ADVERTISEMENT

വെസ്റ്റ് ബംഗാളിന്റെ വടക്ക് പടിഞ്ഞാറ് സിലിഗുരി എയർപോർട്ടിൽ നിന്നു മൂന്ന് മണിക്കൂർ ഹിമാലയൻ മലനിരകളിലൂടെ യാത്ര ചെയ്‌താൽ മലനിരകളുടെ രാജ്‌ഞിയായ ഡാർജീലിങ് ഹിൽ സ്റ്റേഷനിൽ എത്താം. എയർപോർട്ടിൽ നിന്നു ആരംഭിക്കുന്ന യാത്ര സിലിഗുരിക്കടുത്ത ഗ്രാമമായ 'മതികര' പിന്നിട്ടാൽ സിമുൽബാരി പോലീസ് ചെക്‌പോസ്റ്റിൽ എത്തും. അവിടെ നിന്നു രോഹിണി എന്ന ഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന "രോഹിണി" റോഡിലൂടെ യാത്ര ചെയ്തു വേണം എളുപ്പം ഡാർജീലിങ്ങിൽ എത്താൻ.

ഹിമാലയൻ ട്രെയിനും തേയിലത്തോട്ടവും

റോഡിനിരുവശവും നോക്കെത്താ ദൂരത്തോളം തേയിലത്തോട്ടങ്ങൾ. തേയിലമണമുള്ള ആ യാത്രയിൽ, വഴിയോരം ചേർന്നു കടന്നുപോകുന്ന ചരിത്ര പ്രസിദ്ധമായ ഹിമാലയൻ ട്രെയിൻ ഏറ്റവും മനോഹരമായ കാഴ്ചയാണ്. ആകാശത്തേക്ക് കറുത്ത പുകകൾ ഉയർത്തി ചൂളം വിളികളുമായി മലനിരകളെ തഴുകിത്തലോടി എത്തിയ ആ കൽക്കരി ട്രെയിനുകൾ ഡാർജീലിങ്ങിന്റെ പ്രൗഢിയും പാരമ്പര്യവും ഓർമപ്പെടുത്തി.

darjeeling-tourist-places55
Image from Shutterstock

1881ൽ ബ്രിട്ടീഷുക്കാരുടെ വേനൽക്കാല വിശ്രമകേന്ദ്രം ആയിരുന്ന കാലത്തു പണിതീർത്തതാണ് ജൽപായിഗുരിയിൽ നിന്നു ഡാർജീലിങ് വരെ 88 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഡാർജീലിങ് ഹിമാലയൻ റെയിൽവേ. ഇന്നിത് യുനെസ്കോയുടെ ലോക ടൂറിസം പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിരിക്കുന്നു.

darjeeling-tourist-places3

മലഞ്ചെരിവുകൾ കീഴടക്കി ഡാർജീലിങ്ങിലേക്ക് അടുക്കുംതോറും താഴെ സിലിഗുരി നഗരം കാഴ്ചയിൽ നിന്നു മറച്ച് കോടമഞ്ഞ് മൂടിയിരുന്നു. പൊതുവെ വിജനമായ പാതയിൽ സന്ദർശനം കഴിഞ്ഞ മലയിറങ്ങുന്ന യാത്രക്കാരെ കാണാം. തങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാഹനത്തിൽ കുത്തിനിറച്ച് യാത്രചെയ്യുന്ന സ്വദേശികളായ യാത്രക്കാർ അവരുടെ ഷോപ്പിങ് കേന്ദ്രം സിലിഗുരിയാണെന്ന് ഓർമപ്പെടുത്തി. 

ഇടിമിന്നലുകളുടെ നാട്

ഡാർജീലിങ് "ഇടിമിന്നലുകളുടെ നാട്" എന്നും അറിയപ്പെടുന്നു. കൊളോണിയൽ ആധിപത്യത്തിന്റെ ഓർമയുണർത്തുന്ന നിർമിതികളും കേന്ദ്രങ്ങളും ഡാർജിലിങ്ങിന്റെ ചരിത്ര പ്രാധാന്യം അനുസ്മരിപ്പിക്കും. സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലുള്ള ഈ ഹിൽടോപ് നഗരത്തിൽ ഏകദേശം ഒരുലക്ഷത്തിൽ അധികം ആളുകൾ താമസിക്കുന്നുണ്ട്. ബംഗാളിയും നേപ്പാളിയുമാണ് സംസാര ഭാഷകൾ. 101 കിലോമീറ്റർ നേപ്പാളുമായും, 30  കിലോമീറ്റർ ഭൂട്ടാനുമായും 19 കിലോമീറ്റർ ബംഗ്ലാദേശുമായും ഡാർജീലിങ് ജില്ല അതിർത്തി പങ്കിടുന്നു.

darjeeling-tourist-places2

ഉയരത്തിൽ ലോകത്തിലെ  മൂന്നാംസ്ഥാനത്തുള്ള കാങ്‌ചെൻജൻഗ (Kangchenjunga ) പർവതം ഇവിടെയാണ്. ആദ്യമായി എഡ്മണ്ട് ഹിലാരിക്കൊപ്പം എവറസ്റ്റ് കീഴടക്കിയ ടെൻസിങ് നോർഗെ ദീർഘകാലം ഡാർജീലിങ്ങിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ശവകുടീരം നഗരത്തിൽ തന്നെ സ്ഥിതിചെയ്യുന്ന ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ്. 

darjeeling-tourist-places1

ഈ ശവകുടീരം കാണുവാനും ,എവറസ്റ്റ് കീഴടക്കാൻ അവർ ഉപയോഗിച്ച വസ്തുവകകൾ കാണാനും ധാരാളം സന്ദർശകർ ദിനംപ്രതി  ഈ ഇൻസ്റ്റിട്യൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന മ്യൂസിയത്തിൽ എത്താറുണ്ട്. നഗരത്തിലുടനീളം ധാരാളം ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളും കാണാം.

പീസ് പഗോഡ

ഡാർജീലിങ് നഗരത്തിൽനിന്നും ഏകദേശം 10 മിനിറ്റ് യാത്ര ചെയ്‌താൽ ബുദ്ധ ക്ഷേത്രമായ "പീസ് പഗോഡ" യിലെത്താം( Peace Pagoda). ലോക സമാധാനത്തിന്റെ ഇടമായാണ് പീസ് പഗോഡകൾ നിർമിക്കപ്പെട്ടിരിക്കുന്നത്. ബുദ്ധ സന്യാസിമാരാൽ പണിതുയർത്തിയ ഈ സമാധാന ക്ഷേത്രങ്ങൾ ഇന്ത്യയിൽ ഏഴെണ്ണമാണ് ഉള്ളത്. ആകാശം മുട്ടി നിൽക്കുന്ന ഗോപുരത്തോടുകൂടിയ ഈ നിർമിതികൾ 

darjeeling-tourist-places5
Image from Shutterstock

ഇവിടെയെത്തുന്ന സകല ജനങ്ങളുടെയും പ്രാർത്ഥനകൾ സ്വർഗത്തിലേക്കെത്തിക്കുന്നതായി തോന്നിപ്പിക്കും.

കാഴ്ച അവസാനിക്കുന്നില്ല

darjeeling-tourist-places

ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൃഗശാല ഇവിടെയുള്ള പദ്മജനായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്കിലാണ്. ഏകദേശം 68 ഏക്കർ വിസ്തൃതിയിൽ ഇത് പരന്നു കിടക്കുന്നു. ചുവന്ന പാണ്ടകൾ , ഹിമാലയൻ സലമാണ്ടർ , ടിബറ്റൻ ചെന്നായ , മഞ്ഞ പുള്ളിപ്പുലി എന്നിവയുടെ സംരക്ഷണത്തിനും പ്രജനനത്തിനും ഈ മൃഗശാല വളരെ പ്രസിദ്ധമാണ്. 

English Summary: Darjeeling Tourist Places 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com