ADVERTISEMENT

ഗാങ്‌ടോക്ക് എന്ന് കേൾക്കുമ്പോൾ, മഞ്ഞുമൂടിയ കൊടുമുടികളും, മൂടൽമഞ്ഞിൽ പൊതിഞ്ഞ നി പ്രകൃതിദൃശ്യവും ആരാണ് കൊതിക്കാത്തത് ഗാങ്‌ടോക്കിൽ എത്തിയാൽ ഇൗ കാഴ്ച സ്വന്തമാക്കാം.  ഇതെല്ലാം ആസ്വദിച്ച് ആരുടേയും ശല്യമില്ലാതെ കുറച്ച് സമയം ചെലവഴിക്കണം എന്നുണ്ടോ?. ഏക്കറുകളോളമുള്ള കൃഷിയിടത്തിന് നടുക്കായി പണിതുയർത്തിയിരിക്കുന്ന മനോഹരമായ ഒരു ഫാം ഹൗസില്‍ താമസിക്കാം. കാടിന് നടുവിൽ പ്രകൃതി സമ്മാനിക്കുന്ന സുന്ദര നിമിഷങ്ങളും മനോഹരമായൊരു വെള്ളചാട്ടത്തിന്റെ കാഴ്ചയും ആസ്വദിക്കാം.

Enchanted-Forest-Farm
Image From Enchanted Forest Farm In Sikkim Official Site

എൻ‌ചാന്റഡ് ഫോറസ്റ്റ് ഫാം

സിക്കിമിലെ ഗാങ്ടോക്കിനടുത്തുള്ള മനോഹരമായ ഗ്രാമമായ പാർബിങ്ങിൽ സ്ഥിതിചെയ്യുന്ന 18 ഏക്കർ വന കൃഷിസ്ഥലത്താണ് ആരേയും അതിശയിപ്പിക്കുന്ന ഫാം ഹൗസ്. പേര് പോലെ തന്നെ മോഹിപ്പിക്കുന്ന ഇടമാണ് ഇവിടം. നഗരത്തിൽ നിന്ന് വളരെ അകലെയല്ലെങ്കിലും തിരക്കിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്ന പ്രകൃതി സ്നേഹികൾക്ക് ഒരു മികച്ച സ്ഥലമാണിത്. ഒരു വലിയ കുന്നിന്റെ മുകളിലായി ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന ഓറഞ്ച്,ആപ്പിൾ തോട്ടങ്ങളുടെ നടുവിലായിട്ടാണ് ഈ ഫാം ഹൗസ്.

Enchanted-Forest-Farm1
Image From Enchanted Forest Farm In Sikkim Official Site

ഗാങ്ടോക്ക് പട്ടണം അതിന്റെ എല്ലാ സൗന്ദര്യത്തോടെയും ഇവിടെ നിന്ന് ആസ്വദിക്കാം. ഫോറസ്റ്റ് ഫാം ആയതിനാൽ ഇവിടെ ധാരാളം കാര്യങ്ങൾ കാണാനുണ്ട്. പ്രധാന ആകർഷണം ഓർഗാനിക് ഫാമാണ്. ഇവിടെ വളർത്തുന്ന പച്ചക്കറികൾ തന്നെയാണ് അതിഥികൾക്ക് പാകം ചെയ്ത് നൽകുന്നത്. ഓറഞ്ച് ആപ്പിൾ എന്നിവയും പലതരം പച്ചക്കറികളും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്.

അടിപൊളി കോട്ടേജുകൾ

Enchanted-Forest-Farm3
Image From Enchanted Forest Farm In Sikkim Official Site

എൻ‌ചാന്റഡ് ഫോറസ്റ്റ് ഫാമിലെ കോട്ടേജുകളാണ് ഏറ്റവും ആകർഷകം. മുറികൾക്കുള്ളിലെ ചൂരൽ ഫർണിച്ചറുകളും മഞ്ഞ ലൈറ്റുകളും പുറത്ത് തണുപ്പുള്ളപ്പോൾ പോലും സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. രണ്ട് വ്യത്യസ്ത കോട്ടേജുകളാണ് ഇവിടെയുള്ളത്. ഒരു സ്വകാര്യ പ്രവേശന കവാടം, ഇരിപ്പിട സ്ഥലം,പർവത കാഴ്ച നൽകുന്ന മുറ്റം, ആകാശകാഴ്ച നൽകുന്ന മേൽക്കൂര എന്നിവയുമുണ്ട്. അടുത്തുള്ള വെള്ളച്ചാട്ടത്തിന്റെ ശബ്ദവും പക്ഷികൾ പാടുന്നതും നിങ്ങൾക്ക് കൂട്ടായി എപ്പോഴുമുണ്ടാകും. കൂടാതെ ബാർബി ക്യൂ ബോൺഫയർ എന്നിവ ക്രമീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

കൃഷി ചെയ്യാം, പശുക്കളെ പരിപാലിക്കാം 

യാത്ര ചെയ്യുക എന്ന് പറയുമ്പോൾ എവിടെയെങ്കിലും പോയി ആ സ്ഥലമൊക്കെ കണ്ടു ആസ്വദിച്ചു മടക്കം. അങ്ങനെയാണല്ലോ. എന്നാൽ ഈ ഫാംഹൗസിൽ എത്തിയാൽ നിങ്ങൾക്ക് താമസം മാത്രമല്ല, കൃഷിയും പശുക്കളെ നോട്ടവും എന്ന് വേണ്ട എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെടാം. ഇവിടെ നിന്നും ശേഖരിക്കുന്ന പച്ചക്കറികൾ വേണമെങ്കിലും നിങ്ങൾക്ക് തന്നെ പാകം ചെയ്തു കഴിക്കാം.

Enchanted-Forest-Farm6
Image From Enchanted Forest Farm In Sikkim Official Site

പശുക്കളെ പരിപാലനവും പഠിച്ചെടുക്കാം. താമസ സ്ഥലത്തിനടുത്തു തന്നെയുള്ള വെള്ളച്ചാട്ടത്തിൽ നിങ്ങൾക്കും പങ്കാളിക്കും മതിവരുവോളം സമയം ചെലവഴിക്കാം. അതിനടുത്തുകൂടെ ചെറിയ ട്രെക്കിങ് നടത്തി കുന്നിൻ മുകളിൽ എത്താം. 

ഈ ഫോറസ്റ്റ് ഫാം സഞ്ചാരികൾക്ക് നൽകുന്ന മറ്റൊരു മികച്ച അവസരം പാരാഗ്ലൈഡിങ്ങാണ്. ഇവിടെ നിന്നും ഗാങ്ടോക് നഗരത്തിന്റെ മുകളിലൂടെ  പറന്ന് കാഴ്ചകൾ ആസ്വദിക്കാം.

English Summary: Perched On A Hilltop, Enchanted Forest Farm In Sikkim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com