ബാങ്കിനുപോലും പൂട്ടില്ലാത്ത ഗ്രാമം, തെറ്റുചെയ്യുന്നവർക്ക് ദുരിതമോ?; ഐതിഹ്യപ്പെരുമയിലൊരുനാട്

shani-temple3
ചിത്രം - അർജുൻ ആർ. കെ
SHARE

ഒരു വീട് പണിയുമ്പോൾ നമ്മൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് സുരക്ഷയ്ക്കാണ്. വാതിലുകൾ പണിയാൻ ഏറ്റവും കാതലുള്ള മരങ്ങൾ തിരഞ്ഞെടുക്കുകയും അടച്ചുറപ്പിനായി താഴും താക്കോലും മുതൽ റിമോട്ടിൽ പ്രവർത്തിക്കുന്ന പൂട്ടുകൾ വരെയുള്ള മുൻകരുതലുകളെടുക്കുകയും ചെയ്യാറുണ്ട് നമ്മിൽ പലരും. വീടിന്റെ സുരക്ഷയ്ക്കായി എത്ര പണവും മുടക്കാൻ മടിയില്ലാത്ത നമുക്ക് വാതിലുകളില്ലാത്ത വീടുകളുള്ള ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാകുമോ? എന്നാൽ യഥാർഥത്തിൽ അങ്ങനെയൊരു ഗ്രാമമുണ്ട്. വാതിലുകളില്ലാത്ത വീടുകളുള്ളൊരു ഗ്രാമം.

വാതിലുകൾ ഇല്ലാത്ത വീടുകൾ ഉള്ളൊരു ഗ്രാമം

അങ്ങനെ ഒരു ഗ്രാമമോ? കുട്ടിക്കാലത്തു വായിച്ചു മറന്ന ഏതോ കഥയിലെ കാഴ്ചകളായിരിക്കും ഇത് കേൾക്കുമ്പോൾ നമ്മുടെ ഓർമകളിലെത്തുന്നത്. ലോകത്തിലെ ഏതെങ്കിലും കോണിൽ ഈ നൂറ്റാണ്ടിൽ അങ്ങനെ ഒരു ഗ്രാമമുണ്ടോ എന്നു ചോദിച്ചു നെറ്റി ചുളിക്കാൻ വരട്ടെ. അങ്ങനെ ഒരു ഗ്രാമമുണ്ട്, നമ്മുടെ ഇന്ത്യയിൽത്തന്നെ. മഹാരാഷ്ട്രയിലെ ശനിശിംഗനാപുർ അഥവാ സോനൈ എന്ന ഗ്രാമമാണ് വാതിലുകളില്ലാത്ത വീടുകളുടെ ഗ്രാമം എന്നറിയപ്പെടുന്നത്.

home
Image from video

അതിപ്രശസ്തമായ ഒരു ശനീശ്വര ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ സ്ഥലത്തിന് ഇങ്ങനെ ഒരു പേരു ലഭിച്ചത്. ‘കണ്ടകശനി കൊണ്ടേ പോകൂ’ എന്നാണല്ലോ ചൊല്ല്.  ശനിദോഷങ്ങളെ അകറ്റാനുള്ള പൂജകള്‍ക്ക് ഇന്ത്യയിൽത്തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് ഇത്. അഞ്ചടിയോളം വരുന്ന കറുത്ത നിറത്തിലുള്ള ഒറ്റക്കല്ലാണ് ഇവിടുത്തെ ശനീശ്വര പ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത മറ്റു ക്ഷേത്രങ്ങളെപ്പോലെ ശ്രീകോവിലോ മേൽക്കൂരയോ ചുറ്റുമതിലുകളോ ഇല്ല എന്നതാണ്. ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റിയും സ്വയംഭൂവായ ശനിക്കു പിന്നിലും ഐതിഹ്യപ്പെരുമയുള്ളൊരു കഥയുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുൻപ് ഒരു മഹാപ്രളയമുണ്ടായ സമയത്തു ശിംഗനാപുരിലെ പാനസ്‌നാലയെന്ന നദിയിലൂടെ ഒഴുകിവന്നൊരു കറുത്ത കൂറ്റൻ കല്ല് നദിക്കരയിലെ ഒരു വടവൃക്ഷത്തിന്റെ വേരിൽ ഉടക്കി നിന്നു. ഈ കാഴ്ചകണ്ട ഗ്രാമവാസികളിൽ ഒരാൾ കയ്യിലിരുന്ന ഇരുമ്പുദണ്ഡുകൊണ്ട് ആ ശില കുത്തി ഉയർത്താൻ ശ്രമിച്ചപ്പോൾ ആ ശിലയിൽനിന്നു രക്തപ്രവാഹമുണ്ടായി. ഇത് കണ്ടു ഭയന്നുവിറച്ച അയാൾ ഗ്രാമത്തലവനെയും ഗ്രാമവാസികളെയും വിവരം അറിയിച്ചു.

ചിത്രം - അർജുൻ ആർ. കെ
ചിത്രം - അർജുൻ ആർ. കെ

അന്ന് രാത്രി, ഇരുമ്പുദണ്ഡു കൊണ്ട് കുത്തിയ ആളിന് ഉറക്കത്തിൽ ശനീശ്വരന്റെ സ്വപ്ന ദർശനം ഉണ്ടാവുകയും തന്റെ സാന്നിധ്യമാണ് ആ ശിലയിൽ കുടിയിരിക്കുന്നതെന്നും അതിനു നിത്യപൂജ ചെയ്യണമെന്നും ഒരിക്കലും ശിലയ്ക്കു മേൽക്കൂര പണിയരുതെന്നും എക്കാലവും ആകാശം ആയിരിക്കണം തനിക്കു മേൽക്കൂര ആയിരിക്കേണ്ടതെന്നും പറയുകയും ചെയ്തു. ശിംഗനാപുരിലെ വീടുകൾക്ക് വാതിലുകൾ വയ്ക്കേണ്ടതില്ലെന്നും ഗ്രാമവാസികളെയും അവരുടെ സ്വത്തിനെയും എല്ലാ ആപത്തുകളിൽനിന്നും താൻ കാത്തുകൊള്ളാമെന്നു ഭഗവാൻ പറഞ്ഞുവെന്നും ഇതിൻ പ്രകാരമാണ് ശനീശ്വര ക്ഷേത്രം നിർമിച്ചതും വീടുകളുടെ വാതിലുകൾ ഒഴിവാക്കിയതും എന്നുമാണ് ഐതിഹ്യം.

shani-temple-04.jpg.image.845.440

മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ നെവാസ താലൂക്കിലാണ് ഈ ഗ്രാമം. അഹമ്മദ്നഗറിൽനിന്ന് ഏകദേശം 35 കിലോമീറ്ററാണ് ദൂരം. നിത്യകന്യകയായ ഗ്രാമം എന്നുവേണമെങ്കിൽ ഈ ഗ്രാമത്തെ വിശേഷിപ്പിക്കാം. കാരണം ഗ്രാമീണ ജീവിതത്തിന്റെ എല്ലാ മനോഹാരിതയും ഒട്ടും ചോർന്നുപോകാതെ നമുക്കിവിടെ ആസ്വദിക്കാനാകും. പ്രകൃതി സൗകുമാര്യവും ഗ്രാമത്തിന്റെ നിഷ്കളങ്കതയുമെല്ലാം ശിംഗനാപുരിന്റെ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. റോഡുകൾക്ക് ഇരുവശവും കൃഷികളും നിറയെ പശുക്കളുള്ള തൊഴുത്തുകളും ചെറിയ അങ്ങാടികളും ഈ ഗ്രാമത്തിന്റെ മാസ്മരിക ഭംഗി വിളിച്ചോതും. തൂവെള്ള നിറത്തിലുള്ള കുർത്തയും മുട്ടിനു താഴെ ഇറക്കമുള്ള പൈജാമയും ധരിച്ച ഗ്രാമവാസികളും അവരുടെ ലാളിത്യമാർന്ന ജീവിത രീതികളും തിരക്കുകളിൽനിന്നു തിരക്കുകളിലേക്ക് ദിനവും കടന്നുപോകുകയും ഒന്നിനും സമയമില്ല എന്നു പരാതി പറയുകയും ചെയ്യുന്ന നമുക്ക് തീർത്തും അതിശയകരമായിരിക്കും. ശാന്തിയും മിതത്വവും പരസ്പരസഹകരണവും ഒത്തിണങ്ങിയ ഒരു മനോഹരമായ താളം നമുക്ക് ഈ ഗ്രാമജീവിതത്തിൽ കാണാനാകും.

shani-shingnapur-6
ചിത്രം - അർജുൻ ആർ. കെ

ഇവിടെ വീടും കടകളും ധാന്യപ്പുരകളും പോസ്റ്റ് ഓഫിസും അടക്കം ഒന്നിനും വാതിലില്ല. അകത്തേക്ക് കയറാനും പുറത്തേക്കിറങ്ങാനുമായി ഒരു വാതിൽ ഫ്രെയിം മാത്രമാണ് ഉള്ളത്. ചില വീടുകളിൽ മാത്രം വാതിലുകളുടെ സ്ഥാനത്തു ഒരു കർട്ടൻ തൂങ്ങുന്നത് കാണാം. കച്ചവടക്കാർ കടകൾ തുറന്നുതന്നെ ഇട്ടിട്ടാണ് വീടുകളിൽ പോകുന്നത്.  4000 ലേറെ ആളുകൾ താമസിക്കുന്ന ഈ ഗ്രാമത്തിൽ ഇന്നുവരെ മോഷണമോ പിടിച്ചുപറിയോ ഉണ്ടായിട്ടില്ല എന്ന് ഗ്രാമവാസികൾ തന്നെ പറയുന്നു. മോഷണത്തിനോ പിടിച്ചുപറിക്കോ  മുതിരുന്നവർക്ക് മാനസിക രോഗമോ അന്ധതയോ മാറാവ്യധിയോ ഉണ്ടാകുമെന്നും സത്യസന്ധതയില്ലാത്ത എന്തെങ്കിലും പ്രവൃത്തി  ചെയ്യുന്നയാൾക്കു  മരണം വരെ സംഭവിക്കാമെന്നുമാണ് വിശ്വാസം. അത്തരക്കാർ ശനീശ്വരന്റെ കോപത്തിന് ഇരയായിട്ടുള്ള ചില കഥകളും പ്രചാരത്തിലുണ്ട്.

shani-shingnapu7
ചിത്രം - അർജുൻ ആർ. കെ

2011 ൽ യൂക്കോ ബാങ്ക് ഇവിടെയൊരു ശാഖ തുറന്നു. അതിന് ഒരു ഗ്ലാസ് പ്രവേശന കവാടവും ദൂരെനിന്നു നിയന്ത്രിക്കാവുന്ന വൈദ്യുതകാന്തിക ലോക്കും ഉണ്ടെങ്കിലും അത് കാണാനാകില്ല. അതിനാൽ പരമ്പരാഗത വിശ്വാസം നിലനിർത്തുന്നു. 2015 ലാണ് പ്രദേശത്ത് ഒരു പൊലീസ് സ്റ്റേഷൻ തുറന്നത്. അതിനും വാതിലുകൾ ഇല്ല. പൊലീസ് സ്റ്റേഷൻ തന്നെ ഇവിടെ ആവശ്യമില്ല കാരണം ഈ ഗ്രാമത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് പൂജ്യത്തിനടുത്താണ്.

തങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ ശനിഭഗവാനുള്ളപ്പോൾ ഭയപ്പെടേണ്ടതില്ല എന്ന വിശ്വാസമാണ് ശനിശിംഗനാപുരിലെ ജനങ്ങളുടെ ധൈര്യം.

English Summary: A Mysterious Village With No Doors or Windows 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA