മഞ്ഞില്‍ പുതഞ്ഞ് അസ്ഥികൂടങ്ങള്‍; നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച പര്‍വത തടാകം!

roopkund1
By Sushil bisht/shutterstock
SHARE

ഉത്തരാഖണ്ഡില്‍ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പർവതങ്ങളിലൊന്നായ ത്രിശൂലിന്‍റെ ചെങ്കുത്തായ ചരിവിൽ, സമുദ്രനിരപ്പിൽ നിന്ന് 5,029 മീറ്റർ ഉയരത്തിലായാണ് രൂപ്കുണ്ഡ് തടാകം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും നിഗൂഢത നിറഞ്ഞ പ്രദേശങ്ങളില്‍ ഒന്നാണ് ഇവിടം. നിരവധി മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുക്കപ്പെട്ട തടാകത്തിന്‍റെ കാഴ്ചയാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. 12 വർഷത്തിലൊരിക്കൽ നടക്കാറുള്ള നന്ദാദേവി ജാട്ട് ഉത്സവത്തിന് തീർഥാടകർ പോകാറുള്ള വഴിയിലാണ് ഈ തടാകം.

വര്‍ഷത്തിന്‍റെ ഭൂരിഭാഗവും തടാകം ഐസ് നിറഞ്ഞു കിടക്കും. വേനല്‍ക്കാലത്ത് മഞ്ഞ് ഉരുകുമ്പോഴാണ് അസ്ഥികൂടങ്ങൾ ദൃശ്യമാകുന്നത്. ഇന്നുവരെ, ഏകദേശം 600-800 ആളുകളുടെ അസ്ഥികൂട അവശിഷ്ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ടൂറിസം പ്രമോഷനുകളിൽ, പ്രാദേശിക സർക്കാർ ഇതിനെ "നിഗൂഢ തടാകം" എന്നാണു വിശേഷിപ്പിക്കുന്നത്.

ചുരുളഴിയാത്ത രഹസ്യങ്ങൾ

1942 -ൽ ഈ പ്രദേശത്ത് പട്രോളിംഗ് നടത്തിയ ബ്രിട്ടീഷ് ഫോറസ്റ്റ് റേഞ്ചര്‍മാരാണ് ഈ അസ്ഥികൂടങ്ങളുടെ കാഴ്ച ആദ്യമായി കണ്ടത്. അരനൂറ്റാണ്ടിലേറെയായി നരവംശശാസ്ത്രജ്ഞരും ശാസ്ത്രജ്ഞരും ഈ അവശിഷ്ടങ്ങളെക്കുറിച്ച് പഠിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. 

roopkund
By Vaibhav Dabral/shutterstock

ഏകദേശം, 870 വർഷങ്ങൾക്ക് മുമ്പ് ഒരു ഹിമപാതത്തിൽ കൊല്ലപ്പെട്ട ഒരു ഇന്ത്യൻ രാജാവും കുടുംബവും അവരുടെ പരിചാരകരുമാണ് ഇന്ന് കാണുന്ന ഈ അസ്ഥികൂടങ്ങള്‍ എന്ന് ചിലര്‍ കരുതുന്നു. 1841 ൽ ടിബറ്റ് ആക്രമിക്കാൻ ശ്രമിച്ച ഇന്ത്യൻ സൈനികരുടേതാണ് ഈ അവശിഷ്ടങ്ങള്‍ എന്നും കഥകളുണ്ട്. പ്രത്യാക്രമണം നേരിട്ട സൈനികരില്‍ ചിലര്‍ ഹിമാലയത്തിനു മുകളിലേക്കുള്ള വഴി കണ്ടെത്താൻ നിർബന്ധിതരായി വഴിയിൽ മരിച്ചുവീണത്രേ. 

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പർവതമായ നന്ദാദേവിയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കഥ. നന്ദാദേവി പലയിടങ്ങളിലും ഒരു ദേവതയായി ആരാധിക്കപ്പെടുന്നു. ഈ പ്രദേശത്തെ ഗ്രാമങ്ങളിൽ, നന്ദാദേവി "ഇരുമ്പ് പോലെ കടുത്ത " ഒരു ആലിപ്പഴ കൊടുങ്കാറ്റ് അഴിച്ചുവിട്ടെന്നും അത് ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവനെടുത്തെന്നും പറയുന്ന ഒരു നാടന്‍പാട്ടും ഈ പ്രദേശങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതല്ല, ഒരു പണ്ടുകാലത്ത് ഈ പ്രദേശത്ത് പടര്‍ന്നുപിടിച്ച പകർച്ചവ്യാധിയുടെ ഇരകളെ അടക്കം ചെയ്ത ഒരു "സെമിത്തേരി" ആയിരിക്കാമിതെന്നും അനുമാനിക്കപ്പെട്ടിരുന്നു. 

roopkund3

മരിച്ചവരിൽ ഭൂരിഭാഗവും ശരാശരിയേക്കാൾ കൂടുതൽ ഉയരമുള്ളവരാണെന്ന് ഗവേഷകര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ 35 നും 40 നും ഇടയിൽ പ്രായമുള്ള മധ്യവയസ്കരാണ് കൂടുതലും. ശിശുക്കളോ കുട്ടികളോ ഉണ്ടായിരുന്നില്ല. ചിലർ പ്രായമായ സ്ത്രീകളായിരുന്നു. എല്ലാവരും നല്ല ആരോഗ്യമുള്ളവരുമായിരുന്നു.

ഒന്‍പതാം നൂറ്റാണ്ടില്‍ ഏതെങ്കിലും ദുരന്തമോ ആക്രമണമോ പകര്‍ച്ചവ്യാധിയോ മൂലം, ഒറ്റയടിക്ക് കൂട്ടമായി കൊല്ലപ്പെട്ട ആളുകളുടെ അവശിഷ്ടങ്ങള്‍ ആണെന്നായിരുന്നു ഗവേഷകരുടെ പൊതുവേയുള്ള വിശ്വാസം. എന്നാല്‍, ഇന്ത്യ, യുഎസ്, ജർമ്മനി എന്നിവിടങ്ങളിലുള്ള 16 സ്ഥാപനങ്ങളിൽ നിന്നുള്ള 28 ഗവേഷകര്‍ ഉൾപ്പെടുന്ന ടീം നടത്തിയ അഞ്ച് വർഷം നീണ്ട പഠനം , ഈ അനുമാനങ്ങളൊന്നും ശരിയല്ലെന്ന് കണ്ടെത്തി. തടാകത്തിൽ കണ്ടെത്തിയ 15 സ്ത്രീകളുൾപ്പെടെ 38 മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ ശാസ്ത്രജ്ഞർ ജനിതകപരമായി വിശകലനം ചെയ്തു. കാലപ്പഴക്കം നിര്‍ണ്ണയിച്ചപ്പോള്‍ അവയിൽ ചിലത് ഏകദേശം 1200 വർഷങ്ങൾ പഴക്കമുള്ളതാണ് എന്ന് കണ്ടെത്തി. മരിച്ചവര്‍ക്കിടയിലുള്ള ജനിതക വൈവിധ്യവും ഗവേഷകര്‍ കണ്ടെത്തി. ഇവയില്‍ ഒരു കൂട്ടം ആളുകൾ ദക്ഷിണേഷ്യയിലെ ജനങ്ങള്‍ക്ക് സമാനരായിരുന്നു. മറ്റു ചിലര്‍ ഇന്നത്തെ യൂറോപ്പിൽ, ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ താമസിക്കുന്ന ആളുകളുമായി ജനിതകപരമായി അടുത്ത സമാനത പുലർത്തുന്നവരാണ്. 

കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തെ ആളുകൾ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഒരു പ്രദേശത്തുള്ള പർവതനിരകളിലെ ഈ വിദൂര തടാകത്തിൽ എങ്ങനെ എത്തി? അവര്‍ ഇവിടുത്തെ താമസക്കാരായിരുന്നോ? അതോ, ദേശകാലഭേദമില്ലാതെ ആളുകള്‍ തീർത്ഥാടനം നടത്തിയിരുന്ന എന്തെങ്കിലും ആരാധനാകേന്ദ്രം ഇവിടെ ഉണ്ടായിരുന്നോ? സൈറ്റിൽ നിന്നും ആയുധങ്ങളോ വ്യാപാരവുമായി ബന്ധപ്പെട്ട തെളിവുകളോ ലഭിച്ചിട്ടില്ല. മരണകാരണത്തിനുള്ള വിശദീകരണമായി രോഗകാരിയായ ബാക്ടീരിയകളെയും ഇവിടെ കണ്ടെത്തിയിട്ടില്ല. ഇന്നും ഗവേഷകരെയും സഞ്ചാരികളെയും ഒരുപോലെ കുഴപ്പിക്കുന്ന ചോദ്യമായി രൂപ്കുണ്ഡ്  തടാകം നിലനില്‍ക്കുന്നു. 

English Summary: The mystery of India's 'lake of skeletons' ,Roopkund lake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA