ADVERTISEMENT

ചുറ്റും  കോവിഡിന്റെ പേടിപ്പെടുത്തുന്ന വാർത്തകളാണ്. പുറത്തിറങ്ങാൻ പറ്റുന്നത്, യാത്ര ചെയ്യാൻ പറ്റുന്നത് എത്രത്തോളം ജീവിതത്തിൽ പ്രാധാന്യമാണെന്ന് ഓർമപ്പെടുത്തുന്നതാണ് ഈ മഹാമാരി കാലം. നമ്മളെല്ലാവരും ജീവിതത്തിൽ നഷ്ടപ്പെടുത്തിയ കുറെ വർഷങ്ങളെ അൽപം കുറ്റബോധത്തോടെ ഓർത്തേക്കാം. മാസ്ക് വയ്ക്കാത്ത, സാനിറ്റൈസർ ഉപയോഗിക്കാത്ത, വൈറസിനെ കുറിച്ച് ചിന്തിക്കാതെ യാത്ര ചെയ്യാൻ പറ്റിയിരുന്ന ഒരു സുവർണ്ണകാലം.

manali-trip1

ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് യാത്രക്ക് തടസം മറ്റ് പലതായിരുന്നു പലർക്കും. ഏതൊക്കെ സാഹചര്യങ്ങൾ ആണെങ്കിലും യാത്രയെ ഇഷ്ടപ്പെടുന്നവർ അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുക തന്നെ ചെയ്യും. അങ്ങനെ പോയിട്ട് ഉള്ളവരാണ് ഇന്ന് യഥാർത്ഥത്തിൽ അനുഭവ സമ്പന്നർ. ഈ കോവിഡ് കാലത്ത് ഉത്തരേന്ത്യയിലേക്ക് യാത്ര പോയത് വലിയ ഒരു നേട്ടമായി കാണുന്നു. പോകുമ്പോഴും പോയി വന്നപ്പോഴും കോവിഡ് പിടി കൂടുമോ എന്ന നല്ല ടെൻഷനിലായിരുന്നു.

manali-trip3

പല ഫോട്ടോകളും വിഡിയോകളും മഞ്ഞു വാരിയെറിയുന്നത് കണ്ടതുമുതൽ മണാലി മനസ്സിലെ ഫ്രെയിമിൽ പതിഞ്ഞതാണ്. എന്തായാലും ഒരു സ്വപ്നം പോലെ അത് അവിടെ കിടന്നു. ജോലി അവസാനിച്ചപ്പോൾ വരുമാനമില്ലാതെ ഇനി എങ്ങനെ യാത്ര ചെയ്യാം എന്ന ചിന്തയിലായി. ചെറിയ പരിചയക്കാരെ വച്ച് യാത്രകൾ സംഘടിപ്പിച്ചു കൊണ്ടുപോയി തുടങ്ങി. കുറച്ചു യാത്രകൾ സംഘടിപ്പിച്ചതിന്റെ ധൈര്യം കൈമുതലാക്കി മണാലി യാത്രയും പ്ലാൻ ചെയ്തു. എന്റെ കൂടെ വരാൻ ധൈര്യം കാണിക്കുന്ന കുറച്ചു പേരെയും കിട്ടണമല്ലോ. എന്നാൽ അത് വളരെ എളുപ്പമായിരുന്നു. അങ്ങനെ ഞങ്ങൾ 12 പേർ. ടിക്കറ്റ് ബുക്ക് ചെയ്തു.

manali-trip4

എന്നാൽ അപ്പോഴാണ് കൊറോണ എന്ന വില്ലന്റെ വരവ്. ആഗ്രഹം നടക്കില്ല എന്ന് മനസ്സിലായി. കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അങ്ങനെ കഴിഞ്ഞവർഷം പോകേണ്ട യാത്ര വൈകി. ഇപ്പോഴും വൈറസ് നമ്മുടെ ചുറ്റും ഉണ്ട്. എന്നാൽ ഇനിയും ക്ഷമ കിട്ടുന്നില്ലായിരുന്നു. പലരുടെയും വാക്കുകൾ ചോദ്യചിഹ്നം പോലെ മുന്നിൽ നിൽക്കുകയാണ്. ഏറെക്കുറെ പലസംസ്ഥാനങ്ങളിലും ടൂറിസം ഓപ്പൺ ആയി എന്ന് അറിഞ്ഞതോടുകൂടി പോകാൻ തന്നെ തീരുമാനിച്ചു. എന്നാൽ ചോദ്യശരങ്ങൾ പല ദിക്കുകളിൽ നിന്നും. ഈ സമയത്ത് തന്നെ പോണം, പോയാൽ എന്തായാലും പണി കിട്ടും... അങ്ങനെ നീളുന്നു. ടെൻഷൻ ഉണ്ടെങ്കിലും പോകാനുള്ള ആഗ്രഹം ഇനിയും നീട്ടി വെച്ചാൽ നടക്കില്ല എന്ന തോന്നൽ കൊണ്ടു പോകാൻ തന്നെ തീരുമാനിച്ചു.

manali-trip2

അങ്ങനെ ഏപ്രിൽ രണ്ടിന് ടിക്കറ്റ് എടുത്തു. സത്യം പറഞ്ഞാൽ ഉറക്കം നഷ്ടപ്പെട്ടു എന്ന് തന്നെ പറയാം. പല സ്ഥലങ്ങളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. എന്നാൽ ഡൽഹി അത് നിർബന്ധം ആകാത്തത് കൊണ്ട് അതിൽ നിന്നു രക്ഷപ്പെട്ടു. അങ്ങനെ ആ ദിവസം വന്നെത്തി. തൃശ്ശൂരിൽനിന്ന് ഞങ്ങൾ 12 പേർ. നേരെ എയർപോർട്ടിലേക്ക്. മാസ്കും ഹെൽമറ്റും അവർ തന്ന ഡ്രസ്സും ഒക്കെ ഇട്ടു ഓപ്പറേഷൻ തീയേറ്ററിൽ പോകുന്ന പോലെ ഒരു പോക്ക്. പറന്നു തുടങ്ങിയപ്പോഴാണ് ഒരു ആശ്വാസം. സത്യമാണോ എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം. എന്തായാലും പറക്കുകയാണ് സ്വപ്നത്തിലേക്ക്. വലിയ ഭാവപ്രകടനങ്ങൾ ഒന്നും പുറത്തു കാണിച്ചിലെങ്കിലും മനസ്സിൽ ശിങ്കാരിമേളം ആയിരുന്നു. 

manali-trip

ഡൽഹിയിലെത്തി. വൈകുന്നേരം ആറുമണിക്കാണ് മണാലിലേക്കുള്ള ബസ്. കുറച്ചു സമയം ബാക്കിയുണ്ട്. നമ്മുടെ മനസ്സിൽ കണ്ട ഒന്നുമായിരുന്നില്ല ഡൽഹി. ഭിക്ഷ എടുക്കുന്ന കുട്ടികളും ചേരികളും കുഞ്ഞു കടകളും. അതിനിടയിൽ തലയെടുപ്പോടെ നിൽക്കുന്ന ചില കാഴ്ചകളും. ബസ് സ്റ്റേഷൻ എത്തി. കുറച്ചു സമയം ബാക്കിയുണ്ട്. എങ്കിൽ ഒരു ചായ കുടിക്കാം എന്ന് തീരുമാനിച്ചു. ഒരു മരച്ചുവട്ടിൽ പ്രായമായ ഒരാൾ ചായക്കട നടത്തുന്നു. തട്ടുകട എന്ന് പോലും പറയാൻ പറ്റില്ല അത്രയ്ക്ക് ചെറിയ മിതമായ സൗകര്യങ്ങൾ ഉള്ള ഒരിടം. നാലഞ്ചു ചെറിയ പാത്രങ്ങളിൽ ആയി കുറച്ചു മിഠായികൾ അത് മാത്രമേ ഉള്ളൂ അവിടെ. പത്തു രൂപയ്ക്ക് കുടിച്ചാ ചായയ്ക്ക് വല്ലാത്തൊരു സംതൃപ്തി ആയിരുന്നു. ഈ പ്രായത്തിലും ജോലിചെയ്യുന്ന ഒരു മനുഷ്യൻ, ആ ചായക്കടയുടെ ഒരു ചുറ്റുപാട്, അദ്ദേഹത്തിന്റെ മുഖത്തുള്ള സൗമ്യമായ ചിരി ഇതൊക്കെയാവാം.

