ADVERTISEMENT

നയാഗ്ര വെള്ളച്ചാട്ടത്തെക്കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. എന്നാല്‍ നമ്മുടെ സ്വന്തം ഇന്ത്യയിലുമുണ്ട് ഒരു 'നയാഗ്ര'. അതാണ്‌ കശ്മീരിലുള്ള അഹര്‍ബാല്‍ വെള്ളച്ചാട്ടം. കുല്‍ഗാം ജില്ലയിലെ നൂറാബാദിനടുത്തായി സ്ഥിതി ചെയ്യുന്ന അഹര്‍ബാല്‍ വെള്ളച്ചാട്ടത്തിനെ 'കശ്മീരിന്‍റെ നയാഗ്ര' എന്നാണ് വിളിക്കുന്നത്. ഝലം നദിയു‌ടെ പോഷകനദിയായ വിഷവ് നദിയിലുള്ള ഈ വെള്ളച്ചാട്ടം 25 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് താഴേയ്ക്ക് പതിക്കുന്നത്. 100 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കാൻ അത്രയും ജലം ഈ വെള്ളച്ചാട്ടത്തിലുണ്ട്. കണ്ണിനും കാതിനും ഒരുപോലെ ഉത്സവമേളമൊരുക്കുന്ന ഈ വെള്ളച്ചാട്ടവും അരികിലുള്ള മറ്റു കാഴ്ചകളും കാണാനും അനുഭവിച്ചറിയാനുമായി വര്‍ഷംതോറും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.

കാഴ്ചകള്‍ മാത്രമല്ല

ഭൂമിയിലെ സ്വര്‍ഗതുല്യമായ സ്ഥലങ്ങളില്‍ ഒന്നാണ് അഹര്‍ബാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന അഹര്‍ബാല്‍ ഹില്‍സ്റ്റേഷന്‍. കശ്മീരിലെ പ്രധാനപ്പെട്ട ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണിത്. സമുദ്രനിരപ്പില്‍ നിന്നും 2266 മീറ്റര്‍ ഉയരത്തില്‍, പീര്‍ പഞ്ചല്‍ പര്‍വതപ്രദേശത്തായാണ് അഹര്‍ബാല്‍. എങ്ങും സമാധാനവും സൗന്ദര്യവും വഴിഞ്ഞൊഴുകുന്ന ഈ പ്രദേശം കണ്ടാല്‍ കലാപബാധിതമായ കശ്മീരിനെപ്പറ്റി ആരും ഓര്‍ക്കുക പോലുമില്ല. 

മഞ്ഞുമൂടിയ പര്‍വതത്തലപ്പുകളും പുല്‍മേടുകളും പൈന്‍മരത്തോട്ടങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് സാഹസിക സഞ്ചാരികളാണ് ഏറ്റവും കൂടുതല്‍ ഒഴുകിയെത്തുന്നത്. ട്രെക്കിങ്, വ്ലോഗിങ്, ഫോട്ടോഗ്രാഫി, സ്കീയിങ്, കുതിരസവാരി, മീന്‍പിടിത്തം തുടങ്ങിയ വിനോദങ്ങള്‍ക്കും ഇവിടെ സാധ്യതകളുണ്ട്. അതിനാല്‍ വിദേശസഞ്ചാരികള്‍ അടക്കമുള്ളവരെ ഏതുസമയത്തും ഇവിടെ കാണാം. 

നദിയില്‍ മീന്‍ പിടിക്കാം

ധാരാളം മീനുകളുള്ള നദിയാണ് വിഷവ്. അതുകൊണ്ടുതന്നെ മീന്‍പിടിത്തം ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഒരു പ്രധാന വിനോദമാണ്. ഇതിനായി അഹര്‍ബാലിലെ ഫിഷറീസ് വകുപ്പില്‍ നിന്നും പ്രത്യേകം പെര്‍മിഷന്‍ എടുക്കണം. വിഷവ് നദിയുടെ ഉത്ഭവസ്ഥാനമായ കോൺസെർനാഗ് തടാകത്തിലേക്ക് ട്രെക്കിങ്ങും നടത്താം. രണ്ടു ദിവസം നീളുന്ന യാത്രയാണിത്. പകുതിയില്‍ കുങ്‌വത്താനിലെ ആൽപൈൻ പുല്‍മേട്ടില്‍ വിശ്രമിച്ച് യാത്ര തുടരാം.

സഞ്ചാരികള്‍ക്കായുള്ള സൗകര്യങ്ങള്‍

വിവിധ ദേശങ്ങളില്‍ നിന്നു എത്തുന്ന സഞ്ചാരികള്‍ക്കായി താമസ സൗകര്യവും ഭക്ഷണശാലകളും ഉൾപ്പെടെയുള്ള നിരവധി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സർക്കാർ ഏജൻസിയായ അഹർബൽ ഡവലപ്‌മെന്‍റ് അതോറിറ്റിക്കാണ് ഇതിന്‍റെ ചുമതല. താമസത്തിനായി ചെറിയ കൂടാരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുല്‍മേടുകള്‍ക്കിടയില്‍ ആകാശത്തെ നക്ഷത്രങ്ങളും പര്‍വതത്തലപ്പുകളും കണ്ടു കിടക്കാം.

എങ്ങനെ എത്താം

കുൽഗാം ജില്ലയിലെ നൂറാബാദ് സബ്ഡിവിഷനിലാണ് അഹർബാൽ. ശ്രീനഗറിൽ നിന്നും ഷോപിയാൻ വഴി ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഷോപിയാൻ വഴി കാറിലോ ബസ്സിലോ 3 മണിക്കൂറിൽ താഴെ മാത്രമേ സമയമെടുക്കൂ. കുൽ‌ഗാം - നെഹാമ - ഡി‌എച്ച് പോറ - കെ‌ബി പോറ - മൻ‌സ്ഗാം - വട്ടൂ - അഹര്‍ബാല്‍ ആണ് മറ്റൊരു വഴി. കിഴക്ക് ഭാഗത്തായി 44 കിലോമീറ്റർ അകലെയുള്ള അനന്ത്നാഗ് റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ.

English Summary: Aharbal Waterfall Niagara Falls of Kashmir 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com