്തിയിരുന്നത്. ഇവിടെ നിന്നു മധുരയ്ക്കുള്ള റോഡ് വനമേഖലയിലൂടെ തന്നെ കടന്നു പോകുന്നുണ്ട്.

സ്പൈസ് റൂട്ട് ശേഷിപ്പുകൾ.

സപ്സൈസ് റൂട്ടെന്ന പ്രാചീന രാജപാതയുടെ അവശേഷിപ്പുകൾ റോഡിന്റെ പലഭാഗങ്ങളിലും ഒളിഞ്ഞും തെളിഞ്ഞുമുണ്ട്. മലയാറ്റൂറിനും തുണ്ടത്തിനുമിടയ്ക്ക് കരിമ്പാനിയിലെ പുരാതനമായ ശിവപാർവതി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഉണ്ട്. പാതയിലൂടെ കടന്നു പോയിരുന്നവരുടെയും  ഇവിടെ താമസിച്ചിരുന്നവരുടെയും ആരാധനാ കേന്ദ്രമായിരുന്നു ഇവിടം. തോൾ‌നടയിൽ നിബിഡവനത്തിലൂടെയാണ് പാത. ഇവിടെ കുഞ്ചിയാറിനു സമീപം പഴയൊരു പാലത്തിന്റെ അവശിഷ്ടങ്ങളും കാണാം. ചെത്തിയൊരുക്കിയ കിരിങ്കൽ തൂണുകളിൽ ശേഷിക്കുന്ന നിർമിതികൾ സുർക്കിയിൽ തീർത്തതാണ്. ഇവിടെ പാറക്കല്ലുകൾ വെട്ടിയൊരുക്കി പാകിയ പുരാതന പാതയുടെ അവശിഷ്ടങ്ങളും കാണാം. കാനനമധ്യത്തിലൂടെയുള്ള  യാത്രതുടരുമ്പോൾ ഈ പ്രദേശത്ത് പ്രാചീന കാലത്തും ജനവാസമുണ്ടായിരുന്നെന്നു തെളിയിക്കുന്ന മുനിയറകൾ കുട്ടമ്പുഴയ്ക്കും  സമീപ പ്രദേശങ്ങളിലും കാണാം. 

കുറത്തിക്കുടി പിന്നിടുമ്പോൾ പഴയകാലഘട്ടത്തിൽ നിർമിച്ചിട്ടുള്ള പെരുമ്പംകുത്ത് പാലം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ തകർ‌ന്ന പാത ബ്രിട്ടീഷ് ഭരണകാലത്ത് പുതുക്കി നിർമിച്ചപ്പോൾ നിർമിച്ച പാലമാണിത്. ബ്രിട്ടീഷുകാർ മൂന്നാർ മേഖലയിൽ നിന്നും അമൂല്യമായ വനവിഭവങ്ങൾ കടത്തുന്നതിനായാണ് പാത വീണ്ടും പുനരുദ്ധരിച്ചത്. 1924ലെ വെള്ളപ്പൊക്ക ത്തിൽ ഇടിഞ്ഞു വീണ കരിന്തിരമല പഴയ രാജപാതയെ വീണ്ടും നഷ്ടപ്പെടുത്തി. വീണ്ടെടുപ്പു സാധ്യമല്ലാത്ത രീതിയിൽ തകർന്നു കിടക്കുന്ന സ്പൈസസ് റൂട്ട്. രാജ്യാന്തര സുഗന്ധവ്യഞ്ജന വാണിജ്യപാതയുടെ ഭാഗമായി കേരളത്തിന്റെ ചരിത്ര നിർമിതിയിൽ നിർണായക പങ്കുവഹിച്ച സ്പൈസസ് റൂട്ട് ഒരു പൈതൃക സ്മാരകമായി സംരക്ഷിക്കപ്പെടണമെന്നാണ് ഷമീറിന്റെ ആഗ്രഹം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA