ADVERTISEMENT

സഞ്ചാരികളുടെ എക്കാലത്തെയും സ്വപ്നയാത്രകളില്‍ ഒന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുക എന്നത്. പ്രകൃതിഭംഗിയും സാംസ്കാരികത്തനിമയും ഒട്ടേറെ മറ്റു സവിശേഷതകളും നിറഞ്ഞ മേഘാലയയും അക്കൂട്ടത്തില്‍പ്പെടും. ഇപ്പോഴിതാ, മേഘാലയയുടെ മനോഹാരിത കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ യാത്ര ചെയ്യാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് ഐആര്‍സിടിസി. 

'എനിഗ്മാറ്റിക് മേഘാലയ അഡ്വഞ്ചര്‍ പാക്കേജ്' എന്നാണ് ഈ പാക്കേജിന്‍റെ പേര്. ആറ് രാത്രിയും ഏഴ് ദിവസവുമാണ് യാത്രയുടെ ദൈര്‍ഘ്യം. ഒറ്റയ്ക്കോ രണ്ടുപേർക്കോ യാത്ര ചെയ്യാം. യാത്രയില്‍ ഷില്ലോങ്ങും ലോകത്തിലേറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നായ ചിറാപുഞ്ചിയും ഡോക്കിയും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളും മറ്റ് മനോഹരമായ നിരവധി സ്ഥലങ്ങളും സന്ദർശിക്കാനാകും. നവംബര്‍ 13 മുതല്‍ 19 വരെയുള്ള യാത്രക്കായി ഐആര്‍സിടിസി വെബ്സൈറ്റില്‍ ഇപ്പോള്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

യാത്ര നടത്താനായി റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ നൽകും എന്നതാണ് ഈ പാക്കേജിന്‍റെ മുഖ്യ ആകര്‍ഷണം. പത്തു പേര്‍ക്കാണ് പാക്കേജിന്‍റെ ഭാഗമായി ആദ്യമായി നടത്തുന്ന യാത്രയില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. പാക്കേജിൽ ഭക്ഷണവും ഹോട്ടൽ താമസവും ഉൾപ്പെടുന്നു. ഹോട്ടലുകൾ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ സഞ്ചാരികള്‍ക്കായി ക്യാമ്പിങ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

Cherrapunji-3
By Supritam Basu/shutterstock

ഗുവാഹട്ടിയില്‍ നിന്നും ആരംഭിച്ച്, അവിടെത്തന്നെ അവസാനിക്കുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. സഞ്ചാരികള്‍ ഗുവാഹട്ടിയില്‍ എത്തിച്ചേരണം. ഇന്ധനത്തോടൊപ്പമാണ് യാത്ര ചെയ്യാനുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നല്‍കുന്നത്. റൈഡർമാർക്കും പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെൽമറ്റ്, നീ ഗാർഡ്, റൈഡിങ് ഗ്ലൗസ്, റൈഡിങ് ജാക്കറ്റ് എന്നിവയും മറ്റ് സേഫ്റ്റി ഗാഡ്ജറ്റുകളും നല്‍കും. കൂടാതെ, ബൈക്കില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടാവുകയാണെങ്കില്‍ സഹായമെത്തിക്കാനായി ഒരു ഒരു മൾട്ടി-യൂട്ടിലിറ്റി വാഹനവും റൈഡർമാർക്കൊപ്പം തന്നെയുണ്ടാകും. 

യാത്രക്ക് ഒരാള്‍ മാത്രമാണെങ്കില്‍ 44640 രൂപയും ഒരു ബൈക്കില്‍ രണ്ടുപേര്‍ യാത്ര ചെയ്യുമ്പോള്‍ 38320 രൂപയുമാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി https://www.irctctourism.com/pacakage_description?packageCode=EGH030 എന്ന ഒഫീഷ്യല്‍ വെബ്പേജ് സന്ദര്‍ശിക്കുക.

English Summary: IRCTC's Meghalaya Tour Package

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com