കൃത്യസമയത്ത് ബസ് വന്നു. അങ്ങനെ സ്വപ്നത്തിലേക്കുള്ള ആദ്യ കാൽവയ്പ് ആ ബസ്സിലേക്ക്. രാവിലെ വരെ ബസ്സിലാണ്. യാത്ര പുറപ്പെട്ടു. രാത്രി 10 മണിയായപ്പോൾ ഭക്ഷണം കഴിക്കാൻ നിർത്തി. സാധാരണ ബസ്സിൽ യാത്രയ്ക്ക് ഉറക്കം പതിവില്ല. എന്നാൽ നന്നായി ഉറങ്ങി. രാവിലെ ഏകദേശം ഒരു ആറര ആയിക്കാണും. ഞെട്ടിയുണർന്നു ഞാൻ ഇത് എവിടെയാ എന്ന് ആലോചിച്ചു, കണ്ണുതുറന്നു. ചുറ്റുപാടും നോക്കി പലരും ഉറങ്ങുന്നു. നേരെ സൈഡിലേക്ക് നോക്കിയപ്പോൾ അന്തരീക്ഷം ആകെ മാറിയിരിക്കുന്നു. തെളിഞ്ഞ ആകാശം, ആ മാറ്റം തന്നെ മനസ്സിനെ ഒന്നു ഉണർത്തി. കുറച്ചു കൂടെ മുന്നോട്ടു പോയപ്പോൾ നീല നിറത്തിലുള്ള ഒരു കുഞ്ഞു നദി ഒഴുകുന്നു. നിറയെ ചെറിയ പാറക്കഷ്ണങ്ങൾ. പ്രകൃതിക്ക് ആകെ കൂടി നിറം കൂടുതലാണ്. ബിയാസ് നദി ആണത്. മുന്നോട്ടു ചെല്ലുന്തോറും ആ നദിയുടെ സൗന്ദര്യം കൂടി വരുന്നു. ഒരു സൈഡിൽ റോഡ് പണി നടക്കുകയാണ്. അതിന്റെ ബഹളം ഉണ്ട്. മറുഭാഗം ഇത് സ്വപ്നമാണോ എന്ന് തോന്നിപ്പോകുന്ന സുന്ദരിയായ നദിയുടെ കാഴ്ച. ഇവിടെ ഇങ്ങനെയാണെങ്കിൽ മണാലിയിൽ എത്തുമ്പോൾ എന്താവും എന്ന് മനസ്സിൽ പറഞ്ഞു. എന്തായാലും ഒരു ലക്ഷ്യം കണ്ട ആവേശമായിരുന്നു എനിക്ക്.

അങ്ങനെ മണാലിയിൽ എത്തി. ബസ്സിൽ ഇരുന്നപ്പോൾ അറിയാത്ത ഒരു തണുപ്പ് പുറത്തെത്തിയപ്പോൾ അറിഞ്ഞുതുടങ്ങി. ആ തണുപ്പ് ഒരു പുതപ്പു പോലെ നമ്മളെ വാരിപ്പുണർന്നു. നേരെ റൂമിലേക്ക്. ഫ്രഷായി. നല്ല വിശപ്പ് അപ്പോഴേക്കും ഭക്ഷണം റെഡി ആയിരുന്നു. ഹോട്ടലിന് സൈഡിൽ മുറ്റത്തെ ഒരു ടേബിൾ ഒരുക്കിയിരുന്നു. ആവശ്യക്കാർക്ക് അവിടെയും ഇരുന്ന് കഴിക്കാം. സാധാരണ വെയിലു കണ്ടാൽ പുറത്തിറങ്ങാത്ത ഞാനാണ്. പക്ഷേ അന്ന് ആ വെയിലത്ത്  ഇരുന്ന് ഭക്ഷണം കഴിച്ചു. ഒരു ചൂടും തോന്നിയില്ല. നല്ല തണുപ്പും ആ വെയിലും ആസ്വദിച്ച് ഭക്ഷണം കഴിച്ചു. നല്ല മയമുള്ള പൂരി. കടുപ്പത്തിലൊരു ചായ. നല്ല രുചിയുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് എല്ലാവരും കൂടെ മണാലിയിലെ ആദ്യത്തെ കാഴ്ചയിലേക്ക്.

ഓരോ സ്ഥലങ്ങൾ എടുത്ത് പറയുന്നില്ല. പക്ഷേ ചില കാഴ്ചകളെ കുറിച്ച് ചില തോന്നലുകൾക്കുറിച്ച് പറയാതിരിക്കാനാവില്ല. അവരുടെ അവിടെ ഉള്ള ജീവിതം വളരെ ലളിതമാണ് ചെറിയ ജോലികളാണ് ഓരോരുത്തരുടെയും. അതിൽ സ്ത്രീ-പുരുഷ വ്യത്യാസം ഒന്നുമില്ല. മിക്കവരുടെയും വരുമാനം ടൂറിസ്റ്റുകളെ ആശ്രയിച്ചാണ്. ചിലർ അവരുടെ വീട്ടിൽ വളർത്തുന്ന മുയലുകളെ നമ്മുടെ കയ്യിൽ കൊണ്ടു തരും. ഫോട്ടോ എടുക്കാൻ സമ്മതിക്കും. അതിന് ചെറിയൊരു തുക വാങ്ങിക്കും. അവരുടെ പരമ്പരാഗത വേഷങ്ങൾ നമ്മളെ അണിയിച്ചൊരുക്കും. ഒരു പ്രത്യേക ഭംഗിയാണ് അവരുടെ വസ്ത്രങ്ങൾക്ക്. സത്യത്തിൽ അപ്പോൾ ഞാനോർത്ത ഒരു കാര്യമുണ്ട്. നമ്മുടെ കേരളത്തിലും ഇതുപോലെ വിദേശ ടൂറിസ്റ്റുകൾ വരുമ്പോൾ നമ്മുടെ പരമ്പരാഗത വസ്ത്രങ്ങൾ അവരെ അണിയിക്കാനോ ഫോട്ടോ എടുത്തു കൊടുക്കാനോ ആരും നിൽക്കാറില്ലെന്ന്. നമ്മുടെ സെറ്റ് സാരിക്കും മുണ്ടിനുമില്ലേ ആരാധകർ. ഉണ്ട് എന്നാലും ആരും അതിന് മെനക്കെടാറില്ല. അവർക്ക് ഒരു വരുമാനമാർഗം ആണെങ്കിലും വളരെ അഭിമാനത്തോടെ കൂടിയാണ് ചെയ്യുന്നത്.

വസ്ത്രങ്ങളുടെ ഭംഗി പോലെ തന്നെയാണ് അവിടെയുള്ള പല ആളുകളും. എന്തൊരു സൗന്ദര്യം ആണ്. ചിരിക്കുമ്പോൾ മുഖം ആപ്പിള് പോലെ. നമ്മുടെ നാട്ടിൽ ആപ്പിൾ ഉണ്ടാവുകയാണെങ്കിൽ നമ്മളും ഇങ്ങനെയൊക്കെ ആകുമെന്ന് മനസ്സിൽ പറഞ്ഞ് ആശ്വസിച്ചു. മറ്റൊരു അത്ഭുതം ആയി തോന്നിയത് വസിഷ്ഠ ക്ഷേത്രത്തിൽ പോയപ്പോഴാണ്. മണ്ണിനടിയിൽ നിന്ന് വരുന്ന ചൂടുവെള്ളം. സ്ത്രീകൾക്കും പുരുഷന്മാർക്കും കുളിക്കാനുള്ള പ്രത്യേക കുളം. ആ ജലം വളരെ പവിത്രമായി അവർ കാണുന്നു, ആരാധിക്കുന്നു. എങ്ങനെയാണ് ഈ ചൂട് നീരുറവ വരുന്നത്. ചില വിശ്വാസങ്ങൾക്ക് കണ്ടെത്തലുകളുടെ ആവശ്യമില്ല. അങ്ങനെ തോന്നുന്നു.

ഇനി അവിടുത്തെ മനുഷ്യർക്കു മാത്രമല്ല പ്രത്യേക ഭംഗി. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരുപാട് നായ്ക്കുട്ടികളെ കാണാം. തടിച്ചുരുണ്ട  നിറയെ രോമങ്ങൾ ഉള്ള പല സുന്ദര കുട്ടപ്പൻമാരെ കണ്ടു. നല്ല ഇണക്കം ഉള്ളവരാണ്. ആ നാട്ടിൽ ജീവിക്കാൻ ദൈവം തന്നെ അവർക്ക് തണുപ്പിനെ പ്രതിരോധിക്കാൻ നല്ല കമ്പിളിപ്പുതപ്പ് കൊടുത്തിട്ടുണ്ടായിരുന്നു. അതാണ് അവരങ്ങനെ. ദൈവത്തിന്റെ ഓരോ പദ്ധതികളെ.

രാത്രി സാമാന്യം നല്ല തണുപ്പുണ്ടായിരുന്നു. ഉറങ്ങാൻ തന്നെ ബുദ്ധിമുട്ടി. പക്ഷേ ആ ഉറക്കമില്ലായ്മ ഞാൻ മണാലിയിൽ ആണല്ലോ എന്നോർത്തപ്പോൾ കണ്ണ് ഞാൻപോലുമറിയാതെ ഒന്നുകൂടെ ഉണർന്നു. എപ്പഴോ സംതൃപ്തിയുടെ ആഹ്ലാദത്തിന്റെ നിറവിൽ ഞാൻ മയങ്ങി.

അങ്ങനെ പിറ്റേ ദിവസം. ഇന്ന് പോകുന്നത് എങ്ങോട്ടാ.. മഞ്ഞു വാരി എറിയാൻ. അതോർത്തപ്പോൾ തന്നെ അപ്പോൾ ഉള്ള തണുപ്പ് ഇരട്ടിച്ചു. വേഗം തന്നെ റെഡിയായി. എല്ലാവരുമായി ഇറങ്ങി. സിസു എന്ന കൊച്ചു ഗ്രാമത്തിലേക്കാണ് പോകുന്നത്. പോകുന്ന വഴികൾ തന്നെ നമ്മളെ മറ്റൊരു ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത് എന്ന് തോന്നിപ്പോകും. അത്ര ഭംഗി.വാക്കുകൾക്കതീതമാണ്. അനുഭവിച്ചറിയേണ്ട ഒരു വികാരമാണ് അത്. അടൽ ടണൽ കടന്ന് എത്തിയ ആ നിമിഷം ലോകത്തിലെ ഏറ്റവും വലിയ വിസ്മയ കാഴ്ചയായിരുന്നു. ചുറ്റും മഞ്ഞുമൂടി വെള്ള പുതച്ച് നിൽക്കുന്ന ഒരു ഇടം. നേരെ ഓടി ഇറങ്ങി മഞ്ഞിലേക്ക്... കയ്യിൽ വാരിയെടുത്തു. കൊച്ചു കുഞ്ഞിനെ പോലെവാരി എറിയാൻ തുടങ്ങി. ഞാൻ മാത്രമല്ല കേട്ടോ. കൂടെ വന്ന എല്ലാവരും കൊച്ചുകുഞ്ഞുങ്ങളെ പോലെയായി. മഞ്ഞിലൂടെ താഴേക്ക് ഇറങ്ങുന്നു. കയറുന്നു, വീഴുന്നു. കിടക്കുന്നു, ഉരുളുന്നു. വീണ്ടും എല്ലാവരും ചെറുപ്പത്തിലേക്ക് പോയി. പ്രായം മറന്ന് പരിസരം മറന്ന് എല്ലാവരും ആസ്വദിച്ച നിമിഷങ്ങളായിരുന്നു അത്. ഡാൻസ് കളിച്ചു പാട്ടുപാടിയും ആ ദിവസം ഞങ്ങൾ കെങ്കേമം ആക്കി.

