ADVERTISEMENT

കൊറോണയുടെ കൊടും ചൂടിൽനിന്ന് മടുത്തു തുടങ്ങിയിരുന്നു. എങ്ങോട്ടും പോകാനാകാതെ, ആരെയും കാണാനാകാതെ ഇതെത്ര നാളാണ്! അതുമാത്രമോ, മാനസികവും സാമൂഹികവുമായ ചുരുങ്ങിക്കൂടൽ കൊണ്ട് സാമ്പത്തികമായിപ്പോലും എത്ര പേരാണ് ബുദ്ധിമുട്ടുന്നത്. യാത്ര പോകുന്നതിനെക്കുറിച്ച് ഓർക്കാൻ പോലുമാകാത്ത അവസ്ഥ. എല്ലാത്തിൽനിന്നും പതുക്കെ പുറത്തിറങ്ങി നോക്കുമ്പോൾ, കഴിഞ്ഞ ഒരു വർഷത്തിൽ മാറ്റി വച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ലഹരിയെത്തന്നെയാണ്. എങ്ങോട്ടേക്കെങ്കിലും പോകണം എന്ന് മനസ്സ് ആവർത്തിക്കുമ്പോഴും ഒരു വേണ്ടായ്ക. ഒടുവിൽ എല്ലാ അകൽച്ചകളെയും മാറ്റി വച്ചുകൊണ്ട് ഒരു യാത്ര തീരുമാനിക്കപ്പെടുക തന്നെ വേണമല്ലോ. മാസങ്ങൾക്കു ശേഷം അത് മധുര-പഴനി വഴിക്കായിരുന്നു. 

palani-travel2

2018 മോഡൽ ഡിസയർ ആണ് വാഹനം. ഇതിനു മുൻപുണ്ടായിരുന്ന റിറ്റ്സ് എല്ലായ്പ്പോഴും യാത്രകളിൽ അനുസ്‍മരിക്കുന്ന ഒരു വാഹനമാണ്, കാരണം പലയിടത്തും കക്ഷി ഞങ്ങളെ പാതി വഴിയിൽ പോസ്റ്റാക്കിയിട്ടുണ്ട്, വണ്ടിയുടെ കുഴപ്പമല്ല, പാരാപ്ലീജിക് ആയ ആൾ (ഉണ്ണിമാക്സ്) ഓടിക്കുന്നതുകൊണ്ട് ബ്രേക്ക് ആൾട്ടർ ചെയ്ത വണ്ടിയായതിനാൽ അതിന്റെ ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാണ്. ഡിസയർ ഓട്ടമാറ്റിക് ആയതിനാൽ യാത്രകളിൽ അത്രയും സുരക്ഷിതത്വമാണ്. ഞങ്ങൾ രണ്ടു പേരും ഏറ്റവും അടുത്ത രണ്ടു ചങ്ങാതിമാരുമുണ്ട്. അങ്ങോട്ട് പാലാ- കുമളി -കമ്പം വഴിയായിരുന്നു യാത്ര. അതിരാവിലെ ഇഡ്ഡലിയും ചട്ടിണിയും പൊതിഞ്ഞെടുത്ത് ഇറങ്ങി. കുഞ്ഞൊരു ഉറക്കത്തിൽനിന്ന് കണ്ണ് തുറന്നപ്പോൾ (ഡ്രൈവർ അല്ലാത്തതുകൊണ്ടു മാത്രം കിട്ടുന്ന പ്രിവിലേജ്) കോടയിറങ്ങിയ ചായത്തോട്ടങ്ങൾക്കിടയിലൂടെ പോകുകയാണ്, അധികം താമസിയാതെ ചെക്ക്പോസ്റ്റ് ഉണ്ടെങ്കിലും കാര്യമായ നിരീക്ഷണമൊന്നുമില്ലാത്ത അതിർത്തി കടന്നു ഞങ്ങൾ തമിഴ് മണ്ണിലേക്ക് കയറി. എത്ര വലിയ വ്യത്യാസമാണ് അതിർത്തിയാണെങ്കിൽപ്പോലും രണ്ടു നാടുകൾ തമ്മിൽ. നാടൻ ചായക്കടയിലെ ഫിൽറ്റർ കോഫിക്കും വെട്ടു കേക്കിനും വരെ ആ വ്യത്യാസമുണ്ട്. 

മധുരയ്ക്ക് പോകാമെടീ...

മധുരയായിരുന്നു ആദ്യത്തെ ഡെസ്റ്റിനേഷൻ. ഇഷ്ടംപോലെ ഹോട്ടലുകൾ ചുറ്റുമുണ്ടെന്നു ഗൂഗിൾ മാപ്പ് കാണിച്ചു തന്നതിനാൽ പ്രത്യേകിച്ച് റൂം ബുക്ക് ചെയ്തിരുന്നില്ല. പക്ഷേ ആ തീരുമാനം ഒന്നു വലച്ചു. വളരെ ഇടുങ്ങിയ, ജനത്തിരക്കുള്ള റോഡിലൂടെ ഡ്രൈവിങ് തീരെ സുഖകരമല്ല. റോഡ് നമ്മുടെ സ്വന്തമാണെന്ന മട്ടിലുള്ള വഴിയാത്രക്കാർ കാരണം അത് കുറച്ചുകൂടി കടുപ്പമായി. അടുത്തുള്ള റെയിൽവേയുടെ പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത ശേഷമാണ് പലരും ക്ഷേത്രത്തിലേക്കു പോകുന്നതെന്നു പറഞ്ഞു കേട്ടിരുന്നു, എന്നാൽ അതു നടക്കില്ലെന്നറിയാവുന്നതുകൊണ്ടാണ് അടുത്തുള്ള ഹോട്ടൽ നോക്കിയത്. ആദ്യം കയറിയ ത്രീ സ്റ്റാർ ഹോട്ടലിൽ വീൽ ചെയറിൽ കയറാൻ റാമ്പില്ല; വലിയ സ്റ്റെപ്പുകളുമാണ്. അവിടെ നിന്നിറങ്ങി തൊട്ടടുത്ത ഒരു ബജറ്റ് ഹോട്ടൽ തിരഞ്ഞെടുത്തു. പൈസയും കുറവ്, ഗ്രൗണ്ട് ഫ്ലോറിൽ മുറികളും. അതും വൃത്തിയുള്ള ചെറിയ മുറികൾ. ഒന്നുമല്ലെങ്കിലും ലാഭം കിട്ടിയ പൈസയ്ക്ക് എത്ര പൊറോട്ടയും മുട്ടക്കറിയും വാങ്ങിത്തിന്നാം!

palani-madurai-trip3
Val Shevchenko/shutterstock

വൈകുന്നേരം അവിടെനിന്നൊരു ഓട്ടോയിൽ മധുരൈ തിരുമലൈ നായ്ക്കർ കൊട്ടാരത്തിലേക്കു പോയി. ക്ഷേത്രത്തിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കോട്ട. പതിനേഴാം നൂറ്റാണ്ടിൽ തിരുമലൈ നായ്ക്കർ പണിയിച്ച കൊട്ടാരത്തിന്റെ ഒരു വശം മാത്രമാണ് ഇപ്പോൾ സന്ദർശകർക്കായി തുറന്നു കൊടുത്തിരിക്കുന്നത്. അതും നല്ല കിടുക്കാച്ചി റാമ്പ് ഒക്കെ വച്ച്. ഏതോ ഇറ്റാലിയൻ ശില്പിയുടെ കരവിരുതിൽ കൂടി പണിതതാണ് ആ കോട്ടയെന്നാണ് പറയപ്പെടുന്നത്. എന്തുതന്നെയായാലും ശില്പകലയുടെ മനോഹാരിത അവിടെയുണ്ട്. ബോംബെ എന്ന മണിരത്നം സിനിമയിൽ കണ്ണാളനേ, പാട്ട് ഓർമയില്ലേ, അതിലെ പല കാഴ്ചകളും ഇവിടുത്തേതാണ്. വിശാലമായ ദർബാർ ഹാളും പരിസരങ്ങളുമാണ് ഇവിടെ. സന്ധ്യയ്ക്ക് ലൈറ്റ് ഷോ ഉണ്ടെന്നു പറഞ്ഞെങ്കിലും അത് കാണാൻ നിൽക്കാതെ ക്ഷേത്രത്തിലേക്ക് തിരക്ക് പിടിച്ച റോഡിലൂടെ നടന്നു. 

palani-travel4

മധുരൈ മീനാക്ഷിയെക്കുറിച്ച് എന്തു പറയാൻ! പണ്ട് കോളജിൽനിന്ന് ടൂർ വന്നപ്പോൾ കണ്ട ചെറിയൊരു ഓർമയേ ഉള്ളൂ, ഒടുങ്ങാത്ത ഇടനാഴികളും കൽതൂണുകളുടെ തണുപ്പും ശിൽപഭംഗികളും. നൂറു രൂപയുടെ കൂപ്പൺ എടുത്ത് ഒരാൾക്ക് ഇരുനൂറു രൂപയും കൊടുത്ത് എളുപ്പത്തിൽ ദർശനം നടക്കാൻ സാധ്യതയുള്ള വഴിയിലൂടെ അകത്തു കയറി. അല്ലെങ്കിലും വീൽ ചെയറിൽ പോകുന്നവർക്കൊപ്പം പോയാൽ അതൊരു പ്രിവിലേജാണ്‌, ഈ സൗകര്യം പലപ്പോഴും സഹായിച്ചിട്ടുണ്ട്, എന്തിന്, എയർപോർട്ടിൽ വരെ. പാരാപ്ലീജിക് ആയവർക്ക് പ്രത്യേകം സൗകര്യം ഇത്തരം സ്ഥലങ്ങളെല്ലാം ഒരുക്കി തരുക പതിവുണ്ട്, മാത്രമല്ല അധികം കാത്തുനിർത്തുകയുമില്ല. വലിയ തിരക്കില്ലാഞ്ഞതുകൊണ്ടു തന്നെ ഞങ്ങൾക്ക് ദർശനത്തിനു ഒരുപാട് നിൽക്കേണ്ടി വന്നില്ല. മുന്നിൽ കയറിനിന്ന് മീനാക്ഷിയെ കണ്ടു തൊഴുതു. ഇപ്പോഴും മനസ്സിൽനിന്ന് പോകാത്ത രണ്ടു ദേവീ രൂപങ്ങളായിരുന്നു മൂകാംബികയിലേതും കന്യാകുമാരിയിലേതും, ഇപ്പോഴിതാ മീനാക്ഷിയമ്മനും ആ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നു.

palani-travel3

സമയമെടുത്ത് ഓരോന്നും നടന്നു കണ്ടു. വലിയ സ്റ്റെപ്പായിരുന്നെങ്കിലും മ്യൂസിയത്തിലും കയറി കുറെ നേരം സ്വസ്ഥമായിരുന്നു. ദ്രവീഡിയൻ വാസ്തുകലയുടെ എത്ര വലിയ മാതൃകയാണ് മധുര ക്ഷേത്രം! ആയിരം കൽ മണ്ഡപങ്ങളും താമരക്കുളവും വഴിപാടായി കിട്ടുന്ന ചെറിയ ലഡ്ഡുവും എല്ലാം കണ്ട് ഇറങ്ങി. ഹോട്ടലിന്റെ നേരെ എതിരെയുള്ള തട്ടുകടയിൽ നിന്നായിരുന്നു അത്താഴം, കോയിൻ പെറോട്ടയും പച്ചക്കറി മസാലയും, അതിലും ഗംഭീരമായത് നെയ് റോസ്റ്റാണ്, ഒപ്പം കൂടെ കിട്ടിയ വെളുത്ത ചട്ണിയും. അതുകഴിഞ്ഞു രാത്രിയെ പകലാക്കുന്ന തെരുവിലൂടെ കുറേയലഞ്ഞു. പുകൾപെറ്റ ജിഗർത്തണ്ട സ്വാദു നോക്കി, പിറ്റേന്നത്തേക്കുള്ള മല്ലികപ്പൂ മൊട്ടുകൾ വാങ്ങി. അടുത്ത ദിവസം രാവിലെ ഇറങ്ങണം, പഴനിക്കു പോകാനുള്ളതാണ്. യഥാർഥ മല കയറ്റം തുടങ്ങുന്നതേയുള്ളൂ.

palani-travel1

പറ്റിപ്പുകാരുടെ പളനി 

‘‘പളനിയിൽ നിറയെ പറ്റിപ്പുകാരാണേ സൂക്ഷിക്കണേ...’’ എന്നൊക്കെ പറഞ്ഞാണ് പലരും വിട്ടത്. പക്ഷേ ചെന്നുപെട്ടതുതന്നെ അത്തരക്കാരുടെ മുന്നിലേക്കായിപ്പോയി. മുനിസിപ്പാലിറ്റിയുടെ ടോൾ കൊടുക്കാൻ വേണ്ടിയാണ് അമ്പലത്തിന്റെ താഴെയുള്ള റോഡിൽ നിർത്തിയത്. അതുകൊണ്ടുതന്നെ പിരിവുകാരൻ പറയുമ്പോൾ അവിശ്വസിക്കേണ്ടതില്ലല്ലോ.

palani-travel5

‘‘വീൽ ചെയറാണോ? പോകാൻ എളുപ്പമാണ്, വഴിപാടും കഴിക്കാം, അതും പാലഭിഷേകം, (ആഹ്, മുരുകന് ഒരു പാലഭിഷേകം നടത്തിയാലെന്താ നല്ലതല്ലേ!) അതു വാങ്ങിയാൽ പെട്ടെന്ന് അകത്തു കയറാനും പറ്റും. അടിപൊളി. എന്തായാലും വേറെ വഴിപാടുകളൊന്നും ചെയ്യുന്നില്ല, ഇത് ചെയ്തേക്കാം. അങ്ങനെ അവിടെ അയാൾ പറഞ്ഞതനുസരിച്ച് ഇറങ്ങി. അപ്പോൾത്തന്നെ എഴുപത് വയസ്സോളമുള്ള ഒരു വല്യമ്മ കടയിൽ നിന്നിറങ്ങി ഓടി. അഭിഷേകം നടത്താനുള്ള പാലെടുക്കാനാണ് ഓട്ടം. പക്ഷേ പറഞ്ഞു വന്നപ്പോഴാണ് മനസ്സിലായത് അഭിഷേകം മുകളിലെ ക്ഷേത്രത്തിലല്ല, അതിനു താഴെയുള്ള ഒരു ചെറിയ മുരുകൻ കോവിലിലാണ്. കുടുങ്ങിയെന്നു മനസ്സിലായപ്പോൾ നൈസ് ആയി ഊരാൻ നോക്കിയെങ്കിലും നടന്നില്ല. പിന്നീടുള്ള പ്രശ്നം പാൽ മാത്രമായി അഭിഷേകം നടത്താൻ പാടില്ല, വേറെ ഒരു കവർ കൂടി വാങ്ങണം. ആ ദോഷം ഞങ്ങളങ്ങു സഹിച്ചു എന്നൊക്കെ പറഞ്ഞെങ്കിലും 100  രൂപയുടെ ഒരു കവർ കൂടി അവർ അടിച്ചേൽപ്പിച്ചു. നാനൂറു രൂപയാണ് ഒടുവിൽ നൂറാക്കിയത്. എല്ലാം കൂടി അഞ്ഞൂറ്. പാല് വന്നു, വല്യമ്മയും വന്നു. അവർക്കൊപ്പം കോവിലിൽ പോയി അഭിഷേകം നടത്തി. തിരിച്ചിറങ്ങിയപ്പോൾ വല്യമ്മയുടെ വക കൈ നീട്ടൽ. ‘‘ചായ കുടിക്കാൻ..’’

palani-travel6

തെറിയും വിളിച്ച് 50 രൂപ കൊടുത്തപ്പോൾ അത് പോരാന്നായി. പക്ഷേ അതിൽക്കൂടുതൽ കൊടുക്കാൻ താൽപര്യമില്ലാതിരുന്നതുകൊണ്ട് കേട്ട ഭാവം നടിച്ചില്ല. അപ്പോഴേക്കും പറ്റിക്കപ്പെട്ടതിന്റെ ദേഷ്യവും സങ്കടവും കാരണം ആരെക്കണ്ടാലും രണ്ടെണ്ണം പറയാവുന്ന മാനസികാവസ്ഥയായിരുന്നു.

palani-madurai-trip1
Pranavan Shoots/shutterstock

കാർ പാർക്കിങ്ങിലാണ് അടുത്ത പറ്റിപ്പ്. ഫ്രീ ആയിക്കിടക്കുന്ന പാർക്കിങ്ങിൽ കാർ ഇടാൻ അവിടെയുള്ള വില്ലന്മാർ സമ്മതിക്കില്ല, വഴിയുടെ മുന്നിൽ അവരുടെ ഉന്തുവണ്ടിയുണ്ടാവും. അത് മാറ്റി അവിടെ പാർക്ക് ചെയ്യണമെങ്കിൽ അവരുടെ കയ്യിൽനിന്ന് പൊള്ളുന്ന വിലയ്ക്ക് അടുത്ത അഭിഷേക സാധനങ്ങൾ വാങ്ങേണ്ടി വരും. മുന്നോട്ടെടുത്തപ്പോൾ കുറച്ചു മാറി ഭാഗ്യം കൊണ്ട് ഒരു വണ്ടി അപ്പോൾ മാത്രമിറങ്ങിപ്പോയ ഇടയുണ്ടായി. അവിടെ കയറ്റി പാർക്ക് ചെയ്തു. വിഞ്ചിന്റെ അടുത്താണ് പാർക്കിങ് എന്നതുകൊണ്ട് കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല. കൂട്ടത്തിൽ വന്ന ഒരാൾ ആയിരം പടികൾ കയറാൻ പോയി, ബാക്കി ഞങ്ങൾ മൂന്നു പേരും വിഞ്ചിലേക്കും. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം വാഹനമെത്തി, അതിൽക്കയറി മുകളിലെത്തിയപ്പോഴാണ് കടമ്പ. മുകളിലേക്ക് ഇനിയും സ്റ്റെപ്പുകളാണ്. പിന്നെയെന്തിനായിരുന്നു ഈ കുന്ത്രാണ്ടം? ആർക്കറിയാം!

