ADVERTISEMENT

നടി മാളവിക മോഹനന്‍റെ വന്യജീവി സങ്കേതങ്ങളോടുള്ള ഇഷ്ടം പ്രശസ്തമാണ്. നാഷണല്‍ പാര്‍ക്കുകള്‍ പോലെയുള്ള സ്ഥലങ്ങളിലാണ് മാളവികയുടെ യാത്രകള്‍ കൂടുതലും. മികച്ച ഒരു ഫൊട്ടോഗ്രാഫര്‍ കൂടിയായ നടി ഇവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലെ രണതംഭോര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ആദ്യത്തെ ചിത്രത്തില്‍ മാളവികയുടെ പിന്നിലായി കടുവയെ കാണാം. ദേശീയോദ്യാനത്തിനുള്ളില്‍ നിന്നുള്ള മനോഹരമായ ദൃശ്യങ്ങളും മാളവിക പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതിനുമുന്‍പ് ഈ വര്‍ഷം മാര്‍ച്ചിലും രണതംഭോറില്‍ നിന്നുള്ള ചിത്രങ്ങള്‍ മാളവിക പങ്കുവച്ചിരുന്നു.

ബോളിവുഡ് നടീനടന്മാരായ കത്രീന കൈഫിന്‍റെയും വിക്കി കൗശാലിന്‍റെയും വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ്‌ മാളവിക രാജസ്ഥാനില്‍ എത്തിയത്. ഡിസംബര്‍ 9- ന് രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാര ആഡംബര റിസോര്‍ട്ടിലാണ് ഇവരുടെ വിവാഹം നടന്നത്. ബോളിവുഡില്‍ നിന്നും അന്യഭാഷകളില്‍ നിന്നുമുള്ള നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കുട്ടിക്കാലം മുതലേയുള്ള സുഹൃത്തുക്കളാണ് മാളവികയും വിക്കിയും. 

സവായ് മധോപൂരില്‍, സിക്സ് സെൻസസ് റിസോര്‍ട്ടില്‍ നിന്നും അര മണിക്കൂര്‍ ഡ്രൈവ് ചെയ്തെത്താവുന്ന ദൂരത്തിലാണ് രണതംഭോര്‍. റിസോര്‍ട്ടില്‍ താമസിക്കുന്നവര്‍ക്ക് കോംപ്ലിമെന്‍ററിയായി ഇവിടേക്കുള്ള സഫാരിയും ലഭിക്കും. 

ഇന്ത്യയില്‍, കടുവകളെ ഏറ്റവും അടുത്ത് കാണാൻ കഴിയുന്ന ദേശീയോദ്യാനമാണ് രണതംഭോർ. അതുകൊണ്ടുതന്നെ, വന്യജീവി ഫൊട്ടോഗ്രാഫർമാരുടെയും പക്ഷിനിരീക്ഷകരുടെയും പറുദീസയാണ് ഇവിടം. ആരവല്ലി, സിന്ധ്യ പർവതനിരകൾക്കിടയിലായി  392 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന രണതംഭോർ ദേശീയോദ്യാനം, പണ്ട് രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്നത്രേ. രജപുത്രന്മാരുടെ കാലത്ത് കാടിനുള്ളില്‍ നിർമിച്ച, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടയും ഇവിടെ കാണാം. 

1955- ൽ സംരക്ഷിത മേഖലയാക്കിയ 197ദേശീയോദ്യാനം, 1973-ല്‍ പ്രൊജക്റ്റ്‌ ടൈഗർ പദ്ധതിയുടെ ഭാഗമാക്കി. പിന്നീട്  1980- ൽ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. 2013ൽ ഇവിടുത്തെ കോട്ട ലോക പൈതൃക പട്ടികയിൽ ഉള്‍പ്പെടുത്തുകയും ചെയ്തു.

സഞ്ചാരികള്‍ക്ക് ജീപ്പുകളിലും മറ്റു വാഹനങ്ങളിലുമായി കാടിനകത്തേക്ക് സഞ്ചരിക്കാം. ഹന്മാൻ ലംഗൂര്‍, സംഭാർ, ചിങ്കാര, പെരുമ്പാമ്പ്, മൂർഖൻ, മുതല, കടുവകൾ, പുള്ളിപുലികൾ, കാട്ടുപോത്തുകൾ, തുടങ്ങിയ മൃഗങ്ങളെയും 256 ഇനങ്ങളിൽപ്പെട്ട പക്ഷികളെയും ഇവിടെ കാണാം. ബനാറസ്, ചമ്പൽ നദികൾ ദേശീയോദ്യാനത്തിനുള്ളിലൂടെയാണ് ഒഴുകുന്നത്

 

English Summary: Malavika Mohanan takes a jungle safari after Vicky-Katrina wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com