ഇനി ഒരു ദിവസം കൂടിയുണ്ട് ബാക്കി. അതും ഒരു വലിയ സ്വപ്നമാണ്.

പാരാഗ്ലൈഡിങ്. ചെറിയ ടെൻഷനുണ്ടായിരുന്നു അതേപോലെതന്നെ ചെയ്യണമെന്ന ആഗ്രഹവും.എന്തായാലും രണ്ടും കൂടെ ഓർത്ത് അന്നത്തെ ദിവസം കിടന്നുറങ്ങി.

 

മണാലിയിലെ ഞങ്ങളുടെ മൂന്നാമത്തെ ദിവസം

പക്ഷികളെ പോലെ പറക്കാൻ സാധിക്കുക. അത് ജീവിതത്തിലെ ഒരു വലിയ അനുഭവമാണ്. അത് എപ്പോഴും എല്ലായിടത്തും നമുക്ക് കിട്ടുന്നതല്ല. ആ പക്ഷിയാകാൻ അങ്ങനെ തീരുമാനിച്ചു. 7000 അടി ഉയരത്തിൽ നിന്ന് പറന്നു. ആ 8 മിനിറ്റ് ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങളിൽ ചിലത് ആയി മാറി. അത്ര ഉയരത്തിൽനിന്ന് താഴെ ഭൂമിയെ കാണുക മരങ്ങളെ കാണുക നദിയെ കാണുക വല്ലാത്തൊരു അനുഭവം തന്നെയാണ് അത്. ജീവിതം ഒരു പട്ടം പോലെ പാറിപ്പറന്ന ആ നിമിഷങ്ങൾ ദൈവത്തിന്റെ വലിയൊരു അനുഗ്രഹമായി കാണുന്നു. മനോഹരമായ ഒരു ജീവിതം ദൈവം തന്നപ്പോൾ അത് ഞാൻ ഉപയോഗിച്ചു എന്ന തോന്നലായിരുന്നു ആ നിമിഷം.

ഭംഗിയായി മണാലി യാത്രയും അങ്ങനെ അവസാനിച്ചിരിക്കുന്നു. കൂടെ വന്നവർ എല്ലാവരും സന്തുഷ്ടരാണ്. സത്യം പറഞ്ഞാൽ യാത്ര ചെയ്യാൻ ഉള്ള ആഗ്രഹം കൊണ്ട് മാത്രം ഒരു ടൂർ ഓപ്പറേറ്റർ ആയ ആളാണ് ഞാൻ. ഒരുപാട് യാത്രകൾ നടത്തിയ അനുഭവസമ്പത്തുമില്ല. ടൂർ ഓപ്പറേറ്ററായാൽ കാശ് ചെലവില്ലാതെ യാത്ര ചെയ്യാലോ എന്നുള്ള ഒരു ചിന്തയിൽ നിന്നാണ് ഈ ആശയം തന്നെ ഉരുത്തിരിഞ്ഞുവന്നത്. ആദ്യത്തെ യാത്ര കോയമ്പത്തൂർ ഇഷാ യോഗ സെന്ററിലേക്ക് ആയിരുന്നു ഒരു വൺ ഡേ ട്രിപ്പ്. 26 പേരുണ്ടായിരുന്നു. കൂടുതലും സ്ത്രീകൾ. ആ യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ പലരും അടുത്ത യാത്രയും അറിയിക്കണമെന്ന് പറഞ്ഞതായിരുന്നു പിന്നീടങ്ങോട്ടുള്ള യാത്രകൾ സംഘടിപ്പിക്കാനുള്ള എന്റെ ഏറ്റവും വലിയ ഊർജം.

ഡോറയുടെ പ്രയാണം എന്നാണ് എന്റെ ടൂറിന് പേര്. മൂന്നുവർഷമാകുന്നു ഈ പ്രയാണം തുടങ്ങിയിട്ട്. സോഷ്യൽ മീഡിയയിലൂടെ ആണ് പുതിയ യാത്രകൾ സംഘടിപ്പിക്കുന്നത്. തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രത്തിന്റെ മുന്നിൽ നിന്നാണ് ഓരോ യാത്രയും പുറപ്പെടുന്നത്. കൂടുതലും സുഹൃത്തുക്കൾ അവരുടെ പരിചയത്തിൽ വരുന്ന ആളുകൾ അങ്ങനെയാണ് യാത്രക്കാർ. ചിലപ്പോൾ പ്രതീക്ഷിച്ച ആളുകൾ ഇല്ലാതാകുമ്പോൾ ട്രിപ്പ് ക്യാൻസലാകും. ഇതിനിടയ്ക്ക് പ്രളയവും കൊറോണയും ഒക്കെ യാത്രയ്ക്ക് ഒരുപാട് തടസങ്ങൾ സൃഷ്ടിച്ചു. വെറും എട്ട് പേരെ കൊണ്ട് ലക്ഷദ്വീപിലേക്ക് യാത്ര പോയിട്ടുണ്ട്.

പുരുഷന്മാരെ പോലെ തന്നെ യാത്രാ ഭ്രാന്ത് മനസ്സിൽ കൊണ്ടു നടക്കുന്നവരുണ്ട്. എന്നാൽ സ്ത്രീകൾക്ക് പലപ്പോഴും ആഗ്രഹം ഉണ്ടായാലും സാമ്പത്തികം ഉണ്ടായാലും സാഹചര്യം അനുകൂലമല്ലാതാകുന്നു. കൊണ്ടുപോകാൻ ആരും ഇല്ലാത്തവരും ഉണ്ട്. ഡോറയുടെ പ്രയാണം പ്രതീക്ഷിക്കുന്നത് അതുപോലെയുള്ള ആളുകളെ കൊണ്ടു പോവുക എന്നതാണ്. അപ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു ആത്മസംതൃപ്തി ഉണ്ട്. അത് ചെറുതല്ല. ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. കാരണം എനിക്ക് അധികം പരിചയമില്ലാത്ത ഒരു മേഖല ആയിരുന്നുവത്. ആത്മവിശ്വാസവും പരിശ്രമവും കൈമുതലാക്കി ഈ രംഗത്തെക്കു ഇറങ്ങിയതാണ്. ടൂറിസം മേഖലയിലുള്ളവർ  നല്ല രീതിയിലെ ഇതുവരെ പ്രതികരിച്ചിട്ടുള്ളു.ഒരു മോശം അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല.

യാത്രകൾ അവസാനിക്കുന്നില്ല...

അടുത്ത സ്വപ്നഭൂമി കശ്മീർ ആണെന്ന് മനസ്സിൽ കുറിച്ചാണ് മണാലിയോട് വിട പറഞ്ഞത്. ആ ദിവസവും കടന്നുവരും. ശുഭപ്രതീക്ഷയോടെ.. കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com