ബൈക്കില്‍ കര്‍ദുങ്‌ലയിലെത്തിയ ആദ്യ ബോളിവുഡ് സിനിമാ സംഘം

Dia-Mirza-travel
SHARE

ഡല്‍ഹി മുതല്‍ കര്‍ദുങ്‌ല വരെയുള്ള യാത്ര റൈഡര്‍മാരുടെ സ്വപ്‌നമാണ്. ഈ സ്വപ്‌നയാത്ര യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ദിയ മിര്‍സയും ഫാത്തിമ സന ഷെയ്ക്കും അടങ്ങുന്ന ബോളിവുഡ് സിനിമാ സംഘം. ധക്ക് ധക്ക് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഇവരുടെ അസാധാരണ ബൈക്ക് യാത്ര. ഡല്‍ഹിയില്‍നിന്നു ബൈക്കില്‍ കര്‍ദുങ്‌ലയിലെത്തുന്ന ആദ്യ ബോളിവുഡ് സിനിമാ സംഘമെന്ന റെക്കോർഡും ഇവര്‍ സ്വന്തമാക്കി കഴിഞ്ഞു. 

ബോളിവുഡ് നടി ദിയ മിര്‍സ തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് കര്‍ദുങ്‌ലയിലെത്തിയ ചിത്രം പങ്കുവച്ചത്.  ഫാത്തിമ സന ഷെയ്ക്കും രത്‌ന പഥക് ഷായും സഞ്ജന സങ്‌വിയുമാണ് ദിയയ്ക്കൊപ്പം ചിത്രത്തിലുള്ളത്. ചിത്രത്തിനൊപ്പം ദിയ ഇങ്ങനെ കുറിക്കുന്നു: ‘ഈ ചിത്രം നോക്കി ഞങ്ങള്‍ ശരിക്കും ഇൗ യാത്ര ചെയ്തതാണോ ഇത് എന്ന് ആലോചിച്ചിരിക്കുകയാണ് ഞാന്‍. അതെ, ശരിക്കും ഞങ്ങളിത് ചെയ്തു. ധക് ധക് കാണുമ്പോള്‍ ഈയൊരു ചിത്രം ഞങ്ങള്‍ക്ക് എത്ര വലുതാണെന്ന് നിങ്ങളും അറിയും! ഡല്‍ഹിയില്‍നിന്നു റൈഡ് ചെയ്ത് കര്‍ദുങ്‌ല പാസിലെത്തുന്ന ആദ്യത്തെ സിനിമാ സംഘമെന്ന നേട്ടം ആഘോഷിക്കുകയാണ് ഞങ്ങള്‍.’

മഞ്ഞുവീഴ്ച, പെരുമഴ, മണല്‍ക്കാറ്റ് തുടങ്ങിയ കാലാവസ്ഥാ വൈവിധ്യങ്ങളും 48 ഡിഗ്രി മുതല്‍ മൈനസ് രണ്ട് വരെയെത്തുന്ന അന്തരീക്ഷ താപനിലയിലെ വൈവിധ്യവുമാണ് ഇവരുടെ ലഡാക്ക് യാത്രയെ അനുഭവസമ്പന്നമാക്കിയത്. ധക് ധക് സിനിമയുടെ 40 ദിവസത്തെ ചിത്രീകരണത്തെക്കുറിച്ച് ദിയ മിര്‍സ തന്നെ അനുഭവം പങ്കിട്ടിരുന്നു. ‘‘കര്‍ദുങ്‌ലയിലേക്കുള്ള യാത്ര തന്നെയായിരുന്നു വലിയ അനുഭവം. ഈ സിനിമയിലെ കഥാപാത്രങ്ങളും കഥയുമായി ഈ യാത്രയ്ക്ക് മാറ്റി നിര്‍ത്താനാവാത്ത ബന്ധമുണ്ട്. ഇങ്ങനെയൊരു വേറിട്ട യാത്രയെ എളുപ്പമാക്കിയതിന് ഞങ്ങളുടെ സിനിമാ സംഘത്തിനൊപ്പം ഇന്ത്യന്‍ സൈന്യത്തിന് കൂടിയാണ് നന്ദി പറയുന്നത്.’’ 

ദംഗല്‍ ഫെയിം ഫാത്തിമ സന ഷെയ്ക്ക് വളരെ ആവേശത്തോടെയാണ് ഈ ബൈക്ക് യാത്രയെ കാത്തിരുന്നതെന്ന് പറയുന്നു. ബൈക്ക് യാത്രയെ ഇഷ്ടപ്പെടുന്ന ഫാത്തിമയ്ക്ക് വീണുകിട്ടിയ അപൂര്‍വ അവസരമായി ധക് ധക് ചിത്രീകരണം മാറി. ഈ യാത്രയില്‍ ഓരോരുത്തരുടെയും സഹനശേഷി പരീക്ഷിക്കപ്പെട്ടുവെന്നും താരം പറയുന്നു. 

ബൈക്കില്‍ ഡല്‍ഹിയില്‍നിന്നു കര്‍ദുങ്‌ലയിലേക്ക് പോകുന്നോ എന്ന് ആറു മാസം മുമ്പ് ആരെങ്കിലും ചോദിച്ചാല്‍ ചിരിച്ചു തള്ളുമായിരുന്നുവെന്നാണ് കൂട്ടത്തില്‍ സീനിയറായ രത്‌ന പഥക് ഷാ പ്രതികരിച്ചത്. എങ്കിലും എല്ലാ പ്രതിസന്ധികളെയും മറികടന്ന്, 65 പിന്നിട്ട രത്‌നയും ബോളിവുഡ് സംഘത്തിനൊപ്പം കര്‍ദുങ്‌ല കീഴടക്കി. ജീവിതത്തില്‍ സംഭവിക്കുന്ന യാഥാര്‍ഥ്യമെന്ന് ഉറപ്പിക്കാനാവാത്ത അനുഭവങ്ങളിലൊന്നാണിതെന്നാണ് സഞ്ജന സങ്കിയുടെ പ്രതികരണം. അസാധാരണ റോഡ് യാത്രയുടെ കഥപറയുന്ന ചിത്രമാണ് ധക് ധക് എന്നാണ് സൂചന. തരുണ്‍ ദുതേജയാണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്തവര്‍ഷം ധക് ധക് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

English Summary:  Dia Mirza, Fatima Sana Sheikh and others become the first film crew to ride from Delhi to Khardung La

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS