ADVERTISEMENT

മനോഹരമായ നിരവധി കാഴ്ചകള്‍ നിറഞ്ഞ നാടാണ് സിക്കിം. പ്രകൃതിസൗന്ദര്യം മാത്രമല്ല, സംസ്കാരത്തിന്‍റെ സമൃദ്ധിയും സിക്കിമിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. ഇവിടെയുള്ള ഏറ്റവും സുന്ദരമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് 'തഥാഗത സല്‍' എന്നറിയപ്പെടുന്ന ബുദ്ധ പാര്‍ക്ക്. ആരാധനയ്ക്കൊപ്പം മറക്കാനാവാത്ത അനുഭവങ്ങളും പ്രദാനം ചെയ്യുന്ന ഈ പാര്‍ക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 

തെക്കൻ സിക്കിം ജില്ലയിലെ റവംഗ്ലയ്ക്കടുത്താണ് തഥാഗത സൽ ബുദ്ധ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഗൗതമ ബുദ്ധന്‍റെ 2550-ാം വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച ബുദ്ധ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. 130 അടി ഉയരമുള്ള കൂറ്റന്‍ ബുദ്ധപ്രതിമയാണിത്‌. ഈ പ്രദേശത്തെ തീർത്ഥാടനവും വിനോദസഞ്ചാരവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്ക്‌ നിര്‍മ്മിക്കപ്പെട്ടത്. 2006 -2013 കാലഘട്ടത്തില്‍, സിക്കിം സർക്കാരിന്‍റെയും ജനങ്ങളുടെയും സംയുക്ത പരിശ്രമത്തിലൂടെ നിർമ്മിച്ചതും സ്ഥാപിച്ചതുമായ പ്രതിമ,  2013 മാർച്ച് 25 ന് ദലൈലാമ നാടിനു സമര്‍പ്പിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള തീർത്ഥാടന കേന്ദ്രമായ റബോംങ് മൊണാസ്ട്രി സമുച്ചയത്തിനുള്ളിലാണ് പാര്‍ക്ക് ഉള്ളത്. ടിബറ്റൻ ബുദ്ധമതക്കാരുടെ ഒരു പ്രധാന ആശ്രമമായ റലാങ് മൊണാസ്ട്രിയും ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. 

ബുദ്ധ പാര്‍ക്കിനു ചുറ്റും അതിമനോഹരമായ വനപ്രദേശമാണ്. മഞ്ഞണിഞ്ഞ ഹിമാലയഭാഗങ്ങളുടെ കാഴ്ചകളും ഇവിടെ നിന്നും കാണാം. സമുച്ചയത്തിനുള്ളിലായി ചോ ഡിജോ എന്ന് പേരുള്ള ഒരു തടാകവുമുണ്ട്. സഞ്ചാരികള്‍ക്ക് ശാന്തമായി നടക്കാന്‍  വിശാലമായ നിരവധി പാതകള്‍ ഇവിടെയുണ്ട്. കൂടാതെ ഒരു ബുദ്ധിസ്റ്റ് കോണ്‍ക്ലേവ്, ഒരു ധ്യാന കേന്ദ്രം, ഒരു മെഡിറ്റേഷന്‍ സെന്‍റര്‍, സ്പൈറല്‍ ഗാലറിയോടുകൂടിയ ഒരു മ്യൂസിയം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.  

കൃത്യമായി പറഞ്ഞാല്‍ റാവാംഗ്ല നഗരത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ വടക്കായാണ് ബുദ്ധ പാർക്ക് സ്ഥിതിചെയ്യുന്നത്. സഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാനും അധികം ബുദ്ധിമുട്ടില്ല. ബാഗ്ദോഗ്ര എയർപോർട്ടിൽ നിന്ന് 126 കിലോമീറ്റര്‍, ജൽപായ്ഗുരിയിൽ നിന്ന് 122 കിലോമീറ്റർ, സിലിഗുരിയിൽ നിന്ന് 118 കിലോമീറ്റർ, ഗാങ്ടോക്കിൽ നിന്ന് 85 കിലോമീറ്റർ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം. 

Buddha-Park-Ravangla-1
By tusharkoley/shutterstock

തീര്‍ഥാടകര്‍ മാത്രമല്ല, സാഹസിക സഞ്ചാരികളും ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് റാവാംഗ്ല. ദക്ഷിണ സിക്കിമിലെയും പടിഞ്ഞാറൻ സിക്കിമിലെയും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയുടെ തുടക്കകേന്ദ്രമായ മീനാം കുന്നിന്‍റെ താഴ്വരയിലാണ് ഈ പട്ടണം. മീനാം കുന്നിലും ബോറോങ്ങിലും ട്രെക്കിങ് നടത്താനായി നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു. സിക്കിമിലെ ഏറ്റവും പവിത്രമായ ഗുഹകളിലൊന്നായ "ഷാർ ചോക് ബെഫു" വിലേക്കുള്ള ട്രെക്കിങ് പ്രസിദ്ധമാണ്. 

English Summary:Buddha Park of Ravangla Sikkim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com