ADVERTISEMENT

ചാലക്കുടി ∙ ഭർത്താവും മകളും വിദേശത്ത്. ഒറ്റയ്ക്കു വീട്ടിലിരുന്നു ബോറടിച്ചപ്പോൾ ചാലക്കുടി ഗവ. ഐടിഐ ജൂനിയർ സൂപ്രണ്ട് കെ.എസ്. സീന മകൾ ഗോപികയെ വിളിച്ചു ചോദിച്ചു, ബോറടി മാറ്റാൻ എന്തു ചെയ്യാം? മകളുടെ മറുപടി പെട്ടെന്നായിരുന്നു: യാത്ര പോകൂ. പക്ഷേ, മകൾ വിചാരിക്കാത്ത ഒരിടത്തേയ്ക്കു യാത്ര പോകാൻ സീന തീരുമാനിച്ചു. അതും തനിച്ച്. ഹിമാലയത്തിലേക്ക്.

ആഗ്രഹം കേട്ടു ബന്ധുക്കൾ മൂക്കത്തു വിരൽ വച്ചെങ്കിലും ഭർത്താവും മകളും ധൈര്യം പകർന്നു. അങ്ങനെ ആദ്യ ഹിമാലയൻ യാത്ര. മോഹം തീരാതെ മറ്റൊരു വട്ടം കൂടി ഹിമാലയത്തിലേക്കു പോയി ഈ കൊടകര കൊളത്തൂർ നെല്ലായി സ്വദേശിനി. കണയത്തുവീട്ടിൽ പ്രദീപിന്റെ ഭാര്യയാണ്. 

തയാറെടുപ്പുകൾ 

ഹിമാലയത്തിൽ പോകാനുള്ള തീരുമാനത്തിനു ശേഷം വീട്ടിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള കനകമലയിലേക്ക് കാൽനട യാത്ര തുടങ്ങി. മല കയറിയും ഇറങ്ങിയും ‘റിഹേഴ്സൽ’ രണ്ടാഴ്ചയോളം നീണ്ടു. അതോടെ ആത്മവിശ്വാസം വർധിച്ചു. അതാണു ഹിമാലയൻ യാത്രയ്ക്കു കരുത്തായത്. ഗൂഗിളിൽ നോക്കി ഹിമാലയ യാത്രയ്ക്കു വേണ്ട വിവരങ്ങളെല്ലാം ശേഖരിച്ചു. പോകാനുള്ള സ്ഥലങ്ങളെ കുറിച്ചു പഠിച്ചു. നന്നായി ഗൃഹപാഠം ചെയ്തു. എന്നിട്ടായിരുന്നു യാത്ര. 

പുഴയോരത്ത്, ടെന്റിൽ ഉറക്കം 

വിമാനത്തിൽ ഡെറാഡൂൺ വരെ പോയ ശേഷമായിരുന്നു ട്രക്കിങ് ആരംഭിച്ചത്. ഡെറാഡൂണിൽ ഒരു ദിവസം താമസിച്ചു. അവിടെ നിന്ന് സാൻട്രിയിലേക്കാണു യാത്ര. അവിടെ മുതൽ തണുപ്പ് കടുത്തു. ചുറ്റും മഞ്ഞ്. കൂടെ ഗൈഡുകളുണ്ട്. ഇടയ്ക്ക് പരിചയപ്പെട്ട 6 പർവതാരോഹകരും യാത്രയിലുണ്ടായി. രാത്രി ടെന്റുകളിലാണു വിശ്രമം. ഇടയ്ക്ക് പർവതത്തിലെ ഗ്രാമങ്ങളിൽ പോയി. ഗ്രാമവാസികളെ പരിചയപ്പെട്ടു. അവരെല്ലാം സ്നേഹത്തോടെ സ്വീകരിച്ചു. പുഴയോരങ്ങളിലായിരുന്നു രാത്രി തങ്ങിയിരുന്നത്.

ടെന്റിൽ ഉറങ്ങാനായി കിടന്നപ്പോൾ മനസും വിറങ്ങലിച്ചു. നല്ല ധൈര്യമുള്ളയാളാണെങ്കിലും കാരണമറിയാത്ത ഒരാശങ്ക മനസ്സിൽ വളർന്നു. പുഴയൊഴുക്കിന്റെ ഒച്ച കേൾക്കാം. കുടിക്കാൻ വെള്ളം പോലും കിട്ടാത്ത വഴികളിലൂടെ യാത്ര. മൊബൈൽ ഫോണിനു റേഞ്ചില്ലാത്ത മേഖല. പുറംലോകവുമായി ഒരു ബന്ധവുമില്ല. വിജനമായ പർവതനിരകളിൽ മഞ്ഞും തണുപ്പും അപരിചിതത്വവും ഒരുപോലെ മുന്നിൽ. തല കുനിക്കാതെ സമുദ്രനിരപ്പിൽ നിന്ന് 13,000 അടിയോളം മുകളിലെത്തിയപ്പോഴും സീനയുടെ മുഖത്ത് ആത്മവിശ്വാസം ജ്വലിച്ചു നിന്നു.

ശിവന്റെ താഴ്‌വര എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ഹാർ കി ഡനിൽ നിന്ന് 2021 ഏപ്രിൽ 3ന് യാത്ര ആരംഭിച്ചു. ഡെറാഡൂണിൽ നിന്ന് ഡാൻക്രിയിലേയ്ക്ക് 200 കിലോമീറ്ററാണു ദൂരം. അവിടെ നിന്ന് 12 കിലോമീറ്റർ തലൂക്ക, അവിടെ നിന്ന് 16 കിലോമീറ്റർ ഗംഗാഡ്, അവിടെ നിന്ന് ഒസല, കൽക്കട്ടി ഝാർ. 5000 വർഷം പഴക്കമുണ്ടെന്നു കരുതുന്ന ദുര്യോധന ക്ഷേത്രം ഒസ്‌ലയിലാണ്. മഞ്ഞു പുതഞ്ഞ വഴികളിൽ ഉത്സാഹത്തോടെ നടന്നു. ഇപ്പോഴും ആ യാത്രയെ കുറിച്ചോർക്കുമ്പോൾ ഹൃദയത്തിൽ മഞ്ഞു കിനിയും. ഏപ്രിൽ 10ന് യാത്ര അവസാനിച്ചു. 

സഹയാത്രികർ 

വഴിമധ്യേ കൂട്ടു കിട്ടിയ ബിബിൻ, നൗഷാദ്, ഇബ്രാഹിം, നിഷാദ്, അമൽ, ആദർശ്, മുനാവിർ എന്നിവരെയെല്ലാം ഇന്നും സീന ഓർക്കുന്നു. 

ഇനി? 

ഇനി മനസ്സിൽ മോഹം ബാക്കിയുണ്ടോയെന്നു ചോദിച്ചാൽ സീന പറയും, ഇനിയും പോകണം ഹിമാലയത്തിലേക്ക് എന്ന്. അന്നും തനിച്ചിറങ്ങാനാണു തീരുമാനം.

English Summary: Himalaya Trekking Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com