വക്കും മൂലയും പൊട്ടിയ അഴുക്കു പിടിച്ച സ്റ്റെപ്പുകളിലൂടെ ജനങ്ങൾ ഒഴുകി മറിയുകയാണ്. അതിനിടയിലൂടെ വേണം വീൽ ചെയർ ഉൾപ്പെടെ പൊക്കിക്കൊണ്ട് പോകാൻ. ആയിരം പടികൾ കയറിയ ആൾ അതിനു മുന്നേ മുകളിൽ എത്തിയതുകൊണ്ട് അവനെ വിളിച്ച് വീൽ ചെയർ പിടിച്ച് രണ്ടു പേരും കൂടി ഉണ്ണിമാക്സിനെ മുകളിലെത്തിച്ചു. 

ഒരു സെക്യൂരിറ്റി ജീവനക്കാരന് ഇരുനൂറു രൂപ കൊടുത്ത് അവിടെയും അകത്തു കയറി തൊഴുതു പുറത്തിറങ്ങി. പഞ്ചാമൃതവും പുളിയോടാരവും വാങ്ങി. ഈ പുളിയോടാരം ഒരു കിടുക്കൻ ഐറ്റമാണ്. അന്നത്തെ ഉച്ചഭക്ഷണം അതിൽക്കഴിഞ്ഞു. അവിടെനിന്ന് ലഭിക്കുന്ന വഴിപാടുകൾക്ക് വലിയ വിലയില്ല. പതിനഞ്ചു രൂപയാണ് ഒരു പുളിയോടാരത്തിന്റെ വില. വെയിൽ കൊണ്ട് വാടിയെങ്കിലും മുരുകനെ കാണാൻ പറ്റിയതിന്റെ സന്തോഷം തോന്നി. വലിയ തിരക്കുള്ള സമയവുമായിരുന്നില്ലെന്നു തോന്നി.

palani-madurai-trip
Lizavetta/shutterstock

തിരിച്ചിറങ്ങാനാണ് അടുത്ത ശ്രമം. ഞങ്ങൾ താഴേക്കിറങ്ങാൻ നിൽക്കുന്നത് കണ്ട് അടുത്തു നിന്ന ഒരു സെക്യൂരിറ്റി ജീവനക്കാരൻ വന്നു പുച്ഛത്തോടെ നോക്കിയിട്ട് പോയതല്ലാതെ മൈൻഡ് ചെയ്തില്ല. പക്ഷേ സെക്യൂരിറ്റി ഓഫിസർ വന്ന് അയാളെ ചീത്ത വിളിക്കുന്നതു കേൾക്കാമായിരുന്നു, ഞങ്ങളെ ഹെൽപ് ചെയ്യാനാണ് അയാൾക്ക് ചീത്ത കേട്ടത്. ഒടുവിൽ ആരുടെയോ നിർബന്ധത്തിൽ വീൽ ചെയറിന്റെ ഒരറ്റത്ത് പിടിച്ച് താഴെ വിഞ്ചിന്റെ അടുത്തെത്തിച്ചപ്പോൾ അയാൾക്കും വേണം 100  രൂപ. കൊടുക്കാതെ ഇനിയെന്ത് ചെയ്യാൻ!

