ADVERTISEMENT

വാൽപാറയിൽ ഏറ്റവും നന്നായി പ്രകൃതിഭംഗി ആസ്വദിക്കാവുന്ന സ്ഥലമാണ് നല്ലമുടി വ്യൂപോയിന്റ്. ഷോളയാർ – കല്യാർ ടീ പ്ലാന്റേഷനിലുള്ള നല്ലമുടിയിൽ രാവിലെയും വൈകിട്ടും ആനയിറങ്ങും. പക്ഷേ, രാവിലെ ഒൻപതിനു മുൻപും വൈകിട്ട് അഞ്ചിനു ശേഷവും തേയിലത്തോട്ടത്തിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കില്ല. ക്രിസ്മസ് അവധി ആഘോഷിക്കാനോ, പുതുവർഷത്തിന്റെ ആദ്യ സൂര്യകിരണം ഏറ്റുവാങ്ങാനോ വ്യത്യസ്തമായ ഒരിടം പ്ലാനിലുണ്ടെങ്കിൽ നല്ലമുടി നല്ല ചോയിസാണ്... നമുക്ക് നല്ലമുടിയിലേക്ക് പോകാം..

അതിരപ്പള്ളി വഴി

അതിരപ്പള്ളി – വാഴച്ചാൽ വഴി വാൽപാറയിലേക്ക് രണ്ടു ദിവസത്തെ യാത്രയ്ക്ക് അനുയോജ്യമായ സമയമാണ് മഞ്ഞുകാലം. നവംബറിൽ തുടങ്ങുന്ന മഞ്ഞുകാലം ഫെബ്രുവരി പകുതിയാകുമ്പോഴേക്കും തണുപ്പിന്റെ കൊടുമുടിയിലെത്തും. ചാലക്കുടിയിൽ നിന്നു വാൽപാറയിലെത്താൻ മൂന്നു മണിക്കൂർ മതി. പക്ഷേ റോഡിന്റെ അവസ്ഥ ചിലപ്പോൾ 107 കിലോമീറ്റർ താണ്ടാൻ നാലു മണിക്കൂർ വണ്ടിയോടിക്കാനും ഇടയാക്കും.

nallamudi-viewpoint3

കോട്ടയത്തു നിന്നു പുലർച്ചെ അഞ്ചിനു പുറപ്പെട്ടു. ചാലക്കുടി എത്തിയപ്പോൾ ഏഴു മണി. കാറിന്റെ വിൻഡോ ഗ്ലാസിനുള്ളിലേക്ക് കുതിച്ചു കയറിയ കാറ്റിനെ ആസ്വദിച്ച് അതിരപ്പള്ളി റൂട്ടിലേക്ക് തിരിച്ചു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ള വീട്ടുപറമ്പുകൾ നിറയെ കൊക്കോ മരങ്ങളുണ്ട്. രണ്ടുനില കെട്ടിടങ്ങളുടെ ഉയരമുള്ള തെങ്ങുകളിൽ തേങ്ങ വിളഞ്ഞു നിൽക്കുന്നു. അടുക്കള തോട്ടങ്ങളിൽ മഞ്ഞളും കൂവയും ഇഞ്ചിച്ചെടിയും തഴച്ചു വളരുന്നു. പുഴയുടെ കുളിരിലേക്കുള്ള വേരോട്ടമാണ് അവിടുത്തെ കൃഷി സമൃദ്ധി.

nallamudi-viewpoint1

തുമ്പൂർമുഴി അണക്കെട്ടും ചിത്രശലഭങ്ങളുടെ പാർക്കുമാണ് ആദ്യ ഡെസ്റ്റിനേഷൻ. രാവിലെ അവിടന്നങ്ങോട്ട് ഈന്തപ്പന തോട്ടമാണ്. പാറക്കെട്ടിലൂടെ പരന്നൊഴുകുന്ന ചാലക്കുടിപ്പുഴയും ഈന്തപ്പന തോട്ടവും ഒട്ടേറെ സിനിമകൾക്കു പശ്ചാത്തലമായി. ‘വടക്കൻ വീരകഥ’ പറയുന്ന ഉദയാ, നവോദയാ ബാനർ സിനിമകളുടെ മെയിൻ ലൊക്കേഷനായിരുന്നു ചാലക്കുടിപ്പുഴ. ഇന്നും ആ സിനിമാസ്കോപ്പ് സൗന്ദര്യത്തിന് പകരം വയ്ക്കാൻ വേറേ ലൊക്കേഷനില്ല.

nallamudi-viewpoint2

അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപത്തെ റോഡ് കച്ചവട കേന്ദ്രമായി മാറിയിട്ട് ഏറെക്കാലമായിട്ടില്ല. തൊപ്പിയും കൂളിങ് ഗ്ലാസും മാലയും വളയുമൊക്കെയാണ് കടകളുടെ ഉള്ളടക്കം. സ്കൂൾ അവധിക്കാലത്തും നവംബർ – മാർ‌ച്ച് മാസമാണ് സീസൺ. സംവിധായകൻ മണിരത്നവും രാജമൗലിയും സിനിമയ്ക്കു ലൊക്കേഷനാക്കിയ ശേഷം അതിരപ്പള്ളി വെള്ളച്ചാട്ടം രാജ്യാന്തര ശ്രദ്ധ നേടി.

വാഴച്ചാൽ വെള്ളച്ചാട്ടം

അതിരപ്പള്ളി വെള്ളച്ചാട്ടം കാണാൻ ടിക്കറ്റ് എടുത്തവർ വാഴച്ചാലിൽ വേറെ ടിക്കറ്റ് എടുക്കേണ്ട. ചെരിഞ്ഞു കിടക്കുന്ന പാറക്കെട്ടിലൂടെ പരന്നൊഴുകുന്ന വെള്ളച്ചാട്ടമാണ് വാഴച്ചാലിന്റെ ഭംഗി. പാർക്ക്, വ്യൂ പോയിന്റ്, വിശ്രമ സ്ഥലം എന്നിവയൊരുക്കി വാഴച്ചാൽ വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ വരവേൽക്കുന്നു.

nallamudi-viewpoint

വാഴച്ചാലിന്റെ ഗെയിറ്റിനരികിലാണ് വനംവകുപ്പ് ചെക് പോസ്റ്റ്. വാൽപാറ യാത്രക്കാർ അവിടെ നിന്നു പ്രവേശന പാസ് എടുക്കണം. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, ഡ്രൈവറുടെ പേര്, യാത്രക്കാരുടെ എണ്ണം, പ്ലാസ്റ്റിക് കുപ്പി – കവർ എന്നിവയുടെ എണ്ണം എന്നീ വിവരങ്ങൾ രേഖപ്പെടുത്തിയ കടലാസ് കൈപ്പറ്റിയ ശേഷം വനപാതയിലേക്ക് പ്രവേശിച്ചു.

അതിരപ്പള്ളി കാട്ടിൽ പുഴയും അരുവികളും ഉണ്ടെങ്കിലും തണുപ്പു കുറവാണ്. അതു കൊണ്ടു തന്നെ റോഡരികിൽ കാട്ടുമൃഗങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കണം. വാച്ച്മരം പാലം, ഇരുമ്പുപാലം എന്നിവിടങ്ങളിൽ ആനയെ കണ്ടു. ആനക്കുട്ടികളോടൊപ്പം മേഞ്ഞു നടന്ന പിടിയാനയും കൊമ്പനും വാഹനങ്ങളുടെ ഹോണടി മൈൻഡ് ചെയ്തില്ല. എന്നാൽ ഒറ്റയ്ക്ക് വഴിയിലിറങ്ങിയ കൊമ്പൻ വണ്ടികളുടെ ഹോൺ കേട്ട് മുളങ്കൂട്ടത്തിലേക്ക് പാഞ്ഞു. അതു കണ്ടപ്പോൾ വണ്ടിയിൽ നിന്നിറങ്ങരുതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിർദേശിച്ചത് ഓർമിച്ചു.

വാൽപ്പാറ റൂട്ടിൽ അതിരപ്പള്ളി കഴിഞ്ഞാൽ വെറ്റിലപ്പാറയാണ് പ്രധാന കവല. പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ നേരത്തേ ബോട്ടിങ് ഉണ്ടായിരുന്നു. ഇപ്പോൾ അണക്കെട്ടിന്റെ പരിസരത്തേക്കു പോലും സന്ദർശകർക്ക് പ്രവേശനമില്ല.

മുക്കുമ്പുഴ വനമേഖലയിൽ ഷോളയാർ റെയ്ഞ്ചിലേക്കു കടന്നാൽ തമിഴ്നാടിന്റെ അതിർത്തിയായി. മലക്കപ്പാറയാണ് കേരള – തമിഴ്നാട് ബോർഡർ. അതിർത്തി എത്തുന്നതിനു മുൻപാണ് ‘ചീങ്കണ്ണിക്കുളം’. കാടിന്റെ നടുവിലെ തടാകത്തിൽ പണ്ട് ചീങ്കണ്ണിയെ കണ്ടതായി പറയപ്പെടുന്നു. കുളത്തിൽ ഇറങ്ങരുതെന്ന് ബോർഡ് വച്ചിട്ടുണ്ടെങ്കിലും കമ്പിവേലി ചാടിക്കടന്ന് ഫോട്ടോ എടുക്കുന്ന ഒട്ടേറെയാളുകളെ അവിടെ കണ്ടു.ഷോളയാർ അണക്കെട്ടിന്റെ ക്യാച്മെന്റിനു സമീപത്തുകൂടിയാണ് തുടർയാത്ര. സുരക്ഷിതമായി നിന്നു ഫോട്ടോ എടുക്കാനും അണക്കെട്ടിന്റെ ഭംഗി പശ്ചാത്തലമാക്കാനും നാലു ലൊക്കേഷനുണ്ട്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ഇറങ്ങി നടക്കുന്നത് നിയമപ്രകാരം കുറ്റകരം.

ഏഷ്യയിലെ ഏറ്റവും ആഴമേറിയ ഡാമുകളിൽ രണ്ടാം സ്ഥാനം ഷോളയാറിനാണ്. അണക്കെട്ടിനു മുകളിൽ നിന്നാൽ പൂന്തോട്ടവും സമീപ ഗ്രാമവും ഏരിയൽ ആംഗിളിൽ കാണാം. വെള്ളം നിറഞ്ഞ ശേഷം ഷട്ടർ തുറക്കുമ്പോഴാണ് ഷോളയാറിന്റെ ഭംഗി പൂർണമാവുക. അണക്കെട്ടിനു മുൻപിൽ വഴിയോരത്ത് മീൻ പൊരിച്ചു വിൽക്കുന്ന കടകളുണ്ട്. അണക്കെട്ടിൽ നിന്നു പിടിച്ച മീൻ മസാല പുരട്ടി കടയുടെ മുന്നിൽ കെട്ടിത്തൂക്കിയിരിക്കുന്നു. ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത് പൊരിച്ചു വാങ്ങി കഴിക്കാം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com