ADVERTISEMENT

കോവിഡ് മഹാമാരിയുടെ രൂക്ഷത കുറഞ്ഞതോടെ ലോകത്തിന്റെ പല ഭാഗങ്ങളും സഞ്ചാരികൾക്കായി തുറന്നു. ഇന്ത്യൻ റെയിൽവേയും ആഭ്യന്തര സഞ്ചാരികൾക്കായി അവസരമൊരുക്കി. കുറഞ്ഞ നിരക്കിൽ ഇന്ത്യയിലെ പ്രമുഖ കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഐആർസിടിസി ഒരുക്കിയ ആദ്യ ഭാരത് ദർശൻ പരിപാടിയിൽ കുടുംബ സമേതം പങ്കാളിയായ വീട്ടമ്മ കവിതാഅനിലിന്റെ യാത്രാനുഭവം വായിക്കാം.

കൺകുളിർക്കെ കാഴ്ചകൾ; ഭാരത് ദർശൻ ഒരു യാത്രാനുഭവം

അവിചാരിതമായാണ് കോവിഡ് കാലത്ത് ഒരു യാത്രയുടെ അറിയിപ്പു കണ്ടത്. ഐആർസിടിസിയുടെ  ഭാരത് ദർശൻ പരിപാടി. കണ്ടപ്പോൾ തന്നെ പോകുന്ന കാര്യം തീരുമാനിച്ചു. കുടുംബത്തോടൊപ്പം പോകാൻ ഓൺലൈനായി ടിക്കറ്റും നേടി. ഗോവ, ആഗ്ര, ഡൽഹി, ജയ്പുർ, ഗുജറാത്ത്, ഹൈദരാബാദ് വഴി തിരിച്ചും. ഇതാണ് യാത്ര. കോവിഡ് കുറഞ്ഞു വന്നതോടെ,സഞ്ചാരികൾക്കായി ഐ ആർ സി ടി സി ഒരുക്കിയ ആദ്യ യാത്രയായിരുന്നു ഇത്.  ഓണാഘോഷമെല്ലാം ഒഴിവാക്കിയായിരുന്നു യാത്ര എന്ന ദുഃഖം മാത്രം.

 ഓഗസ്റ്റ് 15 ന് രാവിലെ 8 മണിക്ക് പുറപ്പെടും എന്ന് ഐആർസിടിസി അറിയിച്ചു. ഞങ്ങൾ 4 പേരും അതിരാവിലെ തന്നെ റെഡിയായി 7 മണിക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തി. നാലു പേർ എന്ന് പറഞ്ഞാൽ ഭർത്താവ് അനിൽ, എന്റെ അമ്മ ശ്രീകുമാരി, മകൾ നന്ദന. ഞങ്ങളെത്തി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും ഓരോരുത്തരായി എത്തിത്തുടങ്ങി .ഞങ്ങൾ ട്രെയിൻ കാത്തിരിക്കുന്നതിനിടെ  രേഖകൾ പരിശോധിച്ചിരുന്നു.

ആ കാത്തിരിപ്പ് ഏതാണ്ട് 10 .30 വരെ നീണ്ടു. അക്ഷമരായി കാത്തിരുന്ന എല്ലാവരും ട്രെയിനിനുള്ളിൽ കയറി അവരവരുടെ സ്ഥാനങ്ങളിൽ ഇരിപ്പായി. ആർക്കും ആരേയും പരിചയമില്ല,പരിചയപ്പെടാനും ഒരു വല്ലായ്ക. അപ്പോഴേയ്ക്കും പ്രഭാത ഭക്ഷണം എത്തി. കേസരിയും ഉപ്പ് മാവും അതൊക്കെ വാങ്ങി കഴിച്ച് കഴിഞ്ഞപ്പോകും മഞ്ഞുരുകിത്തുടങ്ങി, പരസ്പരം സംസാരിച്ചും തുടങ്ങി. പതിയെ എല്ലാരും പരിചയക്കാരായി മാറി. സഹയാത്രികർ ഉൾപ്പെടെ 8 പേരാണ് അതിൽ ഒരു കുടുംബം ഇത്തരം യാത്ര ഒരു പാടു തവണ നടത്തിയിട്ടുള്ളവരാണ്.

train-travel2

പിന്നീടുള്ള 2 പേർ ആദ്യം പോകുന്നവരും. ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ എല്ലാവരും ഒരു കുടുംബമായി. മൊത്തം 750 പേരാണ് യാത്രയിൽ പങ്കെടുത്തത്,ട്രെയിൻ തുടങ്ങുന്നത് തമിഴ്നാട്ടിലെ മധുരയിൽ നിന്നായിരുന്നു.അതിനാൽ ഒരു ബോഗിയിൽ അവിടെ നിന്നുള്ളവരായിരുന്നു യാത്രക്കാർ. ബാക്കിയുള്ളവരെല്ലാം മലയാളികളും. താരതമ്യേനെ കുറഞ്ഞ നിരക്കിലാണ് ഐആർസിടിസി യാത്ര ഒരുക്കിയത്. 12 ദിവസത്തെ യാത്രയ്ക്ക് ഒരാൾക്ക് 12000 രൂപ.

ഭക്ഷണവും ഓരോ സ്ഥലത്തെയും യാത്രയും  താമസവുമെല്ലാം  ഇതിൽപ്പെടും. എന്നാൽ സന്ദർശന കേന്ദ്രങ്ങളിലെ പ്രവേശന ടിക്കറ്റ് നമ്മൾ തന്നെ എടുക്കണം. ഒരാൾ എല്ലായിടത്തേക്കുമായി ഒരു 1000 രൂപ കൂടി കരുതേണ്ടതുണ്ട്. യാത്ര തുടർന്നപ്പോൾ  ഉച്ചഭക്ഷണം എത്തി; ചോറ്,സാമ്പാർ, തോരൻ പപ്പടം മോര് , രസം... ഇതായിരുന്നു ആഹാരം . നേരത്തേ അറിയിച്ചിട്ടുള്ളത് പ്രകാരം എല്ലാവരും പ്ലേറ്റും ഗ്ലാസും ഒക്കെ കരുതിയിരുന്നു. നല്ല രുചിയുള്ള ഭക്ഷണം തന്നെയാണ്  തന്നത്. ഭക്ഷണം കഴിഞ്ഞ് വിശേഷങ്ങൾ പങ്കുവച്ച് കൂടുതൽ പരിചയക്കാരായി. അത്താഴം വെജിറ്റബിൾ റൈസ് ആയിരുന്നു. അത്താഴം കഴിഞ്ഞ് എല്ലാവരും കിടന്നു. കേരളം പിന്നിട്ട് ട്രെയിൻ നീങ്ങി...ഇനി ഗോവയിലാണ് കണ്ണ് തുറക്കേണ്ടത്.

A shopping market in Goa | Photo: Shutterstock Images
A shopping market in Goa | Photo: Shutterstock Images

സുന്ദരം ഗോവയിലെ കാഴ്ചകൾ

16 ന്  വെളുപ്പിന് 5 മണിക്കാണ് ഗോവയിൽ എത്തിയത്. ഒന്ന് ഫ്രഷായി അപ്പോഴേക്ക് അനൗൺസ്മെന്റ് വന്നു. കഴിച്ചു കഴിയുമ്പോൾ ഡോർമെറ്ററികളിലേക്ക് പോകാൻ ഏർപ്പാടാക്കിയ ബസ് തയാറായി കിടന്നു. ഒരു ജോഡി വസ്ത്രവും ഒരോ കുപ്പിവെള്ളവുമായി എല്ലാവരും ബസിലക്ക്. ഏതാണ്ട് അര മണിക്കൂർ യാത്രയ്ക്കു ശേഷം ഒരു ഡോർമറ്റിയിൽ എത്തിച്ചേർന്നു. അവിടെ കുറച്ച് തിരക്കിലായിരുന്നു കാര്യങ്ങൾ; ആണും പെണ്ണും എല്ലാം ഒരുമിച്ച് തന്നെ. എങ്ങനെയെങ്കിലും പെട്ടെന്ന് കുളിച്ച് തിരികെ ബസിലേക്ക്. നേരെ പോയത് രണ്ട് പള്ളികളിലേക്കാണ്.

goa

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ക്യാമറ എല്ലാം ഒഴിവാക്കി വേണം അകത്തു പ്രവേശിക്കാൻ. അതിമനോഹരമായിരുന്നു കാഴ്ചകൾ. പക്ഷേ ഒന്നിനെക്കുറിച്ചും പറഞ്ഞുതരാൻ ആളില്ല. അതിനാൽ ഒന്നും പൂർണ അർഥത്തിൽ മനസ്സിലാക്കാൻ പറ്റിയില്ല. പക്ഷേ കാഴ്ചകൾ സുന്ദരവും അതിശയിപ്പിക്കുന്നതുമാണ്. പഴയ പള്ളിയാണ് അദ്ഭുതപ്പെടുത്തുന്നത്. എല്ലാം ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുന്നു. എങ്കിലും കാണാൻ സുന്ദരം. അവിടെ നിന്ന് വീണ്ടും രാവിലെ പോയ ഡോർമെറ്ററിയിൽ പോയി. ക്യൂ നിന്ന് ചോറും സാമ്പാറും അവിയലുമെല്ലാമുള്ള രുചികരമായ ഊണു തന്നെയാണ്. അവിടെ നിന്ന് പോയത് ബാഗാബീച്ച്, കലുഗുട്ട് ബീച്ച് ,കോൾവ ബീച്ച് എല്ലാം കണ്ട് രാത്രി 8 മണിയോടെ കൂടി തിരികെ ട്രെയിനിൽ. അത്താഴം കഴിഞ്ഞ് 9 മണിക്ക് ട്രെയിൻ വീണ്ടും പുറപ്പെട്ടു. ഇനി ആഗ്രയാണ് ലക്ഷ്യം.

FT Homepage Banner
ഗോവയിലെ കാഴ്ച

പൊള്ളുന്ന ചൂടിലും സുന്ദര കാഴ്ചകൾ

ചുട്ടുപൊള്ളുന്ന ചൂട് ആയിരുന്നു ആഗ്രയിൽ. ആഗ്രാഫോർട്ടും താജ്മഹലും ആയിരുന്നു മുഖ്യ ആകർഷണം. കണ്ണു നിറച്ചുള്ള കാഴ്ചയായിരുന്നു ഫോർട്ട്. പുറമേ നിന്ന് എത്ര നേരം നോക്കിയാലും മതിയാകില്ല;അത്ര തലയെടുപ്പുണ്ട് കോട്ടയ്ക്ക്. അവിടെ നിന്നു നോക്കിയാൽ താജ് മഹൽ കാണാം. തടവറയിൽ കിടന്ന് മുംതാസിന്റെ സ്മാരകം നോക്കി കിടന്നിട്ടുണ്ടാകാം ഷാജഹാൻ ചക്രവർത്തി ഫോർട്ട് കണ്ടിറങ്ങിയ ശേഷം അടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിലായിരുന്നു ഊണ്. 

ചൂട് താങ്ങാവുന്നതിനും അപ്പുറം, കണ്ണൊക്കെ ചൂടു കൊണ്ട് നീറി കവിളൊക്കെ ചുവന്ന് ആകെ പരവേശമായിരുന്നു. അതു കഴിഞ്ഞായിരുന്നു താജ് കാണൽ. പാർക്കിങ്ങിൽ നിന്ന് ബാറ്ററി കാറിൽ കൊണ്ടു പോകും. ഇല്ലെങ്കിൽ നടക്കാവുന്നതേയുള്ളു. ഒരു ഗൈഡിനെ സംഘടിപ്പിച്ച് ചുറ്റിനടന്ന് കണ്ടു. ഫോട്ടോസ് ഒക്കെ എടുത്തു അപ്പോഴേക്ക് 4 മണി ആകാറായി. ഓരോ ചായ കുടിക്കാം എന്ന് കരുതി; തെരുവു കച്ചവടക്കാരും കൊച്ചുകുട്ടികൾ വരെ കച്ചവടം നടത്തുന്നു, ഭിക്ഷ യാചിക്കുന്നവർ പലരും നമ്മെ നടക്കാൻ അനുവദിക്കില്ല.

താജ്മഹൽ

രണ്ട് കോഫി വാങ്ങി ചുണ്ടോട് ചേർക്കാൻ നോക്കിയപ്പോൾ രണ്ട് കുഞ്ഞുങ്ങൾ ചിരിയോടെ ദയനീയമായി ഞങ്ങളെ നോക്കി നിൽക്കുന്നു. പെട്ടെന്ന് മോൾ അവൾക്കുള്ള കോഫി ഒരു കുഞ്ഞിന് കൊടുത്തു. അടുത്തു നിൽക്കുന്നവന്റെ കണ്ണുകളിലെ പ്രതീക്ഷ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഞാൻ അവനെ അടുത്തേക്ക് വിളിച്ചതും അത് കാത്തു നിന്നപ്പോലെ ഓടി അരികിലേയ്ക്ക് വന്നു. ആ കോഫി ആ കൈകളിലേയ്ക്ക് വച്ച് കൊടുത്തപ്പോൾ ആ കുഞ്ഞ് മുഖത്തുണ്ടായ ചിരിയിലും സന്തോഷത്തിലും ഞങ്ങൾക്കും ലോകം മുഴുവൻ കണ്ട സന്തോഷം തോന്നി. അവർ അത് മറ്റുള്ളവർക്ക് ഒപ്പം ഇരുന്ന് ആസ്വദിച്ച് കഴിക്കുന്നതു കാണുന്ന സന്തോഷം എന്ത് കിട്ടിയാലും നമുക്കുണ്ടാവില്ല. പിന്നീടാണറിഞ്ഞത് ആ കുട്ടികൾക്ക് മാതാപിതാക്കളില്ലന്ന്. ഗൈഡ് ഞങ്ങളെ ആഗ്ര പേഡ വാങ്ങാൻ കൊണ്ടുപോയി.

ഇനി ഡൽഹിയിലേക്ക്

ട്രെയിനിൽ അത്താഴവും കഴിച്ച് രാത്രി തന്നെ റൂമിലെത്തി. ഐആർസിടിസി നമ്മൾക്കായി പ്രത്യേകം പണമടച്ച് റൂം ബുക്ക് ചെയ്തതാണ്, എസി  റൂം ആയിരുന്നു. സുഖമായുറങ്ങി. രണ്ട് രാത്രിയും ഒരു പകലും ആയിരുന്നു ഡൽഹിയിൽ , കുത്തബ് മിനാർ, രാജ്ഘട്ട്, ഇന്ദിരാഗാന്ധി മ്യൂസിയം ഇതായിരുന്നു കാഴ്ചകൾ. മ്യൂസിയത്തിൽ ഇന്ദിരയെക്കുറിച്ച് എല്ലാം ഉണ്ട്. ചുമരിൽ എല്ലാം ഇന്ദിരയെക്കുറിച്ചുള്ള വാർത്തകളും ഫോട്ടോകളും ഉപയോഗിച്ചിരുന്ന സാധന സാമഗ്രികൾ,ബുക്കുകൾ ,വസ്ത്രങ്ങൾ പലപ്പോഴായി സ്വീകരിച്ചിരുന്ന സമ്മാനങ്ങൾ, ഉപയോഗിച്ചിരുന്ന മുറികൾ എല്ലാം നല്ല കാഴ്ചകൾ.

രാജീവ് ഗാന്ധി ഉപയോഗിച്ചിരുന്ന പഠനമുറിയും കംപ്യൂട്ടറും എല്ലാം അതിനുള്ളിലുണ്ട്. വെടിയേറ്റു വീണ സ്ഥലവും കണ്ട് മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങി... പാനീ പൂരി കഴിച്ചു. നല്ല സ്വാദ് ആയിരുന്നു.

delhi
ഡൽഹിയിലെ കാഴ്ച

രാജ്ഘട്ട് അതി മനോഹരം, നല്ല പച്ചപ്പും പൂക്കളും ശാന്തതയും. കുത്തബ്മിനാർ നമ്മെ അത്ഭുതപ്പെടുത്തും. ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ സ്തൂപം,അവിടാകെ ചുറ്റിനടന്നു കണ്ടു. പക്ഷേ വിശദമായി സാവധാനം കാണാനുള്ള സമയം നമുക്കില്ല ഒന്നോടിച്ച് കണ്ടു എന്ന് പറയാം. കുറേയേറെ കാണാനും മനസ്സിലാക്കാനും ഉണ്ട്. പക്ഷേ ഒന്നിനും പറ്റിയില്ല. നമ്മൾ യാത്രയ്ക്ക് പോകുമ്പോൾ പോകുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായി പഠിച്ച് മനസ്സിലാക്കിയിട്ട് വേണം പുറപ്പെടാൻ അല്ലങ്കിൽ ഗൈഡിന്റെ സഹായം തേടണം. എങ്കിലേ പോയതിൽ അർത്ഥമുള്ളൂ.

Jaipur walled city now a world heritage site | Shutterstock
ഹവാ മഹൽ

ഡൽഹിയിൽ ഉച്ചവരെ സൈറ്റ് സീയിങ്, അതു കഴിഞ്ഞ് ഷോപ്പിങ് ഇതായിരുന്നു പരിപാടി. ഡൽഹിയിൽ പഠിക്കുന്ന ഞങ്ങളുടെ മോൻ അഭിരാം ഹോട്ടലിൽ വരും. അവനെ കാണാം എന്ന സന്തോഷം ആയിരുന്നു. അവനും അവന്റെ ഒരു സുഹൃത്ത് കൃഷ്ണ രണ്ടും പേരും കൂടെയാണ് വന്നത്. കൃഷ്ണ മലയാളിയല്ല. അവന്റെ സംസ്കാരം എങ്ങനാണോ അതുപോലെ പെരുമാറി. വന്നുയുടൻ കാലുതൊട്ട് വന്ദിച്ചു. എനിക്ക് ഒരു പൊതിപ്രസാദവും കൊണ്ടുവന്നു. ജമ്മു ശ്മീരിലെ വൈഷ്ണവോ ദേവി ക്ഷേത്രത്തിലെ പ്രസാദമാണ് അവൻ നൽകിയത്. ഏറ്റവും വലിയ ഗുഹാക്ഷേത്രത്തിലെ പ്രസാദം എന്റെ കൈകളിൽ. നമുക്കതൊക്കെ പുതിയ പുതിയ അനുഭവം ആയിരുന്നു. വൈകിട്ട് അവർക്കൊപ്പം ഒന്നു കറങ്ങി; കുറച്ച് ഷോപ്പിങ് നടത്തി. സന്ധ്യയോടെ അവർ തിരിച്ചു പോയി.

