ADVERTISEMENT

പശ്ചിമഘട്ടതാഴ്‌വരകളില്‍ പര്‍പ്പിള്‍ വസന്തമൊരുക്കി, ഏതൊരു സഞ്ചാരിയുടെയും മനം കവരുന്ന കാഴ്ചയാണ് നീലക്കുറിഞ്ഞിപ്പൂക്കള്‍. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍, നിറഞ്ഞു പൂക്കുന്ന കുറിഞ്ഞി മലകളിലേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഉണ്ടാകാറുള്ളത്. ഇതേപോലെ, പൂക്കളുടെ പേരില്‍ പ്രസിദ്ധമായ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തുള്ള 'വാലി ഓഫ് ഫ്ലവേഴ്സ്'. അധികമാരുമറിയാത്ത മറ്റൊരു പുഷ്പതാഴ്‌വര കൂടി ഇന്ത്യയിലുണ്ട്; അതാണ്‌ മഹാരാഷ്ട്രയിലെ കാസ് താഴ്‌വര. 

മഹാരാഷ്ട്രയിലെ സത്താര നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ പശ്ചിമഘട്ടത്തിനു സമീപമാണ് കാസ് സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന പീഠഭൂമിയാണ്‌ ഇത്. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം അത്യപൂർവ്വമായ സസ്യ-ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ്. ഓർക്കിഡുകൾ, കാർവി തുടങ്ങി, ഡ്രോസെറ പോലുള്ള മാംസഭോജി സസ്യങ്ങൾ വരെ ഇവിടെയുണ്ട്. ഏകദേശം 850-ലധികം പുഷ്പങ്ങള്‍ ഇവിടെയുണ്ട്!

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളില്‍ താഴ്‌വരയൊന്നാകെ വസന്തം വിരുന്നെത്തുന്നു. നാനാനിറങ്ങളില്‍പ്പെട്ട പൂക്കള്‍ കൂട്ടത്തോടെ പൂത്തുലഞ്ഞ്, താഴ്‌വര സ്വര്‍ഗീയ ആരാമമായി അണിഞ്ഞൊരുങ്ങുന്നു. ഈ കാഴ്ച കാണാനായി പരിസരപ്രദേശങ്ങളില്‍ നിന്നു നിരവധി സന്ദര്‍ശകര്‍ എത്തിച്ചേരുന്നു. വ്യത്യസ്ത സമയങ്ങളില്‍ പൂക്കുന്ന ചെടികള്‍ക്കനുസരിച്ച്, ഓരോ ആഴ്ചകളിലും താഴ്‌വരയുടെ നിറം മാറും എന്നതാണ് മറ്റൊരു പ്രത്യേകത. 

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ 'മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്‌വര' എന്നാണ് കാസ് താഴ്‌വരയുടെ ഓമനപ്പേര്. കാസ് പീഠഭൂമിയുടെ സിംഹഭാഗവും സംരക്ഷിത വനങ്ങളാണ്. 2012-ൽ യുനെസ്‌കോ ഈ പ്രദേശത്തെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.

സംരക്ഷിത പ്രദേശമായതിനാല്‍ ഒരു ദിവസം പരമാവധി 3000 പേരെ മാത്രമേ ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. ഓൺലൈൻ റജിസ്ട്രഷൻ ചെയ്തവർക്കാണ് പ്രവേശനം ലഭിക്കുക. രാവിലെ 7.00  മുതല്‍ 11 വരെയും 11.00 മുതല്‍ ഉച്ചക്ക് 3.00 വരെയും 3.00 മുതല്‍ 6.00 വരെയുമുള്ള 3 സ്ലോട്ടുകളില്‍ 1000 പേര്‍ക്ക് വീതം പ്രവേശിക്കാം. ഒരാള്‍ക്ക് 100 രൂപയാണ് ചാര്‍ജ്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

കാസ് പീഠഭൂമിയുടെ തെക്കുഭാഗത്തായി, സജ്ജങ്ങാദ് കോട്ടയ്ക്കും കാൻഹെർ ഡാമിനും ഇടയിൽ, വനമധ്യത്തില്‍ സ്ഥിതിചെയ്യുന്ന കാസ് തടാകമാണ് ഈ പ്രദേശത്തുള്ള മറ്റൊരു ആകര്‍ഷണം. തടാകത്തിനു തെക്കുഭാഗത്ത് 30 കിലോമീറ്റർ അകലെയായി കൊയ്നാ വന്യജീവി സങ്കേതവും സന്ദര്‍ശിക്കാം.  ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളിലൊന്നായ വജ്രൈ വെള്ളച്ചാട്ടവും അരികിലായാണ്‌ സ്ഥിതിചെയ്യുന്നത്.

എങ്ങനെ എത്താം

കാസ് പീഠഭൂമിയിലേക്ക് എത്താന്‍ പ്രധാനമായും രണ്ടു മാർഗങ്ങളാണ് ഉള്ളത്. സത്താറയിൽ നിന്നു നേരിട്ട് റോഡു വഴി ഇവിടേക്ക് എത്തിച്ചേരാം. 24 കിലോമീറ്റർ ആണ് ദൂരം. മഹാബലേശ്വറിനെയും പഞ്ചാഗ്നിയെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡു വഴി തപോലയിൽ നിന്നു എത്തിച്ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.kas.ind.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

English Summary: Kaas Valley Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com