മകള്‍ക്കൊപ്പം ഗോവ ബീച്ചിൽ അടിച്ചുപൊളിച്ച് ശ്രിയ ശരൺ

Mail This Article
മാലദ്വീപ് മാത്രമല്ല ഗോവയും സെലിബ്രിറ്റികളുടെ പറുദീസയാണ്. ഇപ്പോഴിതാ അഭിനേത്രി ശ്രിയ ശരൺ ഗോവയിൽ അവധിക്കാലം അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ്. ബീച്ചിൽ മകളോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ ശ്രിയ പങ്കുവച്ചിട്ടുണ്ട്. കുടുംബമായാണ് ഗോവയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. പങ്കുവച്ച ചിത്രത്തിന് താഴെ ഗോവയിലെ മനോഹരമായ പ്രഭാതം എന്നു കുറിച്ചിട്ടുണ്ട്. ഭര്‍ത്താവ് ആൻഡ്രേയ കൊശ്ചീവ് എടുത്ത ചിത്രങ്ങൾക്ക് താഴെ ഫോട്ടോഗ്രാഫർ ആൻഡ്രേയ കൊശ്ചീവ് എന്നും കുറിച്ചിട്ടുണ്ട്.
റഷ്യൻ സ്വദേശിയായ ആന്‍ഡ്രേ കൊശ്ചീവുമായുള്ള വിവാഹശേഷം ശ്രിയ ശരൺ സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. 2017ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഗൗതമിപുത്രയ്ക്ക് ശേഷമാണ് ശ്രിയ സിനിമാ ജീവിതത്തിന് ഇടവേള നൽകിയത്. ഈ ഇടവേളകളിലെല്ലാം ശ്രിയ തന്റെ കുടുംബത്തോടൊപ്പം യാത്രകളിലായിരുന്നു. തിരുവനന്തപുരത്തും കുടുംബവുമായി യാത്രക്കെത്തിയ ശ്രിയയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും തന്റെ യാത്രകൾ അവസാനിപ്പിച്ചിട്ടില്ലെന്ന ഓർമപ്പെടുത്തലാണ് ശ്രിയയുടെ ഗോവ ബീച്ചിലെ ചിത്രങ്ങൾ. മകൾ രാധയ്ക്കൊപ്പം പിങ്ക് നിറത്തിലുള്ള സ്വിം സ്യൂട്ടിൽ സുന്ദരിയായാണ് ശ്രിയ ഗോവൻ തീരത്ത് തിരമാലകളെ ആസ്വദിക്കുന്നത്.

ബീച്ചും നൈറ്റ്പാർട്ടികളുമൊക്കെയാണ് ഗോവയെ സെലിബ്രിറ്റി സഞ്ചാരികളുടെ ഇടയിൽ പോലും പ്രിയപ്പെട്ടതാക്കുന്നത്. പഞ്ചാരമണല്‍ വിരിച്ച ബീച്ചുകളും നീലക്കടലും ഫുള്‍ മൂണ്‍ പാര്‍ട്ടികളും പള്ളികളും ജലവിനോദങ്ങളുമൊക്കെയായി വല്ലാത്തൊരു അനുഭവമാണ് ഗോവ സമ്മാനിക്കുന്നത്.

അർജുന, ബാഗ, വാഗത്തോർ, കലംഗൂത്, കന്റോലിം തുടങ്ങിയവയാണ് ഗോവയിലെ പ്രധാന ബീച്ചുകൾ. ഇതുകൂടാതെ ചെറുബീച്ചുകൾ വേറെയുമുണ്ട്. അഡ്വഞ്ചർ സ്പോർട്സിന്റെ കേന്ദ്രമാണ് ബാഗ. സാഹസികർക്ക് പാരാസെയിലിങ്, സ്‌നോർക്കലിങ്, കയാക്കിങ് തുടങ്ങിയവയെല്ലാം നടത്താം. കടൽത്തീരത്തിന്റെ സൗന്ദര്യം ആസ്വദിച്ച് താമസിക്കാവുന്ന ബീച്ച് റിസോർട്ടുകളാണ് ഗോവയിലെ ഏറ്റവും ആകർഷകമായ ഒന്ന്.
ഒക്ടോബർ മുതൽ ജനുവരി വരെയാണ് ഗോവയിലെ ടൂറിസ്റ്റ് സീസൺ. യാത്രാ വെബ്സൈറ്റുകൾ വഴി തിരഞ്ഞാൽ നിങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന താമസസ്ഥലം തിരഞ്ഞെടുക്കാം. നിരവധി ഓഫറുകളും ഗോവൻ യാത്രാ പാക്കേജുകൾക്ക് ലഭിക്കും.
English Summary: Shriya Saran enjoys Holiday in Goa with daughter Radha