മരത്തക്കാളിയും റാഗി വൈനും; ‘സ്വര്‍ഗത്തില്‍നിന്ന് വന്നവരുടെ’ ഗ്രാമം

lapchakha1
Image From Youtube
SHARE

സിക്കിമിലെ ആദിമ നിവാസികളാണ് ലെപ്ചകൾ. വടക്കൻ സിക്കിമിലെ സോംഗു പ്രദേശം ലെപ്ചകൾക്കായി മാത്രം രൂപപ്പെടുത്തിയ ഇടമാണ്. സൽകർമങ്ങൾ ചെയ്യുന്നവര്‍ക്ക്, മരിച്ചുകഴിഞ്ഞു സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ തക്കതായ പ്രതിഫലം ലഭിക്കുമെന്നാണ് ലെപ്ചകൾ വിശ്വസിക്കുന്നത്. അതുപോലെ, സ്വര്‍ഗത്തില്‍നിന്നു വന്നവരാണ് തങ്ങളെന്നും അവര്‍ കരുതുന്നു. ഇക്കൂട്ടരുടെ ജീവിതശൈലിയും രീതികളുമെല്ലാം ഈ വിശ്വാസത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നതാണ്. തങ്ങളുടെ പൈതൃകത്തെ അമൂല്യനിധി പോലെ കണക്കാക്കുകയും ഒരു പോറല്‍ പോലുമേല്‍ക്കാതെ അവര്‍ അത് സംരക്ഷിക്കുകയും ചെയ്യുന്നു. വടക്കൻ സിക്കിമിലെ സോംഗു പ്രദേശം ലെപ്ചകൾക്കായി മാത്രം രൂപപ്പെടുത്തിയ ഇടമാണ്.

‘സ്വര്‍ഗത്തിലേക്കുള്ള പാലം’ 

പ്രകൃതിസൗന്ദര്യവും പ്രത്യേകതരം ജീവിതവുമെല്ലാമുള്ള ഈ പ്രദേശത്തെ ‘സ്വര്‍ഗത്തിലേക്കുള്ള പാലം’ എന്നാണു വിളിക്കുന്നത്. അതിശയകരമായ ഒരു ഭൂപ്രദേശമാണിത്. കൃഷിത്തോട്ടങ്ങളും മരങ്ങളും നിറഞ്ഞ മലഞ്ചെരിവുകള്‍, ചൂടുവെള്ളം നിറഞ്ഞൊഴുകുന്ന നീരുറവകള്‍, മഞ്ഞുമൂടിയ തണുത്ത അരുവികൾ, സസ്യജന്തുജാലങ്ങളാൽ നിറഞ്ഞ വനങ്ങള്‍, കണ്ണിനു കുളിര്‍മ പകരുന്ന വെള്ളച്ചാട്ടങ്ങള്‍, മുകളില്‍ ഒളിച്ചുകളിക്കുന്ന മേഘങ്ങളും ഇടയ്ക്കിടെ കാറ്റോടൊപ്പം വിരുന്നെത്തുന്ന ഇളംമഴയും... പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികൾക്കും ആത്മീയ അന്വേഷകർക്കും സംസ്കാര പ്രേമികൾക്കും മധുവിധു ആഘോഷിക്കുന്നവർക്കുമെല്ലാം ഏറെ അനുയോജ്യമായ സ്ഥലമാണ് സോംഗു. ‌‌‌‌‌

lapchakha2
Image From Youtube

സിക്കിമിലെ ആദിമ നിവാസികളായ ലെപ്ച ജനതയുടെ ഔദ്യോഗിക സംരക്ഷിത പ്രദേശമാണ് സോംഗു. നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ലെപ്ചകൾക്ക് പ്രകൃതിയുമായി ശക്തമായ ബന്ധമുണ്ട്. വീടുണ്ടാക്കാനും ദൈനംദിന ഭക്ഷണത്തിനുമെല്ലാമായി അവര്‍ പ്രകൃതിവിഭവങ്ങളാണ് ഉപയോഗിക്കുന്നത്. 

സോംഗുവിലെ ഏതു ഗ്രാമത്തിലും സഞ്ചാരികള്‍ക്ക് താമസിക്കാം. ഈ പ്രദേശത്തെ അപ്പർ സോംഗു, ലോവർ സോംഗു എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ത്രികോണാകൃതിയിലുള്ള ഈ പ്രദേശത്തിനു തെക്കു കിഴക്ക് ടീസ്റ്റ നദിയും വടക്ക് കിഴക്ക് തോലുങ് ചു നദിയും പടിഞ്ഞാറ് പർവതങ്ങളുമാണ് അതിര്‍ത്തി. ജനവാസം പൊതുവേ കുറവാണ്, ഭൂരിഭാഗ പ്രദേശങ്ങളും ഇടതൂർന്ന സസ്യങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ഗ്രാമങ്ങൾക്ക് സമീപം നെൽവയലുകളും ഏലത്തോട്ടങ്ങളും കാണാം.

മരത്തക്കാളിയും പ്രകൃതിദത്ത രുചികളും

കൃഷിയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവരാണ്‌ ലെപ്ച്ചകള്‍. പ്രത്യേകതരം പച്ചക്കറികളും പച്ചിലകളുമെല്ലാമാണ് ഇവര്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. നെല്ലും ഏലവുമാണ് അവിടെ കൃഷി ചെയ്യുന്ന രണ്ട് പ്രധാന വിളകൾ. അരിയാണ് പ്രധാന ഭക്ഷണം. ഗോതമ്പ് ഈ പ്രദേശത്ത് വളരുന്നില്ല. മിക്കവാറും എല്ലാ വീടുകളിലും ഒരു പച്ചക്കറിത്തോട്ടമുണ്ട്. ലെപ്ച്ചകള്‍ ആധുനിക വളമോ കീടനാശിനികളോ ഉപയോഗിക്കാറില്ല. കുന്നുകളുടെ വശങ്ങളിൽ കോണ്ടൂർ ഫാമിങ്ങിൽ നെല്ല് വളരുന്നു, ചെരിവുകളില്‍ ഏലവും.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കഴിക്കുന്നവരാണ് ലെപ്ച്ചകള്‍. ചിക്കൻ, ബീഫ്, മീൻ, പന്നിയിറച്ചി എന്നിവ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

റുഖ് തമാറ്റർ അല്ലെങ്കിൽ ട്രീ ടൊമാറ്റോ (താമറിലോസ്) എന്നു വിളിക്കപ്പെടുന്ന ഒരിനം തക്കാളിയാണ് ഇവിടുത്തെ കൗതുകകരമായ പച്ചക്കറികളില്‍ ഒന്ന്. പേരുപോലെതന്നെ മരത്തില്‍ വളരുന്ന ഒരിനം തക്കാളിയാണ്‌ ഇത്. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന ചട്ണി, അച്ചാര്‍ എന്നിവ പ്രസിദ്ധമാണ്.

ബീയര്‍ തോല്‍ക്കുന്ന ചീ

പുളിപ്പിച്ച തിനയിൽനിന്ന് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ലെപ്ച പാനീയമാണ് ചീ. നമ്മുടെ നാട്ടിലെ കള്ളിന് സമം എന്നു പറയാം. നേപ്പാളിയിൽ ഡൺഗ്രോ, ടോങ്ബ എന്നുമെല്ലാം ഇത് അറിയപ്പെടുന്നു. അരി, ഗോതമ്പ് എന്നിവയിൽനിന്നും ഇത് ഉണ്ടാക്കാം. കല്ലുകളും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാൻ തിന ആദ്യം അരിക്കുന്നു. പിന്നീട് ഇത് വേവിച്ച ശേഷം തണുപ്പിക്കും. അതിനുശേഷം ഈ പാനീയത്തിലേക്ക് യീസ്റ്റ് ചേർക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ഇത് കഴിക്കാന്‍ തയാറാകും.

സോംഗുവിലെ കാഴ്ചകള്‍

നിരവധി മനോഹര കാഴ്ചകളും ഇവിടെയുണ്ട്. കാഞ്ചൻജംഗ പർവതത്തിന്‍റെയും സോംഗു താഴ്‌വരയുടെയും മികച്ച കാഴ്ചകൾ നല്‍കുന്ന ലിംഗ്‌തെം, ലെപ്ചകൾ പവിത്രമായി കരുതുന്ന ഒരു ചെറിയ തടാകമുള്ള ഹീ ഗ്യാതാങ്, പെന്റോങ്, തോലുങ് മൊണാസ്ട്രി, പരമ്പരാഗത ലെപ്ച ഹൗസ് മ്യൂസിയം, ലിങ്സിയ വെള്ളച്ചാട്ടം, ടിംഗ്‌വോംങ് ആൻഡ് കുസോങ് ഗ്രാമങ്ങള്‍, മനോഹരമായ കെയ്‌ഷോങ് താഴ്‍‍വര എന്നിവ അവയില്‍ ചിലതാണ്.

എങ്ങനെ എത്താം?

സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽനിന്ന് 70 കിലോമീറ്റർ അകലെയാണ് സോംഗു. റോഡ് മാർഗം എളുപ്പത്തിൽ എത്തിച്ചേരാം. സോംഗുവിലേക്ക് പ്രവേശിക്കാൻ സിക്കിം സർക്കാരിന്‍റെ അനുമതി ആവശ്യമാണ്. ഗാംഗ്‌ടോക്കിലെ ടൂറിസം ഓഫിസിൽനിന്നോ ഡൽഹിയിൽനിന്നോ അനുമതി വാങ്ങാം. ടൂർ ഓപ്പറേറ്റർമാർക്ക് സിക്കിമിൽ എത്തുന്നതിന് മുമ്പ് പെർമിറ്റുകൾ ക്രമീകരിക്കാം.

ബംഗാളിലെ ബാഗ്‌ഡോഗ്രയിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെനിന്ന് പ്രീ-പെയ്ഡ് ടാക്സി കിട്ടും. ന്യൂ ജൽപായ്ഗുരി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇവിടെനിന്നു ടാക്സി ലഭ്യമാണ്.

English Summary: Heaven of Dooars Lapchakha in West Bengal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA