ബൈക്കില്‍ ലഡാക്കിലേക്കാണോ? എങ്കിൽ ഇവിടം കാണാതെ പോകരുത്

ladakh-travel4
SHARE

ബൈക്കി‌നോടുള്ള പ്രണയവും യാത്രയോടുള്ള സാഹസികതയുമാണ് സഞ്ചാരികളെ ലഡാക്കിലേക്ക് എത്തിക്കുന്നത്. ബൈക്ക് റൈഡറുമാരുടെ ഇഷ്ട ലൊക്കേഷനാണ് ലഡാക്ക്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ ലഡാക്കിലേക്കുള്ള യാത്ര അത്ര എളുപ്പമല്ലെങ്കിലും സാഹസിക സഞ്ചാരികൾ തയാറാണ്.

ladakh-travel3

മെയ് തുടങ്ങി ഒക്ടോബർ വരെയാണ് ലഡാക്കിലേക്കുള്ള യാത്രയുടെ സീസൺ‌. മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, മനംമയക്കുന്ന ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ മുകളിലാണ് ലഡാക്കിന്‍റെ സ്ഥാനം. ലോകത്തെ അറിയപ്പെടുന്ന പര്‍വത മേഖലകളായ കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിലാണ് ഇൗ സുന്ദരഭൂമിയുടെ സ്ഥാനം.ലഡാക്കിലെത്തുന്നവര്‍ തീർച്ചയായും സന്ദർശിക്കേണ്ട കുറച്ചിടങ്ങളുണ്ട്. 

നുബ്ര താഴ്‌വര

ലഡാക്കിലെ ഒട്ടേറെ സവിശേഷതകളുള്ള ഒരു ഭാഗമാണ് ഈ താഴ്‌വര. ദിസ്കിത് മൊണാസ്ട്രിയും ഹുണ്ടാർ മണൽകൂനകളും ടുർടുക് ഗ്രാമവും പനാമിക് ഗ്രാമത്തിലെ ചൂടു നീരുറവകളും ഒക്കെയുള്ള ലഡാക്കിലെ ഏറ്റവും മനോഹരമായ പ്രദേശം. രാജ്യത്തിന്റെ മറ്റേതൊരു ഭാഗത്തെക്കാളും വ്യത്യസ്തമായ ഭൂപ്രകൃതിയും സസ്യജന്തുജാലങ്ങളും ഉള്ള നുബ്ര താഴ്‌വര ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടനുഭവിക്കേണ്ട സ്ഥലം തന്നെ.

ലഡാക്ക് പ്രദേശത്തിന്റെ തലസ്ഥാനമായ ലേയിൽ നിന്ന് 160 കി മീ അകലെയാണ് നുബ്ര താഴ്‌വര. ലോക പ്രശസ്തമായ ഖർദുങ് ലാ എന്ന ചുരം താണ്ടി വേണം നുബ്രയിലെത്താൻ. ഹിമാലയൻ മലനിരകളിലൂടെ ഷ്യോക് നദിയും നുബ്ര നദിയും ഒഴുകി രൂപപ്പെട്ട മലയിടുക്കാണ് നുബ്ര താഴ്‌വര. ലഡാക്ക് മലനിരകളെ കാരക്കോറം നിരകളിൽനിന്നു വിഭജിക്കുന്നത് ഈ താഴ്‌വരയാണ്. സമുദ്രനിരപ്പിൽനിന്ന് വളരെ അധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, തണുത്തുറഞ്ഞ മരുഭൂമിയാണ് ഇവിടം. 

leh-ladakh3

ലേ പാലസ്

അതിമനോഹരമായ ലേ പാലസ് ലേയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ലേ പട്ടണത്തെ അഭിമുഖീകരിക്കുന്ന ഈ കൊട്ടാരം സെങ്ഗെ രാജാവാണ് നിർമിച്ചത്. സൂര്യാസ്തമയത്തിന് ശേഷം ഇവിടേയ്ക്ക് പ്രവേശിക്കാൻ കഴിയില്ലെങ്കിലും കൊട്ടാരത്തിന്റെ രാത്രി കാഴ്ച വളരെ മനോഹരമാണ്. 

മാഗ്നെറ്റിക് ഹിൽ

യാത്രാപ്രേമികൾ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന സുന്ദരമായ ഭൂമിയായ ലേയിൽ അദ്ഭുതങ്ങൾ ഒരുക്കിയിരിക്കുന്ന ഒരിടമാണ് മാഗ്നെറ്റിക് ഹിൽ. ലേ സിറ്റിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ചെറിയ റോഡാണിത്.  ഇവിടെ ഗുരുത്വാകർഷണം പൂർണമായും എതിർക്കപ്പെടുന്നു. ലേ-കാർഗിൽ ഹൈവേയുടെ ഭാഗമായ ഈ റോഡിൽ വാഹനങ്ങൾ മുകളിലേക്ക് ആകർഷിക്കപ്പെടുന്നു. കുന്നിലേക്കു കയറുമ്പോൾ, എൻജിൻ ഓഫ് ആണെങ്കിലും തനിയെ കുന്നുകയറി പോകുന്നത് അനുഭവിച്ചറിയാൻ സാധിക്കും. 

ആ പ്രദേശത്തെ ഭൂമിയുടെ കാന്തിക ശക്തികൊണ്ടാണിത് സാധ്യമാകുന്നതെന്നാണ് പറയപ്പെടുന്നത്‌. ശരാശരി 20 കിലോമീറ്റർ വേഗത ആ സമയത്തു വാഹനത്തിനുണ്ടായിരിക്കും. ഇതുകാരണം ഇതിന് 'മിസ്റ്ററി ഹിൽ', 'ഗ്രാവിറ്റി ഹിൽ' എന്നിങ്ങനെ നിരവധി പേരുകൾ നൽകിയിട്ടുണ്ട്. 

ladakh-magnetic-hill

ടാഗ്ലാങ് ലാ പാസ്

ലഡാക്കിലെ അവിശ്വസനീയമായ ഉയർന്ന ഉയരത്തിലുള്ള പർവതപാതകളിൽ ഒന്നാണ് ടാഗ്ലാങ് ലാ പാസ്. ബൈക്ക് പ്രേമികളുടെ ഇഷ്ടപാതകളിലൊന്നാണിവിടം. 17,582 അടി (5,358 മീറ്റർ) ഉയരമുള്ള ടാഗ്ലാങ് ലാ പാസ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മോട്ടോറബിൾ പാസ് ആണെന്ന് പറയപ്പെടുന്നു. 

പ്രധാനമായും കന്നുകാലികളെയും ആടുകളെയും മേയ്ക്കുന്ന നാടോടികളായ ചാങ്പ ഇടയന്മാരുടെ വാസസ്ഥലമാണ്. ലേ-മണാലി ഹൈവേയോട് ചേർന്നാണ് തഗ്ലാങ് ലാ പാസ് സ്ഥിതി ചെയ്യുന്നത്.

ladakh-travel1

പാൻഗോങ്  തടാകം

ഇന്ത്യയിലും ചൈനയിലുമായി കിടക്കുന്ന പാൻഗോങ്  തടാകം ലഡാക്കിലേക്ക് പോകുന്ന മിക്ക സഞ്ചാരികളും സന്ദര്‍ശിക്കാറുണ്ട്. ഹിമാലയത്തിൽ 13,900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാൻഗോങ് തടാകം ഏറെ ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുന്നു.ആകാശം മുട്ടുന്ന ഹിമാലയത്തെ പ്രതിഫലിപ്പിക്കുന്ന ജലോപരിതലം. ആരെയും മോഹിപ്പിക്കുന്ന ആ സൗന്ദര്യം കാണുക മാത്രമല്ല, പാൻഗോങ് തടാകത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.

തർക്ക പ്രദേശത്താണ് പാൻഗോങ് സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ ഏകദേശം 60 ശതമാനവും നീളത്തിൽ ചൈനയിലാണ്. പാൻഗോങ് തടാകത്തിന്റെ കിഴക്കേ അറ്റം ടിബറ്റിലാണ്.മൊത്തം 134 കിലോമീറ്റർ നീളമുള്ള പാൻഗോങ് തടാകം ലഡാക്കിൽനിന്നു ചൈന വരെ നീണ്ടു കിടക്കുന്നു. പാൻഗോങ് തടാകത്തിലെ ജലത്തിന്‍റെ നിറം എപ്പോഴും ഒരേപോലെയല്ല! പച്ച, നീല മുതലായ നിറങ്ങള്‍ കൂടാതെ ഇടയ്ക്ക് ചുവന്നും കാണുന്ന ജലോപരിതലമാണ് ഇവിടത്തേത്.

ladakh-travel

ശാന്തി സ്തൂപം

ലേയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ശാന്തി സ്തൂപം. 1983 നും 1991 നും ഇടയിൽ നിർമിച്ച ചാൻസ്പയിലെ കുന്നിൻ മുകളിലാണ് ശാന്തി സ്തൂപം സ്ഥിതി ചെയ്യുന്നത്. ലേയിലെ ഏറ്റവും മികച്ച ആകർഷണങ്ങളിലൊന്നാണിവിടം. ബുദ്ധമതത്തിന്റെ 2500 വർഷം പൂർത്തിയാകുന്നതിന്റെ ആഘോഷത്തിനും ലോകസമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജാപ്പനീസ് സന്യാസിമാരാണ് ഈ സ്തൂപം നിര്‍മിച്ചത്. ബുദ്ധഭഗവാന്റെ ജീവിതം ചിത്രീകരിക്കുന്ന ഗിൽറ്റ് പാനലുകളാണ് ചുവരുകളിൽ ഉള്ളത്. 

English Summary: Places To Visit In Leh Ladakh 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA