ബുള്ളറ്റിൽ നിന്ന് കുഴഞ്ഞു വീണു, എന്നിട്ടും തളരാതെ ബൈക്കിൽ ഇന്ത്യ ചുറ്റി 55കാരി

mini-augustine
SHARE

പ്രായം ഒന്നിനും തടസ്സമാകരുതെന്ന് തന്റെ ജീവിതം കൊണ്ടു തെളിയിച്ചു മിനി അഗസ്റ്റിൻ എന്ന അൻപത്തിയഞ്ചുക്കാരി. കേരളത്തിൽനിന്നു രാജസ്ഥാനിലേക്ക് സോളോട്രിപ് നടത്തിയ സന്തോഷത്തിലാണ് ഇവർ. തനിച്ചെന്നു പറയാനാവില്ല, സന്തതസഹചാരിയായ ബുള്ളറ്റും മിനിക്കൊപ്പമുണ്ടായിരുന്നു! തനിച്ചു യാത്ര ചെയ്യുന്നവർ ധാരാളമുണ്ട്. എന്നാൽ മിനിയുടെ യാത്ര ഒരൽപം വ്യത്യസ്തമാണ്. യാത്ര എവിടേക്കുമാകട്ടെ, അത് ബുള്ളറ്റിലായിരിക്കുമെന്നു മാത്രം. ഇരുപത്തേഴാം വയസ്സിൽ ഒപ്പം കൂടിയ ബുള്ളറ്റ് ഒപ്പമില്ലാതെ മിനി നടത്തിയ യാത്രകൾ ചുരുക്കം.

ബുള്ളറ്റി‌ലേറിയ യാത്രകൾ

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി റോയൽ എൻഫീൽഡ് സംഘടിപ്പിച്ച ഹെറിറ്റേജ് റൈഡിലാണ് മിനിയും പങ്കാളിയായത്. സ്ത്രീകൾക്കു മാതൃകയായ വനിത എന്ന നിലയിലാണ് കാനറാ ബാങ്ക് മിനിയുടെ യാത്ര സ്പോൺസർ ചെയ്തത്.

himalayam-bullet-trip4

വണ്ടിയോടിക്കാൻ എന്നു തനിക്കു സാധിക്കാതെ വരുന്നോ അന്നു തനിക്ക് വയസ്സായെന്ന് ഉറപ്പിക്കുമെന്നാണ് 2600 കിലോമീറ്റർ ബുള്ളറ്റോടിച്ചു വന്നതിന് ശേഷമുള്ള മിനിയുടെ പ്രതികരണം. ഇതാദ്യമായല്ല മിനി ഇത്രയും ദൂരം ബുള്ളറ്റിൽ പോകുന്നത്.

റോയൽ എൻഫീൽഡിൽ രാജസ്ഥാൻ ചുറ്റിയ കഥ

mini-augustine8

കാനറാ ബാങ്കിൽ സീനിയർ മാനേജരാണ് മിനി. അടുത്തുതന്നെ 56 വയസ്സാകും. ‘‘പ്രായം എടുത്തുപറയുന്നതിൽ എനിക്കു മടിയില്ല, കാരണം ഈ പ്രായം എനിക്കൊരു സ്ഥലത്തും വെല്ലുവിളിയുയർത്തിയിട്ടില്ല. പ്രായമല്ല, എന്തും നേരിടാനുള്ള ചങ്കുറപ്പാണ് വേണ്ടത്. ഡിസംബർ 17 മുതൽ 26 വരെയായിരുന്നു യാത്ര.

himalayam-bullet-trip3

ജയ്പുർ വരെ വിമാനത്തിൽ എത്തി അവിടെനിന്നു ബുള്ളറ്റ് ക്ലാസിക് വാടകയ്ക്ക് എടുക്കുകയായിരുന്നു. എന്റെ സ്വന്തം വണ്ടി തണ്ടർബേഡാണ്. എന്നാൽ അതൊരു ഹെറിറ്റേജ് റൈഡായതിനാലാണ് ക്ലാസിക് ഉൾപ്പെടുത്തിയത്. ഞാനടക്കം 18 പേരുണ്ടായിരുന്ന ആ സംഘത്തിൽ എന്റെ ബൈക്ക് മാത്രമായിരുന്നു പഴയത്. രണ്ടു ദിവസമെടുത്തു ആ വണ്ടിയുമായി ഇണങ്ങാൻ.’’

പശുവും ആടും ഒട്ടകവും വഴിയിൽ 

mini-augustine5

‘‘രാജസ്ഥാൻ ഇന്ത്യയുടെ പൈതൃകയിടമാണ്. അവിടുത്തെ നിരത്തുകളിൽ വാഹനമോടിക്കുന്നത്, പ്രത്യേകിച്ച് ബൈക്ക് ഓടിക്കുന്നത് പ്രയാസമാണ്. നമ്മുടെ നാട്ടിൽ വേഗവും ദൂരവും ട്രാഫിക് റൂളുകളുമെല്ലാം പാലിച്ച് വാഹനമോടിക്കുന്നവർ അവിടെയെത്തിയാൽ ചിലപ്പോൾ വണ്ടിയോടിച്ചില്ലെന്നു വരും. അത്ര കഷ്ടപ്പാടാണ്.

mini-augustine2

എവിടെ നോക്കിയാലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികൾ, എപ്പോൾ വേണമെങ്കിലും വണ്ടിക്കു വട്ടം ചാടുന്ന പശുക്കളും മനുഷ്യരും. പിന്നെയുള്ളൊരു വലിയ പ്രശ്നം ഒട്ടകങ്ങളാണ്. ബുള്ളറ്റ് കുറച്ചു പഴയതായതിനാൽത്തന്നെ ആദ്യദിവസങ്ങൾ കുറച്ചു പ്രശ്നമായിരുന്നു. ഇങ്ങനെ പോകുമ്പോഴായിരിക്കും റോഡിൽ പശു കുറുകെ നിൽക്കുന്നത് കാണുക. അത് അവിടെനിന്നു പോകുന്നതുവരെ വണ്ടി മുന്നോട്ടെടുക്കാനാവില്ല. 

himalayam-bullet-trip1

കാര്യം ഗുരുതരമായത് ഒട്ടകത്തിനെ കണ്ടപ്പോഴാണ്. ഒരു ദിവസം ഞങ്ങൾ കടന്നുപോകുന്ന വഴിയിൽ ഒട്ടകം നിൽക്കുന്നു. എനിക്ക് ഒപ്പമുള്ളവർ കടന്നുപോയി. ഞാൻ വണ്ടി മുന്നോട്ടെടുത്തതും ഒട്ടകം ഒറ്റത്തിരിയൽ. ജസ്റ്റ് മിസ്. ഞാനും വണ്ടിയും അതിന്റെ  അരികിലൂടെ എങ്ങനെയോ കടന്നുപോയി. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ഒട്ടകത്തിന്റെ മേൽ ഇടിച്ച് ഞാനവിടെ വീഴുമായിരുന്നു. ഈയൊരു സംഭവമൊഴിച്ചാൽ ബാക്കി യാത്ര ഗംഭീരമായിരുന്നു. 

himalayam-bullet-trip

ജയ്പുരിൽനിന്ന് ആരംഭിച്ച റൈഡ് പാക്കിസ്ഥാൻ അതിർത്തിയിലെ താനോത് ക്ഷേത്രത്തിലെത്തിനിന്നു. ഒരു ദിവസം മൂന്നൂറിലേറെ കിലോമീറ്റർ വരെ ബുള്ളറ്റോടിച്ചിട്ടുണ്ട്. ഇവിടെ നാട്ടിൽ 80 കിലോമീറ്ററിലേറെ വേഗത്തിൽ പോയാൽ വീട്ടിൽ നോട്ടിസ് വരും. അവിടെ 100 നു മുകളിലൊക്കെ എനിക്ക് ബുള്ളറ്റോടിക്കാൻ സാധിച്ചു.

himalayam-bullet-trip5

പലയിടത്തും സ്വീകരണങ്ങളും ഉണ്ടായിരുന്നു. അന്നാട്ടിലെ സ്ത്രീകൾ എന്നോടു പ‌റഞ്ഞത് ഒരിക്കലും മറക്കാനാവില്ല. ഞാൻ അവർക്ക് ഒരു പ്രചോദനമാണെന്നും അവർക്കും ബുള്ളറ്റോടിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു, നമ്മുടെ ജീവിതം കൊണ്ട് ചിലരുടെയെങ്കിലും മുഖത്ത് ഒരു പുഞ്ചിരി വിടർത്താനായി എന്ന സന്തോഷമായിരുന്നു മനസ്സിൽ നിറഞ്ഞത്.’’

മിനിയുടെ ഫ്ലാഷ്ബാക്കിലേക്ക്

mini-augustine3

ഇത് മിനിയുടെ പുതിയ കഥയാണ്. ഇൗ യാത്രാപ്രേമിക്ക് ഒരു ഫ്ലാഷ് ബാക്കുണ്ട്. മിന്നൽപിണർപോലെ നമ്മുടെയൊക്കെ മനസ്സിലേക്ക് കത്തിക്കയറാൻ പാകത്തിനൊരു കിടിലൻ ഹിമാലയൻ ട്രിപ്പിന്റെ കഥ; ബുള്ളറ്റ് എന്ന സഹചാരി ഒപ്പം കൂടിയതിന്റെയും. 

വർഷങ്ങൾക്കു മുമ്പ് അങ്ങ് മദിരാശി പട്ടണത്തിൽ 

പത്തിരുപത്തഞ്ചു വർഷം മുമ്പുള്ള  കഥയാണ്. അന്ന് ചെന്നൈയിലായിരുന്നു മിനി ജോലി ചെയ്തിരുന്നത്. എന്നും വൈകുന്നേരം ഓഫിസിൽനിന്നു കൂട്ടികൊണ്ടുപോകാൻ വന്നിരുന്ന ഭർത്താവ് ബിജു പോളാണ് മിനിയെ ബുള്ളറ്റിന്റെ ഹാൻഡിൽ പിടിക്കാൻ പഠിപ്പിച്ചത്. ‘‘അദ്ദേഹത്തിന്റെ നിർബന്ധം കൊണ്ടാണ് ഞാൻ ബുള്ളറ്റോടിക്കാൻ പഠിച്ചത്.

mini-augustine1

സ്ത്രീകൾ ടൂവീലർ മേഖലയിലേക്ക് അധികം കടന്നുവന്നിട്ടില്ലാത്തൊരു കാലത്താണ് ഞാൻ ബുള്ളറ്റുമായി റോഡിലിറങ്ങിയത്. അന്ന് മറ്റൊരു വണ്ടി വാങ്ങിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലായിരുന്നു ഭർത്താവിന്റെ ബുള്ളറ്റ് എടുത്തതെങ്കിലും പിന്നീട് ആ വാഹനത്തോളം സംതൃപ്തി മറ്റൊരു വാഹനവും എനിക്കു നൽകിയിട്ടില്ല.

mana-himalaya

ആദ്യമൊക്കെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും കളിയാക്കലുകളുമെല്ലാം ഉണ്ടായിരുന്നു. അപകടം ഉണ്ടായാൽ പോലും കളിയാക്കലും പരിഹാസവും പേടിച്ച് ഒന്നും പറയാതെ നടന്നിട്ടുണ്ട്. എന്നും പിന്തുണയുമായി ഭര്‍ത്താവ് ബിജുവുള്ളതാണ് എന്റെ കരുത്ത്. ചെന്നൈയിലെ നഗരത്തിരക്കുകളിൽനിന്നു കൊൽക്കത്തയുടെ താളാത്മകതയിലേക്ക് ചേക്കേറിയപ്പോഴും ബുളളറ്റിൽ തന്നെയായിരുന്നു യാത്ര. ഇതിനിടെ ഞാൻ ബജാജ് ചേതക്, ഹോണ്ട യൂണിക്കോൺ എന്നീ ടൂവീലറുകളും സ്വന്തമാക്കിയിരുന്നു. കൊൽക്കത്തയിലായിരിക്കുമ്പോഴാണ് ആദ്യമായി ഒരു ദീർഘദൂരയാത്ര ബൈക്കിൽ നടത്തുന്നത്. നാലു പെണ്ണുങ്ങളുടെ ഒരു സംഘമായിരുന്നു അത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായിരുന്നു അത്.’’ 

രാജ്യാതിർത്തിയും കടന്ന്  ഭൂട്ടാനിലേക്ക്

mini-augustine7

‘‘കൊൽക്കത്തയിലെ ജീവിതം ഞങ്ങൾക്കു മറക്കാനാവാത്ത കുറേയേറെ ഓർമകൾ സമ്മാനിച്ചിട്ടുണ്ട്. ഭർത്താവിനൊപ്പമുള്ള സംഭവബഹുലമായ ഭൂട്ടാൻ യാത്ര ആരംഭിച്ചതും അവിടെ നിന്നാണ്. ഭൂട്ടാൻ എന്ന മനോഹരമായ നാടിന്റെ അതിമനോഹരമായ വീഥികളിലൂടെ ബൈക്കോടിച്ചു പോയത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. ടൈഗേഴ്സ് നെസ്റ്റ് ഉൾപ്പെടെ അവിടുത്തെ പ്രധാനപ്പെട്ടയിടങ്ങളിലെല്ലാം സഞ്ചരിച്ചു. കൊൽക്കത്ത- നൈനിറ്റാൾ യാത്രയും ഞങ്ങൾ നടത്തിയിരുന്നു.’’

mini-augustine4

എന്നാൽ ഒരു സ്വപ്നം എല്ലാവരുടെയും മനസ്സിലുണ്ടാകില്ലേ. അതുപോലെ മിനിയ്ക്കുമുണ്ടായിരുന്നു ഒന്ന്. ഹിമവാന്റെ മടിത്തട്ടിലൂടെ, മഞ്ഞു പെയ്യുന്ന താഴ്‌വരകളിലൂടെ ഒന്നു സഞ്ചരിക്കണം, ഒറ്റയ്ക്ക്. അങ്ങനെ റോയൽ എൻഫീൽഡ് തണ്ടർബേഡ് ആ സ്വപ്നങ്ങൾക്കു ചിറകു മുളപ്പിച്ചു. 

‌പ്രായത്തെ പിന്നിലാക്കി, അഭിമാനപൂർവം കീഴടക്കി

leh-ladakh-trip

തണ്ടർബേഡ് എടുത്തപ്പോൾ മുതൽ മനസ്സിൽ കയറിക്കൂടിയ ആഗ്രഹമായിരുന്നു ലേ- ലഡാക്ക് യാത്ര. കാര്യം പറഞ്ഞപ്പോൾ നൂറു വട്ടം സമ്മതം മൂളി നല്ലപാതി. തിരക്കേറിയ നഗരങ്ങളിലും പിന്നെ ഭൂട്ടാനിലേക്കും നടത്തിയ യാത്ര മാത്രമായിരുന്നു മുതൽക്കൂട്ട്. ജീവിതത്തിലെ ആദ്യത്തെ ഓഫ് റോഡ് ഡ്രൈവ്, പക്ഷേ ആ യാത്ര പോകണമെന്നത് തന്റെ ദൃഢനിശ്ചയമായിരുന്നുവെന്ന് മിനി പറയുമ്പോൾ ആ മനക്കരുത്ത് നമുക്ക് ഈ കഥയിൽനിന്നു വായിച്ചെടുക്കാം. അമ്പത്തൊന്നായിരുന്നു അന്ന് മിനിയുടെ പ്രായം. നാട്ടിൽനിന്നു ബുള്ളറ്റ് ട്രെയിനിൽ കയറ്റി ഡൽഹിയിൽ എത്തിച്ചു. 

bhutan

ഇന്ത്യ ഗേറ്റിൽ നിന്നായിരുന്നു ആ യാത്ര പുറപ്പെട്ടത്. അവിടെനിന്നു ചണ്ഡിഗഡ്. പിന്നെ നേരേ മണാലിയിലേക്ക്. റോയൽ എൻഫീൽഡ് സംഘടിപ്പിച്ച ഹിമാലയൻ ഒഡീസിയുടെ ഭാഗമായിരുന്നു ഈ ഐതിഹാസിക റൈഡ്. 61 അംഗ സംഘത്തിൽ മിനി അടക്കം നാലു വനിതകൾ മാത്രം. ഡൽഹിയിൽ തുടങ്ങി ലേയിലെത്തി തിരികെ ചണ്ഡിഗഡിൽ അവസാനിച്ച 18 ദിവസത്തെ യാത്രയിൽ റോയൽ എൻഫീൽഡ് തണ്ടർബേഡിൽ മിനി പിന്നിട്ടത് 2400 കിലോമീറ്റർ.

പക്ഷേ നേരിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളും. പലയിടത്തും യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടിവരുമോ എന്നു തോന്നിയിട്ടുണ്ടെങ്കിലും ഉള്ളിലിരുന്ന് ആരോ മുന്നോട്ടു പോകാൻ പറഞ്ഞുകൊണ്ടിരുന്നു. 

nimmu-house-ladakh

യാത്ര സർച്ചുവിൽ എത്തിയപ്പോൾ ഹൈ ആൾട്ടിറ്റ്യൂടിന്റെ പ്രശ്നങ്ങൾ അനുഭവപ്പെട്ടുതുടങ്ങിയെന്ന് മിനി. ‘‘സമുദ്രനിരപ്പിൽനിന്ന് 4300 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ യാത്ര പലപ്പോഴും ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാക്കി. ഒപ്പം രൂക്ഷമായ തണുപ്പും. ഒരുപ്രാവശ്യം വണ്ടിയുമായി ഞാൻ റോഡിൽ കുഴഞ്ഞുവീണു. പുറകേ വന്നവർ എവിടെയാണ് എത്തിക്കേണ്ടത്, ഏതാണു നിങ്ങളുടെ ക്യാംപ് എന്നെല്ലാം ചോദിക്കുന്നുണ്ടായിരുന്നുവെങ്കിലും മറുപടി നൽകാനായില്ല.

Phobjikha-Valley-Bhutan

റോയൽ എൻഫീൽഡ് റൈഡേഴ്സിനായി സർച്യൂവിൽ രണ്ട് ക്യാംപുകളാണ് എർപ്പെടുത്തിയിരുന്നത്. അവർ എന്നെ അവിടെ എത്തിച്ചപ്പോൾത്തന്നെ പരിചയമുള്ളവരെ കാണുകയും എന്റെ ടെന്റ് കണ്ടുപിടിക്കാൻ സാധിക്കുകയും ചെയ്തു. അവരെന്നെ ഡോക്ടറുടെ അടുത്തെത്തിച്ചു. എന്നെ പരിശോധിച്ച ഡോക്ടർ പറഞ്ഞത്, കുഴപ്പമില്ല യാത്ര തുടരാം എന്നായിരുന്നു.

സത്യത്തിൽ ഞാനാകെ തളർന്നിരുന്നു. എന്റെ പ്രായത്തെയെങ്കിലും ഇവർക്ക് മാനിച്ചുകൂടേ എന്നൊക്കെ ഞാൻ അന്നു ചിന്തിച്ചു. എന്നാൽ നിലവിൽ മൂന്നു പേർക്കു യാത്ര തുടരാനാവില്ലെന്നും അവരുടെ ബൈക്കുകൾ വണ്ടിയിൽ കയറ്റിയതിനാൽ നിങ്ങൾക്കുള്ള സ്ഥലമില്ലെന്നും പറഞ്ഞു. 

പിന്നെ എങ്ങനെയൊക്കെയോ ക്യാംപിൽനിന്നു യാത്ര തുടർന്നു. ആൾറ്റിട്ട്യൂഡിന്റെ പ്രശ്നമുണ്ടാകും, റോഡ് മോശമായിരിക്കും എന്നല്ലാതെ ഇത്ര ദുഷ്കരമായൊരു റൈഡായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. മുന്നോട്ടു പോകുന്തോറും റോഡ് ഇല്ലാതാകുകയും വലിയ ഉരുളൻ കല്ലുകളും ചെളിയും നിറഞ്ഞ പാതകൾ തെളിയുകയും ചെയ്തു തുടങ്ങി. കീലോങ്ങിനും സർച്ചുവിനുമിടയിൽ മണ്ണിടിച്ചിലുണ്ടായി. വഴി പുനർനിർമിച്ച് യാത്ര തുടരേണ്ട അവസ്ഥ. പലതവണ അരുവികൾ മുറിച്ചുകടന്നു. ‌‌

Spiti

ഒരു പ്രാവശ്യം നദി മുറിച്ചുകടക്കുന്ന സമയം ബൂട്ടുൾപ്പെടെ നനഞ്ഞു. ഞാനത് മാറ്റാനെടുക്കുന്ന സമയത്ത് മറ്റുള്ളവർ കടന്നുപൊയ്ക്കൊണ്ടിരുന്നു. അവിടെ നഷ്ടപ്പെടുന്ന സമയം ഞാൻ കൂടുതൽ ഓടിയെത്തേണ്ട അവസ്ഥ, അപകടത്തിൽ പെട്ട ട്രക്കിനു സഹായവുമായി വന്ന മറ്റൊരു ട്രക്ക് കൂടി അപകടത്തിൽപ്പെട്ട കാഴ്ച, മണിക്കൂറുകൾക്കു ശേഷമാണ് അവിടെനിന്നു പോകാനായത്. യാത്രയ്ക്കിടെ, എന്റെ പകുതി പ്രായമുള്ള മസിൽമാനായ ഒരു ചെറുപ്പക്കാരനെ ഡോക്ടർ യാത്ര ചെയ്യാനാവില്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുന്നതു കണ്ടപ്പോൾ ഞാൻ താണ്ടിയ വഴികളെക്കുറിച്ചോർത്തുപോയി.’’

നിശ്ചയദാർഢ്യം മനുഷ്യനെ ഉയരങ്ങളിലെത്തിക്കും

നിശ്ചയദാർഢ്യം മനുഷ്യനെ ഉയരങ്ങളിലെത്തിക്കുമെന്നത് വെറും വാക്കുകളല്ല, മിനിയുടെ മനക്കരുത്ത് അവരെ എത്തിച്ചത് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടറബിൾ റോഡായ ഖർദുംങ് ലാ പാസിലാണ്. സമുദ്ര നിരപ്പിൽനിന്ന് 5,359 മീറ്റർ ഉയരത്തിലുള്ള ഖാഡുലയും ടാങ്ലലയും പിന്നിട്ട് ഖർദുംങ് ലാ പാസിലെത്തുമ്പോൾ മിനി കീഴടക്കിയത് പ്രായത്തെയും വെല്ലുവിളികളെയും മാത്രമല്ല, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടറബിൾ റോഡായ ഖർദുംങ് ലാ പാസിലത്തുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രായം കൂടിയ വനിത എന്ന ബഹുമതി കൂടിയായിരുന്നു.

Spiti-and-Ladakh-trip

മഞ്ഞിനെയും മണ്ണിടിച്ചിലിനെയും തോൽപിച്ചു സ്വപ്നഭൂമിയിലെത്തിനിന്ന പെൺകരുത്തിനെ അന്ന് ഒപ്പമുണ്ടായിരുന്ന പുരുഷാരം മുഴുവൻ അഭിനന്ദിച്ചു. ഇന്നും ആർക്കും എത്തിപ്പെടാനാകാത്ത ആ നേട്ടമാണ് മിനിയെ നമ്മളിൽനിന്നു വ്യത്യസ്തരാക്കുന്നത്. 

അടുത്ത യാത്രയ്ക്കുള്ള ഒരുക്കങ്ങൾ മിനി ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ ഭർത്താവ് ബിജുപോളും ഒപ്പമുണ്ടാകും. നോർത്ത് ഈസ്റ്റ് മുഴുവൻ കറങ്ങണമെന്നതാണ് മിനിയുടെ സ്വപ്നം. പ്രായത്തെ പിന്നിലാക്കി കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ബുള്ളറ്റിന്റെ കുടുകുടു ശബ്ദത്തോടെ ഇനിയും ഈ ഉരുക്കുവനിതയ്ക്ക് സഞ്ചരിക്കാനാവട്ടെ.

English Summary: Meet Kerala's Mini Augustine, the oldest woman to 'bullet' up the Himalayas in a Classic 500

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA