ADVERTISEMENT

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്, മനോഹരമായ പര്‍വതക്കാഴ്ചകള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കുമെല്ലാം പേരുകേട്ടതാണ്. ഷില്ലോങ്ങിൽ ബോട്ടിങ് നടത്തുന്ന വിഡിയോ നവ്യാനായര്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. “ജീവിതം പൂർണമായി ജീവിക്കുക... സന്തോഷകരമായ ഓർമകൾ ഉണ്ടാക്കുക... അവസാനം ഓർമകൾ മാത്രമേ അവശേഷിക്കൂ...” വിഡിയോക്കൊപ്പം നവ്യ കുറിച്ചതിങ്ങനെയാണ്.

ഷില്ലോങ്ങിൽ ജലവിനോദാനുഭവങ്ങള്‍ക്ക് മികച്ച ഇടങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ ഏറ്റവും ജനപ്രിയമാണ് ഉമിയം തടാകം. ഗുവാഹത്തി-ഷില്ലോങ് റൂട്ടില്‍, ചുറ്റും മലകളാലും ഇടതൂര്‍ന്ന വനങ്ങളാലും ചുറ്റപ്പെട്ട അതിമനോഹരമായ ഈ തടാകം സാഹസിക വിനോദങ്ങൾക്കും ബോട്ട് സവാരികൾക്കുമെല്ലാം പേരുകേട്ടതാണ്. അറുപതുകളുടെ തുടക്കത്തിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ഉമിയം നദിക്ക് മുകളിൽ ഒരു അണക്കെട്ട് നിർമിച്ചപ്പോഴാണ് തടാകം രൂപപ്പെട്ടത്.

ഏകദേശം 222 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ, വാട്ടർ സ്‌പോർട്‌സിനും ബോട്ടിങ്ങിനുമുള്ള ഷില്ലോങ്ങിലെ പ്രധാന കേന്ദ്രമാണ് ഉമിയം തടാകം. പാഡിൽ ബോട്ടുകൾ, വാട്ടർ സ്കൂട്ടറുകൾ, സ്പീഡ് ബോട്ടുകൾ എന്നിങ്ങനെ നിരവധി ഓപ്ഷനുകള്‍ ഇവിടെ ലഭ്യമാണ്. മാത്രമല്ല ഇവിടുത്തെ സൂര്യോദയവും അസ്തമയക്കാഴ്ചയും ആരുടേയും ഹൃദയം കവരുന്നത്രയും മനോഹരമാണ്. പ്രകൃതിസ്നേഹികള്‍ക്ക് ഇവിടെയുള്ള സസ്യജാലങ്ങളുടെ വൈവിധ്യം അദ്ഭുതം പകരും. വേനൽക്കാലത്ത്, മനോഹരമായ ഗുൽമോഹർ മരങ്ങളാൽ അലങ്കരിക്കപ്പെടുന്ന തീരവും ശൈത്യകാലത്ത് ജലനിരപ്പ് താഴ്ന്ന് നീലനിറമാകുന്ന തടാകവുമെല്ലാം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ഓർക്കിഡ് ലേക്ക് റിസോർട്ടില്‍ താമസിക്കാം. ഇവിടെ ലോഡ്ജുകൾ ബുക്ക് ചെയ്യുകയും ഒപ്പം റസ്റ്ററന്റിൽ നിന്ന് കാഴ്ചകള്‍ കണ്ടുകൊണ്ട് രുചികരമായ ഭക്ഷണം കഴിക്കുകയുമെല്ലാമാവാം. തടാക ദ്വീപായ ലംപോങ്‌ഡൻ ദ്വീപിലെ മനോഹരമായ ചെറിയ ബോട്ട് ഹൗസും താമസത്തിനുള്ള മറ്റൊരു ഓപ്ഷനാണ്. 

ഉമിയം തടാകം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മാർച്ച് മുതൽ ജൂൺ വരെയാണ്. ഈ സമയത്ത് മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഷില്ലോങ്ങിൽ ടാക്സി വഴി ഇവിടെ എത്തിച്ചേരാം. മനോഹരമായ NH6 റൂട്ടിലൂടെ യാത്ര ചെയ്താല്‍ ഇവിടെയെത്താം. അടുത്തുള്ള വിമാനത്താവളമായ ഷില്ലോങ് എയർപോർട്ടില്‍ നിന്ന് ഷില്ലോങ് ബൈപാസ് റോഡ് വഴി, തടാകത്തില്‍ എത്താനാവും. തടാകം കൂടാതെ, എലിഫന്‍റ് ഫാള്‍സ്, ഷില്ലോങ് കൊടുമുടി, ഡോൺ ബോസ്കോ മ്യൂസിയം എന്നിങ്ങനെ വേറെയും നിരവധി ആകര്‍ഷണങ്ങള്‍ ഷില്ലോങ്ങിലുണ്ട്.

English Summary: Navya Nair Shares Video from Shillong Boat Ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com