പിങ്ക് സിറ്റിയിലേക്ക്

ഇനി ജയ്പുരിലേക്ക്, അതാണ് ലക്ഷ്യം. തിരുവോണ നാളിൽ രാജസ്ഥാനിലായിരുന്നു ഞങ്ങൾ. ഈ യാത്രയിൽ ഏറ്റവും ഇഷ്ടപ്പെട്ടതും വൃത്തിയും ഉള്ളതുമായ സ്ഥലം .നമുക്ക് രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ മരുഭൂമി മാത്രമേ ഓർമവരൂ, പക്ഷേ,ഒരുപാടു കൃഷിയും ആടു വളർത്തലും തുകൽ വ്യവസായവുമായി അവർ സുഖമായി ജീവിക്കുന്നു. മനോഹരമാണ് ജയ്പുറിലെ കെട്ടിടങ്ങൾ; എല്ലാം ഒരേ നിറം. ചിത്രകഥകളിൽ വരച്ചു വച്ചേക്കുന്ന പോലെ, ജനലുകൾ, കോട്ടകൾ, കൊട്ടാരങ്ങൾ, ഒട്ടകങ്ങൾ, വ്യത്യസ്ത തരം നിറപ്പകിട്ടാർന്ന വേഷങ്ങളും ആഭരണങ്ങളും ധരിച്ച സ്ത്രീകളും....വ്യത്യസ്ത വസ്ത്രരീതികളുള്ള പുരുഷൻമാരെയു കണ്ടു. എല്ലാം കൊണ്ടും ജയ്പുർ വളരെ വ്യത്യസ്തം.  ഈ സംസ്ഥാസ്ഥാനത്ത് മാത്രം കണ്ട പ്രത്യേകത മുക്കിലും മൂലയിലും ടോയ് ലറ്റ് സൗകര്യം ഉണ്ടെന്നുള്ളതാണ്. പുരുഷന്മാർക്കു വേണ്ടിയാണ് കൂടുതലും കണ്ടത്. 

തിരുവോണ നാളിലെത്തിയ ഞങ്ങളെ സ്വീകരിക്കാൻ മാവേലി വേഷക്കാരനെയും ചെണ്ടമേളവും ഐആർസിടിസി ഒരുക്കിയത് ഞങ്ങൾക്കെല്ലാം അദ്ഭുതമായി.പരമ്പരാഗത വിഭവങ്ങൾ ഇല്ലെങ്കിലും ഇലയിൽ സദ്യവിളമ്പാനും അവർ ഓർത്തത് ഞങ്ങൾക്ക് ഏറെ ആഹ്ലാദമുണ്ടാക്കിയ കാര്യമാണ്. 

Nahargarh Fort, Jaipur
ജയ്പൂർ കാഴ്ചകൾ

  സിരോഹി ആട്, താർ പാർക്കർ പശുക്കളേയും കണ്ട് കണ്ണുതളളി. ഇങ്ങനെ ചില കാഴ്ചകൾ എന്റെ കണ്ണുതള്ളിച്ചിട്ടുണ്ട് ഈ യാത്രയിൽ. ജയ്പുർ യാത്ര നന്നായി ആസ്വദിച്ചു. ഹവാമഹൽ, ജന്തർമന്ദിർ,സിറ്റിപാലസ് ,അംബർ ഫോർട്ട് എല്ലാം നല്ല കാഴ്ചകൾ ആയിരുന്നു. ജൽമഹൽ വഴിയരികിൽ നിന്നു കണ്ടു. ഫോട്ടോ എടുത്തു. അവിടെത്തെ വസ്ത്രം ഇട്ട് ഫോട്ടോ എടുക്കാനുള്ള തിരക്കിലാണ് കുറേ പേർ. ഞങ്ങൾ അത് കണ്ടാസ്വദിക്കാനും. ബേൽപൂരിയും വാങ്ങി കഴിച്ച് ജൽ മഹലിനെയും ആ തടാകത്തിൽ വന്നിരിക്കുന്ന വലിയ പക്ഷികളേയും കണ്ടു നിന്നു. കരിമ്പ് ജ്യൂസ് വാങ്ങി കുടിച്ച് തിരികെ ബസിലേക്ക്. ജയ്പുർ എത്ര വർണ്ണിച്ചാലും മതിയാകുന്നില്ല.

ചൂടും പൊടിക്കാറ്റും പ്രതീക്ഷിച്ച ഞങ്ങൾക്ക് ഓഗസ്റ്റ് മാസത്തിൽ അവിടെ സുഖകരമായ കാലാവസ്ഥ ആയിരുന്നു. ജീപ്പിൽ കയറി അംബർ ഫോർട്ടിലേക്ക്... നല്ല രസമുള്ള യാത്ര തന്നെ. നല്ല കയറ്റവും കാഴ്ചകളും. രണ്ട് വർഷത്തിനു ശേഷം അപ്രതീക്ഷിതമായി അവർക്ക് സന്തോഷം കൊണ്ടു ചെല്ലുന്ന ആദ്യ ടൂറിസ്റ്റുകളായിരുന്നു ഞങ്ങൾ. നല്ല പെരുമാറ്റം ഉള്ള ആതിഥേയർ.

Misbehaving with tourists in Rajasthan now a cognizable offence
ജയ്പൂർ കാഴ്ചകൾ

ഗോവ ,ആഗ്ര, ഡൽഹി ,രാജസ്ഥാൻ ..ഞങ്ങൾ കണ്ട ഇത്രയും സ്ഥലങ്ങളിൽ ഏറ്റവും വൃത്തിഹീനമായ പരിസരവും ജനങ്ങൾ ദാരിദ്യം അനുഭവിക്കുന്നു എന്ന് തോന്നിയതും ഗോവയിൽ ആണ്. വൃത്തിയില്ലാത്ത തെരുവുകളും റോഡും റോഡരികിൽ കാട് വളർന്ന പരിസരങ്ങളും നിറയെ വേസ്റ്റും ഒക്കെ ഗോവയെ മടുപ്പുളവാക്കുന്നു. പക്ഷേ ആണുങ്ങൾക്ക് ഗോവ ഇഷ്ടപ്പെട്ടു കാണും. അവരൊക്കെ അവർക്കാവശ്യമായ ‘കുടിവെള്ളം’ ശേഖരിക്കുന്ന തിരക്കിലായിരുന്നു. ഞങ്ങൾ ബസിൽ നിന്നിറങ്ങിയത് മഴയിലേയ്ക്കാണ്. ഗോവയിൽ കടൽത്തീരവും പള്ളികളും ആയിരുന്നല്ലോ കാഴ്ചകൾ .. അതു കഴിഞ്ഞ് രാത്രി ട്രെയിനിൽ ആഗ്രയിലേക്ക്. ആഗ്രയും ഡൽഹിയും മുകളിൽ എഴുതിയല്ലോ. രാജസ്ഥാൻ പിന്നിട്ട് ഇനി യാത്ര ഗുജറാത്തിലേക്ക്

പട്ടേലിന്റെ കാൽച്ചുവട്ടിൽ

ഗുജറാത്തിൽ അഹമ്മദാബാദിലായിരുന്നു പിറ്റേന്നു ഞങ്ങൾ.  സ്റ്റാച്യു ഓഫ് യൂണിറ്റി (statue of unity) എന്ന ഐക്യ പ്രതിമയാണ് പ്രധാന ആകർഷണം. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച കരുത്തനായ, ശക്തനായ നേതാവിന്റെ സ്മാരകം. എന്തൊക്കെ വിമർശിച്ചാലും അത് കാണേണ്ട കാഴ്ച തന്നെയാണ്.

കെവാഡിയ അതാണ് റെയിൽവേ സ്‌റ്റേഷൻ. അവിടെ നിന്ന് ഏഴ് കിലോമീറ്റർ ദൂരം ബസിലാണ് യാത്ര. ടിക്കറ്റ് നമ്മൾ ഓൺലൈൻ ആയി നേരത്തേ ബുക്കു ചെയ്തിരുന്നു. 380 രൂപ ആണ് ഒരാൾക്ക്; സ്‌റ്റേഷനിൽ നിന്ന് പുറത്തിറങ്ങി പ്രതിമയിൽ നിന്ന് വരുന്ന ബസിനടുത്ത് ക്യൂ നിൽക്കണം. അവിടെ നിന്ന് വണ്ടി വന്നാണ് നമ്മെ കൊണ്ടു പോകുന്നത്. 45 പേരാണ് ഒരു ബസിൽ നമ്മുടെ ടിക്കറ്റ് അവർ പരിശോധിച്ച് ബസിൽ കയറ്റും .ഒരു ഗ്രാമത്തിലാണ് പ്രതിമാപട്ടണം. വളരെ ചെറിയ ചെറിയ വീടുകൾ ഉള്ള ഒരു ഗ്രാമം. 

Statue-of-Unity
സ്റ്റാച്യു ഓഫ് യൂണിറ്റി

ഞങ്ങൾ ചെന്നിറങ്ങിയതു നല്ല മഴയിലേക്കാണ്. ബസിൽ കുറച്ചുദൂരം ചെല്ലുമ്പോൾ കാണാം,  ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ തല ഉയർത്തി നർമദ നദിയിലെ അണക്കെട്ടിലേയ്ക്ക് നോക്കി നിൽക്കുന്ന കാഴ്ച. നല്ല റോഡും വൃത്തിയുള്ള പരിസരവും .. ദീപങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടതാണ് റോഡ്. ദീപങ്ങൾ എന്നാൽ വെറും ലൈറ്റല്ല. കൃത്രിമ തെങ്ങുകൾ.. ഓരോരോ രൂപങ്ങൾ ഒക്കെയാണ് ഇവ. വൈകുന്നേരത്തോടെ ഇതെല്ലാം പ്രകാശപൂരിതമാകും.

ബസിൽ നമ്മെ കൊണ്ടിറക്കുന്നത് ഒരു ബസ് സ്റ്റേഷനിൽ ആണ്. വിശാലമാണവിടം. അവിടെ തന്നെയാണ് പട്ടേൽ പ്രതിമ. മഴയും പുക പോലെ മഞ്ഞും ആ മലനിരകളെ അതിസുന്ദരമാക്കി. ഹൃദ്യമായിരുന്നു ആ കാഴ്ച. പുകയുടെ ഇടയിൽ കൂടിയുള്ള കാഴ്ച. അവിടെ രണ്ട് ഷിഫ്റ്റായാണ് നമ്മളെ പ്രതിമയ്ക്കുള്ളിൽ കടത്തിവിടുന്നത് 12 മണി വരേയും 12 മണിക്ക് ശേഷവും . ഞങ്ങൾക്ക് 12 ന് ശേഷമുള്ള ടിക്കറ്റാണ് കിട്ടിയത്. അതുവരെ സമയം പോക്കാൻ ഒരു പാട് കാര്യങ്ങളുണ്ടവിടെ.

നമ്മൾ ഇറങ്ങിയ ബസ് സ്റ്റേഷനിൽ നിന്ന് ധാരാളം ബസുകൾ സൗജന്യമായി സർവീസ് നടത്തുന്നു. ആ ബസുകളിലെ ടിക്കറ്റുൾപ്പെടെ ആകും 380 രൂപ. നർമദ അണക്കെട്ട്, വാലി ഓഫ് ഗാർഡൻ ,ജംഗിൾസഫാരി, പെറ്റ് ഷോ അങ്ങനെ പോകുന്നു കാഴ്ചകൾ ...കുറേ നേരം മഴ നോക്കി നിന്നതിന് ശേഷം കുറച്ച് ഫോട്ടോകളും എടുത്ത് ഞങ്ങളും ഒരു ബസ്സിൽ കയറി.

ഏറ്റവും അവസാനത്തെ സ്റ്റോപ്പാണ് ഡാം. അതിനു മുൻപുള്ള ഓരോയിടത്തും ഡ്രൈവർ വണ്ടി നിർത്തി ഹിന്ദിയിൽ വിളിച്ച് ചോദിക്കും ഇവിടെ ഇറങ്ങുന്നുണ്ടോ എന്ന് ; എല്ലാവരും ഡാമിനടുത്തിറങ്ങി. കയറ്റം കയറി മഴയിൽ അങ്ങ് ചെന്നപ്പോൾ ഒരു തുള്ളി വെള്ളമില്ലാത്ത കാഴ്ച. വെറുതേ ആണ് അവിടെ പോയത്. ഒന്നും കാണാനില്ല. മഴയിൽ തന്നെ തിരിച്ചിറങ്ങി അടുത്ത ബസിൽ കയറി വാലി ഓഫ് ഫ്ളവേഴ്സിൽ ഇറങ്ങി. അതി മനോഹരമായി ഒരുക്കിയ ഒരു താഴ്‌വര..  പൂക്കളുടെ സീസണല്ല ഇപ്പോൾ, ഇലച്ചെടികൾ കൊണ്ട് ഹൃദ്യമായ് അണിയിച്ചൊരുക്കിയ ഒരു താഴ്‌വര. നല്ല ഭംഗിയുണ്ട് കാണാൻ.

സഫാരി പാർക്ക്

 അവിടെ നിന്ന് നടന്നു പോകാവുന്നതേയുള്ളൂ ജംഗിൾ സഫാരിയ്ക്ക് . 200 രൂപയാണ് ഒരാൾക്ക്. അതിനുള്ളിൽ ചെറിയ റസ്റ്ററന്റും വെള്ളം വാങ്ങാനുള്ളതും അമുൽ സ്റ്റോറും ഒക്കെയുണ്ട്. ഞങ്ങൾ ഒരു കുപ്പിവെള്ളവും വാങ്ങി കാഴ്ചകൾ കാണാനിറങ്ങി. ആദ്യം കൂട്ടിൽ കിടക്കുന്ന പക്ഷികളിലാണ് തുടക്കം .. വെള്ളക്കടുവയും പുള്ളിപുലിയും കരിമ്പുലിയുമൊക്കെകണ്ട് കണ്ട് നമ്മൾ ഒരു വലിയ ക്യൂവിൽ എത്തിചേരും.  അവിടെ നിന്ന് ബാറ്ററി കാറിൽ കുറച്ചു ദുരം കൊണ്ടാക്കും റോഡൊക്കെ മഴ പെയ്ത് വണ്ടി പോയി കുളമായി കിടക്കുയാണ്.

നമ്മളെ ഇറക്കി വിടുന്നിടത്ത് നിന്ന് നടക്കാൻ ബുദ്ധിമുട്ടില്ല ഒരുപാട് ജീവികൾ ഉണ്ട്. ഇതൊരു മൃഗശാലയാണ്. ആണ് അതുണ്ടാക്കി എടുത്ത രീതി അവർ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 2018ൽ  പൂർത്തിയാക്കി 2021 ൽ അവർ അതിനെ ഒരു ചെറിയ കാടാക്കി മാറ്റിയിരിക്കുന്നു. നമ്മൾ അതിശയിക്കും അത് ഉണ്ടാക്കുന്നതിന് മുമ്പുള്ള ഫോട്ടോ കണ്ടാൽ. വെറും ഒരു മൊട്ടക്കുന്നിനെ ഇത്ര ചുരുങ്ങിയ വർഷം കൊണ്ട് ഒരു കാടാക്കി മാറ്റി. അവിടേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കാൻ അവർക്കു കഴിഞ്ഞു എന്നതിലാണ് വിജയം. ആഫ്രിക്കൻ ജീവികളും ഇതിൽ ഉൾപ്പെടുന്നു.

What to pack for a jungle safari
Representative Image

തുറന്നു വിട്ടേക്കുന്ന പക്ഷിക്കൂട്ടിലേക്ക് നമ്മെ കടത്തിവിടും. അത് അതിശയവും സന്തോഷവും ജനിപ്പിക്കുന്ന ഒരു വേറിട്ട അനുഭവം തന്നെയാണ്. ഒരു പക്ഷിയേയും തൊടാൻ ശ്രമിക്കരുത് എന്ന് പറഞ്ഞാണ് കയറ്റി വിടുന്നത് . ഒരു ഭയവുമില്ലാതെ അവ നമുക്ക് ചുറ്റും പറന്നു നടക്കും . നമുക്ക് മുന്നിലും പിന്നിലുമായി നടന്നു നീങ്ങും. അവർ അവരുടെ ലോകത്താണ്. മക്കാവു ലൗ ബേർഡ്സ്, മയിൽ, വെള്ളമയിൽ, പലതരം കൊക്കുകൾ പിന്നെ എനിക്ക് പേരറിയില്ലാത്ത ധാരാളം പക്ഷികൾ. ജലജീവികൾ എല്ലാം നയന മനോഹരം ആണ്. ഇഗ്വാന, പലതരം വലുതും ചെറുതുമായ കുരങ്ങ് വർഗ്ഗത്തിൽപ്പെട്ടവ.. എത്ര കണ്ടാലും നമുക്ക് മതിയാവില്ല. ഇതൊക്കെ നടന്ന് കണ്ട് കണ്ട് നമ്മൾ ചെറിയ ചെറിയ ബസ് സ്റ്റോപ്പുകൾക്ക് മുന്നിൽ എത്തും. ഓരോ സ്റ്റോപ്പിനും ഓരോ ജീവികളുടെ പേരാണ്. അവിടുന്ന് ബാറ്ററി കാറിൽ നമ്മെ തിരികെ കൊണ്ടാക്കും. ഞങ്ങൾ അമുലിന്റ ഷോപ്പിൽ നിന്ന് ഓരോ തണുത്ത ലെസ്സിയും വാങ്ങി കഴിച്ച് തിരിച്ചിറങ്ങി.

വീണ്ടും പട്ടേൽ പ്രതിമയിലേക്ക്

അതിന്റ കവാടത്തിൽ വലിയ നിര കാണാം. കയ്യിലുള്ള ബാഗൊക്കെ ക്ലോക്ക് റൂമിൽ വച്ചശേഷം ഞങ്ങളും ടിക്കറ്റുമായി ക്യൂവിൽ  നിന്നു. ചെറിയ പഴ്സ് പോലുള്ള ബാഗും മൊബൈലുമൊക്കെ നമുക്ക് കൈവശം വയ്ക്കാം. ടിക്കറ്റ് പരിശോധിച്ച് അകത്തേക്ക് കയറ്റി വിട്ടു. പ്രതിമയ്ക്ക് അടുത്തെത്താൻ ഇനിയും കുറച്ച് ദൂരം നടക്കണം രണ്ട് സൈഡും എസ്കലേറ്റർ ഉണ്ട് നടുക്ക് മേൽക്കൂര ഇല്ലാത്ത ഭാഗവും . എസ്കലേറ്റ് പടികൾ ആയല്ല. നമുക്കതിൽ കുടി അതിലും വേഗത്തിൽ നടന്ന് അപ്പുറം പോകാം. എല്ലായിടത്തും വീൽചെയറിൽ പോകാനുള്ള സംവിധാനം ഉണ്ട്. വീൽചെയർ അവിടെ തന്നെയുണ്ട്.

ഇരുവശവും ചെറിയ ചെടികളൊക്കെ വച്ച് അലങ്കരിച്ചിട്ടുണ്ട്. ലൈറ്റുകളുമുണ്ട്. നേരെ ചെല്ലുന്നത് ഒരു വെള്ളമയിലിന്റെ രൂപത്തിൽ പതഞ്ഞൊഴുകുന്ന ഒരു ഫൗണ്ടന്റെ മുന്നിലാണ്. അവിടുന്ന് മുന്നോട്ട് നടന്നാൽ ക്യൂവിൽ എത്തും. ടിക്കറ്റ് പരിശോധിച്ച് അകത്ത് വിടും. അവിടെ ചുവരുകളിലാകെ പട്ടേലും പട്ടേലിന്റെ സ്വപ്നങ്ങളും പ്രതിമ നിർമിച്ചിരിക്കുന്ന രീതിയും ഉദ്ഘാടനവും അങ്ങനങ്ങനെ മഹാ സംഭവമാണ് എല്ലാം.

അദ്ദേഹത്തിന്റെ തന്നെ ചെറിയ ഒരു പ്രതിമയും (തീരെ ചെറുതല്ല) അതിനകത്ത് കാണാം. അദ്ദേഹത്തിന്റെ തലയുടെ ഒരു വലിയ രുപവുമിവിടുണ്ട്. ജീവനുണ്ടെന്ന് തോന്നും ആ കണ്ണുകളിലേക്ക് നോക്കിയാൽ. എല്ലായിടവും ഫോട്ടോ എടുക്കാനുള്ള തിക്കും തിരക്കുമാണ്. പ്രതിമയുടെ രണ്ട് കാലുകൾ ലിഫ്റ്റുകളാണ് ഒന്ന് മുകളിലേയ്ക്കും ഒന്ന് താഴേയ്ക്കും. അവിടെയും നീണ്ട നിരയുണ്ട്. 26 പേരെ വീതം ഒരുമിച്ച് 38 സെക്കന്റെ് കൊണ്ട് 45 നില ഉയരത്തിൽ എത്തിക്കും. അതായത് പട്ടേലിന്റെ ജാക്കറ്റിന്റെ രണ്ടാമത്തെ ബട്ടൻ.. അവിടെയാണ് നമ്മൾ നിൽക്കുന്നത്.

അവിടെ ഈ പ്രതിമ ആരാണ് ഡിസൈൻ ചെയ്തതെന്നും എങ്ങനെ നിർമിച്ചു, എത്ര നാൾ എടുത്തു, എന്തൊക്കെയാണ് നിർമിതിയിൽ    ഉൾപ്പെടുത്തിയിരിക്കുന്നതെന്നുംഎത്ര പൊക്കമുണ്ടെന്നും എല്ലാം രണ്ട് പേർ ചേർന്ന്നമുക്ക് മുന്നിൽ അവതരിപ്പിക്കും. അവിടെ നിന്നും ദൂരെക്കാഴ്ച കാണാം. അവിടാകെ ചുറ്റിക്കണ്ട ശേഷം വീണ്ടും താഴേക്ക്. ഒരു പക്ഷിക്കും ആ പ്രതിമയിൽ കാലുറപ്പിക്കാൻ പറ്റാത്ത രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇനി ഹൈദരാബാദിലേക്ക്

അടുത്ത യാത്ര ഹൈദരാബാദിലേക്കാണ്. ഗോൽക്കൊണ്ട ഫോർട്ട്, ചാർമിനാർ, മ്യൂസിയം ഇതൊക്കെ ആണ് അവിട കാണേണ്ടത്. ഗോൽക്കൊണ്ട ഫോർട്ട് അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് . അതിവിശാലമാണ് എത്ര ഏക്കറാണെന്ന അറിയില്ല. പക്ഷേ അതിഗംഭീരം. ഒരു പാട് മുകളിലേക്ക് കയറണം എന്നാലും മുകളിലെത്തിയാൽ ഹൈദരാബാദ് നഗരം അങ്ങ് ദൂരെ നമ്മുടെ കൺമുന്നിൽ തെളിയും. അവിടെ നിന്നിറങ്ങി ഇനി ഹോട്ടലിലേയ്ക്കാണ് ഇന്ന് പുറത്ത് നിന്ന് ഉച്ചഭക്ഷണം കഴിക്കാം എന്ന് കരുതി  ഹൈദരാബാദി ബിരിയാണി കഴിക്കാതിരിക്കുന്നതെങ്ങനെ? അതുകൊണ്ട് ഉച്ചയ്ക്ക് ബിരിയാണി കഴിച്ചു. നല്ല ടേയ്സ്റ്റുണ്ടായിരുന്നു. ഇനി നാളയേ പുറത്ത് പോക്കുളളൂ. അതുവരെ വിശ്രമം ആണ്. ആവശ്യകാർക്ക് ഷോപ്പിങ്ങിന് പോകാം.

ഞങ്ങൾ ഒരു 5 മണിയോടുകൂടി പുറത്തിറങ്ങി. അവിടെ പുറത്ത് കിട്ടുന്ന ഭക്ഷണമൊക്കെ ക ഴിച്ച് പരിസരത്തൊക്കെ നടന്ന് തിരിച്ച് റൂമിലെത്തി. ഹൈദരാബാദ് പേളിന് പേര് കേട്ട നഗരം മാണല്ലോ. ഏതായാലും അവിടെ ചെന്ന സ്ഥിതിക്ക് പിന്നൊന്നും ചിന്തിച്ചില്ല. റൂബിയുടെ ഒരു മാലയും കമ്മലും വാങ്ങി. നാളെ ഒരു ദിവസം കൂടിയേ നമുക്കുള്ളൂ. പിന്നീട് മടക്കയാത്രയാണ്. പിറ്റേന്ന് ടൂറിന്റെ അവസാന ദിനം ചാർമിനാർ കാണുകയാണ് ലക്ഷ്യം. രാവിലെ 8.30 തന്നെ ബസ് വന്നു എല്ലാവരേയും മ്യൂസിയത്തിന് മുന്നിൽ ഇറക്കി. ഇവിടെ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ഉണ്ട് ചാർമിനാറിലേയ്ക്ക്. അവിടേക്ക് ബസ് വിടില്ല ഓട്ടോയിൽ പോകാം; നടന്നും പോകാം. ഞങ്ങൾ നടക്കാൻ തീരുമാനിച്ചു.

കാഴ്ചകൾ കണ്ട് നടന്ന് നടന്ന് പ്രശസ്തമായ ചാർമിനാറിൽ എത്തി. ഇത്ര ദിവസവും നമ്മൾ കണ്ടതനുസരിച്ച് ചാർമിനാർ നമ്മെ അത്ഭുതപ്പെടുത്തില്ല ഏതോ പകർച്ചാവ്യാധി പിടിച്ചു നിറുത്താനായതിന്റെ സ്മാരകമായി ഉണ്ടാക്കിയതാണെന്നും പറയുന്നുണ്ട്. ചുറ്റും കച്ചവടം ആണ്. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും തിളക്കവുമുള്ള വളകളും മലകളും ചെരുപ്പുകളും ഒക്കെ ആയി ആകെ ബഹളം.

ഞാനും മോളും 25 രൂപ ടിക്കറ്റ് എടുത്ത് അതിസാഹസികമായി ചാർമിനാറിന് മുകളിൽ കയറി. സാഹസികം എന്നു പറയാൻ കാരണം പടവുകളുടെ പ്രത്യേകതയാണ്. മുകളിൽ എത്തിയാൽ ചുറ്റും നഗരത്തെ നമുക്ക് കാണാം. നല്ല ഭംഗിയാണ്. അവിടന്ന് പുറത്തിറങ്ങി ഓരോട്ടോയിൽ കയറി ബിർളാമന്ദിറും നഗരവും ഒക്കെ കറങ്ങി കുറച്ച് ഫ്രൂട്ട്സും അതീവ രുചികരമായ കറാച്ചി ബിസ്ക്കറ്റുമൊക്കെയായി തിരികെ ബസിറക്കി വിട്ട മ്യൂസിയത്തിന് മുന്നിൽ എത്തി.

After Ramappa temple, focus now on World Heritage site status for Hyderabad.

അവിടുത്തെ കാഴ്ചകളും കണ്ട് ഉച്ചഭക്ഷണവും കഴിച്ച് തിരികെ ട്രെയിനിലേയ്ക്ക്. ഇനി ഇറങ്ങുന്നത് നമ്മുടെ സ്വന്തം മണ്ണിലേയ്ക്ക്. നിറയെ പച്ചപ്പും കാടും മലകളും നദികളുമൊക്കെയായി അതീവ സുന്ദരിയായി നിൽക്കുന്ന നമ്മുടെ സ്വന്തം കേരളത്തിലേയ്ക്ക് ഇതൊന്നും നമുക്ക് പ്രയോജനപ്പെടുത്തി മറ്റുള്ള സംസ്ഥാനക്കാരെ ആകർഷിക്കാൻ കഴിയുന്നില്ലല്ലോ എന്ന ദു:ഖത്തോടെ. ഓഗസ്റ്റ് 27 ന് രാത്രി 1..30 ന് ഞങ്ങൾ തിരികെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി.  വല്ലാത്തൊരനുഭവം ആണ് ഈ യാത്ര.. പരിമിതികൾ ഉണ്ടെങ്കിലും വളരെ ആസ്വദിച്ച  യാത്ര. ഇന്ത്യയെകുറച്ചെങ്കിലും അടുത്തറിയാൻ കഴിയുന്ന യാത്ര ....നന്ദി ഐആർസിടിസിക്ക് നന്ദി.. ഒപ്പം പന്ത്രണ്ട് ദിനരാത്രങ്ങൾ ‍ഞങ്ങളെ കുടുംബാംഗങ്ങളെപ്പോലെ കണ്ട് യാത്ര ആഹ്ളാദഭരിതമാക്കിയ പ്രിയപ്പെട്ട സഹയാത്രികർക്കും നന്ദി..

യാത്രാക്കുറിപ്പും പടങ്ങളും

കവിതാ അനിൽ

വിജയവിലാസം (ചൂരോട്ട്)

പഴുവടി, മടവൂർ

കിളിമാനൂർ, തിരുവനന്തപുരം .

വിമാനയാത്രയടക്കം  ഒട്ടേറെ യാത്രാ പാക്കേജുകളാണ് ഐആർ സി ടി സിക്കുള്ളത്. യാത്രയുടെ വിവരങ്ങൾ അറിയാൻ ഐആർ സി ടി സി യുടെ തിരുവനന്തപുരം (ഫോൺ 8287932095) ,എറണാകുളം (8287932117), കോഴിക്കോട്(8287932098) കോയമ്പത്തൂർ (9003140655)  ഓഫിസുകളിലോ  tourismkerala@irctc.com എന്ന ഇ മെയിൽ വഴി ഓൺലൈനിലോ ബുക്ക് ചെയ്യാം. 

 

English Summary:Bharat Darshan Train Tour Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com