ഒറ്റയ്ക്കുള്ള യാത്ര വേണ്ട, പെണ്‍കുട്ടിയായതിനുശേഷം സുരക്ഷയെക്കുറിച്ച് ശ്രദ്ധാലുവാണ് : അഞ്ജലി

anjali-ameer
SHARE

ഓരോ തവണ കാണുമ്പോഴും ദുബായ്ക്കും വയനാടിനും ഓരോ മുഖമാണ്. എന്നും മോഹിപ്പിക്കുന്ന ഇടമാണ് ഈ രണ്ടിടങ്ങളുമെന്ന് അഞ്ജലി അമീര്‍. കഴിഞ്ഞ കൊറോണക്കാലത്ത് യാത്രകള്‍ അധികം നടത്താനായില്ലെങ്കിലും രണ്ടു സിനിമകളില്‍ അഭിനയിക്കാനും സ്വന്തമായി കുറച്ചു സമയം ചെലവഴിക്കാനും സാധിച്ചുവെന്ന് അഞ്ജലി പറയുന്നു. ഏറ്റവും അടുപ്പമുള്ളവരോടൊപ്പമുള്ള യാത്രയാണ് താരത്തിന് ഏറെ ഇഷ്ടം. 'ആരെങ്കിലും കൂടെയുണ്ടാകുന്നത് ഒരു ധൈര്യമാണ്. മാത്രമല്ല, ഒപ്പമുള്ളവരോട് മിണ്ടിയും പറഞ്ഞുമെല്ലാം പോകുന്നത് വേറൊരു രസമാണ്. ജോലിസംബന്ധമായി പോകുന്നതല്ലാതെ ഞാന്‍ എവിടെയും തനിച്ചു പോകാറില്ല.' അഞ്ജലി അമീറിന്റെ യാത്രാ വിശേഷങ്ങൾ.

ഒറ്റയ്ക്ക് യാത്രയോ?

ഒറ്റയ്ക്ക് യാത്ര നടത്താന്‍ താല്‍പര്യമില്ല. അതിന് എന്റേതായ കാരണങ്ങളുണ്ട്. ഒന്ന്, ഞാന്‍ പെണ്‍കുട്ടിയായതിനുശേഷം സുരക്ഷയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവാണ്. ഒറ്റയ്ക്ക് എവിടേക്കെങ്കിലും പോകുന്നത് എന്നെ സംബന്ധിച്ച് നടക്കുന്ന കാര്യമല്ല. സോളോ ട്രിപ്പ് നടത്തുന്ന ഒത്തിരിപ്പേരുണ്ട്. എനിക്ക് യാത്രയ്ക്ക് കൂട്ട് വേണം, സുരക്ഷിതമായി യാത്ര പോകണം.

anjali-ameer5

മുടങ്ങിപ്പോയ ഹിമാലയന്‍ യാത്ര

ഈ വര്‍ഷം ആദ്യമായിരുന്നു ഹിമാലയൻ യാത്ര പ്ലാന്‍ ചെയ്തിരുന്നത്. ആദ്യം ഡല്‍ഹി. അവിടെനിന്നു കശ്മീര്‍, കുളു, മണാലി, പിന്നീട് നേപ്പാള്‍. അങ്ങനെയായിരുന്നു ട്രിപ്പ്. ഡല്‍ഹിയിലെത്തി അവിടെനിന്ന് ഒരു സംഘത്തിനൊപ്പമാണ് പോയത്. ഫെബ്രുവരിയിലെ നല്ല തണുപ്പുള്ള സമയത്തായിരുന്നു യാത്ര. 12 പേരടങ്ങുന്ന ഞങ്ങളുടെ ഗ്രൂപ്പ് കശ്മീര്‍ വരെപോയതാണ്. പക്ഷേ കൂട്ടത്തിലെ പ്രായമായവര്‍ക്ക് അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും വന്നതോടെ യാത്ര അവിടെ വച്ച് നിര്‍ത്തി മടങ്ങിപ്പോരേണ്ടിവന്നു. അല്ലെങ്കില്‍ മണാലിയും നേപ്പാളുമെല്ലാം കാണേണ്ടതായിരുന്നു.ഇപ്പോഴത്തെ ഈ സാഹചര്യമൊക്കെ കഴിഞ്ഞിട്ടുവേണം യാത്ര പൂർത്തിയാക്കാൻ.

anjali-ameer1

യാത്രകളോട് അടങ്ങാത്ത അഭിനിവേശമുള്ളയാളാണ് ഞാൻ. ഒത്തിരി സ്ഥലങ്ങള്‍ കാണാനും അറിയാനുമെല്ലാമുള്ള ആഗ്രഹം വലുതാണ്. പ്രത്യേകിച്ചൊരു സ്ഥലം എന്നല്ല, എല്ലായിടത്തും പോകണമെന്നുണ്ട്. നമുക്ക് ഒരു ജീവിതമല്ലേയുള്ളു. അത് പരമാവധി ആസ്വദിക്കണം. അതുകൊണ്ട് പറ്റാവുന്നിടത്തെല്ലാം യാത്ര പോകണം. കൂടുതലും ചരിത്രപ്രധാനമായ സ്ഥലങ്ങൾ കാണാനാണ് താല്പര്യം. കണ്ണൂരും കാസർകോടുമൊക്കെ സഞ്ചരിക്കുമ്പോൾ  പഴമയുടെ മഹാത്മ്യം വിളിച്ചോതുന്ന പഴയകാല വീടുകൾ നമുക്ക് കാണാം. അതുപോലെ തന്നെ കാസർകോട് എത്തുമ്പോൾ ഒത്തിരി പഴയ ക്ഷേത്രങ്ങളും മറ്റുമൊക്കെ കാണാം.

ദുബായും വയനാടും എന്നും പുതുമുഖങ്ങളുള്ള നാടുകൾ

ഞാൻ പലവട്ടം പോയിട്ടുള്ളതാണ് ദുബായിലും വയനാട്ടിലും. എന്റെ പ്രിയപ്പെട്ട ഇടങ്ങളാണ്. ഓരോ പ്രാവശ്യം പോകുമ്പോഴും ഓരോ മുഖമാണ് ദുബായ്ക്കും വയനാടിനും. എത്രകണ്ടാലും മതിവരാത്ത സൗന്ദര്യമാണ്.

എത്ര ആസ്വദിച്ചാലും മടുക്കാത്ത കാഴ്ചകളും അനുഭവങ്ങളും ഈ രണ്ടു സ്ഥലങ്ങളും നൽകും. രണ്ടാം ലോക്ഡൗൺ തുടങ്ങുന്നതിനു മുമ്പ് ദുബായിൽ പോയിരുന്നു. ഒാരോ യാത്രയിലും പുതുമയുള്ള കാഴ്ചകളാണ് ദുബായ് സമ്മാനിക്കുന്നത്. എപ്പോഴും നമ്മെ അമ്പരപ്പിക്കും. ഒരിക്കൽ പോയി കണ്ടു വരുന്ന കാഴ്ചകളും ഭംഗിയും ആയിരിക്കില്ല അടുത്ത യാത്രയിൽ ആസ്വദിക്കാനാകുക. 

anjali-ameer4

യാത്രകളുടെ ഓര്‍മകളാണ്

യാത്ര ചെയ്യാന്‍ എന്താണിത്ര ഇഷ്ടമെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു – ഷോപ്പിങ്. എന്റെ യാത്രകളെല്ലാം ഷോപ്പിങ്ങിനു വേണ്ടിയാണെന്നു പറഞ്ഞാലും കുഴപ്പമില്ല. എവിടെപ്പോയാലും എന്തെങ്കിലുമൊക്ക വാങ്ങുക എന്റെ ഹോബിയാണ്. ചില സ്ഥലങ്ങളില്‍ നമുക്ക് വലിയ ഷോപ്പിങ് നടത്താനുള്ളതൊന്നും ഉണ്ടാകില്ല. അങ്ങനെയുള്ളപ്പോള്‍ അവിടെ എന്തുകിട്ടുന്നോ അത് വാങ്ങിപ്പോരും. അതിനി തീരെ ചെറിയൊരു സാധനമാണെങ്കില്‍പ്പോലും എനിക്ക് എന്തെങ്കിലും വാങ്ങാതെ ഒരു സമാധാനമുണ്ടാകില്ല. വാങ്ങുന്നതില്‍ ചിലതൊന്നും നമുക്ക് പ്രയോജനം ഉള്ളതായിരിക്കില്ല. എങ്കിലും എനിക്ക് അതൊക്കെ യാത്രകളുടെ ഓര്‍മകളാണ്.

ഇന്ത്യയെ അറിയണം

ഇന്ത്യയിൽ മിക്കയിടത്തും യാത്ര പോയിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് പഞ്ചാബും കശ്മീരും ഡൽഹിയുമാണ്. അവിടുത്തെ കാലാവസ്ഥയും ഭക്ഷണവുമൊക്കെ കിടുവാണ്. ഞാനൊരു ഫൂ‍ഡിയാണ്. പുതിയ സ്ഥലത്തെ വിഭവങ്ങളുടെ തനതു രുചിയറിയാൻ ശ്രമിക്കാറുണ്ട്.

പഞ്ചാബിൽ കിടുക്കൻ സൂപ്പുകൾ കിട്ടും. കഞ്ഞിവെള്ളം കൊണ്ടുവരെ അവിടെ സൂപ്പുണ്ടാക്കി വിളമ്പാറുണ്ട്. ഇന്ത്യ ചുറ്റിയടിക്കാൻ പ്രിയമാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കയിടത്തേയ്ക്കും ചെലവ് ചുരുക്കി യാത്ര ചെയ്യാൻ സാധിക്കും. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാവുന്ന ഹോട്ടലുകളും ഹോംസ്റ്റേകളും ലഭ്യമാണ്. 

anjali-ameer3

ഡ്രീം ഡെസ്റ്റിനേഷൻ

സ്വപ്നസ്ഥലം ഏതെന്ന് ചോദിച്ചാൽ ഒറ്റയടിയ്ക്ക് ഞാൻ ഉത്തരം പറയും ജർമനിയെന്ന്. പണ്ട് മഴവില്ല് എന്ന ചിത്രം കണ്ടതു മുതലുള്ള ആഗ്രഹമാണ് അവിടെ പോകണമെന്നത്. ചിത്രത്തിൽ ജർമനിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ കാണിക്കുന്നുണ്ട്. തെരുവുകളും നഗര വഴിത്താരകളും പ്രകൃതി രമണീയമായ സ്ഥലങ്ങളുമെല്ലാം. അവിടെ എന്തായാലും ഞാൻ പോകും. ഉറപ്പാണ്. അല്ലെങ്കിൽ നമ്മളൊക്കെ ചുമ്മാ പറയാറില്ലേ ഒരു ഗന്ധർവൻ വന്ന് കൊണ്ടു പോകുമെന്ന്. അങ്ങനെ എനിക്കുമുണ്ടാകും ഒരാൾ. ആ ഗന്ധർവൻ എന്നെ ജർമനിയിൽ കൊണ്ടു പോകുമോ എന്ന് നോക്കട്ടെ. ആ കാത്തിരിപ്പിലാണ് ഞാൻ.

English Summary: Celebrity Travel, Anjali Ameer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA