ADVERTISEMENT

അഷ്റഫിന്റെ  ലേ ലഡാക്ക് യാത്ര തുടങ്ങിയത് 2 മാസം മുൻപ് കേരളത്തിൽനിന്നല്ല, ശരിക്കും ആശുപത്രി കിടക്കയിൽ നിന്നാണ്. ഈ വായനയുടെ യാത്രയും  അവിടെനിന്നു തുടങ്ങാം. 

2017 ഓഗസ്റ്റ് 27,  ‌

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. ഡോക്ടർ പറഞ്ഞു: കാൽ മുറിക്കുകയേ രക്ഷയുള്ളൂ.അവന്റെ കൂട്ടുകാർ പറഞ്ഞു: ഡോക്ടർ, അവനു ബോധം വന്നിട്ടു ചോദിച്ചിട്ടു ചെയ്താൽ മതി. അവനൊരു പ്രത്യേക സ്വഭാവക്കാരനാ... അങ്ങനൊന്നും വഴങ്ങില്ല. മരുന്നുകുത്തിവച്ചു മയക്കിയ ഡോക്ടറും കൂട്ടുകാരും അവന് ബോധം തെളിയാൻ കാത്തിരിപ്പായി.  

ബോധം വന്നപ്പോൾ ഡോക്ടർ പറഞ്ഞു: കാൽ മുറിക്കുകയേ രക്ഷയുള്ളൂ. അവൻ നോക്കുമ്പോൾ വെള്ളയിൽ പൊതിഞ്ഞുവച്ച് സംസ്കാരം കാത്തിരിക്കുന്ന മൃതദേഹം പോലിരിക്കുന്നു കാലിന്റെ അറ്റത്ത് പാദം. അപകടത്തിൽപെടുമ്പോൾ കാൽപാദത്തിന് കാലുമായി ഒരു നൂൽബന്ധം മാത്രമേയുള്ളൂവെന്നു നേരിട്ടു കണ്ടതാണ്. 

ആശുപത്രിയിൽ ബോധം മായുമ്പോൾ അവൻ  കണ്ട സ്വപ്നം നിറയെ മലകളായിരുന്നു. ലേയുടെ, ലഡാക്കിന്റെ മുകളിൽ അവൻ കൈവിരിച്ചു നിൽക്കുന്ന കാഴ്ചയായിരുന്നു.അവൻ ഡോക്ടറോടു പറഞ്ഞു: കാൽ മുറിച്ചു കൊട്ടയിലെറിയാൻ 10 മിനിറ്റ് മതി. അത് എപ്പോൾ വേണമെങ്കിലും ചെയ്യാം. ഇപ്പോൾ എനിക്കെന്റെ കാൽ വേണം. അവൻ അഷ്റഫ്. തൃശൂർ പാർളിക്കാട് തെക്കേപ്പുറത്തുവളപ്പിൽ മുഹമ്മദ് അഷ്റഫ് എന്ന മുത്തു. ഇത് അന്നത്തെ കഥ.  

സഹയാത്രികൻ

ഒന്നരവയസ്സിൽ പപ്പടംകുത്തുന്ന കമ്പിക്കുമേൽ വീണ് ചുണ്ടും മൂക്കും തുളച്ചു കമ്പി കയറി അപകട ജീവിതത്തിന് ഐശ്വര്യത്തോടെ തുടക്കമിട്ടവൻ. 31–ാം വയസ്സിൽ കാൽപാദം ഏതാണ്ട് മുറിഞ്ഞു നഷ്ടമാകുമ്പോൾ കടന്നുപോയത് പത്തിലേറെ ഭീകരമായ അപകടങ്ങൾ. 

ഒടിയാത്ത എല്ലുകൾ ചുരുക്കം. പല്ലുകൾ മൂന്നെണ്ണം കുറവ്, നാലാം വയസ്സിൽ ടെറസിന്റെ മുകളിൽ നിന്നു വീണു കയ്യിലെയും കാലിലെയും അസ്ഥി പൊട്ടി, 9–ാം വയസ്സിൽ വീട്ടുകാർ അടിക്കാൻ ഓടിച്ചപ്പോൾ തെങ്ങിൽ പിടിച്ചു കയറി വീണ് രണ്ടു കയ്യും ഒടിഞ്ഞു, അഞ്ചിൽ  പഠിക്കുമ്പോൾ ഓട്ടോ വന്ന് ഇടിച്ചു കയറി ഒരു കാല് ഒടിഞ്ഞു, പ്ലസ്ടുവിനു പഠിക്കുമ്പോൾ പത്താംകല്ലിൽ വീടിനു മുന്നിൽ ഇറങ്ങുമ്പോൾ പെട്ടെന്നു മുന്നോട്ടെടുത്ത ബസിൽനിന്നു വീണ് കാൽമുട്ടിൽ അസ്ഥികൾ പൊട്ടി,  ബൈക്ക് ഓടിക്കാൻ പഠിച്ചപ്പോൾ എതിരെ വന്ന ബസിൽ വന്നിടിച്ചു. അത്രയല്ലേ പറ്റിയുള്ളൂ എന്ന് ആശ്വസിക്കാൻ വരട്ടെ;  വലതുകൈ ബസിന്റെ മുന്നിൽ ബോണറ്റിനുള്ളിലെ ഫാനിൽ കുടുങ്ങി മൂന്നു വിരലുകളും ഒടിഞ്ഞു, 2006ൽ മേൽക്കൂരയിൽ ഓട് ഒട്ടിക്കുന്ന ജോലി ചെയ്തപ്പോൾ വീണ് നടുവിന്റെ എൽ1, എൽ2 അസ്ഥികളിൽ പൊട്ടൽ. (120 ദിവസം ആശുപത്രിയിൽ  ഒരേ കിടപ്പ്).

തീർന്നില്ല...

2010ൽ കൂട്ടുകാരനെ വിമാനത്താവളത്തിൽ കൊണ്ടുപോയി മടങ്ങും വഴി അപകടത്തിൽപെട്ടു. 3 പല്ല് പോയി. കാൽമുട്ടിലെ ചിരട്ട തെറ്റി, 2016ൽ വിസിറ്റിങ് വീസയിൽ ഗൾഫിൽ ജോലിക്കു പോയി. ജോലി ശരിയാക്കി നാട്ടിലേക്കു മടങ്ങാനിരിക്കുമ്പോൾ സുഹൃത്തുക്കളുടെ ക്യാംപിൽ വച്ച് തീപിടിത്തം. പൊള്ളലേറ്റു കിടന്നത് 40 ദിവസം,  2017 ഓഗസ്റ്റ് 27: ചെറുപ്പം മുതലുള്ള വോളിബോൾ പ്രേമം മൂലം കളികാണാനുള്ള പോക്കിൽ വടക്കാഞ്ചേരിയിൽ അപകടം. എതിരെ വന്ന ബൈക്കിന്റെ ഫുട്റെസ്റ്റ്് കുത്തിക്കയറി കാൽപാദം അറ്റു.

‌ആ അപകടത്തിലാണ് കാൽപാദം മുറിച്ചു കളയണമെന്ന നിർദേശം ഡോക്ടർ വച്ചത്. ‘കാൽ’ കൈവിട്ടില്ല‘കാൽ’ കൈവിടാതിരിക്കാനുള്ള  ശ്രമമായിരുന്നു പിന്നീട്. പലതരത്തിൽ തുന്നിക്കെട്ടിയും മറ്റുമുള്ള ചികിത്സ കഴിഞ്ഞ് ആംബുലൻസിൽ കിടന്നു തൃശൂരെത്തുമ്പോൾ കാലുണ്ട്, പക്ഷേ, ഉപയോഗമില്ല എന്ന സ്ഥിതി.

asharaf-trip

നടക്കാനുള്ളതല്ലെങ്കിൽ കാലെന്തിന്?

തൃശൂർ ദയ ആശുപത്രിയിലെ ബോൺ സ്പെഷലിസ്റ്റ് ഡോ.പ്രേം കുമാർ അഷറഫിന്റെ സുഹൃത്താണ്. അദ്ദേഹം കാൽ പരിശോധിച്ചു. ഈ സ്ഥിതിയിൽ കാൽ പഴുക്കും. മുകളിൽ വച്ചു മുറിക്കേണ്ടി വരും. പ്രേംകുമാറിന്റെ നിർദേശപ്രകാരം  തൃശൂർ എലൈറ്റ് ആശുപത്രിയിലെ ഡോ. ആന്റോ ജോസഫിന്റെ അടുത്തേക്ക്. തുടയിൽനിന്ന് തൊലിയെടുത്തും കാൽമുട്ടിനു താഴെ നിന്ന് അസ്ഥിയെടുത്തുവച്ചും കാൽപാദം പുനർനിർമിച്ചു. പത്തടിയിൽ കൂടുതൽ നടക്കുമ്പോൾ ഇരുന്നുപോകുന്ന സ്ഥിതി. ജീവിതം മുന്നോട്ടു പോകണമെങ്കിൽ അഷ്റഫിന് ഒരു  ഇംപോസിബിൾ മിഷൻ വേണമായിരുന്നു അതാണ് ലേ– ലഡാക് കീഴടക്കുക എന്ന മിഷൻ.

വിലങ്ങൻ കുന്ന്, ആദ്യ ലഡാക്ക്

പത്തടി നടക്കുമ്പോൾ വേദനിക്കുന്ന കാലുമായി അധികം ദൂരം നടക്കാൻ കഴിയാത്തതിനാൽ വീട്ടിൽ 

ഇരിപ്പായി. സുഹൃത്ത് ജ്യോതിഷ് എന്ന കിച്ചുവിന്റെ വീട്ടിൽ പൂട്ടിവച്ചിരുന്ന സൈക്കിൾ എടുത്ത് വീട്ടുമുറ്റത്ത് ചവിട്ടു തുടങ്ങി. ആദ്യ ദിവസം 100 മീറ്റർ. പിന്നെ ഒരു കിലോമീറ്റർ. വേദനിക്കുമ്പോൾ നിർത്തും. പിന്നെ രാവിലെ 5, വൈകിട്ട് 5 എന്നിങ്ങനെ 10 കിലോമീറ്റർ. 

അപ്പോഴാണ് സൈക്കിളിങ് വിദഗ്ധനും തൃശൂർ മെഡിക്കൽ കോളജിലെ ഓർത്തോപീഡിക്  അസോഷ്യേറ്റ് പ്രഫസറുമായ ഡോ. കൃഷ്ണകുമാറിനെ മെഹ്താഫ് എന്ന സുഹൃത്ത് പരിചയപ്പെടുത്തുന്നത്. ഡോക്ടർ, അഷ്റഫിന്റെ സൈക്കിൾ പരിശോധിച്ചു ചികിത്സ തുടങ്ങി. സീറ്റിന്റെ ഉയരം കൂട്ടി. ബ്രേക്കിന്റെയും ഗിയറിന്റെയും പ്രഷർ പരിശോധിച്ചു. ചെറിയ ചില ‘സർജറി’കൾ നടത്തി.സൈക്കിൾ ഗിയർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എക്സ്റേ കാണിച്ചെന്നപോലെ പറഞ്ഞുകൊടുത്തു, കൂടെ കൂട്ടി.

അങ്ങനെ ആദ്യത്തെ കോവിഡ് ലോക്ഡൗൺ കാലത്ത് അഷ്റഫ് ദൂരങ്ങൾ ചവിട്ടിത്തുടങ്ങി. ആദ്യം വീടിനടുത്തുള്ള പൂമല ഡാമിന്റെ കയറ്റം ചവിട്ടിനോക്കി. പകുതിയെത്തിയപ്പോഴേക്കും ഛർദിച്ചു കുഴഞ്ഞു.

പിന്നെയാണ് തൃശൂർ നഗരപരിസരത്തെ വിലങ്ങൻ കുന്നിലെത്താൻ തീരുമാനിക്കുന്നത്. വടക്കാഞ്ചേരിയിൽനിന്നു രാവിലെ തൃശൂർ വിലങ്ങൻ കുന്നിലേക്കു പുറപ്പെടും. എന്നിട്ടു നിർത്താതെ ഏഴുതവണ ചവിട്ടിക്കയറും. തിരിച്ചുമാകുമ്പോൾ 35 കിലോമീറ്റർ. പോരാതെ വൈകിട്ട്, ആദ്യം തോൽപിച്ച പൂമല ഡാം കയറ്റത്തെ ചവിട്ടിക്കീഴടക്കും. അവൻ  മുന്നിൽ കാണുന്നത് വിലങ്ങൻ കുന്നല്ല, ലേ– ലഡാക്കിലേക്കുള്ള മലറോഡുകളാണ്.

അതിരപ്പിള്ളി പരീക്ഷണം 

ഈ കാൽപാദവുമായി അഷ്റഫ് ഒരു പരീക്ഷണം നടത്തി. ഭാരം ചുമന്നു കൊണ്ട് കയറ്റം ചവിട്ടാനാകുമോ?അതിരപ്പിള്ളിയിലേക്കുള്ള ഹെയർപിൻ കയറ്റങ്ങൾ തോളിൽ ഒരു വലിയ ബാഗിട്ട് ചവിട്ടിക്കയറ്റി. നോമ്പുകാലം, ഭക്ഷണം കഴിക്കാതെയുള്ള സൈക്കിൾ ചവിട്ട്. വടക്കാഞ്ചേരിയിൽനിന്നു തൃശൂർ –ചാലക്കുടി കടന്ന് അതിരപ്പിള്ളി വഴി അതിർത്തിവരെയെത്തി. തിരികെ വടക്കാഞ്ചേരിയിലേക്ക്...എല്ലാ ആശങ്കകളെയും ‘ചവിട്ടി’ക്കൂട്ടി ചവറ്റുകൊട്ടയിലെറിഞ്ഞ് അവൻ വീട്ടിലെത്തുമ്പോൾ മൊത്തം റൈഡ് 153 കിലോമീറ്റർ! 11 മണിക്കൂർ ഡ്രൈവ്.

ബാഗിനുള്ളിൽ എന്തായിരുന്നെന്നോ? 20 കിലോ തൂക്കമുള്ളൊരു ഡംബ്‌ബെൽ (വ്യായാമത്തിനുപയോഗിക്കുന്നത്.) ആ കണക്കു കൂട്ട‘ലേ’ലേയിലേക്ക് ഏകദേശം 3600 കിലോമീറ്റർ!ലോക്ഡൗൺ കാലത്തെ പരിശീലനത്തിലൂടെ ചവിട്ടി നേടിയെടുത്ത പ്രതിദിനദൂരം 150 കിലോമീറ്റർ.അതായത്, വടക്കാഞ്ചേരിയിൽ നിന്ന് ലേ– ലഡാക് മലനിരയിലെത്താൻ എത്ര ദിവസം വേണം? :  3600 / 150= 24 ദിവസം. ടെന്റും സൈക്കിൾ നന്നാക്കാനുള്ള അത്യാവശ്യ ഉപകരണങ്ങളും ഭക്ഷണവും മറ്റുമടക്കം റൈഡർ ബാഗിൽ കരുതേണ്ട വസ്തുക്കളുടെ ആകെ തൂക്കം. 20 കിലോ!അതാണ് ആ ഡംബ്‌ബെല്ലിന്റെ ഭാരരഹസ്യം.

പക്ഷേ, ഈ കാലയളവിൽ കാൽ പതിവായി പണി തന്നുകൊണ്ടിരുന്നു. സഹിക്കാൻ പറ്റാത്ത വേദന. ഇടയ്ക്ക് എല്ല് തുളച്ചു പുറത്തു വരുമെന്ന സ്ഥിതി. എത്രയും വേഗം ലേ– ലഡ‍ാക് ലക്ഷ്യം പൂർത്തീകരിച്ചില്ലെങ്കിൽ താൻ തോറ്റുപോകുമെന്ന് അഷ്റഫിനു മനസ്സിലായി. മുൻപിൻ നോക്കാതെ യാത്ര പുറപ്പെടാനായി തീരുമാനം.

വടക്കാഞ്ചേരി പാർളിക്കാട് തെക്കേപ്പുറത്തുവളപ്പിൽ മുഹമ്മദ് അഷ്റഫ് അങ്ങനെ 2021 ജൂലൈ 19നു വടക്കുന്നാഥൻ ക്ഷേത്ര മൈതാനത്തുനിന്നു യാത്ര പുറപ്പെട്ടു.  ആസ്‌ത്‌മ ന്യൂമോണിയശക്തമായ ആസ്മ, ഇടയ്ക്ക് പിടിപെട്ട ന്യൂമോണിയ, യാത്രയ്ക്കു മുൻപ് 2 തവണ വന്ന കോവിഡ് മൂലമുള്ള ‌ക്ഷീണം ഇവയെല്ലാം അതിജീവിക്കേണ്ടി വന്ന ആ യാത്രയുടെ ഓരോ എപ്പിസോഡും muthu-the-Motivator, Muthu Vlogs എന്ന യൂട്യൂബ് ചാനലിലുണ്ട്. ബെംഗളൂരുവിൽ വച്ച് കാൽ വയ്യാതായപ്പോൾ അവിടുത്തെ ഡോക്ടറും കാൽ മുറിക്കുകയാണു നല്ലതെന്നു നിർദേശിച്ചു. 

ഗ്വാളിയർ എത്തിയപ്പോഴേക്കും ന്യുമോണിയ പിടികൂടി. 5 ദിവസം വിശ്രമം പറഞ്ഞെങ്കിലും മൂന്നാം ദിവസം മരുന്നും ഇൻ‌ജക്‌ഷനുമായി യാത്ര തുടർന്നു. ഇടയ്ക്ക് യാത്ര എത്തും മുൻപു വീഴുമോ എന്നു ഭയപ്പെട്ടു. ശരീരത്തിൽ അൽപം ജീവൻ ബാക്കിയുണ്ടെങ്കിൽ  ലക്ഷ്യം നേടുമെന്ന് യുട്യൂബ് ചാനലിലൂടെ ലോകത്തോടു വിളിച്ചു പറഞ്ഞു.

ജൂലൈ 19നു തൃശൂർ വടക്കുന്നാഥൻ ക്ഷേത്രമുറ്റത്തു നിന്നു യാത്ര തുടങ്ങിയ അഷ്റഫ് ഓഗസ്റ്റ് 30 ന് ആണു ജമ്മുവിൽ എത്തിയത്. ഇവിടെനിന്നു 12 ദിവസം കൊണ്ട്  ലഡാക്കും ഖർദുംഗലാ പാസും (17,982 അടി ഉയരം) കീഴടക്കി. കർദുംഗലയിലെത്തിയപ്പോൾ  അവിടെ മഞ്ഞു പൂക്കൾ വീഴുന്നുണ്ടായിരുന്നു. അഷ്റഫിന്റെ വിജയത്തിൽ പ്രകൃതി ചൊരിഞ്ഞ സമ്മാനപ്പൂക്കൾ.

ഇനി എന്ത്?

മുറിഞ്ഞുപോയിട്ടും തുന്നിച്ചേർത്ത, ചലനമില്ലാത്ത ആ പാദം കൊണ്ട് അങ്ങനെ അഷ്റഫ് ഇന്ത്യയുടെ ഭൂപടം വരച്ചു. ഇനി എന്തെങ്കിലു മൊരു തൊഴിൽ കണ്ടെത്തണം. ‘ഇംപോസിബിൾ’ എന്നു മറ്റുള്ളവർ കരുതുന്ന ആ മിഷൻ ചെയ്യുക. അതിനുശേഷം വഴിയോരത്ത് മാമ്പഴം വിൽക്കാനിരുന്നാലും ആ മാങ്ങയ്ക്ക് മധുരം കൂടും.– അതാണ് അഷ്റഫിന്റെ പോളിസി.കാൽ മുറിക്കാൻ വലിയ തുക ചെലവില്ല. പക്ഷേ, പകരം വയ്ക്കേണ്ട കൃത്രിമക്കാലിന് നാലഞ്ചുലക്ഷം രൂപ ചെലവു വരും. അതിന് ആരെങ്കിലുമൊരു സ്പോൺസർ  വരുമെന്നാണ് അഷ്റഫിന്റെ പ്രതീക്ഷ.

ല‍ഡാക്കിൽനിന്ന് മറ്റൊരു വഴിയിലൂടെ സൈക്കിൾ ചവിട്ടി കേരളത്തിലേക്കു മടങ്ങി വരുമ്പോഴും അഷ്റഫിന്റെ മനസ്സിൽ കാൽ മുറിച്ചു പുതിയൊരു കാൽ വയ്ക്കുന്ന ദിവസമാണ്. മുറിച്ച കാൽ തന്തൂരിയാക്കുന്ന ദിവസം.

English Summary: Thrissur youth makes light of handicap, goes on a cross-country trip on bicycle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com