ADVERTISEMENT

വിക്കി കൗശാലിനൊപ്പം അഭിനയിക്കുന്ന അടുത്ത ചിത്രത്തിന്‍റെ ഷൂട്ടിനായി മധ്യപ്രദേശിലാണ് ബോളിവുഡ് നടി സാറ അലി ഖാന്‍ ഇപ്പോള്‍. തിരക്കേറിയ ഷെഡ്യൂളിൽ നിന്നുമുള്ള ഇടവേളകള്‍ക്കിടെ, പ്രകൃതിയുടെ മടിത്തട്ടിൽ അല്‍പനേരം സമാധാനപൂര്‍ണമായി ഇരിക്കാനും സാറ സമയം കണ്ടെത്തി. നർമദ നദിയുടെ തീരത്ത് നിന്നുമുള്ള ചിത്രങ്ങള്‍ ഞായറാഴ്ച, സാറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തു. 

 

നദിക്കരയിലെ കല്ലുകൾ നിറഞ്ഞ പാതയിലൂടെ നടക്കുന്ന സാറയെയും ഈ ചിത്രങ്ങളില്‍ കാണാം. 

 

ഇന്ത്യയിലെ ഏറ്റവും ഏറ്റവും പഴയ ജനവിഭാഗങ്ങള്‍ താമസിച്ചിരുന്ന പ്രദേശങ്ങളാണ് നര്‍മദയുടെ കരയില്‍ ഉള്ള സ്ഥലങ്ങള്‍. അന്ന് അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ട എല്ലാ വിഭവങ്ങളും പ്രദാനം ചെയ്തിരുന്ന നദിയായിരുന്നു നര്‍മദ. അന്നുമുതല്‍ ഇന്നുവരെ നിരവധി നഗരങ്ങളിലും പട്ടണങ്ങളിലും ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ജല സ്രോതസ്സുകളിൽ ഒന്നാണ് നർമദ. 

 

ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥാനതോടൊപ്പം തന്നെ, മതപരമായ പ്രാധാന്യവും കാലങ്ങളായി നര്‍മദയുടെ പ്രശസ്തിക്ക് വളമായി മാറിയിട്ടുണ്ട്. ഹിന്ദു പുരാണങ്ങള്‍ പ്രകാരം, രാജ്യത്തെ പുണ്യ നദികളിൽ ഒന്നാണ് നർമദ, നദിയിലെ ജലത്തില്‍ മുങ്ങി നിവര്‍ന്നാല്‍ പാപങ്ങള്‍ തീരും എന്നൊരു വിശ്വാസമുണ്ട്.  

 

മനോഹരമായ ഒട്ടേറെ ടൂറിസ്റ്റ് കേന്ദ്രങ്ങളും നര്‍മദ കടന്നുപോകുന്ന വഴികളിലുണ്ട്. മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലുള്ള അമർകണ്ടക് ഹിൽ സ്റ്റേഷന്‍, നര്‍മദയുടെ തീരത്തുള്ള ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. പുരാതന ക്ഷേത്രങ്ങൾക്കും മറ്റ് ചരിത്ര സ്ഥലങ്ങൾക്കും പേരുകേട്ട ഈ സ്ഥലം കാഴ്ചയ്ക്കും മനോഹരമാണ്. നര്‍മദ ഇവിടെ നിന്നും ഉത്ഭവിച്ച്, താഴ്‌വരകളും കുന്നുകളും വനങ്ങളും പിന്നിട്ട് ഒഴുകുന്നു. വര്‍ഷംതോറും ആയിരക്കണക്കിന് തീർഥാടകർ സന്ദർശിക്കുന്ന നർമദ കുണ്ഡും ചുറ്റുമുള്ള പുരാതന ക്ഷേത്രങ്ങളും ഇവിടുത്തെ പ്രധാന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.

 

നര്‍മദ തീരത്തെ മറ്റു പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ജബൽപൂർ, മാർബിൾ പാറകൾ നിറഞ്ഞ പ്രദേശങ്ങളും ധുന്ദർ വെള്ളച്ചാട്ടവും ഹനുമന്തൽ ബഡാ ജെയിൻ മന്ദിർ, മദൻ മഹൽ, ഡുംന നേച്ചർ റിസർവ് പാർക്ക്, റാണി ദുർഗാവതി മ്യൂസിയം എന്നിവയുമെല്ലാം ഇവിടെ സഞ്ചാരികളുടെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്നു.

 

മാൾവ രാജ്യത്തിന്‍റെ ആദ്യ ഭരണത്തലവനായ ഹോഷാങ് ഷായുടെ പേരിലുള്ള ഹോഷങ്കാബാദ് ആണ് മറ്റൊരു ആകര്‍ഷണം. നിരവധി ചരിത്ര സ്മാരകങ്ങളും ഹോഷാങ് ഷാ കോട്ടയും ആദംഗഡ് കുന്നുകളും നർമദയുടെ തീരത്തെ സെതാനി ഘട്ടുമെല്ലാം മറക്കാനാവാത്ത കാഴ്ചകള്‍ സമ്മാനിക്കും. 

 

ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളിലൊന്ന് സ്ഥിതിചെയ്യുന്ന ഓംകാരേശ്വർ, ദശലക്ഷക്കണക്കിന് ഭക്തരും വിനോദസഞ്ചാരികളും എത്തുന്ന സ്ഥലമാണ്. മധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിൽ നർമ്മദയുടെ കരയിലായി സ്ഥിതിചെയ്യുന്ന ഈ പട്ടണം പ്രകൃതിഭംഗിക്കും ഒട്ടും പിന്നിലല്ല. 

 

ഇവകൂടാതെ, മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലുള്ള മഹേശ്വര്‍ ഘട്ടും കാഴ്ചകള്‍ക്ക് പ്രസിദ്ധമാണ്. മനോഹരമായ ഉദയാസ്തമനക്കാഴ്ചകള്‍ ആണ് ഇവിടുത്തെ പ്രത്യേകത. വൈകുന്നേരങ്ങളില്‍ ശാന്തമായി നദിക്കരയില്‍ ഇരുന്ന് അസ്തമയ സൂര്യന്‍റെ പൊന്‍കിരണങ്ങളില്‍ സ്വയം മറന്നിരിക്കുന്ന സഞ്ചാരികള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചകളില്‍ ഒന്നാണ്.

 

English Summary: How Sara Ali Khan Spent Time On The Banks Of River Narmada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com