ADVERTISEMENT

കര്‍ണ്ണാടകയുടെ മനോഹാരിത കണ്ണാലെ നുകര്‍ന്നൊരു അവധിക്കാലത്തിന്‍റെ ആഘോഷദിനങ്ങളിലാണ് നടിയും എഴുത്തുകാരിയുമായ കവിത നായര്‍. എത്ര കണ്ടാലും തനിക്ക് മതിവരാത്ത ഇടത്തെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും കവിത പങ്കുവച്ചിട്ടുണ്ട്.

“വർഷത്തിൽ എപ്പോഴും എനിക്ക് സന്ദര്‍ശിക്കാന്‍ ഇഷ്ടമുള്ള സ്ഥലമാണ് ഹംപി, നൂറ് തവണ കണ്ടുകഴിഞ്ഞാലും, തീർച്ചയായും ആദ്യമായി കണ്ട ദിനത്തിന്‍റെ അത്ര തന്നെ ആവേശമാണ്. സ്മാരകങ്ങൾക്കും മ്യൂസിയങ്ങൾക്കും അപ്പുറത്തേക്കുള്ള ഒരു യാത്രക്ക് ഇക്കുറി എനിക്ക് അവസരം ലഭിച്ചു. അതിരാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴുള്ള ചിത്രമാണിത്, പിന്നിൽ ഇവോള്‍വ് ബ്ലാക്ക് റിസോര്‍ട്ട്സിന്‍റെ ഗംഭീരമായ കമലാപൂർ കൊട്ടാരവും കാണാം. 

തലേന്ന് രാത്രി മഴ പെയ്തിരുന്നു (ഹംപിയിലെ ഈ വർഷത്തെ ആദ്യത്തെ മൺസൂൺ മഴ) ഇവിടെ ഞാൻ എല്ലാം” ഹംപിയില്‍ നിന്നുള്ള പ്രഭാതത്തില്‍ എടുത്ത ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കവിത കുറിച്ചതിങ്ങനെയാണ്.രാമായണത്തിൽ ‘പമ്പ’ എന്ന പേരിൽ പരാമർശിക്കപ്പെടുന്ന തുംഗഭദ്ര നദിക്കരയില്‍ നിന്നുള്ള ചിത്രവും കവിത പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഹംപിയിലെ തന്നെ വിരൂപാക്ഷക്ഷേത്രത്തില്‍ നിന്നുള്ള ചിത്രവുമുണ്ട്. 

വിജയനഗരത്തിലേക്ക്

തുംഗഭദ്ര നദിയുടെ തെക്കൻ തീരത്തും ഹേമകൂടഗിരിയുടെ വടക്കുമായാണ് വിരൂപാക്ഷക്ഷേത്രം അഥവാ പമ്പാപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹംപിയിലെ സ്മാരകങ്ങളുടെ ഭാഗമാണിത്. ശിവന്‍റെ മറ്റൊരു രൂപമായ വിരൂപാക്ഷനാണ് ഇവിടുത്തെ പ്രതിഷ്ഠ. തുംഗഭദ്ര നദിയുമായി ബന്ധപ്പെട്ട പ്രാദേശിക ദേവതയായ പമ്പാദേവിയുടെ ഭര്‍ത്താവായി കരുതപ്പെടുന്ന വിരൂപാക്ഷദേവന്‍, പമ്പാപതി എന്ന പേരിലും അറിയപ്പെടുന്നു.

വിജയനഗര സാമ്രാജ്യത്തിലെ പ്രൗ‍ഢ ദേവരായ എന്നറിയപ്പെടുന്ന ഭരണാധികാരിയായ ദേവരായ രണ്ടാമന്‍റെ കീഴിലുണ്ടായിരുന്ന മുഖ്യന്‍ ലക്കൻ ദണ്ഡേശനാണ് ഈ ക്ഷേത്രം നിർമിച്ചത്. ചാലൂക്യ, ഹൊയ്‌സാല കാലഘട്ടങ്ങളില്‍ ക്ഷേത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ടെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ഹംപിയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ വിരൂപാക്ഷ ക്ഷേത്രം, നൂറ്റാണ്ടുകളായി പവിത്രഭൂമിയായി കണക്കാക്കപ്പെടുന്നു.

നിലവിൽ, പ്രധാന ക്ഷേത്രത്തിൽ ഒരു ശ്രീകോവിൽ, മൂന്ന് മുൻ അറകൾ, ഒരു തൂണുള്ള മണ്ഡപം, ഒരു തുറന്ന തൂണുള്ള ഹാൾ എന്നിവ അടങ്ങിയിരിക്കുന്നു. തൂണുകള്‍ കൊത്തുപണികളാൽ അലങ്കരിച്ചിരിക്കുന്നു. പ്രവേശന കവാടങ്ങൾ, മുറ്റങ്ങൾ, ചെറിയ ആരാധനാലയങ്ങൾ, മറ്റ് ഘടനകൾ എന്നിവയും ക്ഷേത്രത്തിന് ചുറ്റും ഉണ്ട്. ‘കനകഗിരി ഗോപുര’ എന്നറിയപ്പെടുന്ന വടക്കന്‍ ഗോപുരവും വിജയനഗരത്തിലെ ചക്രവര്‍ത്തിയായിരുന്ന കൃഷ്ണദേവരായ ക്ഷേത്രത്തിന് നൽകിയ സംഭാവനകളെ വിശദീകരിക്കുന്ന ശിലാഫലക ലിഖിതങ്ങളുമെല്ലാം ഇവിടെയുണ്ട്. 

ക്ഷേത്രത്തില്‍ എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ വാർഷിക രഥോത്സവം ആഘോഷിക്കാറുണ്ട്. ഈ സമയത്ത് നിരവധി വിനോദസഞ്ചാരികളും ഭക്തരും ഇവിടേക്ക് ഒഴുകിയെത്തുന്നു.

English Summary: Kavitha Nair Shares Hampi Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com