ADVERTISEMENT

തിരക്കുകൾ മാറ്റിവച്ച് ഏറ്റവും സുന്ദരമായി പ്രകൃതിയെ ആസ്വദിക്കണമെന്നു തോന്നുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ചില പേരുകളുണ്ട്, അതിലൊരിടമാണ് വാൽപാറ. തമിഴ്നാടിന്റെ സ്വന്തമാണെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും മലയാളികളാണ്. വാൽപ്പാറയെക്കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്.കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററും ദൂരത്തിലുമാണ് ഇവിടം. കാടും മലകളും ഹെയർപിൻ വളവുകളും ചുരവും താണ്ടി കിടിലൻ യാത്ര നടത്താം.

വഴി തന്നെ ആദ്യം നോക്കാം

കേരളത്തിൽ നിന്നും വാൽപ്പാറയിലേക്ക് എത്താൻ അധികം ചുറ്റിക്കറങ്ങുകയൊന്നും വേണ്ട. ഈ യാത്രയുടെ ഏറ്റവും വലിയ ആകർഷണം തന്നെ അവിടേക്ക് എത്തിച്ചേരുന്നതിനുള്ള വഴികളാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽകൂടി കടന്നു വേണം വാൽപ്പാറയിലേക്ക് എത്താൻ. 

valparai-trip1

കേരളത്തിൽ നിന്നും  പ്രധാനമായും മൂന്നു വഴികളിലൂടെ വാൽപ്പാറയിൽ എത്തിച്ചേരാം. പാലക്കാട് – പൊള്ളാച്ചി – ആളിയാർ വഴി, ചാലക്കുടി – അതിരപ്പിള്ളി – മലക്കപ്പാറ വഴി. അല്ലെങ്കിൽ മൂന്നാർ – മറയൂർ – ചിന്നാർ – ആനമല വഴി വാൽപ്പാറ. ചാലക്കുടി- അതിരപ്പിള്ളി- മലക്കപ്പാറ വഴി വാൽപ്പാറ പോകുന്നതാണ് ഏറ്റവും സുന്ദരമായ വഴി. യാത്ര ആരംഭിക്കുമ്പോൾ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളും കാണാം. അതിരപ്പിള്ളി കഴിഞ്ഞു വാഴച്ചാലിലെത്തി കുറച്ചു സമയം അവിടെ ചെലവഴിക്കാം. തുടർന്നുള്ള യാത്ര  വനത്തിലൂടെയാണ് ഏതു സമയവും ആനയിറങ്ങുന്ന വഴി. വന്യ മൃഗങ്ങളുടെ സ്വൈര്യ വിഹാരങ്ങൾക്ക് തടസ്സമാകാതിരിക്കുവാൻ രാത്രിയാത്രാ നിരോധനമുണ്ടിവിടെ. 

valparai-trip

മലക്കപ്പാറ വരെ കൊടുംകാട്ടിലൂടെയുള്ള യാത്ര അവിസ്മരണീയമായിരിക്കും. കെഎസ്ആർടിസി ചാലക്കുടിയിൽ നിന്നും മലക്കപ്പാറ വരെ സർവീസ് നടത്തുന്നുണ്ട്. ആനവണ്ടിയിൽ വാൽപാറയിലേക്ക് യാത്രതിരിച്ചാലും ഗംഭീരമായിരിക്കും.

വാൽപ്പാറയിലേക്ക്

സ്വന്തം വാഹനത്തിലാണ് യാത്രയെങ്കിൽ എവിടെയും വാഹനം നിർത്താൻ ശ്രമിക്കരുത്. വന്യമൃഗങ്ങൾ ഉള്ളതിനാൽ ഒട്ടും സുരക്ഷിതമായിരിക്കില്ല. മൂന്നാർ ടൗണിന്റെ പകുതി വലിപ്പമുള്ള ഒരു കൊച്ചു ടൗൺഷിപ്പാണ് വാൽപ്പാറ. ഇവിടുത്തെ വ്യത്യസ്ത കാലാവസ്ഥയാണ് വാൽപ്പാറയെ സഞ്ചാരികൾക്കിടയിൽ പ്രിയങ്കരമാക്കുന്നത്. വാൽപ്പാറയിലെ ചിന്നക്കല്ലാർ എന്ന സ്ഥലം ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്. 12 ഡാമുകളും ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനുകളുമുള്ള ലോകത്തിലെ ഒരേയൊരു ഹിൽ സ്റ്റേഷൻ എന്ന റെക്കോർഡും വാൽപ്പാറയ്ക്കുണ്ട്.

valparai-trip4

ധാരാളം കാപ്പിത്തോട്ടങ്ങളുടേയും  തേയിലത്തോട്ടങ്ങളടേയും മനം കുളി‍ർപ്പിക്കുന്ന കാഴ്ചയാണ് വാൽപ്പാറയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. നീരാർ ഡാം, ഷോളയാർ ഡാം, നല്ലമുടി പൂഞ്ചോല, മാനാമ്പള്ളി പവർഹൗസ് ബാലാജി ക്ഷേത്രം തുടങ്ങി കാഴ്ചകളും ഇവിടെയുണ്ട്. 

ഹെയർപിൻ വളവുകളിലൂടെ യാത്ര

40 ഹെയർപിൻ വളവുകളുള്ള പ്രസിദ്ധമായ വാൽപ്പാറ ചുരമാണ് അടുത്ത ആകർഷണം. ചുരത്തിലെ ചില വ്യൂ പോയിന്റുകളിൽ നിന്നാൽ താഴെ ആളിയാർ ഡാമും റിസർവോയറുമെല്ലാം വളരെ മനോഹരമായി കാണാവുന്നതാണ്. അനമലൈ നാഷണൽ പാർക്കിന്റെ ഭാഗമാണ് വാൽപ്പാറ. അതുകൊണ്ട് ആനകളെ മാത്രമല്ല കാട്ടുപോത്ത്, പുലി തുടങ്ങിയവയെല്ലാം ഇവിടെ കാണാം.

തെയിലതോട്ടങ്ങൾ, വരയാടുകൾ, കാട്ടുപോത്ത്, കാട്ടാന, കോടമഞ്ഞ് ഇതിലെല്ലാമുപരി തിങ്ങി നിറഞ്ഞ കാടിന്റെ സൗന്ദര്യം ഇവയെല്ലാം ഒരുമിച്ച് ആസ്വദിക്കണമെങ്കില്‍ വാൽപാറയിലേക്ക് തിരിക്കാം.

English Summary: Valparai Tourism,Valparai Travel Guide 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com