ADVERTISEMENT

നാടുകാണി ചുരത്തിനും കല്ലട്ടി ചുരത്തിനും ഇടയിലാണ് മസിനഗുഡി. നാടുകാണിയിൽ കൊടും വളവുകൾ ആറ്. കല്ലട്ടിയിൽ ഹെയർപിൻ വളവുകളുടെ എണ്ണം മുപ്പത്താറ്. ഒരു തോണിയുടെ രൂപത്തിൽ നീലഗിരി വനമേഖലയുടെ ചിത്രം വരച്ചാൽ മസിനഗുഡിയുടെ സ്ഥാനം തോണിയുടെ നടുത്തളമാണ്. കർണാടകയും തമിഴ്നാടുമായി കേരളം അതിർ‌ത്തി പങ്കിടുന്ന മുതുമല വന്യജീവി സങ്കേതത്തിലെ തണുത്ത താഴ്‌വരയാണ് മസിനഗുഡി. മൃഗശാലയിലേതു പോലെ വന്യജീവികൾ നടക്കുന്നതു കാണാമെന്നു മോഹവുമായാണ് സഞ്ചാരികൾ മസിനഗുഡിയിൽ എത്തുന്നത്.

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നിന്നു പുറപ്പെട്ട് എടക്കര കടന്ന് വഴിക്കടവ് താണ്ടിയാൽ നാടുകാണി ചുരത്തിന്റെ അടിവാരം. കിൻഡർ ഗാർട്ടനിൽ പോകുന്ന കുട്ടികൾ സ്ലെയിറ്റിൽ കുത്തിവരച്ചതു പോലെ വളവാണ് നാടുകാണിയുടെ ഭംഗി. ആദ്യം മുളങ്കാട്. അതു കഴിഞ്ഞ് ഹെയർപിൻ വളവുകൾ. ‘നാടുകാണി വ്യൂ പോയിന്റ്്’ എത്തുന്നതു വരെ കൊടുംകാട് കണ്ടു മലകയറ്റം. ആന്ധ്രപ്രദേശ് സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നക്സലേറ്റ് കുപ്പുദേവരാജിനെ പൊലീസ് വെടിവച്ചിട്ടത് ഈ കാടിനുള്ളിലാണ്. ചുരത്തിൽ വാഹനം നിർത്തി വനത്തിനുള്ളിൽ കയറി സെൽഫിയെടുക്കാൻ ആവേശം കാണിക്കുന്നവർ ഓർക്കുക: നിങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞ് കുണ്ടും കുഴിയുമായി മാറിയ റോഡ് ജനുവരി അവസാനത്തോടെ ടാറിട്ട് ബാരിക്കേഡ് കെട്ടി. പതുക്കെ വണ്ടിയോടിച്ചാൽ വഴിയോരക്കാഴ്ചയിൽ മൂന്നാർ ഹിൽ േസ്റ്റഷന്റെ ഫീൽ കിട്ടും. നാഷനൽ ഹൈവേയിൽ മീറ്റർ സൂചി നൂറിനു മുകളിലേക്ക് പറപ്പിച്ച് ഡ്രൈവിങ്ങിൽ ആനന്ദം കണ്ടെത്തുന്നവർ നാടുകാണിയിൽ ക്ഷമാശീലം പാലിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരും.

masinagudi-travel

ആനമറി കഴിഞ്ഞാൽ അണ്ണാനഗർ‌ ജംക്‌ഷനിലാണ് ചായക്കടയുള്ളത്. പന്തല്ലൂർ, ഗൂഡല്ലൂർ, ഊട്ടി, മൈസൂർ എന്നിവിടങ്ങളിലേക്ക് വഴിപിരിയുന്ന സ്ഥലത്താണ് കേരളത്തിന്റെ അതിർത്തി. ഇരുമ്പുപാലം ജംക്‌ഷൻ എത്തിയാൽ സംസാര ഭാഷ തമിഴ്. ഇവിടത്തുകാരിലേറെയും തോട്ടംതൊഴിലാളികളാണ്. ചെറിയ ബസ് സ്റ്റാൻഡും തിരക്കേറിയ ചായക്കടകളും നിറയെ തുണിക്കടകളുമുള്ള പട്ടണമാണു ഗൂഡല്ലൂർ. ഉപ്പു മുതൽ കർപ്പൂരം വരെ നിത്യോപയോഗ സാധനങ്ങളുടെ മൊത്തം – ചില്ലറ സ്ഥാപനങ്ങൾ നടത്തുന്നതു മലയാളികൾ. ഉപഭോക്താക്കളും ജോലിക്കാരും തമിഴ്നാട്ടുകാർ.

masinagudi-travel2

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് ഗൂഡല്ലൂർ. മുണ്ടാടൻ ചെട്ടിമാരാണ് ഗൂഡല്ലൂരിലെ പൂർവികർ. അവരുടെ നാട്ടുഭാഷയിൽ താഴ്‌വരയാണ് ‘ഗൂഡലു’. ‘ഊര്’ ചേർത്ത് അത് ‘ഗൂഡല്ലൂരിലായി’. ബ്രിട്ടിഷ് ഭരണകാലത്ത് തേയിലത്തോട്ടത്തിൽ ജോലിക്ക് എത്തിയവരാണ് ചെട്ടിമാർ. പിൽക്കാലത്ത് കർണാടകയിൽ നിന്നും ആളുകൾ തൊഴിൽ തേടി ഗൂഡല്ലൂരിൽ എത്തി. അവരുടെ കച്ചവടം പ്രതീക്ഷിച്ച് പലചരക്കു കടയും ചായക്കടയും തുറന്ന് മലയാളികളും ഗൂഡല്ലൂരിൽ സ്ഥിരതാമസമാക്കി. അങ്ങനെ നീലഗിരി ജില്ലയിലെ വിസ്താരമേറിയ താലൂക്ക് മിശ്രസംസ്കാരത്തിനു മാതൃകയായി.

മുതുമല കടുവ സങ്കേതം

ഊട്ടി ട്രിപ്പിലും മൈസൂർ ടൂറിലും ആദ്യത്തെ േസ്റ്റാപ്പ് ഗൂഡല്ലൂരാണ്. രാജഭരണ കാലത്തുണ്ടായ സ്ഥലപ്പേരുകളും അന്നു വെട്ടിത്തെളിച്ച റോഡുമാണ് ഗൂഡല്ലൂരിന്റെ സൗന്ദര്യം. പണ്ട് ആദിവാസി ഗോത്ര നേതാക്കന്മാരായ വല്ലവന്നൂർ, നെല്ലി അരശി എന്നിവരായിരുന്നത്രേ ഗൂഡല്ലൂരിന്റെ അധികാരികൾ. നിലമ്പൂർ കോവിലകം അതിർത്തി വിസ്താരം കൂട്ടിയപ്പോൾ ഗൂഡല്ലൂർ ദേശം രാജാവിന്റെ കീഴിലായി. ഗോത്രങ്ങളുടെ അധികാര സ്ഥാനം നഷ്ടപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം നീലഗിരിയിലെ ഗൂഡല്ലൂർ തമിഴ്നാടിന്റെ ഭൂപടത്തിൽ ചേർത്തു. മലബാർ ടെനൻസി നിയമ പ്രകാരം കോവിലകത്തിന്റെ അധികാരം ‘ജന്മദേശ’ത്തിൽ ഒതുങ്ങി.

masinagudi-travel3

ഗൂഡല്ലൂരിൽ നിന്നു മസിനഗുഡിയിലേക്ക് ഇരുപത്തഞ്ചു കിലോമീറ്റർ. മുതുമല കടുവ സങ്കേതത്തിലൂടെയാണ് യാത്ര. ബംഗാൾ കടുവ, പുള്ളിപ്പുലി, കരടി എന്നിവയുടെ വാസകേന്ദ്രമാണ് മുതുമല. ആഴ്ചയിൽ നാലോ അഞ്ചോ തവണ വഴിയരികിൽ ഇവ ഇറങ്ങാറുണ്ട്. വൈകിട്ട് ആറു മണിക്ക് ശേഷവും രാവിലെ ഏഴു മണിക്കു മുൻപും സ്വകാര്യ വാഹനങ്ങൾ ഈ പാതയിൽ പ്രവേശിപ്പിക്കാറില്ല.


പുലർച്ചെ അഞ്ചരയ്ക്ക് കോട്ടയത്തു നിന്നു പുറപ്പെട്ട കോട്ടയം – നിലമ്പൂർ പാസഞ്ചർ ട്രെയിൻ നിലമ്പൂർ ജംക്‌ഷനിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് 1.10. അവിടെ നിന്നു ഗൂഡല്ലൂരിൽ ബസ്സിറങ്ങിയപ്പോൾ 3.30. മസിനഗുഡിയിലേക്ക് 1500 രൂപ വാടക പറഞ്ഞുറപ്പിച്ച ടാക്സി വന്യജീവി സങ്കേതത്തിൽ പ്രവേശിച്ചപ്പോൾ 3.45. അസ്തമിക്കാൻ തയാറെടുത്ത സൂര്യൻ മുതുമല കാട്ടിൽ സ്വർണ നിറം വിതറി.

പോയ വർഷം തകർത്തു പെയ്ത മഴ മൊത്തം വെള്ളവും ഊറ്റിയെടുത്തു കടലിലേക്ക് ഒഴുക്കിയതിനാൽ മുതുമലയിലെ മരങ്ങൾ ഇക്കുറി നേരത്തേ ഉണങ്ങി. ജനുവരി ആരംഭിച്ചപ്പോഴേക്കും മുളയും തേക്കും പടുവൃക്ഷങ്ങളും ഇലപൊഴിച്ചു. ഇരുകര തൊട്ടൊഴുകിയിരുന്ന മോയർ നദി പാറക്കൂട്ടത്തിനിടയിൽ ചാലായി. കടുവയും കരിമ്പുലിയും തണുത്ത പ്രദേശം നോക്കി നീങ്ങി. ആനയും മാനും മലയണ്ണാനും മയിലും എക്കാലത്തെയും പോലെ മോയാറിന്റെ തീരത്ത് അഭയം തേടി.


മസിനഗുഡി, തെപ്പക്കാട്, മുതുമല, കാറഗുഡി, നെല്ലക്കോട്ട എന്നിങ്ങനെ നാല് ഫോറസ്റ്റ് റേഞ്ച് ചേർന്നതാണ് കടുവ സങ്കേതം. തെപ്പക്കാട് ആന സംരക്ഷണ കേന്ദ്രവും മസിനഗുഡി ജംഗിൾ സഫാരിയും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. തെപ്പക്കാട് ഫോറസ്റ്റ് േസ്റ്റഷനിൽ നിന്നാണ് ജംഗിൾ സഫാരി പുറപ്പെടുന്നത്. വന്യജീവി സങ്കേതത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് തെപ്പക്കാട്ടേയ്ക്ക് പതിനേഴ് കിലോമീറ്റർ. പാടത്ത് ആടു മേയുന്ന പോലെ കൂട്ടം ചേർന്നു നടക്കുന്ന മാനുകളെയാണ് ആദ്യം കണ്ടത്. വാഹനങ്ങളുടെ ശബ്ദം പരിചയിച്ച മാനുകൾ റോഡിനു കുറുകെ ഓടി. തുമ്പിക്കൈയിൽ മണ്ണു കോരിയെറിഞ്ഞ് കൊമ്പനാന വഴിയോരത്ത് തലയാട്ടി നിന്നു. കാറിനുള്ളിലിരുന്ന് ആ ദൃശ്യം ക്യാമറയിൽ പകർത്തി. ആവേശം കയറി വാഹനത്തിൽ നിന്നു പുറത്തിറങ്ങുന്നത് കുറ്റകരം; ഫൈൻ പതിനായിരം രൂപ. വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നുണ്ട്, സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

ജംഗിൾ സഫാരി

മോയാർ നദിക്കു കുറുകെ മസിനഗുഡിയിലേക്ക് പാലം നിർമിച്ചിട്ടുള്ള സ്ഥലമാണ് തെപ്പക്കാട്. ആന സംരക്ഷണ കേന്ദ്രം സ്ഥാപിച്ചതോടെ തെപ്പക്കാട് വിനോദസഞ്ചാര മേഖലയായി. കാട്ടാന ഇറങ്ങുന്ന ബൊക്കാപുരമാണ് മറ്റൊരു ഡെസ്റ്റിനേഷൻ. മസിനഗുഡിയിൽ എത്തുന്നവർക്ക് താമസിക്കാൻ ആഡംബര സൗകര്യങ്ങളോടെ ബൊക്കാപുരത്ത് ഒട്ടേറെ റിസോർട്ടുകളുണ്ട്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com