ADVERTISEMENT

മേഘങ്ങളിൽ പൊതിഞ്ഞ മനോഹരയിടത്തേക്ക് പോകാൻ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളുടെ സ്വപ്നങ്ങളിൽ ജീവിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഈ സ്ഥലങ്ങൾ ഒരിക്കലെങ്കിലും സന്ദർശിക്കണം.

നന്ദി ഹിൽസ്, കർണാടക

കർണാടകയിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് നന്ദി ഹിൽസ്. ബെംഗളൂരു നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ചിക്കബെല്ലാപ്പൂര്‍ എന്നയിടത്താണ് നന്ദിഹില്‍സ് സ്ഥിതി ചെയ്യുന്നത്. നന്ദി ഹിൽസിന്റെ അടിവാരത്തിൽ നിന്നും 3 കിലോമീറ്റർ യാത്ര ചെയ്താൽ മുകളിലെ പ്രവേശന കവാടത്തിൽ എത്താം. ബൈക്കുകൾ ആണെങ്കിൽ അവിടെ പാർക്ക് ചെയ്യണം, മറ്റു സ്വകാര്യ വാഹനങ്ങൾ ഏറ്റവും മുകളിൽ പാർക്ക് ചെയ്യാം. 

nandi-hills
Image from Shutterstock

അതിരാവിലെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദി ഹിൽസ് കാണാൻ ലോകത്തിന്റെ പല കോണിൽ നിന്നും സഞ്ചാരികൾ എത്താറുണ്ട്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദി ഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു. ചൂടു കാലത്ത് 25 മുതൽ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതൽ 10 ‍ഡിഗ്രിവരെയുമാണ് ഇവിടെ താപനില. ബെംഗളൂരുവിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഹിൽസ്റ്റേഷൻ എന്നതാണ് നന്ദിഹിൽസിന്റെ പ്രത്യേകത.

നൈനിറ്റാൾ, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് നൈനിറ്റാൾ. ഈ പ്രദേശം മുഴുവൻ മനോഹരമായ പർവതങ്ങളാൽ ചുറ്റപ്പെട്ടതും ഹരിത വനങ്ങളാൽ മൂടപ്പെട്ടതുമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,000 മീറ്റർ ഉയരത്തിൽ കുമയൂൺ ഹിമാലയത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നായ ഈ മനോഹര കൊളോണിയൽ നഗരത്തിന് ചുറ്റും ഏഴു കുന്നുകളും മഞ്ഞുമൂടിയ കൊടുമുടികളും അതിർത്തി തീർക്കുന്നുണ്ട്. 

Nainital--Uttarakhand
Image from Shutterstock

ഷേര്‍ കാ ദണ്ഡ മലനിരകളുടെ ഉച്ചിയില്‍ സ്ഥിതി ചെയ്യുന്ന നൈനിറ്റാളിലെ സ്‌നോവ്യൂവില്‍ നിന്നാല്‍ ഹിമാലയത്തിന്റെ മനോഹാരിത നുകരാന്‍ കഴിയും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സ്‌നോവ്യൂ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ഈ മേഖലയുടെ പ്രകൃതിഭംഗി അതിന്റെ എല്ലാ പൂര്‍ണ്ണതയോടും കൂടി ആസ്വദിക്കാവുന്നതാണ്‌. കാരണം ഈ സമയത്ത്‌ ഈ പ്രദേശമാകെ മഞ്ഞ്‌ കൊണ്ട്‌ മൂടപ്പെടും. സ്നോവ്യൂ പോയിന്റിൽ നിന്ന് ഹിമാലയത്തിന്റെ സൗന്ദര്യം നുകരാൻ റോപ്‌വേ സവാരി,കാടിന്റെ ഉള്ളറിഞ്ഞുള്ള ട്രെക്കിങ്ങുകളിലൂടെ ഹിമാലയത്തിന്റെ മുകളിലെത്തുക തുടങ്ങി നൈനിറ്റാൾ സഞ്ചാരികൾക്ക് നൽകുന്നത് ജീവിതത്തിൽ മറക്കാനാവാത്ത ഒത്തിരിയേറെ അനുഭവങ്ങളാണ്.

മാഥേരാൺ, മഹാരാഷ്ട്ര

മേഘങ്ങൾക്കിടയിൽ ജീവിക്കണമെങ്കിൽ മാഥേരാണിലേക്ക് പോകണം. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചെറിയ ഹിൽ‌സ്റ്റേഷൻ എന്നറിയപ്പെടുന്ന മാഥേരാൺ ഹിൽ‌സ്റ്റേഷൻ സൂര്യാസ്തമയവും സൂര്യോദയവും ആസ്വദിക്കാനുള്ള ഏറ്റവും നല്ല സ്ഥലമാണ്. മാഥേരാൺ എന്ന വാക്കിന്റെ അർത്ഥം നെറുകയിലെ കാട് എന്നാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ഇടതൂർന്ന മരങ്ങളും സസ്യജാലങ്ങളുമുള്ള നിത്യഹരിതവനപ്രേദശമാണിത്. പശ്ചിമഘട്ട മലനിരകളിലെ അതിമനോഹരമായ ഈ പിക്നിക് സ്പോട്ട് സമുദ്രനിരപ്പിൽ നിന്ന് 2,625 അടി ഉയരത്തിലാണ്. വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. എങ്കിലും മൺസൂൺ സമയത്താണ് മാഥേരാൺ അതിസുന്ദരിയാകുന്നത്. മഴക്കാലത്ത് പ്രത്യക്ഷപ്പെടുന്ന വെള്ളച്ചാട്ടങ്ങളും ചെറു അരുവികളും മാഥേരാണിന്റെ അഴക് പതിന്മടങ്ങാക്കും.

Matheran
Image from Shutterstock

മോട്ടർ വാഹനങ്ങൾക്ക് വിലക്കുള്ള ഇന്ത്യയിലെ ഏക ഹിൽസ്റ്റേഷനാണ് മാഥേരാൺ. ടോയ് ട്രെയിനും കുതിര സവാരിയും കൈ കൊണ്ടു വലിക്കുന്ന റിക്ഷകളുമാണ് ഇവിടെ സഞ്ചാരത്തിനായുള്ളത്. മാഥേരാണിലെ അതിമനോഹരമായ വ്യൂ പോയിന്റാണ് ലൂയിസ പോയിന്റ്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം അപ്പാടെ അനുഭവിക്കാൻ കഴിയുന്ന ഈ കാഴ്ച തിരക്കേറിയ മുംബൈ നഗരത്തിൽ നിന്ന് വെറും 90 കിലോമീറ്റർ ദൂരത്തിലാണ് ഉള്ളത്. 

മറ്റേതൊരു ഹിൽസ്റ്റേഷനിലെയും പോലെ, മാഥേരാൺ അതിന്റെ വ്യൂ പോയിന്റുകൾക്ക് പേരുകേട്ടതാണ്. സഹ്യാദ്രി പർവതനിരയുടെ ആകർഷകമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഇവിടെ 36 വ്യൂ പോയിന്റുകളുണ്ട്. 800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ എപ്പോഴും മേഘങ്ങൾ വന്നു മൂടും. നിങ്ങൾ മാഥേരനിൽ ആയിരിക്കുമ്പോൾ മേഘങ്ങൾക്കിടയിലൂടെ നടക്കുന്ന അനുഭവമായിരിക്കും. 

ഡാർജിലിങ്

ഡാർജിലിങ്ങിൽ എത്തിയാൽ േമഘങ്ങളില്‍ പൊതിഞ്ഞ മനോഹര കാഴ്ച കാണാം. ഇവിടുത്തെ മഞ്ഞു പുതച്ച ഹിമാലയത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളുടെ വിശാലമായ വിസ്തൃതിയും ഒരിക്കലും മറക്കാൻ കഴിയില്ല. 

Darjeeling
Image from Shutterstock

ആകാശത്തെ വെള്ളി മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന കുന്നിന്‍ ചെരുവുകളില്‍ നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ദേവദാരു വനങ്ങളും തേയില തോട്ടങ്ങളും വല്ലാത്തൊരനുഭൂതിയാണ് സമ്മാനിക്കുന്നത്. ടൈഗര്‍ ഹില്‍,ബറ്റാസിയ ലൂപ്,ഒബസര്‍വേറ്ററി ഹില്‍‌സ് തുടങ്ങി മേഘങ്ങളുടെ അടുത്തേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന നിരവധി സ്ഥലങ്ങളുണ്ടിവിടെ. 

കൂർഗ്, കർണാടക

ഇന്ത്യയുടെ സ്കോട്ട്ലന്‍ഡ്' എന്നറിയപ്പെടുന്ന കൂർഗ് വിശാലവും കാപ്പി, തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ടതുമാണ്. അതിരാവിലെ കൂർഗിലെ കാപ്പി തോട്ടങ്ങളിലൂടെ നടക്കണം, മൂടൽമഞ്ഞിന്റെ മനോഹാരിത ആസ്വദിക്കാം. കർണാടകയിലെ പർവതനിരകൾക്കിടയിൽ, എപ്പോഴും മൂടൽമഞ്ഞ് നിറഞ്ഞ ഭൂപ്രകൃതിയുള്ള കൂർഗ്, മനോഹരമായ പച്ച കുന്നുകളും അവയിലൂടെ ഒഴുകുന്ന അരുവികളുടെ പേരിലും പ്രശസ്തമാണ്.

English Summary: Places In India Where You Can Touch Clouds Literally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com