വാഹനം വരാൻ കാത്തിരുന്നപ്പോഴാണ് ഞങ്ങളെപ്പോലെ മറ്റൊരാൾ വീൽ ചെയറിൽ ഇരിക്കുന്നതു കണ്ടത്. അയാൾ മുകളിൽനിന്ന് സെക്യൂരിറ്റി ഓഫിസർമാർ വരാൻ കാത്തിരിക്കുകയായിരുന്നു. ഏറെ സമയത്തിനു ശേഷം അയാളെ അഞ്ചു പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ടു പോയി, കുറഞ്ഞത് അഞ്ഞൂറ് രൂപ ആ മനുഷ്യൻ വഴി അവർ തട്ടിയിട്ടുണ്ടാകും. ക്ഷേത്രത്തിലെ ഔദ്യോഗിക വേഷമിട്ടാലും ഇതിന് ഒരു നാണക്കേടും ആർക്കുമില്ല. അതൊരു അവകാശമായാണ് അവർ നടത്തുന്നതും. വിഞ്ചിൽ കയറിയിരുന്നപ്പോൾ തൊട്ടടുത്തിരുന്ന വല്യമ്മയെ നോക്കി ഒന്നു ചിരിച്ചു. ഉടനെ അവരുടെ ചോദ്യം, "ഒരു നൂറു രൂപ കൊടുങ്കോ..."

എന്റെ മുരുകാ, ഒന്ന് ചിരിക്കുന്നതിനു പോലും പൈസ കൊടുക്കേണ്ട നാട്ടിലാണല്ലോ നീ ജീവിക്കുന്നതെന്നോർത്ത് പോയി!

ഇനിയൊരിക്കലും പളനിയിൽ പോകില്ലെന്ന് ഈ യാത്രയിൽ ഉറപ്പിച്ചു കഴിഞ്ഞു. പറ്റിപ്പ് എന്ന പ്രക്രിയ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട ഒരിടത്ത് അത്തരത്തിൽ ഒരാളാവാൻ ഇനിയും വയ്യാത്തതാണ് കാരണം. എന്തുകൊണ്ട് ഇതിനെതിരെ സർക്കാർ നിലപാടെടുക്കുന്നില്ല എന്നോർത്ത് അമ്പരപ്പു തോന്നി. കാരണം ഇത് ആർക്കും അറിയാത്ത രഹസ്യമല്ല, എല്ലാം പരസ്യമാണ്.

palani-madurai-trip2
M J Amal/shutterstock

രണ്ടു ദിവസം നീണ്ട യാത്രയുടെ എല്ലാ ഊർജവും ആ ഒരു പകൽ ചോർത്തിക്കളയുമ്പോൾ ബാക്കിയായത് ഒരു നോക്കു കണ്ട മുരുകന്റെ മുഖം മാത്രമാണ്. ‘പഴം  നീ’ ആണ് ലോപിച്ച് പളനി ആയതെന്നു പറയപ്പെടുന്നു. തത്വമസിയുടെ മറ്റൊരു അർഥമാണ് അതും, നീയാകുന്നു പഴം. പുരാണങ്ങളിലുള്ള നാരദന്റെ പഴം നൽകലും മുരുകന്റെ ലോകം ചുറ്റലുമായി ബന്ധപ്പെട്ട കഥയാണത്. ഗണപതി മാതാപിതാക്കളെ പ്രദക്ഷിണം വച്ചപ്പോൾ മുരുകൻ ഉലകം ചുറ്റുകയാണുണ്ടായത്. തിരികെ വന്നപ്പോൾ നാരദൻ കൊണ്ടു വന്ന പഴം കഴിക്കുന്ന ഗണപതിയെക്കണ്ടു ദേഷ്യപ്പെട്ട് മുരുകൻ പിണങ്ങിയിരുന്ന സ്ഥലമാണത്രേ പളനി. കഥകളൊരുപാട് ഓരോ ഇടങ്ങളും ബാക്കി വയ്ക്കുന്നുണ്ട്. 

തിരികെയുള്ള യാത്രയിൽ പരമാവധി ഇത്തരം മാനസിക പ്രയാസങ്ങളെയൊക്കെ മനഃപൂർവ്വം ഒഴിവാക്കി യാത്ര ആസ്വദിക്കാൻ തന്നെ തീരുമാനിച്ചു. കഥകൾ പറഞ്ഞും നല്ല ഭക്ഷണം കഴിച്ചും പൊള്ളാച്ചിയിൽനിന്നു രണ്ടു കത്തിയും സ്റ്റീൽ പാത്രങ്ങളും വാങ്ങി, യാത്ര തുടർന്നു. നാളുകൾക്ക് ശേഷം രസകരമായ രണ്ടു ദിവസങ്ങൾ.

English Summary: Palani Madura Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com