ഹിമാലയത്തിലെ സ്വര്‍ഗദേശം, മഞ്ഞും മലകളും അപൂര്‍വ ജീവികളെയും കാണാം!

Pin-Valley-National-Park,-Himachal-Pradesh
By Atul Haldankar/shutterstock
SHARE

അനന്തമായ നീലാകാശക്കീഴെ വിശാലമായി പരന്നുകിടക്കുന്ന ഹിമാലയം. ചുറ്റും ആരുടേയും മനംമയക്കുന്ന, മഞ്ഞില്‍ പൊതിഞ്ഞ മരതകക്കുന്നുകളുടെ കാഴ്ചയും. ഹിമാചൽ പ്രദേശിലെ സ്പിറ്റി വാലിയെക്കുറിച്ച് സഞ്ചാരികള്‍ക്ക് പ്രത്യേകം വിവരിച്ചു കൊടുക്കേണ്ട കാര്യമില്ലല്ലോ. ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു കാഴ്ചയാണ് പിൻ വാലി ദേശീയോദ്യാനം. 

പിന്‍ നദിക്കരയില്‍, സമുദ്രനിരപ്പിൽ നിന്ന് 3300 മുതൽ 6600 വരെ ഉയരത്തിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. 1987-ല്‍ രൂപീകരിക്കപ്പെട്ട ദേശീയോദ്യാനത്തിന് 675 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഹിമപ്പുലി, ഐബക്സ്, ടിബറ്റൻ ഗസെല്ല, നീൽഗായ്, ചുവന്ന കുറുക്കൻ, ഹിമാലയൻ കരടി തുടങ്ങിയ അപൂര്‍വയിനം ജീവികളുടെ സംരക്ഷിത ആവാസകേന്ദ്രമാണിത്. കൂടാതെ, ത‌‌ാഴ്‌‌വാരം നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന പേരറിയാപ്പൂക്കളും എങ്ങും തളംകെട്ടി നില്‍ക്കുന്ന ശാന്തതയുമെല്ലാം ചേര്‍ന്ന് ഇവിടുത്തെ അനുഭവം മായികമാക്കിത്തീര്‍ക്കുന്നു. 

കാഴ്ചകളും ട്രെക്കിങ്ങും

ദേശീയോദ്യാനം കൂടാതെ, പിന്‍ ത‌‌ാഴ്‌‌വരയിലുടനീളം സഞ്ചാരികള്‍ക്ക് കണ്‍നിറയെ കാണാന്‍ ഒട്ടേറെ കാഴ്ചകളുണ്ട്‌. നഗരത്തിന്‍റെ ശ്വാസംമുട്ടിക്കുന്ന പതിവുകളില്‍ നിന്നും ഓടിയൊളിച്ചിരിക്കാന്‍ മികച്ച സ്ഥലമാണ് ഇവിടം. എല്ലാ അസ്വസ്ഥതകളും ഹിമാലയക്കുളിരില്‍ എരിച്ചു കളഞ്ഞ് ഫ്രെഷായി തിരിച്ചു പോകാം. അതിരാവിലെ എഴുന്നേറ്റ്, കയ്യിലൊരു ചായക്കപ്പുമായി മഞ്ഞില്‍പ്പൊതിഞ്ഞ മലനിരകള്‍ക്ക് പിന്നില്‍ നിന്നും സൂര്യരശ്മികള്‍ ഭൂമിയിലേക്ക് പടര്‍ന്നു വരുന്ന കാഴ്ച കാണുന്നത് എത്ര ഹൃദയഹാരിയായിരിക്കുമെന്ന് ഓര്‍ത്തു നോക്കൂ!

Pin-Valley-National-Park,-Himachal-Pradesh1
mrinalpal/shutterstock

സ്പിറ്റി, പിന്‍ നദികളുടെ സംഗമസ്ഥാനമാണ് ഇവിടെയുള്ള മറ്റു പ്രധാന കാഴ്ചകളിലൊന്ന്. പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച കുൻഗ്രി മൊണാസ്ട്രിയാണ് മറ്റൊരു കാഴ്ച. ഭാഗ്യമുണ്ടെങ്കില്‍ ഇവിടെ താങ്ങാനും അവസരം ലഭിക്കും. ത‌‌ാഴ്‌‌വാരത്തിലൂടെ ചുമ്മാ നടക്കുമ്പോള്‍ ഏതെങ്കിലും അപൂര്‍വ ജീവിയെ മുഖത്തോടുമുഖം കാണാനുള്ള അവസരവും ലഭിച്ചേക്കാം. 

അല്‍പ്പം സാഹസികത ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഇവിടെ ട്രെക്കിംഗ് നടത്താനുള്ള റൂട്ടുകളും ധാരാളമുണ്ട്. ഭാബാ പാസ് ട്രെക്ക്, പിൻ പാർവതി ട്രെക്ക് എന്നിവയാണ് ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ചില ട്രെക്കുകൾ. 

താമസവും ഭക്ഷണവും

സ്പിറ്റിയിലെ ടൂറിസം മേഖല അതിവേഗം വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു. അതിഥികള്‍ക്ക് രാത്രി തങ്ങാനായി നിരവധി ഗസ്റ്റ്ഹൗസുകളും ഹോംസ്റ്റേകളും ഇവിടെയുണ്ട്. പ്രശസ്തമായ മഡ് വില്ലേജിലാണ് ഏറ്റവും കൂടുതൽ ഹോംസ്റ്റേകളും ഗസ്റ്റ്ഹൗസുകളും ഉള്ളത്.  കൂടാതെ ഗുല്ലിംഗ്, സംഗം എന്നീ ഗ്രാമങ്ങളിലും നിരവധി താമസ സൗകര്യങ്ങളുണ്ട്. പ്രതിദിനം 1000 രൂപ മുതൽ 2000 രൂപ വരെയാണ് പ്രതിദിന വാടക. ധാബകളോ റെസ്റ്റോറന്റുകളോ ഇല്ലാത്തതിനാൽ, ഭക്ഷണം കഴിക്കാനും ഈ ഹോംസ്റ്റേകളിലും ഗസ്റ്റ്ഹൗസുകളിലും സൗകര്യമുണ്ട്. 

എങ്ങനെ എത്താം?

പിൻ വാലിയിലെത്താൻ ആദ്യം സ്പിറ്റി വാലിയിലെ കാസയ്ക്കും ധങ്കറിനും സമീപമെത്തണം. ഷിംല, പിയോ, പുഹ്, നാക്കോ റൂട്ടില്‍ പോയാല്‍ ധങ്കർ എത്താം, അല്ലെങ്കിൽ മണാലി വഴിയും എത്താം. 

മണാലിയിൽ നിന്ന് കാസയിലേക്കുള്ള 115 കിലോമീറ്റർ യാത്രക്ക് ഏകദേശം 6 മണിക്കൂർ എടുക്കും; പകരമായി, ഷിംലയിൽ നിന്ന് കിന്നൂർ വഴി കാസയിലേക്ക് ബസ്സിലും പോകാം. ജോഗിന്ദർനഗർ ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

English Summary: Pin Valley National Park, Himachal Pradesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA