പ്രകൃതിയുടെ ഭാഗമായി ജീവിക്കാൻ നിയോഗം ലഭിച്ച നിരവധിയാളുകളുണ്ട്. തമിഴ്നാട്ടിലെ മേഘമലയിൽ വച്ച് അങ്ങനെ ചിലരെ പരിചയപ്പെട്ടു. അതിൽ ആദ്യത്തെയാൾ കുളുസ്വാമി. മേഘമലയിലേക്കുള്ള റോഡരികിൽ ചായക്കട നടത്തുകയാണ് കുളുസ്വാമി. മധുരപലഹാരങ്ങളും പക്കുവടയും വിറ്റ് കുളുസ്വാമിയും പൊണ്ടാട്ടിയും സന്തോഷത്തോടെ ജീവിക്കുന്നു. മേഘമലയുടെ പരിണാമ ചരിത്രം വിവരിക്കാൻ കുളുസ്വാമിയെപ്പോലൊരു സാക്ഷി വേറെയില്ല. അൻപതു വർഷം മുൻപ്, കൊടുംകാടായി കിടന്നിരുന്ന മേഘമലയിലെ കാട്ടുപാതയ്ക്കരികിൽ ചായക്കട തുടങ്ങിയയാളാണ് കുളുസ്വാമി. തെൻപഴനിയിൽ നിന്നു മേഘമല വരെയുള്ള ഇരുപതു കിലോമീറ്ററിനിടെ ഈയൊരു കട മാത്രമേയുള്ളൂ. മേഘമലയിലെ തേയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് പണ്ടുകാലം മുതൽ കുളുസ്വാമിയുടെ കസ്റ്റമേഴ്സ്.

തകരപ്പാട്ടകൊണ്ടു മറ കെട്ടിയ ചെറിയ കട. അടുക്കളയിൽ നെയ്യപ്പം ഉണ്ടാക്കുകയായിരുന്നു കുളിസ്വാമിയുടെ പൊണ്ടാട്ടി. മുറുക്കും മധുരവടയും കഴിക്കാനെത്തിയവരെ കുളുസ്വാമി സ്വീകരിച്ചു.
ചിന്നമണ്ണൂരുകാരനായ കുളുസ്വാമി അമ്പതു വർഷമായി യാത്രികരുടെ ദാഹമകറ്റാൻ വഴിക്കണ്ണുമായി ഇവിടെ കാത്തിരിക്കുന്നു. കടയുടെ എതിർവശത്തെ പൊന്തക്കാട്ടിൽ വസിക്കുന്ന വാനര സംഘത്തിന്റെ അന്നദാതാവ് കുളുസ്വാമിയാണ്. കുടുംബ സമേതം സ്വസ്ഥമായി ജീവിക്കുന്ന കുരങ്ങുകളുടെ കൂട്ടത്തിൽ ‘ഹനുമാൻ കുരങ്ങു’മുണ്ട്. കുരങ്ങന്മാരുടെ കുടുംബത്തിലെ താരമാണ് കറുത്ത മുഖവും വെളുത്ത രോമങ്ങളുമുള്ള ഹനുമാൻ ലങ്കൂൺ.
കുളുസ്വാമിയുടെ കടയുടെ മുൻഭാഗം പകരം വയ്ക്കാനില്ലാത്ത വ്യൂ പോയിന്റാണ്. ചിന്നമണ്ണൂർ ഉൾപ്പെടെ തേനി ജില്ല മുഴുവൻ അവിടെ നിന്നാൽ കാണാം. മലയുടെ അരഞ്ഞാണം പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന പാതയെ നോക്കി ‘‘നമ്മൾ കടന്നു വന്ന വഴി’’ എന്നു സഞ്ചാരികൾ ദീർഘനിശ്വാസത്തിലമരുന്നു. ‘തടാകം, ഹൈവേവിസ് ഡാം, മണലാർ ഡാം, ഇരവഗലർ ഡാം, തേക്കടി വ്യൂ പോയിന്റ്, മഹാരാജാമേട്, കമ്പം വാലി വ്യൂ, മകരജ്യോതി ഹിൽ, മണലാർ വെള്ളച്ചാട്ടം, അപ്പർ മണലാർ എസ്േറ്ററ്റ്, വെണ്ണിയാർ എസ്േറ്ററ്റ് – ഇത്രയുമാണ് മേഘമലയിൽ കാണാനുള്ളത്.

തൂവാനം എന്നറിയപ്പെടുന്ന മണലാർ ഡാമിന്റെ തീരമാണ് ഇതിൽ പ്രധാനം. റസ്റ്റ് ഹൗസിൽ നിന്നു നേരേ മുകളിലേക്ക് തേയിലത്തോട്ടത്തിന്റെ പ്രധാന പാതയിലൂടെ നടന്നാൽ മണലാർ ഡാമിലെത്താം. കമ്പം, തേനി ഗ്രാമങ്ങൾ പൂർണമായും അവിടെ നിന്നാൽ കാണാം. കുറച്ചു ദൂരം കൂടി മുകളിലേക്കു നടന്നാൽ തേക്കടി തടാകവും തോട്ടങ്ങളും കാണാൻ പറ്റുന്ന മുനമ്പിലെത്താം. ഇതിനടുത്തുള്ള പച്ചപുതച്ച കുന്നിൽ നിന്ന് മണ്ഡലകാലത്ത് ആളുകൾ മകരജ്യോതി കാണാറുണ്ട്.’’കണ്ണുകെട്ടി വിട്ടാലും മേഘമലയിൽ തനിക്കു വഴി തെറ്റില്ലെന്ന് ഉറക്കെ ചിരിച്ചുകൊണ്ടു മുരുകൻ പറഞ്ഞു.