ADVERTISEMENT

സീരിയലുകളിലൂടെയും സിനിമകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ആരാധകരുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് ഗായത്രി അരുണ്‍. അഭിനയത്തിനോടൊപ്പം എഴുത്തുകാരിയായും അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ ആത്മാവിനെ അറിഞ്ഞുള്ള ഒരു യാത്രയിലാണ് ഗായത്രി.  ഇന്ത്യയുടെ ആത്മീയ നഗരങ്ങളില്‍ ഒന്നായ ഋഷികേശിലൂടെയാണ് ഗായത്രിയുടെ യാത്ര. നിരവധി വിഡിയോകളും ഗായത്രിയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. ഗംഗയുടെ തീരത്തെ കാഴ്ചകളും ഗംഗാ ആരതിയുടെ കാഴ്ചകളുമെല്ലാം പകര്‍ത്തിയിട്ടുണ്ട്. ഗംഗയുടെ തീരത്തെ ആളുകളുമായി സംവദിക്കുന്ന വിഡിയോയുമുണ്ട്.

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍, ഹിമാലയത്തിന്‍റെ താഴ്‌വരപ്രദേശത്ത് ഗംഗാ നദിയോട് ചേർന്ന്, പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശ്. ഗംഗ ഉത്ഭവസ്ഥാനത്ത് നിന്നുമൊഴുകി , ഇന്ത്യയുടെ ഉത്തരമാഹാസമതലപ്രദേശത്തേക്ക് പ്രവേശിക്കുന്നത് ഋഷികേശില്‍ വച്ചാണ്. 'ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം' എന്നു വിളിക്കപ്പെടുന്ന ഋഷികേശ് ബദരിനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുള്ള യാത്രയുടെ ആരംഭസ്ഥാനം കൂടിയാണ്.

ഒട്ടനേകം ആശ്രമങ്ങളും സന്യാസിമാരെയും യോഗ കേന്ദ്രങ്ങളുമെല്ലാം ഋഷികേശില്‍ കാണാം. വൈകുന്നേരങ്ങളില്‍ ഗംഗയുടെ തീരത്ത് നടക്കുന്ന ഗംഗ ആരതി കാണേണ്ട കാഴ്ചയാണ്. സതീദേവിയെ ആരാധിക്കുന്ന കുഞ്ചപുരി ക്ഷേത്രം, രാം ജുല, ലക്ഷ്മണ്‍ ജുല പാലങ്ങള്‍, വിഷ്ണുകൂടം, മണികൂടം, ബ്രഹ്മകൂടം എന്നീ മലകളാല്‍ ചുറ്റപ്പെട്ട നീലകണ്ഠ മഹാദേവ ക്ഷേത്രം, യമുനാനദിയിലെ ജലം നിറഞ്ഞ ഋഷികുണ്ഡ്, വസിഷ്ഠഗുഫ, ഓംകാരേശ്വര ക്ഷേത്രം, കാളി കുമ്പിവാലെ പഞ്ചായതി ക്ഷേത്രം, ഗീതാഭവന്‍, ത്രിവേണി ഘട്ട്, സ്വര്‍ഗ ആശ്രമം,  ശിവാനന്ദ ആശ്രമം തുടങ്ങിയവയും ഋഷികേശിലെ പ്രധാനപ്പെട്ട കാഴ്ചകളില്‍പ്പെടുന്നു.

ക്ഷേത്രങ്ങളും ആശ്രമങ്ങളും കൂടാതെ സാഹസിക സഞ്ചാരികള്‍ക്കും ഇവിടം പ്രിയപ്പെട്ട ഇടമാണ്. പ്രൊഫഷണല്‍ ഗൈഡുമാരുടെ മേല്‍നോട്ടത്തില്‍ റിവര്‍ റാഫ്റ്റിംഗിന് ഇവിടെ സൗകര്യമുണ്ട്. ട്രക്കിംഗിനും മലകയറ്റത്തിനുമായി എത്തുന്നവരും കുറവല്ല. ഗര്‍ഹാള്‍ ഹിമാലയന്‍ റേഞ്ച്, ഭുവാനി നീര്‍ഗുഡ്, രൂപ്കുണ്ഡ്, കാവേരി പാസ്, കാളിന്ദി ഖാല്‍ ട്രക്ക്, കാങ്കുല്‍ ഖാല്‍ ട്രക്ക്, ദേവി നാഷണല്‍ പാര്‍ക്ക് എന്നിങ്ങനെ നിരവധി ട്രെക്കിംഗ് റൂട്ടുകള്‍ ഇവിടെയുണ്ട്. ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിങ്ങിന് ഏറ്റവും ജനപ്രിയമായ സമയം.

English Summary: Gayathri Suresh Shares Travel Pictures from Rishikesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com